Monday, September 14, 2009

അര്‍ക്കേന്ദു ഗതിഭേദം

സ്വര്‍ഗ്ഗഭൂമികളുടെ യന്തരമന്തരീക്ഷ-
മര്‍ക്കചാരവുമന്തരീക്ഷമദ്ധ്യാന്തര്‍ഭാഗേ
ഉത്തരായണമെന്നും ദക്ഷിണായനമെന്നും
മിത്തരം വിഷ്ടപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നകാലം;
അവനീപതേ! സമമായ് വരുമഹോരാത്ര-
മൃഷഭാദികളാകുമഞ്ചിലും വര്‍ത്തിക്കുന്നാള്‍
ഇഴിയും നിശയതു പകലേറിടും താനും;
കീടകമാദികള്‍ മറ്റഞ്ചിലും വര്‍ത്തിക്കുന്നാള്‍
ഈടെഴും പകല്‍ കുറഞ്ഞേറുന്നു നിശാകാല-
മീദൃശമുദിക്കയുമസ്തമിക്കയും ചെയ്യും
ആദിത്യന്‍ പെരുമാറുമ്മാനസോത്തരത്തിന്മേല്‍
ഒമ്പതുകോടിക്കുമേലതിന്റെ വട്ടം പുന-
രമ്പതുമൊന്നും ലക്ഷം യോജനയുണ്ടുതാനും.
അങ്ങനെയിരിക്കുന്ന മാനസോത്തരഗിരി-
ക്കങ്ങുമേല്‍ മുകളില്‍ ദേവാലയത്തിനു നേരേ
പൂര്‍വ്വഭാഗത്തിങ്കലുണ്ടിന്ദ്രന്റെ രാജധാനി
കേവലം ദേവധാനിയെന്നതിനുടെ നാമം;
പ്രേതനാഥനു തെക്കുണ്ടല്ലോ സംയമിനിയും
യാദസാം പതിക്കു നിമ്ലോചനി പടിഞ്ഞാറും
വടക്കു വിഭാവരി സോമന്റെ രാജധാനി
പടര്‍ച്ചയോടും നാനാഭൂതങ്ങളെല്ലാവര്‍ക്കും
പ്രവൃത്തി നിവൃത്തി നിമിത്തങ്ങളായിട്ടുദ
യാസ്തമയത്തോടര്‍ദ്ധരാത്രിയെന്നിത്യാദികള്‍
ഗതിക്കുതക്കവണ്ണം പകര്‍ന്നു പകര്‍ന്നുകൊ-
ണ്ടതിക്രാമൃതി സൂര്യനോരോരോദിക്കുതോറും
രാശിചക്രത്തിന്‍ വേഗമേറി നിന്നതിനുടെ
പേശലാല്‍ വലത്തുടായ്‌വരുന്നിതെല്ലാടവും
യാതൊരു ദിക്കിലുടനുദയം കാണാകുന്നു.
നീതിയിലതിന്മറുപുറത്താമസ്തമയം;
യാതൊരേടത്തു നേരേ മദ്ധ്യാഹ്നമാകുന്നിത-
ങ്ങതിനു നേരെ മറുപുറത്താമര്‍ദ്ധരാത്രം.
യാ‍തൊരു നേരം സൂര്യന്‍ ലങ്കയിലുദിക്കുന്നു
അസ്തമിക്കുന്നു സിദ്ധപുരിയിലതിന്‍ നേരേ.
ഇന്ദ്രന്റെ പുരിയില്‍ നിന്നന്തകപുരത്തിങ്കല്‍
ചെന്നിടും പതിനഞ്ചു നാഴിക കൊണ്ടു സൂര്യന്‍
അവിടമുണ്ടു രണ്ടുകോടിയുമനന്തരം
അവനീപതേ, മുപ്പത്തേഴുലക്ഷവും പിന്നെ
പുനരങ്ങെഴുപത്തയ്യായിരം യോജനയും
തനിയേ വഴിയെന്നു മനസി ധരിച്ചാലും
അതിനെപ്പോലെത്തന്നെ വരുണപുരത്തിനു-
മകലമതു പതിനഞ്ചുനാഴികയാലെ
വിരവോടെത്തും വിഭാവരിക്കുമതുപോലെ
തരസാചെല്ലും വിഭാവരിയില്‍ നിന്നുതന്നെ
ക്രമമായുള്ളവഴിയകലമതു തന്നെ.
സമമായെത്തും പതിനഞ്ചു നാഴികയാലെ
അവ്വണ്ണം തന്നെ സൂര്യചന്ദ്രാദിഗ്രഹങ്ങളും
സര്‍വ്വനക്ഷത്രങ്ങളും ജ്യോതിശ്ചക്രത്തിന്മേലേ
ഉദിച്ചുമസ്തമിച്ചുമിരിക്കുന്നിതു നിത്യം
വദിച്ചുകൊള്‍വാനറിയാവതല്ലിത്യാദികള്‍.
ആദിത്യരഥത്തിനു ചക്രമാകുന്നതെല്ലാം
ആദരാലോരോരോ സംവത്സരാത്മകങ്ങള്‍പോല്‍.
താനതിനച്ചുതണ്ടു മേരുതന്മുകളിലും
മാനസോത്തരഗിരിതന്മേലും തഥാനേമി
മാരുതാശന കുലനാശനാഗ്രജന്‍ തന്നെ
സാരഥിയാകുന്നതു ബാലഖില്യന്മാരല്ലോ
സൂക്തവാക്യങ്ങള്‍കൊണ്ടു വേദാന്തപ്പൊരുളായ
മാര്‍ത്താണ്ഡന്‍ തന്നെ സ്തുതെച്ചീടുന്നു നിത്യം ചെമ്മേ.
ഗന്ധര്‍വാപ്സരോനാഗമാനിനീയാതുധാന
പങ്‌ക്‌തിയും ഗ്രാമണികള്‍ ദേവകളൃഷികളും
സന്തതമിവരേഴുകൂട്ടവും വേറെ വേറെ
മാസങ്ങള്‍ തോറും ഭക്ത്യാ സൂര്യനെസ്സേവിക്കുന്നു
“ഉത്താ‍നപാദന്‍ തന്റെ പുത്രനാം ധ്രുവനെയു-
മുത്തമനായ മഹാമേരുവിനേയും കൂടി
നിത്യവും പ്രദക്ഷിണം ചെയ്യുന്നോരാദിത്യന്റെ
സത്യസദ്ഗതിഭേദം രാശികളെ തീര്‍ത്തിതു
എങ്ങനെ വിശേഷിച്ചു വെവ്വേറെ കാണാകുന്നു?”
ഇങ്ങനെ പരീക്ഷിത്തിന്‍ ചോദ്യത്തിനരുള്‍ ചെയ്തു
മംഗലാത്മാവാം നൃപതീശ്വരന്‍ തന്നോടേറ്റം
മംഗലവാക്യം കൊണ്ടു ബാദരായണിയപ്പോള്‍:-
“അന്വഹം കുലാല ചക്രത്തോടുകൂടിത്തിരി-
യുന്നൊരു പിപീലികാദികള്‍ തങ്ങടെ ഗതി
വെവ്വേറെ ലോകാന്തരത്തിങ്കലും കാണാകുന്നി-
തവ്വണ്ണമാദിത്യാദിഗ്രഹങ്ങള്‍ ഗതിഭേദം
നക്ഷത്രരാശ്യന്തരത്തിങ്കലും കാണാകുന്നു
ദിക്കുകള്‍തോറും രാശിചക്രത്തിന്‍‌ വേഗത്താലെ
ആദിത്യാത്മകനായ ഭഗവാനുടെ ഗതി-
ഭേദംകൊണ്ടുണ്ടാമഹോരാത്രാദികാലഭേദം
അര്‍ക്കമണ്ഡലത്തിങ്കല്‍ നിന്നു പിന്നെയുമൊരു
ലക്ഷം യോജനമേലെ ചന്ദ്രന്റെ നടപടി.
ആദിത്യനോരാണ്ടുള്ള ഗതിയെ മാസംകൊണ്ടു
സാധിക്കുന്നിതു ചന്ദ്രന്‍ പിതൃക്കള്‍ക്കഹോരാത്രം
ഉണ്ടാവൂ പൂര്‍വ്വപരപക്ഷങ്ങള്‍ രണ്ടുകൊണ്ടും
കണ്ടാലും കാലക്രമം സൂര്യചന്ദ്രന്മാര്‍ തമ്മില്‍.
ഇക്ഷപാ‍കരനുടെ നണ്ഡലത്തിങ്കല്‍ നിന്നു
ലക്ഷം യോജന മേലേ നക്ഷത്ര മാര്‍ഗ്ഗമെടോ!
നക്ഷത്രമാര്‍ഗ്ഗത്തിങ്കല്‍ നിന്നുപിന്നെയും രണ്ടു-
ലക്ഷം യോജന മേലേ ശുക്രനെന്നറിഞ്ഞാലും;
അവിടെ നിന്നുരണ്ടുലക്ഷം ജോജനമേലേ
ബുധനാമിന്ദുപുത്രനവര്‍കള്‍ക്കിരുവര്‍ക്കും
ആദിത്യന്തന്നോടൊക്കും മിക്കതും വിചാരിക്കില്‍
ദീധിതി ഗതിയിങ്കല്‍ ഭേദവും ചെറുതുണ്ടാം.
സോമജന്തങ്കല്‍ നിന്നു ലക്ഷം യോജനമേലേ
ഭൂമിനന്ദനനായ ലോഹിതനവനേതും
വക്രാദിഗതിഭേദമില്ലെന്നു വരുന്നാകില്‍
പക്ഷങ്ങള്‍ മൂന്നുകൊണ്ടു രാശിയില്‍ക്കടക്കുന്നു
മിക്കതും രക്തന്‍ തങ്കല്‍ നിന്നുടന്‍ പിന്നെ രണ്ടു-
ലക്ഷം യോജന മീതേ നിര്‍ജ്ജരാചാര്യനായ
വാഗീശനോരാണ്ടുകൊണ്ടങ്ങുനീങ്ങീടും രാശി,
ഭാഗധേയാബ്ധേ! പുനരവിടെനിന്നും തഥാ,
കേവലം രണ്ടു ലക്ഷം യോജനമേലേ സൂര്യ
ദേവനന്ദനച്ഛായാപുത്രനാകിയ കാലന്‍
മേവിനാനവനൊരു മുപ്പതുമാസം കൊണ്ടു
പോയിതങ്ങൊരു രാശി തന്നിലെന്നതറിഞ്ഞാലും.
അവങ്കല്‍ നിന്നു പതിനൊന്നു യോജനലക്ഷം
അവധിദൂരം സപ്തഋഷികള്‍ നിവാസകം.
അവിടെ നിന്നു പതിമൂന്നുലക്ഷം യോജന
സവിധേ വിഷ്ണുഭക്തന്‍ ധ്രുവനായുള്ള ലോകം.
അവന്റെ ലോകം ജ്യോതിര്‍ഗ്ഗണങ്ങളെല്ലാവര്‍ക്കും
ആശ്രയമാകുന്നതെന്നറിക ധരാപതേ!
നിത്യവും ധാന്യങ്ങളെത്തിരിക്കും പശുക്കള്‍ക്കു
സ്വസ്വമാം തിരുകുറ്റിയാശ്രയമെന്നപോലെ
അര്‍ക്കമണ്ഡലത്തിങ്കല്‍ നിന്നൊരു മുപ്പത്തഞ്ചു
ലക്ഷം യോജനമേലേ നിശ്ചയം ധ്രുവലോകം.
കേള്‍ക്കെടോ പിന്നെജ്യോതിശ്ചക്രങ്ങളൊക്കെസ്സര്‍വ്വ
സാക്ഷിയാം ഭഗവാന്റെ യോഗധാരണാത്മകം
സൂക്ഷ്മകനായ ശിംശുമാരന്റെ ശരീരൈക-
മൂര്‍ത്തിയിങ്കലും പോലെന്നല്ലോ കേട്ടിരിക്കുന്നു.
ശിംശുമാരന്റെ പുച്ഛാഗ്രത്തിങ്കല്‍ ധ്രുവനല്ലോ
സംശയം പ്രജാപതി വഹ്നിയുമിന്ദ്രന്‍ ധര്‍മ്മന്‍
എന്നിവരെല്ലാം ക്രമാല്‍ മേല്‍പ്പോട്ടു വാല്‍മേല്‍‌ത്തന്നെ
സന്നിധാനത്തെച്ചെയ്തീടുന്നിതു സദാകാലം;
ധാതാവും വിധാതാവും പുച്ഛമൂലത്തിങ്കലും
പ്രീതരായിരുന്നരുളീടുന്നു നിരന്തരം;
മദ്ധ്യദേശത്തിങ്കലാകുന്നു പോലനുദിനം
സപ്തമാമുനിവരന്മാരധിവാസം നിത്യം,
രണ്ടുതോളിലുമൊക്കെമിക്കതും നക്ഷത്രങ്ങള്‍
ഉണ്ടുപോലുദരത്തിലാകാശതടിനിയും
ഉത്തരോഷ്ഠത്തിങ്കലങ്ങഗസ്ത്യന്താനും പുന-
രിത്തരമധരോഷ്ഠത്തിങ്കലായമന്താനും,
മുഖത്തുഭൂമിപുത്ര, നുപസ്ഥേ ശനിയും, പിന്‍‌-
കഴുത്തിങ്കല്‍ ബൃഹസ്പതി, മാറത്തുദിവാകരന്‍,
ഹൃദയത്തിങ്കല്‍ വിഷ്ണു, മാനസത്തിങ്കല്‍ ചന്ദ്രന്‍,
സതതം നാഭൌ ശുക്രന്‍, പ്രാണങ്കല്‍ ബുധന്‍ താനും
നിശ്ചയം കഴുത്തില്‍‌പോല്‍ നില്പതു സ്വര്‍ഭാനുവും
അശ്വനീദേവകള്‍ പോലോരോരോമുലകളില്‍,
രാഹുകേതുക്കള്‍ സമസ്താംഗങ്ങളിലുമെല്ലാം,
ജ്യോതിസ്സുകളും മറ്റേതൊക്കെ രോമങ്ങള്‍ തോറും
ഇച്ചൊന്ന ഭഗവാന്റെ സര്‍വ ദേവതാമയം
നിശ്ചയമായരൂപം ധ്യാനിച്ചാല്‍ പാപക്ഷയം.

2 comments:

എന്റെ മലയാളം said...

ഹൌ !!!!എന്തൊരു മഹത്തായ ഉദ്യമം!!!!
വലിയ കലാരൂപങ്ങള്‍ പോലെ ഇത്തരം ശ്രമങ്ങള്‍!!!!
ഞങ്ങള്‍ മലയാളം ബ്ലോഗില്‍ നല്‍കിയിരിക്കുന്നു.malayalamresources.blogspot.com

ആത്മ said...

നന്ദി!