Wednesday, June 17, 2009

ഭരതചരിത്രം

ഋഷഭ പുത്രനാകും ഭരതനാകെപ്പിന്നെ
വൃഷമാര്‍ഗ്ഗേണ പരിപാലിച്ചാനവനിയെ.
വിശ്വമോഹിനിയായ കന്യകാ പഞ്ചജനി-
വിശ്വരൂപാത്മജയെ കൈക്കൊണ്ടാനതുകാലം.
അഞ്ചു മക്കളുമുണ്ടായ് വന്നിതു പഞ്ചജനി-
ക്കഞ്ചു ഭൂതങ്ങള്‍ മായതങ്കലുണ്ടായപോലെ.
സുമതി, രാഷ്ടഭൃത്തു, മൂന്നാമന്‍ സുദര്‍ശനന്‍
ക്രമ, മാവരണനും ധൂമ്രകേതുവും നാമം.
ഭാരതഖണ്ഡമാകും തന്നുടെ രാജ്യം പിന്നെ-
പ്പാരാതെ പകുത്തുടനൈവര്‍ക്കും കൊടുത്തുപോയ്
സാളഗ്രാമാശ്രമത്തെ പ്രാപിച്ചാന്‍ തപസ്സിനായ്
സാളഗ്രാമോപലങ്ങള്‍ കൊണ്ടലംകൃതനായി
സ്വച്ഛയാം ചക്രനദിതന്നുടെ തീരത്തിങ്കല്‍
സ്വച്ഛമാമാശ്രമവുമുണ്ടാക്കി വസിക്കുന്നാള്‍,
നിത്യാനിത്യാദികളാം വസ്തുവിചാരം കൊണ്ടു
ശുദ്ധാന്തഃകരണനായ് തത്ത്വജ്ഞാനവും വന്നു,
ഭക്തിയും ദിനം പ്രതി വര്‍ദ്ധിച്ചു ഭഗവാനെ-
ച്ചിത്തത്തിലാക്കി ബ്രഹ്മജ്ഞാനവുമുറപ്പിച്ചു
യുക്തനായിരുന്നുപാസിക്കുന്നാളൊരുദിനം
മദ്ധ്യാഹ്നേ ചെന്നു നിന്നു ഗണ്ഡകതീരസ്ഥലേ.
ഗര്‍ഭിണിയായിട്ടൊരു കൃഷ്ണമാന്‍‌പേട വന്നീ-
ട്ടപ്പുഴ തന്നില്‍ത്തണ്ണീര്‍ കുടിച്ചു തുടങ്ങിനാള്‍!
അന്നേരമരികേ നിന്നലറീടുന്ന സിംഹം-
തന്നുടെ നാദം കേട്ടു പേടിച്ചു മാന്‍പേടയും
ഓടിപ്പോയ് മറുകരെക്കരയേറുവാനായി
ആടല്‍ പൂണ്ടുടന്‍ വിറച്ചോടിനനേരം തന്നെ;
ഗര്‍ഭസ്ഥനായ കിടാവപ്പൊഴേ പിറന്നുട-
നപ്പുഴതന്നില്‍ വീണങ്ങൊഴുകി വേഗത്തോടെ
ഗുഹയില്‍ച്ചെന്നു വീണുമരിച്ചു മാന്‍പേടയും
സഹിയാതൊരു ഭയംകൊണ്ടും വേദനകൊണ്ടും
നീരൂടെയൊഴുകുന്ന മാന്‍‌കിടാവിനെക്കണ്ടു
കാരുണ്യവശാലുടനെടുത്തു ഭരതനും
പാരാതെ കൊണ്ടുപോയാന്‍ തന്നുടെയാശ്രമത്തി-
ലാരാലുമുപദ്രവം കൂടാതെ വളര്‍ത്തിനാന്‍
മാന്‍‌കിടാവോടുകൂടി മാന്‍‌കിടാവിലെ സ്നേഹം
താന്‍ കൂടെ വളര്‍ന്നിതു ഭരതനുകാലം.
തന്നുടെ നിയമങ്ങളതിനെ വളര്‍ക്കയാ-
ലൊന്നൊന്നേദിനം പ്രതി കുറഞ്ഞു ചമഞ്ഞിതു.
കാലം കൊണ്ടില്ലാതെയായ് വന്നിതു നിയമങ്ങള്‍
കാലവും പോയതുള്ളിലറിയായീലയേതും.
അതിനെക്കാണുമ്പോഴും കാണാതെ വാഴുമ്പോഴു-
മതിന്റെ യോഗക്ഷേമം ചിന്തിച്ചു മനക്കാമ്പില്‍
ഈശ്വരവിലാസങ്ങളെന്തയ്യോ! പറവതും!
സ്നേഹപാരവശ്യംകൊണ്ടാഹന്ത! ഭരതനും
മോഹവും വളര്‍ന്നിതു മറന്നു തപസ്സെല്ലാം,
ഹരിണകുണകമാമിതിന്നു ഞാനെന്നിയേ
ശരണമാരുമില്ല ഗണവും പിരിഞ്ഞുപോയ്,
ഹരിണി പെറ്റപ്പോഴേ മരണം പ്രാപിച്ചിതു!
ശരണാ‍ഗതപരിപാലനം ധര്‍മ്മമല്ലോ.
പാലനമനുദിനം പോഷണം പ്രീണനവും
ലാളനമിവറ്റിനേ കാലമുള്ളിതു മുറ്റും:
ആസനാടനസ്നാനാനശയനാശനാദിക-
ളാചരിച്ചീടുമ്പൊഴും പിരിഞ്ഞീടുകയില്ല,
ഫലമൂലോദകാദി പൂവൊടു ചമതപ്പുല്‍
പലവുമിവ തേടിപ്പോകുമ്പോളതിനേയും
വച്ചേച്ചു പോവാനില്ല വിശ്വാസമതുനേര-
മിച്ഛയാ വഴിയേകൂടോടിപ്പോമതു താനും
മുഗ്ദ്ധഭാവവും നോക്കി നിന്നീടും മദ്ധ്യേമദ്ധ്യേ
ശക്തിപൂണ്ടതിനെച്ചെന്നെടുക്കുമയ്യോ പാവം!
ശക്തിയില്ലിതിനെന്നു കഴുത്തിലെടുത്തീടു-
മൊക്കത്തു തട്ടിക്കൊള്ളുമൊട്ടിടയിടെച്ചെമ്മേ;
മാറത്തും മടിയിലും പുറത്തും പറ്റിച്ചീടും!
ദൂരത്തു നിന്നീടുമ്പോളതിനെ വിളിച്ചീടും!
ഓരോരോ കര്‍മ്മം ചെയ്യുന്നേരത്തു മദ്ധ്യേ മദ്ധ്യേ
പാരാതെ ചെന്നുനോക്കും തിന്മാനും കൊടുത്തീടും;
വിളിക്കുമരികവേ മണ്ടിവന്നീടുന്നേരം
കളിക്കും പിന്നെപ്പരിചരിക്കുമോരോതരം;
പതുക്കെപ്പതുപ്പുള്ള രോമങ്ങളമരുമാ-
റെടുത്തും തലോടിയും പുണര്‍ന്നും കൊണ്ടാടിയും,
മറ്റൊന്നിന്നില്ലകാലം മുറ്റുമിങ്ങനെ തനി
ക്കുറ്റമാന്‍പേടയുമായ് മരുവീടിനകാലം
മരണമടുത്തിതു ഭരതനതുകൊണ്ടു-
കരണങ്ങളുമെല്ലാം തളര്‍ന്നു ചമഞ്ഞിതേ.
കിടക്കുന്നേടത്തു ചെന്നധികദുഃഖത്തോടും
അടുത്തു നില്‍ക്കുന്നൊരു മാന്‍‌കിടാവിനെ നോക്കി
മാനസതാരില്‍ നിരൂപിച്ചിതു സന്താപത്താല്‍
ഞാനിനി മരിച്ചീടുമിപ്പൊഴുതിനിശേഷം
കാനനദേശേ സിംഗവ്യാഘ്രാദി ദുഷ്ടൌഘങ്ങള്‍
മാനിനെപ്പിടിച്ചു തിന്നീടുമെന്താവതയ്യോ!
ഒട്ടുമേമനുഷ്യരെപ്പേടിയില്ലിതിനിപ്പോള്‍
ദുഷ്ടരാം കാട്ടാളന്മാരെയ്തുകൊന്നീടുകയോ
രക്ഷിപ്പാനിതിനാരുമില്ലെന്നതല്ല പിന്നെ
ഭക്ഷിപ്പാന്‍ പലദുഷ്ടജന്തുക്കളുണ്ടുതാനും.
ഇത്തരമോരോതരം ചിന്തിച്ചു ഭരതനും
ചിത്തത്തില്‍ കൃഷ്ണമൃഗരൂപവും നിഴലിച്ചു
അരികേ നില്‍ക്കുന്നൊരു ഹരിണകുണകത്തെ
സ്മരിച്ചു മരിച്ചുടന്‍ ജനിച്ചു ഹരിണമായ്.
ഹരിണമായിത്തന്നെ ജനിച്ച ഭരതനും
സ്മരണം കഴിഞ്ഞ ജന്മത്തിലേതുണ്ടായ് വന്നു
മൃഗസംഗംകൊണ്ടു ഞാന്‍ മൃഗമായ് വന്നിതന്ന-
തകമേ ചിന്തിച്ചഥ സംഗമുണ്ടാകായ്‌വാനായ്
മാന്‍‌കൂട്ടത്തിങ്കല്‍ നിന്നു പിരിഞ്ഞു താനേതന്നെ
സങ്കേതം ചെന്നുപുലഹാശ്രമം പുക്കാനവന്‍;
തീര്‍ത്ഥസ്നാനവും ചെയ്തു ദേഹത്യാഗവും ചെയ്താന്‍;
ധാത്രിയില്‍ ബ്രാഹ്മണനായ് പിറന്നാവനുടന്‍.
ചൊല്ലെഴുന്നോരംഗിരഃപ്രവരനായുള്ളൊരു
നല്ലഭൂസുരന്‍ പണ്ടുരണ്ടു വേട്ടിരിക്കുന്നാള്‍
ഒരുത്തി പെറ്റുണ്ടായിതൊമ്പതു തനയന്മാര്‍
ഒരുത്തി കന്യാകുമാരന്മാരെ പ്രസവിച്ചാള്‍!
എന്നതില്‍ കുമാരനായി പിറന്ന മഹീസുരന്‍
മുന്നേ തന്‍ മൃഗദേഹം കളഞ്ഞ ഭ്രതന്‍ പോല്‍.
സംഗദോഷത്തെപ്പേടിച്ചാദിയേ കുമാരനും
മംഗലം വരുത്തുവാന്‍ കൈക്കൊണ്ടാന്‍ മൌനവ്രതം.
ജാതകര്‍മ്മാദിക്രിയ സര്‍വവും യഥാവിധി
താതനുമനുഷ്ഠിച്ചു മൂകനെന്നിരിക്കിലും
ബുദ്ധിസംസ്കാരത്തിനായെത്ര വസ്തുക്കള്‍ ചെയ്താന്‍
വ്യര്‍ത്ഥമായ്ച്ചമഞ്ഞിതു താതസാഹസമെല്ലാം!
ജളനോ ബധിരനോ മൂകനോ പുനരിവ-
നെളുതല്ലാര്‍ക്കും ചെമ്മേ തിരിച്ചുകൊള്ളുവാനും.
ഉപനിച്ചിതു താതനക്കാലം കുമാരനെ
ജപഹോമാദികര്‍മ്മമൊന്നുമേ പോകാതാനും
നാലാണ്ടുകാലം മിനക്കെടാതെ ചൊല്ലിച്ചിട്ടും
ബാലനും പഠിച്ചീല ഗായത്രി കുറഞ്ഞൊന്നും.
ആയതു കുമാരനെശ്ശിക്ഷിച്ചു തന്നേ കാലം
പോയിതു ജനകനും മരിച്ചാനതുകാലം.
തന്നുടെ മിഥുനത്തെസ്സപത്നിപോക്കലാക്കി
പിന്നാലെ തീയില്‍ പാഞ്ഞൂ മരിച്ചാള്‍ ജനനിയും-
ഭ്രാതാക്കന്മാരുമിവന്‍ ജളനെന്നുറയ്ക്കയാ-
ലേതുമേ കൊടുക്കയില്ലുപജീവിപ്പാന്‍ പോലും.
ആരാനുമൊരുവേല ചൊല്ലുകിലതും കേള്‍ക്കും!
ഏതാനും കൊടുക്കിലങ്ങുപജീവിക്കും താനും;
അതിന്റെ ഗുണദോഷമന്വേക്ഷിക്കയുമില്ല;
അധികമെങ്കിലതു സൂക്ഷിക്കുമാറുമില്ല;
ഏതാനും നല്‍കിയെങ്കില്‍ പോരായെന്നതുമില്ല;
ഏതുമാരുമേ നല്‍കീലെങ്കിലോ വേണ്ടാതാനും.
അക്കാലം ഭ്രാതാക്കന്മാരവനെ വിളഭൂമി-
രക്ഷിപ്പാന്‍ മാടം കെട്ടീട്ടവിടെയിരുത്തിനാര്‍.
നെല്ലുകാപ്പതിന്നവന്‍ ചെന്നിരുന്നതില്‍പ്പിന്നെ
നെല്ലിനു കേടുകുറഞ്ഞൊന്നുമുണ്ടായീലല്ലോ.
ദുഷ്ടജന്തുക്കളൊന്നു മദ്ദിക്കില്‍ ചെല്‍കയില്ല.
തുഷ്ടതമുഴുത്തൊരു ശൂദ്രാധിപതി തനി-
ക്കിഷ്ടമായിരിപ്പൊരു സന്തതിയുണ്ടാവാനായ്
ആളറുത്തഴകോടു ചോര നല്‍കണം ഭദ്ര-
കാളിക്കെന്നുറച്ചുടന്‍ ഭൃത്യന്മാരോടു ചൊന്നാന്‍-
“എങ്ങാനും തിരഞ്ഞൊരു നല്ലൊരു പുരുഷനെ
നിങ്ങള്‍ കൊണ്ടരി”കെന്നു കേട്ടവര്‍ പുറപ്പെട്ടാര്‍.
നീളവേ നടന്നവര്‍ കണ്ടിതു മാടം തന്നില്‍
നീളവും തടിപ്പുമേറീടിന പുരുഷനെ;
ലക്ഷണയുക്തമായ പുരുഷരൂപം കണ്ടു
തല്‍‌ക്ഷണം തെളിഞ്ഞവര്‍‌ പിടിച്ചുകെട്ടീടിനാര്‍
ശൂദ്രാധിപതി മുമ്പില്‍‌‍ക്കൊണ്ടു ചെന്നതു കാല-
മാര്‍ദ്രമാം മനസ്സോടും പൂജിപ്പാനൊരുമ്പെട്ടാന്‍;
കുളിപ്പിച്ചഴകിയ കോടികൊണ്ടുടുപ്പിച്ചു
കളഭമാല്യങ്ങളാലണിഞ്ഞങ്ങവനുടല്‍
കാളിക്കുപൂജകൊടുത്തീടിനധരാസുരന്‍
കാളിമന്ത്രവും ചൊല്ലീട്ടറുപ്പാനൊരുമ്പെട്ടാന്‍.
വാളെടുത്തോങ്ങുന്നേരം ബ്രാഹ്മണതേജസ്സിനാല്‍
കാളിക്കുചൂടുപിറ്റിച്ചിരുന്നുകൂറ്റായ്കയാല്‍‌
ചീളെന്നു വാളുമെടുത്തട്ടഹാസവും ചെയ്തു
കൂളികളോടും ഭൂതവൃന്ദങ്ങളോടും വന്നു
കാളിതാനറുത്തിതു ശൂദ്രാധിപതിതല
വാളുമായ് നില്‍ക്കും ധാത്രീദേവന്റെ തലയതും
അറുത്ത തലകൊണ്ടു പന്താടിക്കളിക്കയും
പെരുത്തകോപത്തോടുമലറിച്ചിരിക്കയും
ബ്രാഹ്മണ വധത്തിനു കോപ്പിട്ട ജനങ്ങളും
ബ്രാഹ്മണ തേജസ്സു കൊണ്ടൊക്കവേ നശിച്ചുപോയ്
എല്ലാമീശ്വരനെന്നു നിര്‍ണ്ണയിച്ചിരിപ്പവര്‍-
ക്കില്ലൊരു ഭയമൊരുകാലവുമൊന്നുകൊണ്ടും.
വാളുമായ്ക്കഴുത്തറുത്തീടുവാനോങ്ങുമ്പോഴും,
കാളിതന്‍ കോപമുടനിങ്ങനെ കണ്ടപ്പോഴും,
ഏതുമേകുലുക്കമുണ്ടായതില്ലവനുള്ളില്‍;
ആധികളില്ല സാക്ഷാല്‍ ജ്ഞാനികള്‍ക്കെന്നു നൂനം.
ഉന്നതന്‍ ബഹുഗുണനാകിയ സിന്ധുരാജന്‍
തന്നുടെയാചാര്യനാം കപിലന്‍ തന്നെക്കാണ്മാന്‍
പോകുന്നനേരമവന്‍ തണ്ടെടുപ്പിച്ചീടിനാ-
നാകുലമതിന്നുമുണ്ടായതില്ലവനേതും.
എന്നതിന്നവകാശം വന്നവാറുരചെയ്യാം:
മന്നവ! കേട്ടുകൊള്‍ക മായാവൈഭവമെല്ലാം!
പിന്നെയുമൊരുദിനം മാടത്തില്‍ വസിക്കുമ്പോള്‍
വന്നുടന്‍ ചില ഭടന്മാരുരചെയ്തീടിനാര്‍:-
“മന്നവനെഴുന്നള്ളത്താകുന്നതറിക നീ
നിന്നെയും കൂട്ടിക്കൊണ്ടു ചെല്ലുവാനരുള്‍ ചെയ്തു
തണ്ടെടുപ്പതിന്നൊരു ഭാഗത്തേയ്ക്കൊരുപുമാ-
നുണ്ടുപോരായ്കയതിന്നാകുന്നിതറിഞ്ഞാലും.”
എന്നിവ പറഞ്ഞു കൈപിടിച്ചു കൊണ്ടുപോയാ-
രന്നേരമാന്ദോളികാവാഹകന്മാരുമെല്ലാം;
ആകുലമതിന്നുമുണ്ടായതില്ലവനേതും;
വേഗം പോകയ്കകൊണ്ടും ഭര്‍ത്സിച്ചാന്‍ നൃപേന്ദ്രനും;
അന്നേരം നൃപന്‍ തന്നോടുത്തരമുരചെയ്താന്‍
മന്നവനറിഞ്ഞിതു ദിവ്യനെന്നതു നേരം
തണ്ടില്‍ നിന്നിറങ്ങിവീണുടനേ നമസ്കരി-
ച്ചിണ്ടല്‍ പൂണ്ടറിയായ്ക പൊറുത്തു കൊള്‍കെന്നെല്ലാം
ചൊന്നമന്നവന്‍ തന്നോടദ്ധ്യാത്മജ്ഞാനാ‍ര്‍ത്ഥത്തെ
നന്നായിട്ടുപദേശിച്ചീടിനാനതും തഥാ
സന്ദേഹമൊഴിഞ്ഞു ചൊല്ലീടുവാന്‍ പണിയത്രേ;
ചെന്നവരിരുവരും വൈകുണ്ഠലോകം പുക്കാര്‍.
“ഭരതചരിത്രം ഞാനൊട്ടൊട്ടു ചൊന്നാനേവം
ഭരതന്‍ തന്റെ പുത്രനായതു ദേവതാജിത്,
ദേവതാജിത്തിന്‍ പുത്രനായതു പരമേഷ്ഠി,
കേവലം പരമേഷ്ഠി നന്ദനന്‍ പ്രതീഹമ്പോല്‍;
അവന്റെ പുത്രന്‍ പ്രതിഹര്‍ത്താവെന്നല്ലോ കേള്‍പ്പിന്‍
പ്രതിഹര്‍ത്താവിന്‍ പുത്രനജനും ഭൂമാവെന്നും,
ഭൂമാവുതന്റെ പുത്രന്‍ ഗീതനുദ്ഗീഥനെന്നു
നാമാവാമവനുടെ നന്ദനന്‍ പ്രസ്തോതാവും,
പ്രസ്തോതാവിനു പുത്രനായതു വിഭൂവന്‍-
പുത്രനായുടന്‍ പൃഥുഷേണനുമുണ്ടായ്‌വന്നാന്‍;
തല്‍‌പൃഥുഷേണപുത്രനായതു നക്തനവന്‍;
തല്‍‌പുത്രനല്ലോ ഗയനാകിയ നൃപശ്രേഷ്ഠന്‍;
ഗയന്റെ മക്കള്‍ ചിത്രരഥനും സുഗതിയു-
മവരോധനനെന്നുമൂവ്വരുണായാരല്ലോ.
എന്നതില്‍ ചിത്രരഥനന്ദനന്‍ സാമ്രാട്ടവര്‍,
തന്നുടെ മകനായ മന്നവന്‍ മരീചിയും;
വിന്ദുമാന്‍ മരീചിതന്‍ നന്ദനനറിഞ്ഞാലും;
വിന്ദുമാനുടെ പുത്രനായതു മധുവല്ലോ;
മധുവിന്‍ പുത്രന്‍ വീരവ്രതനെന്നല്ലോ കേള്‍പ്പൂ;
മതിമാന്‍ വീരവ്രതന്‍ തന്നുടെ പുത്രന്മാര്‍‌ ‍പോല്‍
മന്ധുവുമമന്ധുവുമെന്നവരിരുവരില്‍
മന്ധുജന്‍ ഭാവനന്‍‌ ‍പോല്‍‍; ഭാ‍വനന്മകന്‍ ‌ത്വഷ്ടാ‍;
ത്വഷ്ടാവിന്‍ മകനല്ലോ വീരജനായ നൃപന്‍;
ശിഷ്ടനാമവനൊരു നൂറുപുത്രന്മാരുണ്ടായ്;
അരുതു പറവതിനവരെ വേറെയല്ലാ-
മൊരുകന്യകതാനുമുണ്ടായാളനന്തരം;
ചൊല്ലെഴും പ്രിയവ്രതന്‍ തന്നുടെ വംശമൊട്ടു
ചൊല്ലിയേന്മുടിഞ്ഞിതു വീരജനുടെ കാലം.”
അന്നേരം പരീക്ഷിത്തു തൊഴുതു ചോദ്യം ചെയ്താന്‍
“നന്നുനന്നരുള്‍ ചെയ്തവാറിതു മഹാമതേ!
ഇന്നുമുണ്ടെനിക്കൊന്നു കേള്‍പ്പതിന്നത്യാഗ്രഹ
മെന്നോടിന്നതുമരുള്‍ ചെയ്യണം മഹാമുനേ!
സപ്തസാഗരങ്ങളും സപ്തദ്വീപങ്ങളുമ-
ങ്ങെത്രവിസ്താരമെന്നും തത്ര ലക്ഷണങ്ങളും
വ്യക്തമായരുളിച്ചെയ്തീടേണമടിയനോ‌‌-
ടെത്രയും വളര്‍ന്നുള്ള പാപങ്ങളകലുവാന്‍-”
“അവയക്തസ്വരൂപമാമീശ്വരസ്ഥൂലരൂപം
സുവ്യക്തമാമ്മാററിഞ്ഞീടുവാനാര്‍ക്കാമെടോ?
ഞാനറിഞ്ഞതു ചൊല്ലാമെനിക്കാകുന്നവണ്ണ-
മാനന്ദം നിനക്കിതിലുണ്ടെന്നു തോന്നുകയാല്‍.”

ഭരതചരിത്രം

No comments: