Thursday, November 6, 2008

ചതുര്‍ത്ഥപാദം

സ്തിമിത

കല്യാണമാര്‍ന്ന ഹരിലീലാമൃതം നൃവര!
ചൊല്ലാം പറഞ്ഞതു ചെവിക്കൊള്‍കപാപഹരം
എല്ലാം പറഞ്ഞിടുവതില്ലാരുമെന്നറിക
നല്ലോരു വിഷ്ണുകഥ നാരായണാ‍യ നമഃ
കാര്യങ്ങള്‍ കര്‍ത്തൃകരണം കാരണം ക്രിയകള്‍
കാല സ്വരൂപി ഹരിതന്റേ വിലാസമിതു
വീര്യങ്ങള്‍ ചേരുമവതാരങ്ങളുണ്ടു പല
കാര്യാനുരൂപിഹരി നാരായണായ നമഃ
കിട്ടാഞ്ഞു വേദമുഴലുന്നേരമാദികവി
പെട്ടെന്നു മത്സ്യവടിവായി കൃപാജലധി
പൃ ഷ്ഠേ ധരിച്ചു ജലധൌ കൂര്‍മ്മരൂപി ദിവി
തട്ടും മഹാഗിരിയെ നാരായണായ നമഃ
കീറിക്കളഞ്ഞെകിറുകൊണ്ടമ്മഹാസുരനെ
വരാഹസിംഹമുയരത്താക്കി ഭൂമിയെയും
നാരായണാ‍ക്ഷരവിരോധിക്കു മൃത്യുനര-
സിംഹോ ദദൌ തദനു നാരായണായ നമഃ
കുറ്റം വരാതെ ബലിയാഗത്തില്‍ മാണിവപു-
രറ്റം വരാതുലകു വീണ്ടേഷ മുച്ചുവടായ്
വില്ലാളിമാരെയുധി മൂവേഴുവട്ടമിഹ
കൊല്ലുന്ന രാമ ഹരി നാരായണായ നമഃ
കൂട്ടം നിശാചരരൊടേ രാവണാദികളെ
മൂട്ടോടു കൊല്ലുവതിനായി രഘുപ്രവരന്‍
വാട്ടംവരാതെ ബലഭദ്രാകൃതിം തടവി
നാട്ടിന്നു നല്ലതിഹ നാരായണായ നമഃ
കെല്‍പേറിനോരു യദുവംശേ പിറന്ന ഹരി
മുപ്പാരുമേവ പരിപാലിച്ചു കൃഷ്ണഗാഥ
അപ്പാഴരെകലിയുഗാന്തേ വധിച്ചിടുവ-
തുല്‍ പന്നകല് ക്കിതനു നാരായണായ നമഃ
കേട്ടന്നരാധിപനീവണ്ണം രമേശകഥ
പെട്ടെന്നുറച്ചു ഭഗവദ്രൂപമുള്ളിലഥ
കഷ്ടം! കടിച്ചു മുനിവാക്യേന തക്ഷകനു-
മിഷ്ടം നൃപന്നതിഹ നാരായണായ നമഃ
കൈവല്യമായളവു വന്നന്നരാധിപനു
ദിവ്യം പെരുമ്പറ മുഴങ്ങീ ഗംഭീരരവം
ഈവണ്ണമില്ലൊരുവനെന്നും പുകഴ്ന്ന മുനി
വൃന്ദം നടന്നു ഹരിനാരായണായ നമഃ
കൊണ്ടാടുവോര്‍ക്കുമിതു കേള്‍ക്കുന്നവര്‍ക്കുമുട
നുണ്ടായ്‌വരും ഗതി പരീക്ഷിത്തുപോലറിക
പണ്ടേമഹാമുനി ചമച്ചു പുരാണമതു
കൊണ്ടെന്നതോര്‍ക്ക ഹരി നാരായണായ നമഃ
കോര്‍ത്തോരു സൂക്തിമണിപോലുള്ള ഭാഗവത
മോര്‍ത്താലിതിന്നു സമമില്ലെന്നുമറിക!
തീര്‍ത്ഥങ്ങള്‍ കൊണ്ടു മൊഴിയാതുള്ള പാപമതു
തീര്‍ന്നിടുമെന്നറിക നാരായണായ നമഃ
കൌതുഹലം മനസിമറ്റൊന്നിലിത്ര നഹി
വേദാന്തസാരമതു കേള്‍പ്പുണ്ടു ഭാഗവതം
വേദം വ്യസിച്ച മുനി മോദം വരാഞ്ഞു പുന-
രേതച്ചകാര കില നാരായണായ നമഃ
കല്ലോലിനീരമണ കല്യാകൃതേ രുചിര-
ഫുല്ലാരവിന്ദരുചി ചേരും മുകുന്ദപദം
എല്ലാം പറഞ്ഞിടുവതില്ലാരുമെന്നറിക
ചൊല്ലാര്‍ന്നനന്തകഥ നാരായണായ നമഃ
നാരായണനമയെന്നുള്ള മന്ത്രപദ-
മാരെങ്കിലും ജപതു, ചേരും മുകുന്ദപദം
തീരാതെ സംസൃതിവിഷം തീരുമെന്നറിക
മാലോകരെ! ജപത നാരായണായ നമഃ

ഭാഗവതകീര്‍ത്തനം
സമാപ്തം