Tuesday, September 22, 2009

നരകഭേദം

“ഇച്ചൊന്ന ദിക്കുകളിലെവിടെ നരകങ്ങൾ?
ഇച്ഛയുണ്ടതുമറിഞ്ഞീടുവാനെനിക്കുള്ളിൽ.”
ത്രൈലോക്യത്തിനു തെക്കേബ്‌മൂമിക്കുതാഴെസ്സരോ‌-
ജാലയാണ്ഡാം ഭോനിധി തന്മീതേ നരകങ്ങൾ‌
ഇരുപത്തൊന്നാകുന്നിതെന്നു ചൊല്ലുന്നു ചിലർ‌
ഇരുപത്തെട്ടുണ്ടെന്നു ചൊല്ലുന്നു ചിലരെല്ലാം.
താമിസ്രം രണ്ടാമതും രൌരവം മൂന്നാമതും
നാലാമതല്ലോ മഹാരൌരവം കുംഭീപാകം
കാലസൂത്രവുമസിപത്രാരണ്യവും പിന്നെ
സൂകരമുഖമന്ധകൂപവും പത്താമതും
ആകുലതരം കൃമിഭോജനം സന്ദംശവും
ദുർജ്ജനമനസ്താപവൃദ്ധിദം തപ്തസൂർമ്മി‌-
വജ്രകണ്ടകമായ ശാല്‌മലി വൈതരണി
പൂയോദം തപ്തയോഗി മാലേറും പ്രാണരോധം
മായമെന്നിയേ വിശസനവും ലാലാഭക്ഷം
സാരമേയാദനവുമിരുപത്തൊന്നാമതു
മാരഴൽ‌തേടും, മവീചി, രയഃപാനമെന്നും
ക്ഷാരകർദ്ദമം രക്ഷോഗണഭോജനം മഹാ‌-
ക്രൂരമാം ശൂലപ്രോതം ദന്ദശൂകവും പിന്നെ
അവടനിരോധനം പര്യാവർത്തനവും കേ‌-
ളവധിസൂചീമുഖമെട്ടാമതറിഞ്ഞാലും;
ഇരുപത്തെട്ടാകുന്നതിങ്ങനെ പാപികൾക്കു
നരകജാലമനുഭവിപ്പാനനുദിനം
ഇന്നപാപങ്ങൾ‌ ചെയ്താലിന്ന നരകമെന്നും
നിന്നോടു പറഞ്ഞീടാം കേൾക്കണമെന്നാകിലോ,
പരദ്രവ്യാപത്യദാരങ്ങളെബ്ബാലാലപ‌-
ഹരിക്കുന്നവർകളെക്കാലദൂതന്മാരെല്ലാം
പാശത്താൽ കെട്ടിവരിഞ്ഞിഴച്ചു കൊണ്ടുപോയി
ക്ലേശിപ്പിച്ചതിഭയങ്കരന്മാർ ദയാഹീനം
താമിസ്രമായ നരകം തന്നിലാക്കീടുവോർ‌
കാമത്താൽ‌ മുന്നം ചെയ്ത ദുഷ്കർ‌മ്മമറുവോളം
ദണ്ഡുകൊണ്ടുടനുടൻ‌ താഡനം കൊണ്ടുകൊണ്ടു
ദണ്ഡങ്ങളനശനപാനതർ‌ജ്ജനങ്ങളാൽ‌
മോഹിച്ചും മദ്ധ്യേ മദ്ധ്യേ ബോധമുണ്ടായുമപ്പോൾ‌
ദാഹിച്ചും വിശന്നുമത്യന്തപീഡകളെല്ലാം.
താമസപ്രായേ കിടന്നുഴലും ചിരകാലം.
കാമിച്ചീടായ്ക പരദ്രവ്യദാരങ്ങളാരും.
അന്ധതയാലേ കൊന്നുപറിക്കുന്നവർക്കെല്ലാം
അന്ധതാമിസ്രമായ നരകമെന്നു കേൾപ്പൂ.
കഷ്ടം യാതനപുക്കു പുഷ്ടവേദനയോടും
നഷ്ട ദൃഷ്ടിയുമായിപ്പെട്ടെന്നു വീണീടുന്നു
വെട്ടിവേരറ്റുവീഴും വൃക്ഷമെന്നതുപോലെ;
കഷ്ടമെത്രയും താമിസ്രത്തിലുമതുപാർത്താൽ.
മാനസേ നിനച്ചഹം‌മതി പൂണ്ടദിനം
ഭൂതദ്രോഹവും ചെയ്തു കേവലം കുടുംബത്തെ
സാദരം ഭരിച്ചു മറ്റാർക്കുമേ നൽകീടാതെ
കാലമെല്ലാമേ കഴിച്ചീടിന പുരുഷനെ‌-
ക്കാല ദൂതന്മാർ കെട്ടിക്കൊണ്ടുപോയ് ദണ്ഡിപ്പിച്ചു
രൌരവമായ നരകം തന്നിലാക്കിടുന്നു.
രൌരവമെന്നു ചൊൽ‌വാൻ കാരണം കേട്ടുകൊൾ‌ക:
ഭൂതലേ മുന്നം പുരുഷന്മാരാൽ കൊല്ലപ്പെട്ട
ഭൂതങ്ങളെല്ലാമങ്ങു ചെന്നോരോരുരുക്കളായ്
തങ്ങളെപ്പീഡിപ്പിച്ചു കൊന്നതുപോലെതന്നെ
തങ്ങളും ചിരകാലം പീഡിപ്പിക്കുന്നു നിത്യം;
ഘോരമായുള്ള സർ‌പ്പജാതികളിലുമതി‌‌‌-
ക്രൂരമായൊരു ജന്തു രുരുവെന്നറിഞ്ഞാലും.
കടിച്ചുവലിക്കയും തിൻ‌കയും കൊത്തുകയും
പിടിച്ചു ഞെരിക്കയും ചെയ്തീടുമനുദിനം.
ഇതിലും ക്രൂരം മഹാരൌരവമെന്നേയുള്ളൂ
വ്യഥയും രുരുക്കൾ‌തൻ‌ ക്രൌര്യവുമേറുകയാൽ;
യാതൊരു പുമാനിഹ കേവലം തന്റെ ദേഹം
സാദരം ഭരിപ്പതിന്നായ്ക്കൊണ്ടു കൃപാഹീനം
പക്ഷികൾ പഴുക്കളെന്നാദിയാം പ്രാണികളെ-
യുഗ്രതയോടുമുപരോധിക്കുന്നിതു നിത്യം
പുരുഷാധമന്മാരിൽ‌ നിന്ദിതനവൻ‌ തന്നെ
കരുണാഹീനന്മാരാം കാലദൂതന്മാരെല്ലാം
കൊണ്ടുപോയ്ക്കുംഭീപാകമാകിയ നരകത്തിൽ‌
ഇണ്ടലാമ്മാറങ്ങാക്കിദ്ദണ്ഡിപ്പിക്കുന്നുചിരം.
ചെമ്പുകൾ‌ തന്നിലെണ്ണനിറച്ചു തീയുമിട്ടു
സമ്പ്രതി തിളപ്പിച്ചിട്ടതിലങ്ങിടുകയും
കൊടിൽ‌ കൊണ്ടെടുത്തുടൻ‌ പിന്നെയും പുറത്തിട്ടി‌-
ട്ടുടലുപോഷിപ്പിക്കും പാനീയം തളിച്ചഹോ!
പിന്നെയുമെടുത്തതിലിട്ടുടൻ വറുക്കയും
പിന്നെയും പുറത്തിട്ടു തളിക്കും ജലമപ്പോൾ
പിന്നെയും മുന്നേവണ്ണം വന്നീടും ദേഹമെല്ലാം
പിന്നെയും വറുത്തീടും ദുഷ്കർമ്മമറുവോളം.
യാതൊരു പുമാൻ‌ പിതൃബ്രാഹ്മണദ്രോഹം ചെയ്തു
മേദിനിതന്നിൽ വർത്തിച്ചീടുന്നിതനുദിനം
അവനെക്കാലഭടന്മാർ കെട്ടിക്കൊണ്ടുപോയ്ചെ-
ന്നവശപ്പെടുത്തുടൻ കാലസൂത്രത്തിലാക്കും.
പതിനായിരം കാതം വഴിവിസ്താരമുള്ളോ-
ന്നതുകേൾ താമ്രമമയമാകിയ തളമല്ലോ.
മേലേടം വെയിൽ‌കൊണ്ടും കീഴേടം കത്തുമഗ്നി-
ജാലകൾ‌കൊണ്ടും ചുട്ടുപഴുപ്പിച്ചുള്ളൂ സദാ;
ക്ഷുത്പിപാസാദികൊണ്ടങ്ങുള്ളിലുള്ളൊരുചൂടും
എപ്പോഴും പൊറുത്തതിലകപ്പെട്ടുള്ള ചൂടും
സഹിയാഞ്ഞിരിക്കയും നിൽക്കയും കിടക്കയും
സഹയാ വീണുമുടനുരുണ്ടുമെഴുന്നേറ്റും
മണിയുമൊട്ടുനേരം വീണുമോഹിച്ചും പിന്നെ-
പ്പണ്ടു താൻ‌ ചെയ്ത ദുഷ്കർമ്മങ്ങളെ നിരൂപിച്ചും
പശുരോമങ്ങളോളം വരിഷസഹസ്രങ്ങ‌-
ളശുഭഫലമനുഭവിച്ചുകിടന്നീടും.
പ്രഭുവാകിലുമമാത്യന്മാരാകിലുമേതും
അപരാധം കൂടാതെ ജനത്തെദ്ദണ്ഡിപ്പിച്ചാൽ
സൂകരമുഖമാകും നരകമനേകം നാൾ‌
ശോകമോടനുഭവിച്ചീടുമെന്നറിയണം
വർ‌ണ്ണധർ‌മ്മങ്ങൾ‌ പുനരാശ്രമധർമ്മങ്ങളും
അന്യായത്തോടുമുപേക്ഷിച്ചൊരു ‘പാഷണ്ഡിയായ്
നടക്കുന്നവനസിപത്രമാം വനം തന്നിൽ‌
നടത്തിദ്ദണ്ഡിപ്പിക്കും കാലദൂതന്മാരെല്ലാം
ഉടൽക്കു നാശം വരാതെ ഖണ്ഡിച്ചനുദിനം
തടുപ്പാനവയെല്ലാമാരുമില്ലതുനേരം.
ജന്തുവർഗ്ഗത്തെപ്പീഡിപ്പിക്കുന്ന പുരുഷന്മാരാ-
രന്ധകൂപാഖ്യ നരകത്തിൽ‌ വീണുഴന്നീടും.
ആർക്കുമേ നൽകീടാതെ മറ്റുള്ളജനങ്ങളെ
നോക്കാതെ താനേ തന്നെ ഭുജിക്കും ജനങ്ങൾക്കു
കൃമിഭോജനമായ നരകമകപ്പെടും
കൃമികൾ തന്നെയതിൽ ഭുജിപ്പാനാകുന്നതും
ഉത്തമജനങ്ങൾക്കുള്ളർ‌ത്ഥത്തെക്കക്കുന്നോർക്കും
ശക്തികൊണ്ടതുപിന്നെക്കവരുന്നവർ‌കൾ‌ക്കും
സന്ദംശമെന്നു പേരാകുന്നൊരു നരകമു-
ണ്ടന്വഹം ദുഃഖിപ്പിക്കും കാലദൂതന്മാരെല്ലാം;
നന്നയിച്ചുട്ടുപഴുപ്പിച്ചുള്ള കൊടിൽ‌ കൊണ്ടു
ചെന്നുടൻ പിടിപ്പിച്ചു വലിക്കും ത്വക്കുമെല്ലാം;
പുലയാടീടുന്നവർക്കിരുമ്പുപാവചമ-
ച്ചുലവച്ചൂതിപ്പഴുപ്പിച്ചതു തഴുകിക്കും
അപ്പോഴോ സുഖമേറുപിപ്പോഴോ സുഖമേറും
തപ്പാതെ ചൊല്ലുചൊല്ലെന്നെപ്പോഴും ചോദിക്കയും
കാമഭോഗത്തിൽ‌ തന്നെയശയായ് നടപ്പവർ-
ക്കമയമേറും വജ്രകണ്ടകശാൽമലിതൻ
കൊമ്പുകളിടയിലിട്ടിഴച്ചും മേൽ‌പോട്ടിട്ടും
കമ്പമുൾ‌ക്കൊണ്ടുവീണാൽ‌ പിന്നെയും മേൽ‌പോട്ടിട്ടും
ക്രൂരന്മാരായ നരപാലന്മാർ മര്യാദയും
ദൂരവേ വെടിഞ്ഞു ദുഷ്കർമ്മങ്ങൾ ചെയ്തീടുകിൽ
ഘോരവൈതരണിയിലാക്കിദ്ദണ്ഡിപ്പിച്ചീടും
ക്രൂരജന്തുക്കൾ‌ കടിച്ചുള്ള വേദനകളും
ചോരയും ചലവും നെയ്‌വലയും മലമൂത്രം
പൂരിച്ചോന്നതിൽ‌ കിടന്നൊഴുകിക്കുഴഞ്ഞീടും;
പാരിച്ച പൈദാഹാത്താലൊട്ടതു കുടിക്കയും
വൃഷലീസേവചെയ്യും ബ്രാഹ്മണോത്തമനുള്ളിൽ‌
അഴലേറീടും പൂയോദകമാം നരകം കേൾ‌
ദുർ‌ഗ്ഗന്ധമേറും ചലം നിറഞ്ഞ നദിതന്നിൽ
ദുഃഖിച്ചു നീന്തിച്ചലം കുടിച്ചു കിടന്നീടും
നിഷ്ഫലം നായാടുന്ന വിപ്രനു ധർ‌മ്മരാജൻ‌
കല്പിക്കും പ്രാണരിരോധകമാം നരകവും
അമ്പെയ്തീടുന്നതാരെന്നേതുമേയറിയാതെ
സമ്പ്രതി ശരങ്ങൾ‌ കൊണ്ടുടലും നുറുങ്ങീടും
മദനവിവശനായ് ധർമ്മപത്നിയെക്കൊണ്ടു
വദനസുരതത്തെച്ചെയ്യിപ്പിച്ചീടും ദ്വിജൻ
സുചിരം ലാലാഭക്ഷമാകിയ നരകത്തിൽ‌
അശുഭമൊടുങ്ങുവോളം കിടന്നുഴന്നീടും;
ശുക്ലത്താൽ നിറഞ്ഞീടും നദിയാകുന്നതതിൽ‌
സക്ലേശം കിടന്നതു കുടിച്ചുവലഞ്ഞീടും.
ഡംഭിനു യാഗം ചെയ്തീടുന്നവൻ തനിക്കല്ലോ
സമ്പ്രതി വൈശസമാം നരകമറിഞ്ഞാലും
നാസികയോടുവായുമടക്കിപ്പിടിച്ചുടൻ
ശ്വാസത്തെ മുട്ടിപ്പിക്കും കാലദൂതന്മാരെല്ലാം.
കൈവിഷം കൊടുക്കയുമാലയം ചൂടുകയും
ദൈവത്തെപ്പരിഹാസം ചെയ്തീടുന്നവർകൾക്കും
കുക്കുരഭക്ഷകമാം നരകമെന്നുകേൾപ്പൂ;
ദുഷ്കൃതമൊടുങ്ങുവാനെഴുനൂറ്റിരുപതു
സാരമേയങ്ങളുണ്ടു വജ്രദഷ്ട്രങ്ങളായി
ക്രൂരമായ്ക്കടിച്ചവനുറുക്കും ദേഹമെല്ലാം.
ചെയ്തകർമ്മത്തിന്നൊരു സാക്ഷിയായീടുന്നവൻ‌
കൈതവം കൈക്കൊണ്ടസത്യം പറഞ്ഞീടുന്നാകിൽ‌
ഘോരമാമവീചിയാകുന്നൊരു നരകം കേൾ‌
നൂറുയോജനയുയർന്നൊരു കുന്നിന്മേൽ‌നിന്നു
പാറമേൽ‌ തലകീഴായ് വീഴുമാറുരുട്ടീടും.
സജ്ജനങ്ങളെ നിന്ദചെയ്തീടും പുരുഷനെ
മജ്ജനം ചെയ്യിപ്പിക്കും ക്ഷാരകർദ്ദമം തന്നിൽ;
ഉര്‍വരായുള്ള ചെളിയിൽ തലകീഴായ് മുക്കി
വിവശപ്പെടുത്തീടുമന്തകസചിവന്മാർ‌.
വിപ്രാദി സാധുജനം മദ്യപാനത്തെച്ചെയ്കിൽ‌
കല്പിക്കുമയഃപാനനരകം ധർമ്മരാജൻ‌;
കാരിരുമ്പുരുക്കിയ നീരതു കോരിക്കോരി-
പ്പാരാതെ കുടിപ്പിക്കും കാലദൂതന്മാരെല്ലാം.
ജന്തു വൃന്ദത്തെപ്പതിയാലുടൻ പിടിച്ചുകൊ-
ണ്ടന്ധതയാലേ വളർ‌ത്തീടിന പുരുഷനു
നരകം ശൂലപ്രോതമെന്നല്ലോ ചൊല്ലീടുന്നു
പാരാതെ ശൂലാഗ്രത്തിന്മേലുടൻ കിടക്കുമ്പോൾ‌
ക്രൂരമാം കാകങ്ങളും കഴുകും കൊത്തിക്കൊത്തി
പ്രാരാബ്ധമൊടുങ്ങുവോളം കിടന്നുഴന്നീടും
ഓരാതെ നരമേധം ചെയ്യുന്ന ജനത്തിനു
ഘോരമാം രക്ഷോഗണഭോജനമെന്നാകുന്നു;
ഇങ്ങുന്നു കൊലപ്പെട്ട നരന്മാരെല്ലാവരു-
മങ്ങു രാക്ഷസരായിച്ചെന്നു പാർത്തീടുമല്ലോ;
വാളാലെ വെട്ടിവെട്ടിച്ചോരയും കുടിപ്പിച്ചു
മേളമായ് നൃത്തം ചെയ്യും ദുഷ്കർമ്മമറുവോളം.
കൌര്യഭാവേന വഴിപോക്കരെ ഖേദിപ്പോര്‍ക്കു
പര്യാവര്‍ത്തനമെന്ന നരകമാകുന്നതും.
ഗൃദ്‌ധ്രങ്ങള്‍ വജ്രസമമാകിയ കൊക്കുകൊണ്ടു
കൊത്തിക്കണ്ണുകളെടുത്തന്‍പോ‍ടു കുടഞ്ഞീടും
ജന്തുവൃന്ദത്തെപ്പീഡിപ്പിക്കുന്ന ജനങ്ങള്‍ക്കു
സന്താപമുണ്ടാമല്ലോ പന്നഗനരകത്താല്‍;
സര്‍പ്പങ്ങള്‍ വിഴുങ്ങീടും പിന്നെയുമുമിണ്ണീടു
മെപ്പോഴും പീഡിപ്പിച്ചു തുടങ്ങും പലകാലം.
ജന്തുക്കള്‍ തന്നെപ്പൊത്തിലടയ്ക്കും ജനങ്ങള്‍ക്കു
സന്താപമുണ്ടാമേറ്റമവടനിരോധത്താല്‍.
കാലദൂതന്മാര്‍ പൊത്തിലടച്ചു പുകച്ചീടും
കാലത്താല്‍ ദുരിതങ്ങളൊടുങ്ങിക്കൂടുവോളം.
ലോഭത്താല്‍ ധനവും കാത്താര്‍ക്കുമേ നല്‍കീടാതെ
കോപിച്ചു ചിലരോടു കളവു ശങ്കിച്ചിട്ടു
വര്‍ത്തിക്കും പുരുഷനു നരകം സൂചിമുഖം;
മൃത്യുദൂതന്മാര്‍‌ സൂചികൊണ്ടുടല്‍‌ കുത്തിക്കീറി
സൂത്രങ്ങള്‍ കടത്തുമ്പോളാര്‍ത്തിപൂണ്ടലറിയും
പാര്‍ത്തോളം പൊറുതിയില്ലെന്നതേ പറയാവൂ.
കുറ്റങ്ങള്‍ ചെയ്തീടുവോര്‍ക്കതിനു തക്കവണ്ണ-
മറ്റമില്ലാതോളവുമുണ്ടല്ലോ നരകങ്ങള്‍
ദോഷങ്ങളുണ്ടാമറിയാതെയുമറിഞ്ഞിട്ടും
ശോഷണം ചെയ്തീടുവാനവറ്റിനെല്ലാമുള്ളില്‍
ശ്രീനാരായണസ്വാമി തന്നെസ്സേവിച്ചുകൊള്‍ക.
നാനാദോഷങ്ങളും പോം ഗതിയും വരുമെന്നാല്‍
ശ്രീശുകമഹാമുനി ശ്രീപരീക്ഷിത്തു തന്നോ-
ടാശയാനന്ദം വരുമാറേവമരുള്‍‌ ചെയ്തു;
സൂതനുമതു ശൌനകാദികള്‍ക്കറിയിച്ചാന്‍‌
മോദമുള്‍ക്കൊണ്ടു ചോദിച്ചീടിനാരവര്‍കളും
ശാരികപ്പൈതല്‍‌ താനുമീവണ്ണമുരചെയ്താള്‍
പാരമാനന്ദം വസിച്ചീടിനാരെല്ലാരുമേ

ഇതി ശ്രീ മഹാഭാഗവതേ പഞ്ചമസ്കന്ധം സമാപ്തം
No comments: