Thursday, December 18, 2008

പാണ്ഡവന്മാരുടെ മഹാപ്രസ്ഥാനം

തദ്ഗുണഗണങ്ങള്‍ രാജേന്ദ്രശേഖരത്വം ക-
ണ്ടുള്‍ക്കുതുകേന പാണ്ഡുപുത്രരാലനുദിനം
ശിക്ഷിതനായുള്ളൊരു ബാലന്‍ വളരും നാള്‍
കൃഷ്ണനന്ദിതനായ വിദുരര്‍ നടേ തന്നെ
തീര്‍ത്ഥങ്ങളാടി നടക്കുന്നവന്‍ പോന്നുവന്നു
പാര്‍ത്ഥിവനായ ധൃതരാഷ്ട്രാദിബന്ധുക്കളെ
ക്കണ്ടു കൌതുകം വളര്‍ന്നഞ്ചാറുദിനം പാര്‍ത്തു-
കൊണ്ടു രാത്രിയില്‍ ധൃതരാഷ്ട്രരെക്കൊണ്ടുപോയാന്‍
പിറ്റേന്നാളുഷഃകാലേ നിത്യകര്‍മ്മവും ചെയ്തു.
തെറ്റെന്നു ധര്‍മ്മാത്മജനച്ഛനെ കാണ്മാന്‍
ചെന്നു കണ്ടീല പിതാവിനെയെന്തതെന്നന്വേഷിച്ചി-
ട്ടുണ്ടായ പരമാര്‍ത്ഥം കേട്ടവന്‍ ദുഃഖത്തോടെ.
കുമ്പിട്ടു വസിക്കുമ്പോളന്‍പെഴും ശ്രീനാരദന്‍
മുമ്പില്‍ വന്നാവിര്‍ഭവിച്ചുണ്ടായ മനസ്താപം
യുക്തിയുക്തങ്ങളായ വാക്യപീയൂഷംകൊടു
ത്തൊക്കെവെ ശമിപ്പിച്ചു ഭൂപതി വീരന്‍ തന്റെ
സദ്ഗതിമാര്‍ ഗ്ഗത്തോളം ബോധിപ്പിച്ചഥ യഥാ
നിര്‍ ഗ്ഗമിച്ചീടും മുനീന്ദ്രോക്തിമാര്‍ ഗ്ഗോപശ്രേണ്യാ
വിശ്വാസഭക്ത്യാചൊല്ലും കാലത്തു മൃതരായോ
രച്ഛനുമമ്മമാര്‍ക്കും തച്ഛേഷക്രിയകളും
കൃത്വാരാജ്യവും പരിപാലിച്ചു ധര്‍മ്മത്തോടെ
വത്സരം മുപ്പത്താറു ചെന്നളവിന്ദ്രാത്മജന്‍
കൃഷ്ണനെകാണ്മാന്‍ ശ്രീമദ്ദ്വാരകയകം പുക്കാന്‍.
കൃഷ്ണനും ഭൂഭാരം തീര്‍ത്താനന്ദപാദം ചേര്‍ന്നാന്‍.
ജിഷ്ണുനന്ദനനായജിഷ്ണുതാന്‍ ഭഗവാനെ
ത്തൃഷ്ണയാ കണ്ടു വന്ദിച്ചിങ്ങുടന്‍ പോന്നീടുവാന്‍
പോയവന്‍ കാലം നാലുമാസം വൈകിയതെന്തൊ-
ന്നയതെന്നറിയാഞ്ഞു ദുഃഖിച്ചു ധര്‍മ്മാത്മജന്‍
ദുര്‍നിമിത്തങ്ങള്‍ കണ്ടു ശങ്കിച്ചു സഹോദരന്‍
തന്നോടു, സകലാത്മാവാകിയ ജഗന്മയന്‍
പന്നഗശായി വസുദേവനന്ദനന്‍ നമു-
ക്കന്നന്നുണ്ടായ താപം തീര്‍ത്തുതീര്‍ത്തനുദിനം
രക്ഷിച്ചു പരമാത്മാതന്നുടെ ലോകപ്രാപ്തി-
ക്കിക്കാലമവകാശമായിതോ ശിവ! ശിവ!
കൃഷ്ണ! രാമാത്മാരാ‍മ! ഗോവിന്ദ! ശിവരാമ!
ജിഷ്ണുജസഖേ! പരിപാലയകുലം മമ
വിശ്വനായക! ജഗല്‍ പുണ്യമേ! ദയാനിധേ!
ശാശ്വദാനന്ദപ്രഭുവേ ശരണം ശരണം മേ
ചിത്തത്തിലിത്ഥമോര്‍ ‍ത്തോ ര്‍ ‍ത്തോര്‍ത്തല്‍ ചൊല്ലിടും നേര
മെത്രയും തേജോഹീനനായതി മന്ദം മന്ദം
ദുഃഖമുള്‍ക്കൊണ്ടു മുഖപത്മവും വാടിത്തളര്‍-
നുള്‍ക്കനം വിട്ടുകളഞ്ഞശ്രുക്കള്‍ തൂകിത്തൂകി,
ശക്രനന്ദന്‍ വന്നു കൈതൊഴുതരികത്തു
നില്‍ക്കുമ്പോളവനുടെ ഭാവം കണ്ടവനീശന്‍
മിക്കതുമവസ്ഥകളുള്‍ക്കാമ്പിലറിഞ്ഞു ശ്രീ
കൃഷ്ണാദി യദുക്കള്‍ തന്‍ കുശലം വിചാരിച്ചാന്‍
ശക്രജന്‍ തന്നുത്തരം ചൊല്ലുവാന്‍ വല്ലാഞ്ഞു സ-
ന്തപ്തനാമവന്‍ പൊട്ടിക്കരഞ്ഞു ചൊല്ലീടിനാന്‍:
‘നമ്മുടെ സഖി കൃഷ്ണന്‍ നമ്മെയുപേക്ഷിച്ചു
നിര്‍മ്മലപദം പ്രാപിച്ചീടിനാന്‍ മുസലിയും.
വന്മദം പൂണ്ടു തപോധനന്മാര്‍ തന്നെച്ചെന്നു
നിര്‍മ്മൂലം സാംബാദികള്‍ ഭര്‍ത്സിച്ചുണ്ടായ ശാപാല്‍
വാരിധിതീരത്തിങ്കല്‍പ്പൂരിതകൃതമായോ
രേരകകണിശങ്ങള്‍ കൊണ്ടു തങ്ങളില്‍ത്തന്നെ
യാദവന്മാരും പ്രഹരിച്ചു ചത്തൊടുങ്ങിനാ
രാധിപൂണ്ടതുകണ്ടുമാധവപ്രിയകളും
മാതാവും ജനകനുമുഗ്രസേനാദികളും
വീതിഹോത്രനില്‍ച്ചാടിക്കൂടിനാലെല്ലാവരും.
ഞാനവര്‍ക്കെല്ലാവര്‍ക്കുമുദകക്രിയകളും ചെയ്തു
ദീനനായ് വിടകൊള്ളും നേരത്തു സമുദ്രവും
ദ്വാരകാപുരിയുടന്‍ വേഗേന മുക്കിക്കൂറ്റി;
വേരോടുകൂടിപ്പറിഞ്ഞുയര്‍ന്നു സന്താനവും
നാരിമാരെയും വജ്രനാമിവനെയുംകൊണ്ടു
പാരാതെ വിടകൊണ്ടേനാവതെന്തെനിക്കയ്യോ!
ദേവകീസുനോ ജഗല്‍ പുണ്യകാരുണ്യാംബുധേ!
കേവലം സഖികളാരുള്ളതു നിന്നെപ്പോലെ?
സര്‍വാപരാധങ്ങളെസ്സഹിച്ചു സദാകാലം
സര്‍വാപത്തുകള്‍ ഞങ്ങള്‍ക്കന്നന്നുണ്ടായതെല്ലാം
തീര്‍ത്തുകാത്തിതവ്യയസാമ്രാജ്യ ലക്ഷ്മീ പദ
പ്രാപ്തി നല്‍കുവാന്‍; നമസ്തുഭ്യമന്വഹം വിഭോ!’
പാര്‍ത്ഥനീവണ്ണം പറഞ്ഞാര്‍ത്തനായ്ക്കരഞ്ഞുത-
ദ്വാര്‍ത്ത കേട്ടതു നേരം ധര്‍മ്മജനകതാരില്‍
ചീര്‍ത്ത സന്താപം ചൊല്‍കിലീശ്വരന്‍ നടുങ്ങീടും
ഓര്‍ത്തുപാര്‍ത്തിതു നിജധൈര്യം കൊണ്ടവനീശന്‍
പേര്‍ത്തുടനടക്കി മുന്നം ഗ്രഹിച്ചിരിക്കുന്നോ
രാത്മജ്ഞാനത്താലഖിരേശ്വരന്‍ തന്നെക്കണ്ടു
തല് പദാം ഭോജത്തിങ്കലാമ്മാറു സകലവും
കല് പിച്ചു സമര്‍പ്പിച്ചു വിശ്വസിച്ചനന്തരം
രാഗാദിദോഷങ്ങളുമേഷണത്രയങ്ങളും
ഭാഗവതാഢ്യന്‍ മറന്നേകാഗ്ര സമബുദ്ധ്യാ
കാലദോഷത്താലുള്ള കാലുഷ്യമെല്ലാം തീര്‍ത്തു
മേലില്‍ നല്ലതു വരുത്തീടുവാനര്‍ത്ഥിച്ചുടന്‍
സോദരാമാത്യസാമന്താദികളോടുകൂടി
സ്സാദരം പരീക്ഷിത്തിന്നഭിഷേകവും ചെയ്തു.
രാജ്യമങ്ങവങ്കലാമ്മാറുടന്‍ സമര്‍പ്പിച്ചു
പൂജ്യനായ് മഥുരയില്‍ വജ്രനാമവനെയും
ശൂരസേനാധിപത്യം വാഴ്കെന്നുവിധിച്ചു, തല്‍-
ക്കാരണാത്മനിചേര്‍ത്താനാശു പാവകനെയും.
സ്വധര്‍മനിഷ്ഠാപൂര്‍വ്വമുറപ്പിച്ചേവം പുന-
രധര്‍മഭീരു നൃപനസംഗാത്മനാ തൂര്‍ണ്ണം
സുവര്‍ണരത്നാഭരണാദികള്‍ ദാ‍നം ചെയ്തു
സുവര്‍ണശരീരമാത്രേണതാന്‍ നിവൃത്തനായ്
സ്വസ്ഥനായ് വിരക്തനായ് മുക്തനായ് വിസുദ്ധനായ്
ദക്ഷിണേതരയായ ദിക്കിനുതുടങ്ങിനാന്‍
ദക്ഷന്മാരാകുമനുജന്മാരുംകൂടിപ്പിമ്പേ
മുഗ്ദ്ധയാം ദ്രുപദരാജാത്മജയോടുംകൂടി
സ്നിഗ്ദ്ധതയാലേ നടന്നീടിനാര്‍ പിരിയാതെ.
പിന്നാലെപോകുന്നവരെല്ലാരും മരിച്ചു ഭൂ-
മണ്ഡലം തന്നില്‍ പതിക്കുന്നതുനോക്കീടാതെ
മന്നവന്‍ വടക്കോട്ടു പിന്നെയും നടന്നുടന്‍
തന്നുടെ വൈമാനികന്‍ തന്നോടു കൂടിച്ചേര്‍ന്നു
ചെന്നുടനിന്ദ്രാലയംതന്നില്‍ വാണരുളിനാന്‍.
ഖിന്നതയൊഴിഞ്ഞനുജാദികള്‍ തന്നെക്കണ്ടു
തന്നുടെമൂലത്തിങ്കലെല്ലാരും ലയിച്ചാര്‍പോല്‍.

സംഗ്രഹം

No comments: