Thursday, April 30, 2009

ദക്ഷയാഗം

എന്നിങ്ങനെ മുനീന്ദ്രോക്തികള്‍ കേട്ടുട-
നന്നേരമാനന്ദശാലിവിദുരരും
ചെമ്മേ തൊഴുതു ചോദിച്ചാ “ നതെന്തഹോ
തന്മകള്‍ തന്നെ വേട്ടോരു മഹേശനില്‍
വൈരം പ്രജാപതിക്കുണ്ടായ് ചമഞ്ഞതിന്‍
കാരണം നേരേ തിരിച്ചരുള്‍ ചെയ്ക മേ.”
എങ്കിലോ കേട്ടുകൊള്‍കെന്നുരചെയ്തഥ
സങ്കലിതാനന്ദമോടരുളിച്ചെയ്താന്‍:-
‘മുന്നം പ്രജാപതിമാര്‍ ചെയ്ത സത്രഭൂ
തന്നിലമ്മാറെഴുന്നള്ളി മഹേശ്വരന്‍.
ചെന്നനവിടേയ്ക്കു ദക്ഷനും കൂടവേ
വന്നതുകണ്ടഖിലേശ്വരനീശന്‍
പ്രത്യുപോത്ഥാനങ്ങളാദികളൊന്നുമ-
ങ്ങത്യരം ചെയ്തതില്ലായ്കയാലക്ഷണം
കോപം വളര്‍ന്നു ശപിച്ചാന്‍ മഹേശനെ
താപേന സത്രഹവിര്‍ഭാഗമങ്ങുതേ
മേലിലിതുമുതലായൊഴിഞ്ഞീടുമേ,
കാലവും നന്നായിരുന്നുകൊള്‍കെന്നവന്‍-
താ നഭിഷംഗവും ചെയ്തിരിക്കും വിധൌ,
മാനം കലര്‍ന്നെഴും നന്ദികേശന്‍ തദാ,
ദക്ഷനേയുമനുചാരികള്‍ തമ്മെയും
ഉള്‍ക്കാമ്പില്‍ നേരറിവില്ലായ്കയാലിനി
തത്ത്വാര്‍ത്ഥബോധവിചാരമില്ലായ്കയെ-
ന്നുള്‍ത്തൂര്‍ന്ന കോപാല്‍ ശപിച്ചിതു കൂടവേ.
ഭൃത്യരെക്കൂടെ ശപിച്ചതു കേള്‍ക്കയാല്‍
എത്രയും കോപം കലര്‍ന്നു ഭൃഗുമുനി
ചിത്തേ വളര്‍ന്ന പരിഭവത്തോടുടന്‍
മൃത്യുഞ്ജയ ഭക്തരാമവര്‍തമ്മെയും
പാഷണ്ഡികളായ് ചമകെന്നു ശാപവും
രോഷേണ ചെയ്തു വേഗേന വാങ്ങീടിനാന്‍.
ഭൂതേശനുമെഴുന്നള്ളിനാന്‍, ദക്ഷനും
യാതനായങ്ങു ബൃഹസ്പതി യജ്ഞവും
കോപ്പിട്ടു കൊണ്ടാന്‍, ജഗത്ത്രയവാസികള്‍
കോപ്പിട്ടതിന്നു ചെന്നീടിനാരൊക്കവേ.
നാനാദിഗന്തരം തോറും മരുവിന
നാനാപ്രമുഖരും ദക്ഷയാഗോത്സവം
കാണ്മതിന്നും ശ്രമിപ്പാനുമായ്ക്കൊണ്ടധി-
കാ മ്നായ സംഭരിതോപചാരൈസ്സമം
പോകുന്നഘോഷങ്ങള്‍ കണ്ടു മാഹന്ത! താന്‍
ഏകാഗ്രചിത്തയാ കേട്ടും സതീദേവി,
പോകയിലങ്ങു തനിക്കുമകതാരില്‍
ആകാക്ഷയുണ്ടായ് ചമഞ്ഞതു തന്നുടെ
ജീവനാഥന്‍ പരമേശ്വരനോടനു-
ഭാവമോദാലുണര്‍ത്തിച്ചാള്‍ പുണര്‍ന്നുടന്‍
“നാഥ! ഭവാന്‍ കേട്ടതില്ലയോ മല്‍ പിതാ-
വാദരാലങ്ങൊരുമ്പെട്ടയാഗോത്സവം?
നാനാമഹത്തുക്കളും പുനരങ്ങതി-
നാനന്ദമോടുപോകുന്നു നിരന്തരം
നാമെന്തടങ്ങിയിരിക്കുന്നതിങ്ങനെ
കാമപ്രദ! പ്രഭോ! പോകേണ്ടതല്ലയോ?
ഇന്നിതിന്നങ്ങു നാം ചൊന്നതില്ലെങ്കില്‍ മ-
റ്റെന്നിനി വേണ്ടൂ വിചാരിക്കമാനസേ.
പോകേണമിന്നെനിക്കമ്മയേയും മമ
പ്രാഗ്ജാതമാരെയും കാണുമാറില്ല ഞാന്‍.
എല്ലാരുമുണ്ടങ്ങു വന്നിട്ടവിടെ നാ-
മല്ലാതെയുള്ളവരില്ലൊരു സംശയം.
അച്ഛനും നമ്മോടു പണ്ടുള്ള വൈരങ്ങ-
ളിച്ഛയാതീരുമൊരുമിച്ചു കാണുമ്പോള്‍.”
കച്ചേല്‍ മുലത്തയ്യലിത്ഥമാകൂതങ്ങ-
ളുള്‍ച്ചേര്‍ന്നതെല്ലാം പുണര്‍ന്നുണര്‍ത്തിച്ചതില്‍
വിശ്വേശനേറിയ കൌതുകം മായയോര്‍-
ത്തച്ചോ! ഭവിച്ചു വളര്‍ന്ന കുതൂഹലാല്‍.
വിസ്മയം പൂണ്ടു മന്ദസ്മിതം ചെയ്തു സം-
വിത്സ്വതാരൂപിണിയോടരുള്‍ച്ചെയ്താന്‍:-
“ഭദ്രേ! തവഹിതമായതു ചെയ്തിലു-
ണ്ടെത്രയുമേറ്റമുപദ്രവമോമലേ!
ബന്ധുക്കളെച്ചെന്നു കാണേണമെന്നു നി-
ന്നന്തര്‍മ്മനസിഭവിച്ചവിചിന്തിതം
പണ്ടേ പരക്കെയെല്ലാര്‍ക്കുമുള്ളൊന്നതി-
ന്നുണ്ടാകവേണമവര്‍ക്കുമങ്ങാഗ്രഹം.
ബന്ധമുണ്ടല്ലായ്കിലും ചൊല്ലുവാനതി-
ബന്ധുത്വമായതു വാത്സല്യ ലക്ഷണം
ബന്ധമില്ലാതെ വൈരാങ്കമരിത്വവും
ബന്ധുക്കള്‍ തമ്മില്‍ വാത്സല്യമില്ലെങ്കിലോ
ബന്ധുക്കളല്ലവരെന്നുമറികനീ.
ബന്ധുവാത്സല്യ മദ്ദക്ഷനു നമ്മിലി-
ല്ലന്ധത്വമത്രേ നമുക്കു തോന്നുന്നതു;
ബന്ധുത്വമുണ്ടു ശത്രുത്വത്തിലും നല്ല-
ബന്ധു ശത്രുക്കള്‍ ശത്രുക്കളാകുന്നതും.
ബന്ധുത്വമോര്‍ത്തങ്ങു നാം ചെന്നകപ്പെട്ടാല്‍
ബന്ധുത്വമാചരിച്ചീടുകയില്ലെടോ!
ബന്ധിച്ചു ധിക്കരിച്ചീടുകയും ചെയ്യും
ബന്ധമില്ലപ്പോളവിടെ നിന്നീടുവാന്‍;
സന്ത്യജിച്ചിങ്ങു തിരിഞ്ഞു പോരുന്നതും
സന്താപ കാരണമായ് വരും വല്ലഭേ!
ചിന്തിക്ക വല്ലാതധിക്കൃതിയിങ്കല്‍ മ-
റ്റന്തര്‍മ്മനസി മുഴുക്കുമമര്‍ഷവും;
ഏറ്റമമര്‍ഷം മുഴുത്തുവരുമ്പൊഴ-
തേറ്റുപോം ബന്ധുത്വവും മറന്നഞ്ജസാ;
ചീറ്റം തിരണ്ടുടനേറ്റു നില്‍ക്കുന്നവര്‍
തോറ്റീടരുതെന്നൊരുമ്പെടുമേവരും.
അപ്പോളവിടെ ബന്ധുക്കളായുള്ളവര്‍
ശില്പമാക്കീടുവാനുള്ളവരെല്ലെടോ!
ദക്ഷനറിയാതിരിക്കയല്ലങ്ങവ-
യൊക്കെനിരൂപിച്ചുപേക്ഷിച്ചുനമ്മെയും.
മുല്പാടവന്നു വാത്സല്യമങ്ങേറിയോ-
രല്പേതരാത്മജ, നീയതു നിര്‍ണ്ണയം.
ഇപ്പോളിവിടെയെന്നോടൊരുമിക്കയാ-
ലപ്രേമമങ്ങനെയുംകുറഞ്ഞൂതുലോം.
മുഗ് ദ്ധേ! മുഹുരിവയൊക്കെ നിരൂപിച്ചു
നില്‍ക്കേണമങ്ങുപോയാല്‍ ഗുണമായ് വരാ,
തപ്പില്ലതിന്നു നീതാന്‍ തന്നെ ചൊല്‍കിലും
മല്‍ പ്രിയയെന്നനാദൃതയായേ വരൂ
അപ്പോളതും ദുഃഖകാരണമായ്‌വരൂ-
മിപ്പോളിതെല്ലാമറിഞ്ഞു കൊണ്ടിന്നിനി
ഞാന്‍ പറയുന്നതു കേട്ടിങ്ങടങ്ങുക
തേഞ്ചോരുമാനന്ദവാണീ! ഗുണാലയേ!
മാതാവിനേയും മഹാജ്യേഷ്ഠമാരെയും
വ്രാതേന കാണ്മതിന്നാശയുണ്ടെങ്കിലോ
യാഗം കഴിഞ്ഞു പിരിഞ്ഞു പോം മുന്നമേ
വേഗേന ചെന്നു കാണാം കദാചില്‍ പ്രിയേ!”
ഏവമരുള്‍ചെയ്തുടന്‍ സമാധിസ്ഥനായ്
ദേവദേവേശനുറച്ചിരുന്നീടിനാന്‍.
ദേവി പോകയിലാശമുഴുത്തു നില്‍-
ക്കാവതല്ലാഞ്ഞുഴറിപ്പുറപ്പെട്ടുതാന്‍
താനേ നടന്നതുകണ്ടു ഭൂതങ്ങളും
മാനസ സംഭ്രമം പൂണ്ടുഴറിദ്രുതം
കൂടെപ്പുറപ്പെട്ടു ചെന്നുചുഴന്നുകൂ-
ടീടുന്നവര്‍ വൃഷഭേന്ദ്രോ പരിമുദാ
ഭീതിയൊഴിച്ചുവച്ചുവച്ചാശുവളര്‍ന്നസം-
പ്രീതിയോടെ ബഹുമേളസമന്വിതം
ചെന്നങ്ങു ദക്ഷപ്രജാപതിതന്നുടെ
സന്നിധിയിങ്കലടുത്തോരുദേവിയെ-
ക്കണ്ടു ബഹുമാനമുള്‍ക്കൊണ്ടവരവര്‍
കൊണ്ടാടിമാനിച്ചുവാഴ്ത്തിനില്‍ക്കുംവിധൌ
കണ്ടാരുടനങ്ങു ദക്ഷാനുചാരികള്‍.
പണ്ടവര്‍ക്കുള്ളില്‍ മഹേശനില്‍ ചേര്‍ന്നെഴും-
വൈരം നിമിത്തമായപ്പോള്‍ മഹേശ്വരി
ഗൌരിയിലും വളര്‍ന്നുള്ള വൈരത്തിനാല്‍
ഭാഷണം കേചില്‍ തുടങ്ങിനാരീശ്വര-
ദൂഷണാദ്യങ്ങള്‍ തൊട്ടോരോ വിധങ്ങളാല്‍
യോഷില്‍ പ്രവരയും തന്മനോനായക-
ദ്വേഷികള്‍ തമ്മുടെ വൈരാനുബന്ധങ്ങള്‍
ചേരാന്നതോരോന്നനേകവിധംകേട്ടു-
മോരോന്നുകണ്ടുമാഹന്തപോയ്ചെന്നുടന്‍
നിജജനകനികടമുപഗമ്യനിന്നീടിനാള്‍
നീരദശ്യാമളകോമളരൂപിണി.
തദനുമിഴിമുനകളിലണഞ്ഞിരിക്കുന്നവന്‍
തല്‍ സുതതന്നെ ഞാന്‍ കണ്ടതില്ലെന്നെഴും
മതിഗതിയൊടധിഗതവെറുപ്പുകാട്ടിക്കുറു-
ത്തതു സഹചരൌഘമാഹന്ത! കണ്ടേറ്റവും
ബഹുവിധവിഭാഷണം പിന്നെയും ചെയ്‌വതും
വേണ്ടീലിതെന്നു ചൊല്ലീലപോലന്നവന്‍,
സമയമതുപൊഴുതിലുടനഖിലജനനിക്കുതാന്‍
സഹ്യമല്ലാത ശോകേന കോപാനലന്‍
ബതമുദിരമഴകിനൊടെടുത്തുപൊങ്ങും വണ്ണം
വേഗാലഖിലമാതാവിന്‍ മുഖാംബുജം
മറയുമളവണിമിഴികളായകോണദ്വയേ
മാരിതൂകിത്തളര്‍ന്നീടും ദശാന്തരേ.

ചിത്തേ വിചാരിച്ചു കണ്ടാലിവനുടെ
പുത്രിയായ് നിന്നതുകൊണ്ടിസ്സഭാന്തരേ
വിദ്രുതമേറ്റം നിഷിദ്ധയായേനെനി-
ക്കിത്ഥംഭവിക്കും ഗമിക്കിലെന്നീശ്വരന്‍
നിശ്ചയിച്ചെന്നൊടരള്‍ചെയ്തതേറിയോ-
രിശ്ചാവശേനകേളാതകണ്ടിങ്ങുഞാന്‍
പോന്നതൊരു പിഴയായി വന്നിതങ്ങിനി
ച്ചെന്നു ചേര്‍ന്നമ്പോടുണര്‍ത്തിച്ചു കേള്‍ക്കുമ്പോള്‍
പാരമിളിഭ്യമാകുന്നതെല്ലാര്‍ക്കുമി-
പ്പാരവശ്യാധീനയാകുന്നതല്ല ഞാന്‍;
നേരേ വിചാരിച്ചു കാണ്‍കിലിവിടെയി-
പ്പാരിലബലമാരായാലവര്‍ക്കു തന്‍-
പ്രാണനാഥന്‍ ദൈവമാകിലുമമ്മയും
പ്രാണദാതാവാം പിതാവും വെറുക്കിലോ
മാനസസൌഖ്യമിവിടെയറ്റൂ നിഖി-
ലാനന്ദസാധ്യമനേകമുണ്ടെങ്കിലും
കേവലമാകയാലിന്നിവന്‍ തങ്കല്‍ നി-
ന്നാവിര്‍ഭവിച്ച ശരീര മതിന്നു ഞാന്‍
കാരണത്തിങ്കലിവനുടെ മുമ്പില്‍ വ-
ച്ചാരുമിനിയൊരിക്കല്‍ പിഴയാവണ്ണം
മൂലാനലേ ദഹിപ്പിപ്പനെന്നോര്‍ത്തു തല്‍-
ക്കാലേ മനസ്സംശയം വിട്ടു തന്നുടെ
ഭക്തജനങ്ങള്‍ക്കു വേണ്ടു മഭീഷ്ടസി-
ദ്ധ്യര്‍ത്ഥങ്ങളെല്ലാം കൊടുത്തു തെളിഞ്ഞുടന്‍
വൈകാതെ യോഗാഗ്നി തന്നില്‍ തിരുവുടല്‍
വൈകാര്യമെന്നിയേ ഭസ്മമാക്കീടിനാള്‍.
കണ്ടുനിന്നോരു ഭൂതങ്ങളപ്പോളുടന്‍
മണ്ടിയണഞ്ഞു മഹാക്രതുശാലയില്‍
കണ്ടതെല്ലാം വാരിയാരാധനം ചെയ്തു-
കൊണ്ടങ്ങടുത്തു പൊടിച്ചിതു ശാലകള്‍.
കുണ്ഠതവിട്ടു സദസ്യാദികളെയും
കണ്ടുകൂടുമ്പൊഴുതൃത്വിക്കുകളെയും
തച്ചുകൊന്നൊക്കെത്തകര്‍ത്തുപൊടിച്ചുട-
നുച്ചൈസ്തരമലറിത്തിമിര്‍ക്കും വിധൌ
തച്ചരിത്രങ്ങള്‍ കണ്ടപ്പോള്‍ ഭൃഗുമുനി
പശ്ചാല്‍ പരിതാപയുക്തനായഞ്ജസാ
സൃഷ്ടിച്ചെഴും ദേവഭൂതഗണങ്ങള-
ങ്ങട്ടഹസിച്ചങ്ങവരോടെതിത്തീടിനാര്‍.
തമ്മില്‍കതിര്‍ത്തു കറുത്തുപിണഞ്ഞുട-
നുന്മേഷമോടുരമിട്ടുതിക്കിദ്രുതം
നിന്നുകൂടാഞ്ഞൊഴിച്ചീടിനാരീശ്വരന്‍-
തന്നനുചാരികളായ ഭൂതാന്വയം,
തത്രൈവ തല്‍ കാരണത്തിങ്കലങ്ങുചെ-
ന്നത്യരമൊക്കെയടങ്ങിമറ്റേവരും.
തല്‍ക്കാലവേഗാലുളവായവസ്ഥക-
ളൊക്കവേ മുക്കണ്ണരോടു വീണാധരന്‍
മുഖ്യമുനീന്ദ്രനുണര്‍ത്തിച്ചതുകേട്ടു
ദുഃഖവുമുള്‍ക്കോപവും ബഹുചിന്തയും
വ്യഗ്രവുമിച്ഛയും ഗര്‍വവും ലജ്ജയു-
മുഗ്രനകമേകലര്‍ന്നു സസംഭ്രമാല്‍,
കോടീരമാശുപിടിച്ചു നിലത്തടി
ച്ചീടിനാനപ്പോളവിടെനിന്നെത്രയും
ഘോരാകൃതിയൊടും വജ്രനിഷ്പേഷവ-
ദാരാവപൂരമോടും കരതാരതില്‍
വീറോടെടുത്തു പിടിച്ചൊരു ശൂലവും
വീരഭദ്രന്‍ നമസ്കൃത്യനില്‍ക്കും വിധൌ
കാലാരിയുമരുള്‍ചെയ്താന്‍: “ഭവാനിതു-
കാലമിനിയങ്ങു ചെന്നവിളംബിതം
ദക്ഷപ്രജാപതിയെക്കൊലചെയ്ക” യെ-
ന്നുള്‍ക്കോപമോടനുപ്രേരിതനാമവന്‍
തൃക്കാലിണയിങ്കല്‍ വീണു നമസ്കരി-
ച്ചഗ്രം പരിചോടു തുള്ളുന്ന ശൂലവും
വ്യഗ്രം വരുമാരിളക്കിസ്സമുദ്രവു-
മുഗ്രനത്യുഗ്രവേഗാല്‍ നടന്നീടിനാന്‍.
ചുറ്റും ചുഴന്നു തിമിര്‍ത്തലറിക്കുറ-
വറ്റു നടന്നിതു ഭൂതഗണങ്ങളും.
മുഷ്കരന്മാര്‍ തുടര്‍ന്നൊക്കെ നടന്നള-
വക്ഷിതിചക്രം കിളര്‍ന്നു രേണുക്കളാല്‍
പുഷ്കരദേശവും ദിക്കുകളും മുഹു-
രര്‍ക്കനും കൂടെ മറഞ്ഞളവതികേ
ദക്ഷാദ്ധ്വരക്ഷിതൌ നില്‍ക്കും മഹത്തുക-
ളൊക്കെയങ്ങാശു കേചില്‍ പറഞ്ഞീടിനാര്‍:-
“എന്തൊരു മൂലം ജഗത്രയമീവണ്ണ-
മന്തരാ പാരം മറഞ്ഞിളകീടുവാന്‍
ബന്ധമുണ്ടായതെ” ന്നിങ്ങനെ സര്‍വരും
ചിന്തിച്ചനേകം വിധം പറയുന്നതില്‍
ചൊന്നാര്‍ചില “രിതുപന്നഗഭൂഷണന്‍‌-
തന്നുടെ ദേവിതന്‍ വാര്‍ത്തകള്‍ കേവലം
തന്നുള്ളിലെല്ലാമറിഞ്ഞുകോപിച്ചുകൊ‌-
ണ്ടന്യൂനവേഗാലെഴുന്നള്ളത്തല്ലല്ലീ?
തിണ്ണമിതെങ്കില്‍ മഹേശ്വരകോപമി-
ങ്ങിന്നു സഹിക്കുന്നതാരഹോ! ദൈവമേ!”
എന്നിത്തരം ചിലര്‍ ചൊല്ലുന്നളവങ്ങു
ചെന്നടുത്തീടിനാര്‍ ഭൂതഗണങ്ങളും.
പാരാ‍വാരം തിരമാലകളോടു ചേര്‍-
ന്നാരാവഘോരതരമടുക്കും വണ്ണം
ധീരതയോടു ചുഴന്നങ്ങവര്‍ ഭൃശം
പാരാതെ യാഗ ശാലന്തരം പുക്കുടന്‍
കാണായ സംഭാര പൂരങ്ങളൊക്കെയ-
ക്ഷോണിയില്‍ വാരിയാരാധിച്ചു ചൂഴവും
യാജകനേയും പരികര്‍മ്മികളേയും
വ്യാജമൊഴിച്ചടിച്ചൂഴിയില്‍ മെല്ലവേ
ചാലെച്ചരിച്ചുകിടത്തിയിഴച്ചുത-
ച്ഛാലപ്പുറത്താക്കിവച്ചു, കടന്നുടന്‍-
പാത്രങ്ങളും സ്രുവവും ജുഹൂവാദികള്‍
നേത്രേന്ദ്രിയാര്‍ത്ഥങ്ങളായതെല്ലാം ദ്രുതം
തച്ചു തകര്‍ത്തു പൊടിച്ചു തീയുംകെടു-
ത്തുച്ചൈസ്തരമലറിപ്പുറപ്പെട്ടുടന്‍
നിര്‍ജ്ജരന്മാരെയും താപസന്മാരെയു-
മുജ്ജ്വലിതാമര്‍ഷമോടു ചെറുത്തുടന്‍
തച്ചു തച്ചാട്ടിപ്പരിചു കെടുത്തു തന്‍-
കച്ചേല്‍മുലത്തയ്യല്‍മാരായഴകിയ
ധര്‍മ്മദാരങ്ങളെയും പുനരാംവണ്ണം
നിര്‍മ്മരിയാദകള്‍ ചെയ്തനേകം വിധം
ശാലകളെയും തകര്‍ത്തു കളയുമ്പോള്‍
മാലേറിമണ്ടിത്തുടങ്ങിനാരേവരും.
അപ്പോള്‍ മണിമാന്‍ ഭൃഗുവിനെച്ചെന്നുടന്‍
കെല്പോടടുത്തു പിടിച്ചു കെട്ടിക്ഷണാല്‍
മുഷ്കോടിരുത്തിമീശപ്പെരുങ്കൊമ്പുക-
ളൊക്കെപ്പരിചോടു കൂട്ടിപ്പറിച്ചുത-
ദ്വക്ത്രാംബുജത്തിങ്കല്‍ നിന്നൊഴുകീടിന
രക്തക്കളികണ്ടു പൊട്ടിച്ചിരിച്ചഹോ!
“മല്പെരും പാഷണ്ഡവൃത്തികളിത്തര-
മുള്‍പ്പൂവിലോര്‍ത്തുകൊള്‍കെന്നുചൊല്ലുംവിധൌ
തിക്കിത്തിരക്കിയോടീടും ഭൃഗുവിനെ-
ച്ചിക്കനെ ചെന്നു പിടിച്ചു നന്ദീശ്വരന്‍
മുഷ്കരന്‍ പാരം കുതര്‍ന്നവന്‍ തന്നുടല്‍
ഞെക്കിപ്പിടിച്ചു കാലും കരയുഗ്മവും
കെട്ടുന്നളവു നോക്കുന്നവന്‍ തന്നുടെ
ദൃഷ്ടികള്‍ കുത്തിപ്പൊടിച്ചിരുത്തീടിനാന്‍
ചണ്ഡേശ്വരന്‍ കരതാരിലകപ്പെട്ടി-
തന്നേരമാശു പൂഷാവവന്‍ തന്നുടെ
ദന്തങ്ങളെല്ലാമടിച്ചു കൊഴിച്ചഹോ!
“ചന്തമുണ്ടിപ്പോളി” തെന്നു ചൊല്ലിദ്രുതം
ബന്ധിച്ചു പന്തിയിലിട്ടളവേ പരി-
പന്ഥിയാം ദക്ഷപ്രജാപതിതന്നെയും
വീരഭദ്രപ്പെരുമാള്‍ ചെന്നുകൈപിടി-
ച്ചാരൂഢമോദേന കെട്ടിസ്സരഭസം
ശൂലമുനയാല്‍ കഴുത്തറുപ്പിച്ചുട-
നോലോലവാരുന്ന ചോരയോടത്തല-
തന്നുടെ കയ്യാലെടുത്തങ്ങു ദക്ഷിണ-
കുണ്ഡത്തിലാഹുതിയാക്കിക്ഷണാന്തരാല്‍.
ചണ്ഡപരാക്രമന്മാരായഭൂതങ്ങള്‍
ഖണ്ഡപരശുനിയോഗികളിങ്ങനെ
ദണ്ഡ മുസലശൂലങ്ങള്‍ ധരിച്ചുകൊ‌
ണ്ടണ്ഡകടാഹം നടുങ്ങുമാറൂറ്റമാം-
വണ്ണമലറിത്തിമിര്‍ത്തു ചെല്ലുമ്പൊഴു-
തെന്നെയെന്നെക്കൊലചെയ്യുമെന്നോര്‍ത്തഹോ!
വിണ്ണവരും മുനിമാരും പരവശാല്‍
മന്നിടം ചെമ്മേ കുലുക്കിയോടീടിനാര്‍-
പേടിച്ചു കണ്ണു തുറിച്ചവരാശുതാന്‍
ചാടിക്കിതച്ചു മണ്ടി ഭ്രമിച്ചേവരും
കൂടെച്ചുഴന്നു സരോജാസനന്‍ മരു-
വീടും മഹാസത്യലോകം പ്രവേശിച്ചാര്‍.
സംഭ്രമിച്ചംഭോജസംഭവന്‍ തന്‍ പദ-
മമ്പൊടു “പാലയേ” തിസ്വരൈരൊക്കവേ
കുമ്പിടുന്നോരളവെന്തൊരു ഘോഷമെ-
ന്നമ്പരന്നംഭോജസംഭവനുംതദാ
പേടികെടുമാറു ചോദിച്ചളവിട-
രോടെ സഗദ്ഗദം വേഗാലവര്‍കളും
ചൊല്ലിനാരുണ്ടാവസ്ഥകളന്‍പിനോ-
ടെല്ലാമതുബത! കേട്ടു ചതുര്‍മ്മുഖന്‍
“കഷ്ടമേ! നിങ്ങളെല്ലാ‍വരും കൂടിയ-
ങ്ങൊട്ടും വിചാരമൊരുവര്‍ക്കുമെന്നിയേ
മൃത്യുഞ്ജയനീരസംചെയ്കമൂലമാ-
യിത്ഥമനര്‍ത്ഥമകപ്പെട്ടിതെത്രയും,
സത്തുക്കളാം മഹാത്മാക്കള്‍ക്കു, ദൈവത-
ത്ത്വത്തെ മറന്നാല്‍ വരുമിതെല്ലാവര്‍ക്കും;
ദൈവമാകുന്നതു സാക്ഷാല്‍ മഹേശ്വരന്‍
സര്‍വ്വജ്ഞനെ മറന്നീടരുതാരുമേ.
ഗര്‍വ്വാനുകൂലമില്ലായ്കിലെല്ലാം വൃഥാ
സര്‍വ്വലോകാര്‍ത്ഥവുമില്ലൊരു സംശയം.
തല്‍‌പ്രസാദം കൊണ്ടൊഴിഞ്ഞു മറ്റേതുമൊ-
ന്നിപ്പാരിലാരും വഹിപ്പവരില്ലല്ലോ.
മുപ്പുരാരാരിതന്‍‍ കോപം സഹിപ്പതി-
നുള്‍പ്പൂവിലോര്‍ക്കിലരുതൊരുവര്‍ക്കുമേ.
ദുര്‍ഗ്ഗര്‍വ്വമുണ്ടെങ്കിലിന്നുമെല്ലാം കള-
ഞ്ഞൊക്കെയെല്ലാവരും കൂടവേ ചെന്നുടന്‍
രുദ്രനെത്തന്നെ ശരണം ഭജിക്കിലേ
ഭദ്രമായ് വന്നുകൂടൂ ബത! നിര്‍ണ്ണയം;
നല്ലതിനിമേല്‍ വരേണമെന്നാകില-
ങ്ങെല്ലാവരുമൊരുമിച്ചു പോന്നീടുവിന്‍;
വല്ലാതെ നിന്നുഴന്നാലിനിയും മുഹു-
രില്ലൊരു കാര്യം നശിക്കെന്നിയേ ദൃഢം.”
കല്യാണിനിയായ ഭാരതീവല്ലഭ-
നെല്ലാമരുള്‍ചെയ്തതിങ്ങനെകേട്ടവര്‍.
ചൊല്ലിനാ “രെല്ലാരുമരുള്‍‌ചെയ്തവണ്ണമാ-
യ്ക്കൊള്ളാമിനിയതിനില്ലൊരു സംശയം.”
“പോരുവിനെങ്കിലെല്ലാരുമൊരുമിച്ചു
മാരാരിയെച്ചെന്നു കൈതൊഴുതീടുവാന്‍‌;
കാലംകളയരുതേതു” മെന്നാശു തല്‍‌
ക്കാലെമുതിര്‍ന്നെഴുന്നള്ളി ചതുര്‍‌മുഖന്‍‌‍.
കൂടെച്ചുഴന്നിടകൂടിത്തുടര്‍‌ന്നിട-
രോടും സുരമുനിമാരുമതിദ്രുതം
പാടേ പരിചോടുചെന്നുടന്‍‌ ധൂര്‍‌ജ്ജടീ-
വാടം പ്രവിശ്യ ഭൂതാ‍വലി ചൂഴവേ
വാഴുമിളാവൃതവാസം മഹേശ്വരം
കോഴയൊഴിഞ്ഞുകണ്ടാനന്ദചേതസാ
പാദം നമസ്കരിച്ചാന്‍ വിധാതാ, വതി-
സാദം കലര്‍ന്നുമുനിസുരവൃന്ദവും
വീണുനമസ്കരിച്ചീടിനാരാശു തല്‍‌-
പ്രാണരക്ഷാശയാ, “ദേവന്‍‌വിധി തദാ
പാദേന നമസ്കരിച്ചാരൂഢ ഭക്തി ചേര്‍‌-
ന്നാദരവോടു നിന്നീടുന്നളവഥ
മോദേന ശ്രീപരമേശ്വരന്‍ ശങ്കരന്‍‌
ധാതാവിനേയും നമസ്കരിച്ചീടിനാന്‍‌‌.
സേവകന്മാരോടു കൂടവേ ശര്‍വ്വന-
ങ്ങാവിര്‍‌മുദാവണങ്ങുമ്പോള്‍‌ കൃതസ്തുതി
ധാതാവു പിന്നെയുമീശപാദാംബുജ-
മാധിശമനായ താണുതൊഴുതുടന്‍‌
നിന്നപേക്ഷിച്ചളവുള്ളം തെളിഞ്ഞഥ
പന്നഗഭൂഷണന്‍‌ താന്‍‌‌ പ്രസാദിക്കയാല്‍‌‌
ദക്ഷപ്രജാപതി തജ്ജീവനത്തെയും,
യജ്ഞാവസാനത്തെയും വരുത്തീടുവാന്‍‌
കല്‍‌പിച്ചനുഗ്രഹിച്ചീടിനാനേഷ സം-
കല്‍‌പിതമാമുപായാര്‍‌ത്ഥ, മഹോ! ചില
സത്തുക്കള്‍‌ക്കംഗഭംഗങ്ങള്‍‌ഭവിച്ചതും
ചിത്തപ്രസാദേന നല്‍‌കിനാനീശ്വരന്‍‌.
പില്‍‌പാടു സര്‍‌വ്വജഗദ്ഗുരു ശങ്കരന്‍‌
മുപ്പുരാരാതിമൂലപ്രകൃതീശ്വരന്‍‌
ചില്‍‌ പുരുഷന്‍ ചിദാനന്ദന്‍ ശിവാത്മകന്‍‌
സല്‍‌പുരുഷന്‍‌ സദാനന്ദന്‍‌ സദാശിവന്‍‌‌
സര്‍‌പ്പവിഭൂഷണന്‍‌ സര്‍‌വ്വജ്ഞനീശ്വരന്‍‌
ദര്‍‌പ്പകദര്‍പ്പവിനാശരന്‍‌ പരന്‍‌
രുദ്രന്‍‌ പരമേശ്വരന്‍‌ ദുരിതാന്തകന്‍‌
ഭദ്രപ്രദന്‍‌ ഭവമൃത്യുവിനാശനന്‍‌
ഭക്തപ്രിയന്‍‌ വരദന്‍‌ ഭവസാഗരാല്‍‌
മുക്തിപ്രദന്‍‌ മുകുന്ദാദിനിഷേവിതന്‍‌
മുക്കണ്ണരും വിധിയും ദേവവൃന്ദവും
കൂടെത്തെളിഞ്ഞു ദക്ഷാദ്ധ്വരശാലപു-
ക്കീടും വിധൌ വിരിഞ്ചാദിമുനികളും
കൂപ്പിത്തൊഴുതു നമസ്കരിക്കുമ്പൊഴു-
താത്മപ്രസാദ മുറ്റാത്മാനിരഞ്ജനന്‍‌
ശാശ്വതന്‍‌ ശര്‍‌വന്‍‌ ജഗദ്ഗുരുശങ്കര-
നീശ്വരന്‍‌താനങ്ങനുഗ്രഹം ചെയ്കയാല്‍‌
മുന്നമേയുള്ള സവനപശുവതു-
തന്നെയറുത്ത ശിരസ്സതു കേവലം
പിന്നെപ്രജാപതി ദക്ഷ ശിരസ്സാക്കി
നന്നായൊരുമിച്ചു ചേര്‍‌ത്താരമരകള്‍.
ദക്ഷനും ജീവിച്ചുണര്‍‌ന്നു തെളിഞ്ഞുടന്‍‌
ഉക്ഷദ്ധ്വജനിലെ ദ്വേഷമൊഴിഞ്ഞെഴും-
ഭക്ത്യാ വണങ്ങി സ്തുതിച്ചാന്‍‌ പലവിധം;
ഭക്തപ്രിയനും പ്രസാദിച്ചരുളിനാന്‍‌.
അപ്പോലഖിലേശ്വരപ്രസാദത്തിനാ-
ലൃത്വിക്കുകളോടുമാചാര്യഭൂതാദി-
വഹ്നിഭിസ്സാകമാഹന്ത! സിച്ഛിന്നമായ്
വന്നൊരു യജ്ഞകര്‍മ്മത്തിനു കേവലം
പിന്നെയും പ്രായശ്ചിത്തം ചെയ്തൊടുക്കിനാ‌‌‌-
നെന്നതില്‍‌ വൈഷ്ണവമാം പുരോഡാശകേ
കല്പിച്ചതിലേക്കെജമാനനാല്‍ പരി‌-
കല്പിത ധ്യാനശക്ത്യാ ജഗന്നായകന്‍‌‌
വിഷ്ണുഭഗവാന്‍‌ വിരിഞ്ചാദിവന്ദിതന്‍‌‌
ഉഷ്ണേതരാംശു ദിവാകരലോചനന്‍‌
പത്മനാഭന്‍‌ പരമാത്മാ പരാപരന്‍‌
പത്മജാ വല്ലഭന്‍‌ പത്മായുധന്‍‌ പരന്‍‌
വിശ്വംഭരന്‍‌ വൃഷവാഹനവന്ദിത‌
നച്യുത വ്യയന വ്യക്തനദ്വയന്‍‌
നിഷ്കളങ്കന്‍‌ നിര്‍ഗ്ഗുണന്‍‌ നിഷ്ക്രിയന്‍‌ നിര്‍മ്മമന്‍‌
നിഷ്കളങ്കന്‍‌ നിരാതങ്കന്‍‌ നിരുപമന്‍‌
നിഷ്കാരണന്‍‌ നിഗമാന്തവേദ്യാത്മകന്‍‌
നിഷ്കിഞ്ചനപ്രിയന്‍‌ നിത്യന്‍‌ നിരാമയന്‍‌.‌
നിര്‍‌മ്മലന്‍‌ നിര്‍‌വ്വികല്പന്‍‌ നിരൂപാശ്രയന്‍‌
സന്മയന്‍‌ സര്‍‌വസാക്ഷീശ്വന്‍‌ സനാതനന്‍‌
കല്‍മഷനാശനന്‍‌ കര്‍‌മ്മധര്‍‌മ്മാത്മകന്‍‌
ചിന്മയന്‍‌ചില്‍‌പുമാനാത്മാശിവാനന്ദന്‍‌-
തന്നെസുവര്‍‌ണ്ണാദ്രിമേലസിതാംബുദം
മിന്നല്‍‌പിണര്‍‌നിരമിന്നിനില്‍‌ക്കും വണ്ണം
പന്നഗാരാതിഗളസ്ഥനായഞ്ജസാ
വന്നുനിന്നീടിനാനിന്ദിരനിഭന്‍‌.
സൂര്യായുതപ്രഭയാവിളങ്ങീടിന
ചാരുകിരീടവും കുണ്ഡലശോഭയും
പീതാംബരാഭയും നാഭിസരോജവും
ധാതൃനിവാസവും കൌസ്തുഭമാലയും
ശ്രീവത്സവക്ഷസ്സും കണ്ഠദേശാഭയും
ഗ്രീവാസുശോഭയും ലക്ഷ്മീകരാഭയും
തൃക്കൈകളെട്ടും തിരുവായുധങ്ങളും
ഒക്കെത്തെളിവോടുകാണായിതന്തികേ.
പ്രത്യക്ഷനായഖിലേശനെക്കണ്ടുടന്‍‌
മത്സരാദിഭ്രമം തീര്‍ന്നോരു ദക്ഷനും
ഭൃത്യരുമൃത്വിക്കുകള്‍‌ പരികര്‍മ്മികള്‍
അത്യന്തഭക്ത്യാ സദസ്യാദിസര്‍‌വരും
ദിക് പാലരും യജമാനാദിഭൂസുര-
മുഖ്യരൃഷികളമരമുനികളും
സിദ്ധരും സാദ്ധ്യരും വിദ്യാധരൌഘവും
രുദ്രര്‍‌ വസുക്കള്‍‌ പിതൃക്കള്‍‌ മരുത്തുകള്‍‌
യക്ഷാപ്സരശ്ചാരണോരഗകിന്നര-
രക്ഷോഗണങ്ങളും ഗന്ധര്‍വ്വ സംഘവും
പ്രേതപിശാചവേതാളഗണങ്ങളും
ഭൂതാവലിമുതലായവരേവരും
ഭക്ത്യാ ജഗന്നായകനെത്തൊഴുതുകൊ-
ണ്ടൊക്കെ സ്തുതിച്ചു നിന്നീടിനാരന്തികേ;
തല്‍‌ക്ഷണം ബ്രഹ്മനുമീശ്വരനും പദ-
യുഗ്മം നമസ്കരിച്ചങ്ങെഴുന്നേറ്റുടന്‍‌
ഹസ്താഞ്ജലിയോടുകൂടെ വേദാന്തസാ-
രാര്‍‌ത്ഥ പദവ്യക്തികളാല്‍‌ സ്തുതിക്കുമ്പോള്‍‌
വിശ്വംഭരനവരെക്കടാക്ഷിച്ചുകൊ-
ണ്ടുള്‍ ചേരുമാധികളെല്ലാമൊഴിച്ചുടന്‍‌
ശശ്വല്‍‌ പരബ്രഹ്മമൂര്‍ത്തി സനാതന-
നച്യുതനംഭുജസംഭവന്‍ തന്നെയും
രുദ്രനേയും പരിചോടു സംഭാവിച്ചു
ഭദ്രപ്രിയന്‍ മന്ദഹാസപുരസ്സരം
സര്‍‌വജനങ്ങളും കേള്‍‌ക്കുമാറാദരാ-
ദുര്‍‌ന്നയമെല്ലാം കളഞ്ഞുകേട്ടീടുക.
ഞാനെന്ന ഭാവമകലെക്കളഞ്ഞു നീ
താനാത്മ സന്നിധി ചേര്‍‌ന്നു നിരന്തരം.
മത്സരാദ്യങ്ങളാം ദോഷങ്ങളെ ത്യജി-
ച്ചുള്‍‌ത്താരിലാനന്ദമുള്‍‌ക്കൊണ്ടനാരതം
മിത്ഥ്യാവിചാരഭ്രമങ്ങളൊഴിഞ്ഞു തല്‍‌-
സത്യസ്വരൂപത്തെ വിശ്വസിച്ചാത്മ നീ
ഭക്ത്യാ പരബ്രഹ്മ മണ്ഡലൈകാന്ത സം-
സിക്തസ്വയം ജ്യോതിരഗ്രേ ലയിക്ക നീ.
തല്‍‌പരബ്രഹ്മണി നിന്നുമായാവശാ-
ലുല്പന്നരായ ഗുണത്രയ രൂപികള്‍‌
വിശ്വസൃട്ടും ഞാനുമീശ്വരനും മഹാ-
വിശ്വസൃഷ്ടിസ്ഥിതി സംഹാരലീലകള്‍‌
നിത്യമനുസരിപ്പാനുളരായവ-
രി, ത്രയ വര്‍‌ണ്ണികളൊന്നു തന്നെ ദൃഢം.
ചിത്തവികല്പമുണ്ടാകൊലാമേലി”ലെ-
ന്നിത്ഥമരുള്‍‌‌ ചെയ്തു പത്മനാഭന്‍‌ പരന്‍‌
സത്വരം വൈനതേയേന സാകം പുന-
രെത്രയും വേഗാല്‍‌ മറഞ്ഞരുളീടിനാന്‍‌.
തദ്ദിശി നോക്കി വന്ദിച്ചു കൊണ്ടാരഥ
രുദ്രാദികളായ സര്‍‌വജനങ്ങളും.
ദക്ഷനും വിച്ഛിന്നമായ യാഗം മുഹു-
രക്ഷണം പ്രായശ്ചിത്തം ചെയ്തു ശേഷവും
ചിത്തം തെളിഞ്ഞു ചെയ്താശു സമാപ്തിയും
കൃത്വാതി ഭക്ത്യാ നിരന്തരം തല്‍‌ഫലം
സിദ്ധിച്ചവഭൃഥ സ്നാനവും പിമ്പവര്‍‌
കല്പിച്ചവണ്ണം കഴിച്ചിരുന്നീടിനാന്‍‌
അങ്ങനെ യാഗം കഴിച്ചവന്തന്മക-
ളങ്ങു ദഹിച്ച സതീപരമേശ്വരി
പിന്നെത്തുഷാരാദ്രി നന്ദനയായിച്ചമ-
ഞ്ഞന്നുമാദേവിയെന്നുള്ള നാമത്തെയും,
ചെന്നു മഹേശ്വരന്‍‌ തന്‍‌ പ്രിയയായ് വന്നു-
ചേര്‍‌ന്നു കൊണ്ടാളഖിലേശ്വരി പിന്നെയും. (സംഗ്രഹം)

15 comments:

-സു‍-|Sunil said...

കേട്ടുകൊള്‍കെന്നുരചെയ്തഥ => kETTukoL_kennuracheythathha കേട്ടുകൊൾ‌കെന്നുരചെയ്തഥ

ചില്ലക്ഷരങ്ങൾ കിട്ടാൻ പഴയ അഞ്ജലി ഉപയോഗിക്കേണ്ടിവരും. മാത്രല്ല പഴയ വരമൊഴിയോ കീമാനോ (അവയാണ് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് എങ്കിൽ) അതും വേണ്ടിവരും. അത് നമ്മുടെ പ്രശ്നല്ല, യൂണിക്കോഡ് പുതിയ വേർഷന്റെ പ്രശ്നാ.
മുഴുവൻ വായിച്ചു നോക്കീല്യ ട്ടൊ. സമയം കിട്ടുമ്പോ വരാം.
-സു-

ആത്മ said...

നന്ദി!

കേട്ടുകൊള്‍കെന്നുരചെയ്തഥ => kETTukoL_kennuracheythathha കേട്ടുകൊൾ‌കെന്നുരചെയ്തഥ

മുകളില്‍ എഴുതിയത് രണ്ടും ഒരുപോലെ ഇരിക്കുന്നു.
എന്തെങ്കിലും മാറ്റം വരുത്താനാണോ എഴുതിയത്?

-സു‍-|Sunil said...

ആത്മ, “ൾ‌“ എന്ന ചില്ലക്ഷരത്തിനുപകരം “ള്” എന്നാണെനിക്കു കാണുന്നത്. ഫയർഫോക്സ് 3 ബ്രൌസറിൽ. അങ്ങനെ തന്നെ ആണോ എല്ലാവർക്കും എന്നറിയില്ല.
-സു-

ആത്മ said...

Internet Explorer ല്‍ ‘ള്‍’ ആയി തന്നെയാണ് കാണുന്നത്.:)
kETTukoL_kennuracheythathha എന്നു ടൈപ്പ് ചെയ്താല്‍ എല്ലാ ബ്രൌസറിലും ‘ള്‍’ ആയി കാണാന്‍ പറ്റുമായിരിക്കും അല്ലെ ,

-സു‍-|Sunil said...

അയ്യയ്യോ ആത്മ, “ള്” എന്നല്ലല്ലോ നമുക്ക് കാണണ്ടത്. “ൾ” എന്ന് തന്നെ കാണണ്ടേ? അതിനാ ഞാൻ പറഞ്ഞത് “L_" എന്നടിച്ചാൽ “ൾ‌“ എന്നു വരും എന്ന്. “കേട്ടുകൊള്ക” എന്നല്ലല്ലോ “കേട്ടുകൊൾക” എന്നല്ലേ വേണ്ടത്?

“എല്ലാ ബ്രൌസറിലും ‘ള്‍’ ആയി.. “===> അല്ലല്ലോ വേണ്ടത്, എല്ലാ ബ്രൌസറിലും “ൾ” അല്ലേ വേണ്ടത്?

ആകെ പിശകാക്കിയോ ഞാൻ?
-സു-

ആത്മ said...

അപ്പോള്‍ ഞാന്‍ എഴുതുന്ന എല്ലാ 'ള്‍'(L) ഉം 'ള്'(L~) ആയാണോ എല്ലാവര്‍ക്കും കാണാന്‍ പറ്റുന്നത്?
ബ്രൌസര്‍ ഫയര്‍ ഫോക്സ് ആക്കിയാല്‍ എല്ലാം ശരിയാകുമോ?
എനിക്കിതിനെപ്പറ്റിയൊന്നും കൂടുതല്‍ അറിയില്ലാ താനും.
എനിക്ക് ഇവിടെ, എല്ലാം ‘ള്‍’(L)ആയാണു കാണാന്‍ പറ്റുന്നത്.
L(ള്‍) നു മത്രമേ ഉള്ളോ ഈ കുഴപ്പം അതൊ മറ്റു അക്ഷരങ്ങള്‍ക്കും ഉണ്ടോ?
ഞാന്‍ മൊഴികീമാന്‍ ഉപയോഗിച്ചാണ് ടൈപ്പ് ചെയ്യുന്നത്.
സുനില്‍ എഴുതിയ “===> എനിക്ക് വായിക്കാന്‍ പറ്റുന്നത് മൂന്ന് വരകളും ഒരു ആരോ മാര്‍ക്കും ആണ്. അതും ഏതെങ്കിലും അക്ഷരമാണോ?

-സു‍-|Sunil said...

ഞാൻ ഒന്നു കൂടെ ക്ലിയർ ആയി പറയാം.
“കേൾക്കുക” എന്നല്ലേ വേണ്ടത്? അതിന് "kEL_kkuka" എന്ന് ടൈപ്പ് ചെയ്യണം. ഇപ്പോൾ എല്ലാ “ൾ” എന്ന അക്ഷരങ്ങളും “ള്” എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. അത് തെറ്റല്ലേ? “ൾ” എന്നു തന്നെ വേണം. ആതമയുടേത് ഇപ്പോൾ അങ്ങനെയല്ല കാണുന്നത്. ഉദാഹരണം ഇപ്പോൾ ആത്മ എഴുതിയ കമന്റിൽ (“എഴുതുന്ന എല്ലാ 'ള്‍'(L) ഉം 'ള്'(L~) ആയാണോ “) ആദ്യത്തെ ഭാഗത്ത് “ൾ” (L_) എന്നല്ലേ വേണ്ടത്? അതല്ല ഞാൻ കാണുന്നത്. ഞാൻ കാണുന്നത് “ള്” (L~) ആയാണ്.

അങ്ങനെ വേറെ ചില ചില്ലക്ഷരങ്ങളും കണ്ടു. അത് ടൈപ്പ് ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ മതി എന്നേ പറഞ്ഞുള്ളൂ.
ആ വരകളും ആരോ മാർക്കും ഞാൻ അങ്ങനെ തന്നെ ആണ് ഉദ്ദേശിച്ചതും ടൈപ്പ് ചെയ്തതും. ബ്രൌസറിനെ പറ്റിയൊന്നും ഇപ്പോൾ വറി ചെയ്യേണ്ട. മൊഴി കീമാനിലും വരമൊഴിയിലുമൊക്കെ ചില്ലക്ഷരം വരേണ്ടിടത്ത് അണ്ടർസ്കോർ (Example: L_)ഉപയോഗിച്ചാൽ മതി. അത്രേ ള്ളൂ.

ആത്മ said...

ഇപ്പോള്‍ മനസ്സിലായെന്നു തോന്നുന്നു.:)

എനിക്കിവിടെ ള്‍‌ എന്നെഴുതാന്‍(L)മതിയായിരുന്നു. പക്ഷെ (L_)എന്നുതന്നെ ടൈപ്പുചെയ്താലേ ള്‍‌ എല്ലാ ബ്രൌസറിലും ള്‍ ആയിതന്നെ കാണാന്‍ പറ്റൂ അല്ലെ,

ഉദാ: ഞാന്‍ എഴുതുന്ന ള്‍ (L)ആ ബ്രൌസറില്‍ ള്(L~) ആയി കാണുന്നുണ്ടാകും. പക്ഷെ എനിക്ക് ള്‍‌ ആയി തന്നെയാണ് കാണാന്‍ പറ്റുന്നത്.

ഇനി L_ ഉപയോഗിച്ചു തന്നെ ള്‍‌, ള്‍‌, എഴുതാം.
അപ്പോള്‍ എല്ലാ ബ്രൊസറിലും ള്‍‌ ആയി കാണുമായിരിക്കും..

എനിക്കു മനസ്സിലായത്,
‍ L മാത്രം ഉപയോഗിച്ച് ള്‍‌‍ എഴുതരുത്
L_ തന്നെ ഉപയോഗിച്ചാലേ എല്ലാ‍വര്‍ക്കും ള്‍‌ ആയി കാണാന്‍ പറ്റുകയുള്ളൂ :)

-സു‍-|Sunil said...

ഹാവൂ സമാധാനായി. അണ്ടർസ്കോർ ഉപയോഗിച്ചാലെ ചില്ലക്ഷരങ്ങൾ ശരിയായി വരൂ. അപ്പോൾ എല്ലാ ചില്ലക്ഷരങ്ങൾക്കും അതുപയോഗിക്കുക തന്നെ ആവും ഭേദം.
(ചില്ലക്ഷരങ്ങൾക്ക് വേറേയും പ്രശ്നങ്ങളുണ്ട്‌. അതൊന്നും നമ്മുടെ കൈപ്പിടിയിലല്ലാത്തതോണ്ട്‌ പോട്ടെ, കാര്യാക്കണ്ട)
-സു-

ആത്മ said...

നന്ദി! :)

ഇപ്പോള്‍‌ ടൈപ്പ് ചെയ്യുമ്പോള്‍‌ ചില്ലക്ഷരങ്ങള്‍‌ക്ക്
വെറുതെയെങ്കിലും(കാരണം അതില്ലാതെ തന്നെ എനിക്ക് ചില്ലക്ഷരം കാണാന്‍ പറ്റുന്നതുകൊണ്ട്) അണ്ടര്‍‌സ്കോര്‍‌ അടിക്കുന്നുണ്ട്.

ഇപ്പോള്‍‌ എഴുതുന്ന ചില്ലക്ഷരങ്ങള്‍‌ ‍ ശരിക്കും വരുന്നുണ്ടെന്ന് വിശ്വസിക്കട്ടെ,

cibu cj said...

സുനിലേ, ഇതു സുനിലിന്റെ ബ്രൗസറിലെ എന്തോ സെറ്റിംഗ് പ്രശ്നമാണ്‌. ആത്മ എഴുതിയ ചില്ലക്ഷരങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ചില്ലക്ഷരം എഴുതാൻ underscore നിർബന്ധവുമല്ല.

-സു‍-|Sunil said...

എന്റമ്മേ, വാദി പ്രതിയായോ?

ഞാൻ അണ്ടർസ്കോർ ഉപയോഗിച്ചാണ് സാധാരണ എഴുതാറ്. അപ്പോൾ ശരിക്കും കാണുന്നുമുണ്ട്‌. ഫയർഫോക്സ് 3 ആണ് ഞാൻ ഉപയോഗിക്കുന്നതും.

എന്തോ അറിയില്ല. ഞാൻ ഒന്ന് ബ്രൌസർ മാറ്റിയൊക്കെ ടെസ്റ്റ് ചെയ്തു നോക്കട്ടെ.
-സു-

ആത്മ said...

രക്ഷപ്പെട്ടു! ഞാന്‍ പൊട്ടന്‍ കളി കളിക്കുമ്പോലെ
ഓരോ ചില്ലക്ഷരം കഴിയുമ്പോഴും വെറുതെ ഒരു
underscore അടിച്ച്.. അടിച്ച്.. അങ്ങിനെ വരികയായിരുന്നു. ഇനിയിപ്പോള്‍ നിര്‍ത്താമല്ലൊ അല്ലെ,
നന്ദി!:)

-സു‍-|Sunil said...

സോറി ട്ടോ.
എനിക്കെന്റെ പ്രശ്നം ഇതുവരെ മനസ്സിലായില്ല! എന്തു ചെയ്യാം! കുറച്ചൊക്കെ ടെസ്റ്റ് ചെയ്തു നോക്കി. നോ രക്ഷ.
സാരല്യ പോട്ടെ, പിന്നെ നോക്കാം.
ന്നാലും ഒരു സോറി.
-സു-

ആത്മ said...

അയ്യോ, സോറിയൊന്നും പറയണ്ട.
സഹായിക്കാന്‍ ശ്രമിച്ചതിന് വളരെ നന്ദി!
ഒരുപക്ഷെ,ചില്ലക്ഷരങ്ങള്‍ വായിക്കാന്‍ പറ്റില്ലായിരുന്നെകില്‍ എന്തു
കഷ്ടമാകുമായിരുന്നു.