Monday, December 15, 2008

ശ്രീ പരീക്ഷിത്തിന്റെ ജനനം

ബാദരായണന്‍ നിജബോധമാലിന്യം തീര്‍പ്പാന്‍
മോദമാര്‍ന്നതു ചമച്ചാനതങ്ങനെയല്ലോ;
ജാതനായപ്പോഴേതാന്‍ മുക്തനായിരിപ്പൊരു
വ്യാസനന്ദനന്‍ നിരാശാകരനാത്മാരാമന്‍
ശ്രീശുകന്‍ ഭാഗവതം പഠിപ്പാനങ്ങെന്തതില്‍
ആശയായതു ചൊല്‍കെന്നിങ്ങനെ ചോദിച്ചപ്പോള്‍
ചൊല്ലിനാനഥസൂതനെല്ലാര്‍ക്കുമാത്മാവല്ലോ
കല്യാണപ്രദനായ ഭഗവാന്‍ നാരായണന്‍,
ത്ദ്ഗുണങ്ങളെയനുസരിച്ചു ഭക്ത്യാവേണം
നിര്‍ ഗ്ഗുണത്തിങ്കല്‍ച്ചേര്‍ന്നു ലയിപ്പാനറിഞ്ഞാലും
അങ്ങനെ ഗുണപ്രസിദ്ധാത്മകന്‍ ചരിത്രങ്ങള്‍
ഇങ്ങൊരു ഫലശ്രദ്ധകൂടാതെ മുനികളും
സംഗനാശനകരനെന്നോര്‍ത്തു ശീലിക്കുന്നു;
സംഗമോ ഭഗവന്മായാഗുണങ്ങളിലല്ലോ.
ഇങ്ങനെ നിരൂപിച്ചു ശ്രീശുകന്‍ ഭാഗവതം
തിങ്ങിന ഭക്ത്യാ പഠിച്ചീടുവാനവകാശം.
ഭഗവത്ഗുണങ്ങളിലവിലോപിത ചിത്ത
നകമേ ശുകന്‍ പഠിച്ചീടിനാനതു പിന്നെ,
നൃപതിവിഷ്ണുരാതന്‍ തന്നെക്കേള്‍പ്പിപ്പാനുള്ളോ-
രവകാശവും പുനരധുനാ ചൊല്ലാമല്ലോ.

ഭാരതയുദ്ധത്തിങ്കല്‍ വീരരാം നരവര-
ന്മാരെല്ലാം മരിച്ചൊടുങ്ങീടിനശേഷത്തിങ്കല്‍
മാരുതിയുടെ ഗദയേറ്റുടന്‍ തുടഞെരി-
ഞ്ഞോരഴല്‍പ്പെട്ടു യുദ്ധഭൂമിയില്‍ക്കിടക്കുന്ന
ദുരിയോധനനെക്കണ്ടതിസങ്കടത്തോടെ
ഗുരുനന്ദനന്‍ ചെന്നു ചതിയാലുറക്കത്തില്‍
ദ്രുപദപുത്രീ സുതന്മാര്‍തലകളെയറു-
ത്തവനീശ്വരന്‍ മുമ്പില്‍ വച്ചതങ്ങവനേതും
പെരികെപ്രിയമായീലതിനാലതിശുചാ-
കരയും ദ്രുപദജാസവിധേ ചെന്നുനിന്നു
പുരുഹൂതജന്‍ ചൊന്നാനിതു ചെയ്തവനൊരു
ധരണീസുരവരനെങ്കിലുമവന്‍ തല
മുമ്പില്‍ വച്ചിനി നിന്റെ ദുഃഖം ഞാന്‍ തീര്‍പ്പേനെന്നു
വന്‍പോടു സമയം ചെയ്താശ്വസിപ്പിച്ചശേഷം,
കൃഷ്ണസാരഥിയായിത്തേരിലങ്ങേറിച്ചെല്ലും
ജിഷ്ണുനന്ദനനെക്കണ്ടശ്വത്ഥമാവന്നേരം
ഭീതനായോടിനാനാദിക്കുകള്‍തോറും നട-
ന്നേതുമാശ്രയം കാണാഞ്ഞര്‍ജ്ജുനന്‍ തന്നെ നോക്കി
ബ്രഹ്മാസ്ത്രം പ്രയോഗിച്ചാനതിനെക്കൃഷ്ണാജ്ഞയാ
ബ്രഹ്മാസ്ത്രം കൊണ്ടുതന്നെ തടുത്തങ്ങവനെയും
പിടിച്ചുകെട്ടി ദ്രുപദാത്മജ തന്റെ മുമ്പില്‍
അടുക്കെവച്ചു സത്യം ഭരിച്ചാന്‍ ധനഞ്ജയന്‍.
തദനു പാഞ്ചാലഭൂപാലനന്ദന ഗുരു
സുതനെക്കണ്ടു ദയാവതി താനതുനേരം
മനസിഭക്തി വളര്‍ന്നഭിവന്ദനം ചെയ്തു
തനിയേ ബന്ധമഴിച്ചയയ്ക്കയെന്നാളവള്‍
ബ്രാഹ്മണോത്തമനാചാര്യാത്മജനിവനല്ലോ
ബ്രാഹ്മണദ്വേഷം യോഗ്യമല്ലെന്നു നൃപതി,
ചൊന്നതാദരിച്ചു ധര്‍മ്മാത്മജമുകുന്ദന്മാര്‍
നിന്നളവേറ്റം ബഹുമാനിച്ചു മറ്റുള്ളോരും
നിന്നതുകണ്ടു വായു നന്ദനനവന്‍ തന്നെ
ക്കൊന്നൊടുക്കണം ചൂഡാരത്നമെന്നൊരുമ്പെട്ടു
വന്നവന്തന്നോടതു യോഗ്യമല്ലവധ്യനാ-
കുന്നതിദ്ധരാസുരനെന്നതിനിനിയിപ്പോള്‍
കൊന്നതിന്‍ ഫലം വരുത്തീടുവനിവിടെ ഞാന്‍
എന്നരുള്‍ ചെയ്തു നന്ദനന്ദന്‍ നാരായണന്‍
പിന്നെയങ്ങവന്‍ തല്‍ ശിഖയാകൂടെച്ചിര-
ച്ചന്യൂനസഹജമായുള്ളൊരു ചൂഡാരത്നം
ചൂഴ്ന്നെടുത്തവിടെ ബന്ധിച്ചബന്ധവും തീര്‍ത്തു,
പൂര്‍ ണ്ണവേദനയോടെ കേണുവീണവന്‍ തന്നെ
ക്കണ്ടഹോ! പടവീട്ടില്‍ നിന്നുടന്‍ പുറത്താട്ടി
ക്കൊണ്ടുപോയ്ക്കുരുക്ഷേത്രം പ്രാപിച്ചുരണാങ്കണേ
പണ്ടു താന്‍ പ്രതിജ്ഞ ചെയ്തുള്ള തങ്ങവള്‍ക്കുള്ളില്‍
ഇണ്ടലെന്നിയേ കാട്ടിക്കൊടുത്തു പാര്‍ത്ഥന്മാരെ
ക്കൊണ്ടു യുദ്ധത്തില്‍ മരിച്ചുള്ളവര്‍ ക്കെല്ലാംഗതി-
യുണ്ടാവാന്‍ ശേഷക്രിയ ചെയ്യിച്ചു വഴിപോലെ
ധരമ്മജന്‍ തനിക്കു രാജ്യത്തെയും സമര്‍പ്പിച്ചു
നിര്‍മ്മലന്‍ ദ്വാരാവതിക്കങ്ങെഴുന്നള്ളീടുവാന്‍
തുടര്‍ന്നുവരും വിരിഞ്ചാസ്ത്രവേഗത്താലുള്ളം
നടുങ്ങിശ്ശരണമായുത്തര കരയുമ്പോള്‍
മടങ്ങിക്കുരുകുലം രക്ഷിപ്പാനഖിലേശന്‍
ഗര്‍ഭത്തെ സ്വമായയാ മൂടി രക്ഷിച്ചുവച്ചു
ചില്പുമാനൊരുമ്പെട്ട യാത്ര കണ്ടതുനേരം
കുന്തിയും പുത്രന്മാരും ശ്രീപാദംബുജത്തിങ്കല്‍
അന്തികേ നമസ്കരിച്ചന്തര്‍ മ്മോദേന ചൊന്നാര്‍
‘സന്തതം സതാം ചിത്താന്തഃസ്ഥിതനായുള്ളോരു
നിന്തിരുവടിയെന്റെ സന്തതിജാതങ്ങളെ
സന്തോഷിപ്പിച്ചു രക്ഷിച്ചീടുവാനിവിടെ നി-
ന്നെന്തെല്ലാം ദുഃഖമനുഭവിച്ചു ജഗല്പതേ!
ചിന്തിച്ചാലതു സുഖമങ്ങെന്നുവരികിലും
നിന്തിരുവടിക്കായ്ക്കൊണ്ടെപ്പോഴും നമാമ്യഹം.
ബന്ധുവത്സലനായ നിന്നെ വേര്‍ പെട്ടാലിവ
രന്ധന്മാരെന്നുദയാസിന്ധോ ഞാന്‍ ചൊല്ലേണമോ?
സര്‍വ്വാത്മാ സര്‍വ്വജ്ഞനാം നിന്തിരുവടിയെന്നാല്‍
സര്‍വാപരാധങ്ങളും ക്ഷമിച്ചു ചെറുതിന്നും
വാഴേണമിവിടെപ്പാഴായ്‌വരുമല്ലെന്നാകില്‍
പാഴാ മേലിളപ്പവുമുണ്ടാ’ മെന്നവള്‍ ചൊല്ലും
നിര്‍ബന്ധമധുരവാക്യ സ്തുതികളെക്കേട്ടു
സദ്ബന്ധു തെളിഞ്ഞു തത്രൈവ വാണീടുംകാലം,
ധര്‍മ്മജന്‍ രാജ്യലോഭംകൊണ്ടു താന്‍ ചെയ്തതെല്ലാം
ദുര്‍മ്മദമെന്നു ചിന്തിച്ചന്ധനായ്ച്ചമകയാല്‍
ധര്‍മ്മാധര്‍മ്മങ്ങള്‍ ഗംഗാനന്ദനന്‍ തന്നെക്കൊണ്ടു
നിര്‍മ്മലനുപദേശിച്ചതുമടക്കിനാന്‍.
പിന്നെയഗ്ഗംഗാദത്തന്‍ കൃഷ്ണനെക്കണ്ടുതെളി-
ഞ്ഞന്യൂനഭക്ത്യാ നിജചിത്തത്തിലുറപ്പിച്ചു
വര്‍ ണ്ണിച്ചു ദേഹത്യാഗം ചെയ്തവര്‍ ഗതികണ്ടു
പുണ്യവാന്‍ തന്റെ ശേഷക്രിയകളതും പരിപാലി-
ച്ചത്തലുമൊഴിച്ചു വാണീടിനാന്‍ ധര്‍മ്മാത്മജന്‍,
കൃഷ്ണനും പൌരാണികാചാര്യനാം ധൌമന്‍ താനും
ജിഷ്ണുഭീമാദികളുമൊത്തുപോയ് പനിമല
പുക്കുടന്‍ നിധിയെടുത്തശ്വമേധവും കഴി-
ച്ചുള്‍ക്കാമ്പില്‍ ധര്‍മ്മാത്മജനെത്രയും സുഖം ചേര്‍ത്തു
വര്‍ത്തിച്ചു കൂടെപ്പിരിയാതെ നാലഞ്ചുമാസം
ഉത്തമശ്ലോകന്‍ തത്ര വസിച്ചോരനന്തരം
കുന്തിയെക്കണ്ടു വന്ദിച്ചന്തസ്താപവും തീര്‍ത്തു
കുന്തീനന്ദനന്മാരോടനുവാദവും കൊണ്ടു
ശ്രീമദ്ദ്വാരകാപുരിക്കങ്ങെഴുന്നള്ളീടിനാന്‍;
കാമദന്‍ തന്നെക്കണ്ടു സുഖിച്ചാരെല്ലാവരും.
അക്കാലം ചക്രായുധന്മായയാ ഗര്‍ഭത്തിങ്കല്‍
രക്ഷിച്ചങ്ങിരുന്നൊരു പുത്രനെ പ്രസവിച്ചാള്‍
മാത്സ്യനന്ദനാ പരീക്ഷിച്ചെടുത്തുളനായ
പുത്രനു പരീക്ഷിത്തെന്നിട്ടിതു നാമത്തെയും.

സംഗ്രഹം