Sunday, January 18, 2009

ആയുസ്സിന്റെ പരിണാമം

കേവലമേവം മൈത്രേയാനനാംബുജംനുകര്‍-
ന്നാവിരാനന്ദം വളര്‍നീടിന വിദുരരും
ചോദിച്ചാന്‍ ബ്രഹ്മായുസ്സിനുള്ള കാലാനുക്രമ-
ഭേദത്തെപ്പരിചിനോടീഷലെന്നിയേകേള്‍പ്പാന്‍
കാരുണ്യം വളര്‍ന്നരുള്‍ ചെയ്തിതമ്മൈത്രേയനും
സാരസപത്രമിളതായവ രണ്ടൊന്നിച്ചാല്‍
നേരിയ സൂചിമുഖം കൊണ്ടു കൈകടുതാ‍യ
പൂരുഷനെടുത്തതിവേഗമോടൂന്നും വിധൌ
പത്രമതൊന്നു മുറിഞ്ഞങ്ങേതുതന്മേല്‍ ചെന്നു
പറ്റിടുന്നതിനിടയുള്ളൊരു കാലക്രമം
മുല്‍പ്പാടിങ്ങല്പകാലമെന്നു പോല്‍ ചൊല്ലീടുന്നു
മുപ്പതല്പത്തിനൊരു ത്രുടിയെന്നതും ചൊല്ലും
മുപ്പതു ത്രുടിക്കൊരു കലയുമതുപോലെ
മുപ്പതു കലയ്ക്കൊരു കാഷ്ഠയും തഥൈവതല്‍
തല്‍ക്കാലം നിമേഷമെന്നത്രൈവ ചൊല്ലീടുന്നു
തല്‍ക്ഷണം കരവിരല്‍ നൊടിയെന്നതും ചൊല്ലും
മാത്രയെന്നതും പറഞ്ഞീടാമെന്നിരിക്കുമ്പോള്‍
മാത്രനാലതിന്നൊരു ഗണിതമെന്നുണ്ടല്ലോ;
കേള്‍ക്കെടോ! ഗണിതമവ്വണ്ണമേപത്തിനൊന്നു
വീര്‍ക്കുമീ മനുഷ്യരെല്ലാവരുമറിഞ്ഞാലും,
വീര്‍പ്പുകളനുക്രമിക്കുന്നവയാറിന്നുതല്‍-
താല്പര്യവശാല്‍ വിനാഡികളറുപതു
സൂക്ഷ്മമായൊക്കുന്നേരമായ് വരും ഘടികയും
പ്രാപ്തമാം ഘടികകളറു‌പതാകുന്നേരം
ഭാസ്കരന്‍ പ്രദക്ഷിണമൊന്നനുക്രമിക്കുന്നു:
വാനവര്‍ നിലയനമായ മേരുവിനെയും
മൂലമങ്ങഖിലേശദേശികപാദത്തെയും
മാനുഷര്‍ക്കഹോരാത്രമായതുമതുതന്നെ
മാനമുറ്റതു പതിനഞ്ചിനായ്‌വരും പക്ഷം;
പക്ഷങ്ങള്‍ പൂര്‍വാപരദ്വന്ദ്വങ്ങളൊരുമിച്ചു
നില്‍ക്കുമ്പോളഹോരാത്രം മുപ്പതാമതു ചാന്ദ്രം
മാസമൊന്നതുതന്നെ പിതൃക്കള്‍ക്കഹോരാത്രം
മാസമീരാറിന്നൃതു, വാറു രണ്ടയനവും
മാസമിങ്ങനെ മേഷാദ്യങ്ങളീരാറാകുമ്പോള്‍
വാസരം മുന്നൂറ്ററുപത്തഞ്ചേകാലാമപ്പോള്‍
മാനുഷര്‍ക്കൊണ്ടൊന്നതു ദേവകള്‍ക്കഹോരാത്രം
മാനങ്ങളവ്വണ്ണം മുന്നൂറ്റിന്മേലൊക്കുന്നേരം
കേവലം ദേവാബ്ദമൊന്നായ്‌വരുമതുതന്നെ
ദിവ്യവത്സരമെന്നു ചൊല്ലുന്നിതറിഞ്ഞാലും.
അങ്ങനെയുള്ള ദിവ്യവത്സരംനാലായിര-
ത്തിന്നുമേലെണ്ണൂറായ് നിന്നൊത്തിടും കൃതയുഗം
അന്യേപി മൂവായിരത്തറുനൂറാകുന്നുപോല്‍
അന്യൂനമംഗല്യദമായെഴും ത്രേതായുഗം;
പിന്നേതു രണ്ടായിരത്തിന്നുമേല്‍ നാനൂറാണ്ടു
ചെന്നീടുന്നതുമൂന്നാം ദ്വാപരയുഗമതും;
നാലാമതോരായിരത്തിരുനൂറാബ്ദം കലി-
കാല‍മിങ്ങനെ പന്തീരായിരം ദിവ്യാണ്ടാമ്പോള്‍
ഒത്തീടും ചതുര്‍ യ്യുഗകാലമങ്ങതു കഴി-
ഞ്ഞിത്തരമതുതന്നെ പിന്നെയും വര്‍ത്തിക്കുന്നു.
തല്‍ കൃതത്രേതാദ്വാപരകലിയുഗങ്ങള്‍ സം-
യുക്തമായെഴുപത്തിയൊന്നാകെയൊത്തീടുമ്പോള്‍
നിശ്ചയമൊരു മനു തന്നുടെ കാലം കൂടും
നിര്‍ജ്ജരേന്ദ്രാണാം പരമായുരന്തവും വരും
തല്‍ പ്രകാരേണ പതിന്നാലു പേര്‍ മനുക്കളാല്‍
തച്ചതുര്‍ യ്യുഗം സഹസ്രോപരി ചതുര്‍ ദ്വയം
വന്നുകൂടീടുമ്പൊഴുതായ്‌വരും പ്രളയമി-
പ്രാണികള്‍ക്കതുധാതാവിന്നൊരുപകലല്ലോ.
എത്രനാള്‍കൂടീട്ടുണ്ടായ് വന്നിതപ്രളയമി-
ങ്ങത്രനാളേയ്ക്കു പുനരങ്ങനെതന്നെപിന്നെ
കിടക്കും ബ്രഹ്മാവിനു രാത്രി പോലറികതി-
ലൊടുക്കം മുന്നേപ്പോലെ പകലുണ്ടത്രതന്നെ
മനുക്കള്‍ പതിന്നാല്‍വര്‍ കഴിവോളവും കാലം
തനിക്കു പകലൊടുങ്ങീടുമ്പോള്‍ പ്രളയവും
പിന്നെയും പകലുണ്ടായ്‌വരുന്നു രജനിയും
പിന്നെയുമുണര്‍ന്നു സൃഷ്ടിച്ചവയൊടുങ്ങുമ്പോള്‍
മുന്നേതുപോലെ കണ്ടാലും പ്രളയവും
വന്നീടുമിടതുടര്‍ന്നിങ്ങനെതന്നെ മേന്മേല്‍,
പിന്നെയും പുനരപി പിന്നെയും പുനരപി
പിന്നെയും ബ്രഹ്മന്നഹോരാത്രങ്ങളനുക്രമാല്‍
മുന്നൂറുമറുപതും ചെന്നൊടുങ്ങീടും കാലം
അര്‍ണ്ണോ ജോത്ഭവന്നൊരു വത്സരം തികഞ്ഞീടും,
അങ്ങനെയുള്ള സംവത്സരങ്ങളൊരു നൂറു-
മിങ്ങിരുപതിന്മേലുള്ളതുമാമന്തത്തിങ്കല്‍
ബ്രഹ്മായുസ്സൊടുങ്ങീടുമപ്രളയാനുക്രമം
ബ്രഹ്മായുസ്സോളം കാലം നഷ്ടമായ്ക്കിടക്കുന്നു:
പിന്നെയും സരസിജ സംഭവന്‍ മുന്നേപ്പോലെ-
തന്നെ കേവലം ചമഞ്ഞന്നന്നുണ്ട സംഖ്യകം
ചൊല്ലുവാനവസാനമില്ലാതോരവസ്ഥക-
ളെല്ലാമെങ്ങനെ പറഞ്ഞീടുന്നു മഹാമതേ!
മൂലമദ്ധ്യാന്തങ്ങളില്ലാതൊരു മഹാമായാ-
വേലകള്‍ക്കാന്ത്യന്തമില്ലെന്നറികെടോ! സഖേ
കാലവേദികളായ ദിവ്യന്മാരെല്ലാവരും
കാലവൈഭവമനുകാലമെന്നറിയുന്നു.
പോകവയെല്ലാം ബ്രഹ്മസൃഷ്ടികള്‍ക്കാധാരമാം
ലോകസംസ്ഥാനങ്ങളെ കല്‍പ്പിച്ചോരനന്തരം
പാലനത്തിനു മനുതന്നെയും കല്പിച്ചുടന്‍
ഭൂലോകസ്ഥാനേ നിയോഗിച്ചരുളിനശേഷം
ക്ഷോണിയെ പ്രളയാബ്ധി തന്നില്‍ നിന്നുയര്‍ത്തുവാന്‍
ഘോണിയായ് നാരായണനബ്ധിയിലിഴിഞ്ഞുടന്‍
ദാനവന്‍ തന്നെക്കൊന്നു ദീനയാമവനിയെ
സ്ഥാനമംഗലം ദഷ്ട്രാഗ്രേണ ചേര്‍ത്തരുളിനാന്‍
കേവല മേവം മൈത്രേയോക്തികളെല്ലാം കേട്ടു
ഭാവസമ്മോദത്തോടെ ചോദിച്ചു വിദുരരും:
ശ്രീനാരായണന്‍ മുന്നം ഘോണിയായവനിയെ-
ത്താനുടനസുരനെക്കൊന്നു വീണ്ടവസ്ഥകള്‍
തേറുമാറരുള്‍ ചെയ്കെന്നാശു കേട്ടകതാരില്‍
തേറിനമൈത്രേയനുമാദരാലരുള്‍ ചെയ്താന്‍:-