Saturday, November 1, 2008

തൃതീയ പാദം

(ദ്രുതകാകളി)
അന്നേരം ഭക്ത്യാ വന്ദിച്ചിരുത്തിനാന്‍
നന്നായ് വിഷ്ണുരാതന്‍ ബ്രഹ്മരാതനെ
ജന്മസാഫല്യമെന്തെന്നറിവാനായ്
നന്മ ചോദിച്ചാന്‍ കൃഷ്ണാഹരേ! ജയ
ആദിത്യനുദയേ തിമിരം പോലെ
ദൂരെനീങ്ങുന്നു മോഹം നമുക്കിപ്പോള്‍
ആതുരാണാമനുഗ്രഹം നിങ്ങളില്‍
താനേ കൈവരും കൃഷ്ണാഹരേ ജയ.
ഇന്നെനിക്കു വിശേഷിച്ചു വേണ്ടതു
വന്നു കാരുണ്യത്തോടെ ഭവന്മാരേ!
ഒന്നുചൊല്ലേണമെന്തു പുരുഷനു
നല്ലതേറ്റവും കൃഷ്ണാഹരേ ജയ.
ഈവണ്ണമറിയിച്ചോരു ഭൂപന്റെ
ഭാവം കണ്ടരുള്‍ ചെയ്തു മുനിജനം
ഈവണ്ണമുള്ളോരുദ്യോഗമാത്മാവില്‍
കൈവിടാമോക്ഷം കൃഷ്ണാഹരേ ജയ.
ഉത്തമനിവന്‍ വിഷ്ണുഭക്തന്‍ തുലോം
ശുദ്ധചിത്തന്‍ വിരക്തന്‍ വിഷയത്തില്‍
എത്തുമിന്നു പരബ്രഹ്മസായൂജ്യം
പാര്‍ത്തിരിക്ക നാം കൃഷ്ണഹരേ ജയ.
ഊനംവരാ പരിജ്ഞാനവാരിധി
മാനിച്ചാ നൃപനോടരുളീ ശുകന്‍
ജ്ഞാനിമാരാം മുനിമാരിലഗ്രണി
ജ്ഞാനമെത്രയും കൃഷ്ണാഹരേ ജയ.
എത്രയുംനന്നു വൈദുഷ്യം ഭൂപതേ!
പ്രശ്നമീവണ്ണം വേണ്ടൂ മഹാജനം
നിഷ് ഫലം ഭ്രമിച്ചീടുന്ന ഭൂപന്റെ
ലക്ഷണം നല്ലൂ കൃഷ്ണാഹരേ ജയ.
ഏതും താനറിയാതെ പഴുതേപോയ്
പാതിയായുസ്സും നിദ്രയായെന്തു നാം
പാതി മറ്റേതുമോരോ ദുരാഗ്രഹാല്‍
പാപികള്‍ക്കതും കൃഷ്ണാഹരേ ജയ.
ഐവരേയുമടക്കി മനക്കാമ്പില്‍
ദിവ്യവിഷ്ണുഭഗവാന്റെ രൂപത്തെ
ചൊവ്വില്‍ കാണുന്നനേരമുണ്ടാനന്ദം
കൈവരും നൂനം കൃഷ്ണാഹരേ ജയ.
ഒന്നിതാത്മാവു കാണപ്പെടുന്നതും
എന്നു കാണുമ്പോള്‍ കാണാം ഭഗവാനേ
എന്നും ഗോവിന്ദാനുഗ്രഹം കൂടാതെ
വന്നിടാ മോക്ഷം കൃഷ്ണാഹരേജയ!
ഓതിടാം നാലുവേദങ്ങളും ധന്യ
യാഗം ദാനവും സന്യാസയോഗവും
ചേതസ്സിന്റെ മലം കളഞ്ഞീടുവാന്‍
ഭക്തിയോടുടന്‍ കൃഷ്ണാഹരേ ജയ!
ഔദാര്യം ചേരും ദേഹഗേഹാദിയാല്‍
മോഹം കൈവിട്ടു സജ്ജനസമ്പര്‍ക്കാല്‍
സ്വാദുതോന്നി മുകുന്ദകഥാരസേ
ഭേദവും തോന്നാ കൃഷ്ണാഹരേ ജയ
അക്കഥകേള്‍ക്ക കേള്‍പ്പിക്കയല്ലാതെ
ദുഷ് കഥകൊണ്ടു പൊക്കൊല്ലരക്ഷണം
അക്കര്‍മ്മത്തോളം നന്നല്ലൊരു കര്‍മ്മം
കര്‍മ്മം ഛേദിപ്പാന്‍ കൃഷ്ണാഹരേ ജയ.

തൃതീയപാദം സമാപ്തം

No comments: