Wednesday, October 15, 2008

ഭാഗവതകീര്‍ത്തനം

(തരംഗിണി)

കരളില്‍ വിവേകം കൂടാതെ ക-
ണ്ടൊരുനിമിഷം ബത! കളയരുതാരും;
മരണം വരുമെന്നു നിനച്ചിഹ
കരുതുക സതതം നാരായണ! ജയ

കാണുന്നൂ ചിലര്‍ പലതുമുപായം;
കാണുന്നില്ല മരിക്കുമിതെന്നും;
കാണ്‍കിലുമൊരുനൂറ്റാണ്ടിനകത്തി-
ല്ലെന്നേ കാണൂ നാരായണജയ.

കിമപി! വിചാരിച്ചീടുകില്‍ മാനുഷ-
ജന്മനി വേണം മുക്തിവരേണ്ടുകില്‍;
കൃമിജന്മത്തിലുമെളുതായ് വരുമീ-
വിഷയസുഖം ബത!നാരായണജയ.

കീഴില്‍ ചെയ് ത ശുഭാ ശുഭകര്‍മ്മം
മേലില്‍ സുഖദുഃഖത്തിനുകാരണം;
സുഖമൊരു ദുഃഖം കൂടാതേ ക-
ണ്ടൊരുവനുമുണ്ടോ നാരായണ! ജയ.

കുന്നുകള്‍പോലേ ധനമുണ്ടാകിലു-
മിന്ദ്രനു സമമായ് വാണീടുകിലും
ഒന്നുരിയാടുവതിന്നിട കിട്ടാ
വന്നാല്‍ യമഭടന്‍; നാരായണ! ജയ.

കൂപേ വീണുഴലുന്നതുപോലെ
ഗേഹേ വീണുഴലുന്ന ജനാനാം
ആപദ്ഗണമകലേണ്ടുകില്‍ മുനിജന-
വാക്കുകള്‍ പറയാം നാരായണ ജയ.

കെട്ടുകളായതു കര്‍മ്മം; പുരുഷനു
കെട്ടുകളറ്റേ മുക്തി വരൂ ദൃഢം;
കെട്ടുകളോ ഫലഭുക്ത്യാ തീരും;
കേട്ടായിനിയും നാരായണ! ജയ

കേള്‍ക്കണമെളുതായുണ്ടു രഹസ്യം;
ദുഷ് കൃതവും നിച സുകൃതവുമെല്ലാം
കാല്‍ക്കല്‍ നമസ് കൃതി ചെയ്തു മുകുന്ദനി-
ലാക്കുക സതതം; നാരായണ ജയ.

കൈയില്‍ വരുന്നതുകൊണ്ടു ദിനങ്ങള്‍
കഴിക്ക; ഫലം പുനരിച്ഛിക്കൊല്ലാ;
കൈവരുമാകിലുമിന്ദ്രന്റെ പദ-
മെന്തിനു? തുശ്ചം! നാരായണ ജയ.

കൊടിയ തപസ്സുകള്‍ ചെയ് തോരോ ഫല-
മിച്ഛിച്ചീടുകില്‍ മുക്തി വരാ ദൃഢം;
അടിമലര്‍ തൊഴുകിലൊരിച്ഛാഹീനം
മുക്തന്മാരവര്‍ നാരായണ! ജയ.

കോപം കൊണ്ടു ശപിക്കരുതാരും
ഭഗവന്മയമെന്നോര്‍ക്ക സമസ്തം;
സുഖവും ദുഃഖവുമനുഭവകാലം
പോയാല്‍ സമമിഹ; നാരായണ ജയ.

കൌതുകമൊന്നിലുമില്ലിനി; മഹതാം
ഭഗവത് ഭക്തന്മാരൊടു കൂടി
ഭഗവത് ഗുണകഥ ശ്രവണങ്ങ-
ളൊഴിഞ്ഞൊരുനേരം, നാരായണ! ജയ.

കരുണാകരനാം ശ്രീനാരായണ-
നരുളീടും നിജസായൂജ്യത്തെ;
ഒരു ഫലമുണ്ടോ പതിനായിരമുരു
ചത്തു പിറന്നാല്‍, നാരായണ! ജയ.

ബഹു ജന്മാര്‍ജ്ജിത കര്‍മ്മമശേഷം
തിരുമുല്‍‍ക്കാഴ്ച്ച നിനക്കിഹ വച്ചേന്‍;
ജനിമരണങ്ങളെനിക്കിനിവേണ്ടാ;
പരിപാലയമാം; നാരായണ! ജയ.

-----പ്രഥമ പാദം സമാപ്തം-----

10 comments:

ViswaPrabha വിശ്വപ്രഭ said...

നമസ്തേ!

സശ്രദ്ധം ഉറ്റുനോക്കുന്നുണ്ട് ഇവിടെ എന്തൊക്കെ വിരുന്നൊരുക്കുമെന്ന്!

കമന്റുകളില്ലെന്നു കരുതി പിൻ‌വലിയരുതു കേട്ടോ! വ്യർത്ഥമല്ല, അമൂല്യമായ കാര്യമാണ് ചെയ്യുന്നത്!

ആത്മ said...

ഒരുകോടി നന്ദി!

ഞാന്‍ ഭാഗവതം വായിച്ചിട്ടില്ല. വായിക്കാനായി
വലിയ ആഗ്രഹമുണ്ടു താനും. ഇങ്ങിനെ കുറേശ്ശെ
എഴുതുക വഴി വായിച്ചു പഠിക്കുകയും ചെയ്യാമല്ലൊ
എന്നു കരുതി ചെയ്യുകയാണ്.

ज्योतिर्मयी ജ്യോതിര്‍മയി said...

ഭാഗവതത്തീവണ്ടി- എന്ന സ്തുതി (വാഴകുന്നത്തിന്റേത്)അറിയാമോ?

ആത്മ said...

അറിയില്ല. അതെവിടെ കിട്ടും വായിക്കാന്‍?
ഇന്റെര്‍നെറ്റില്‍ ഉണ്ടോ?:-)

:: niKk | നിക്ക് :: said...

:-)

B Shihab said...

ആശംസകൾ...

SreeDeviNair said...

ആത്മാ,

ആരെന്നറിയില്ല...
പക്ഷേ,
ആത്മബന്ധമുള്ളതുപോലെ..

ഇനിയും ഇതുപോലെ
നല്ല പോസ്റ്റുകള്‍
പ്രതീക്ഷിക്കുന്നു.

സസ്നേഹം,
ശ്രീദേവിനായര്‍.

Rose Bastin said...
This comment has been removed by the author.
ആത്മ said...

നന്ദി.

Raji said...

ഇതിന്റെ അര്‍ഥം ബുദ്ധിമുട്ടില്ലാതെ മനസിലാക്കാന്‍ പറ്റി.
ബാക്കി ഇനി വരുന്ന ദിവസങ്ങളില്‍ വായിക്കാം.
Thanks:-)