Wednesday, April 29, 2009

ചതുര്‍ത്ഥസ്കന്ധം

ആകൂതി മുതലായവരുടെ സന്തതിചരിത്രം

ബാലേ! ശുകപ്പൈതലേ! വരികിന്നു നീ
കാലേ തെളിഞ്ഞു പറകെടോ! ശേഷവും
ഭാഗവതാര്‍ത്ഥമറിഞ്ഞുചൊല്ലീടുവാ-
നാഗമജ്ഞന്മാര്‍ക്കുമാവതല്ലെങ്കിലും
ഞാനറിഞ്ഞുള്ളതൊട്ടൊട്ടുചുരുക്കമായ്
ആനന്ദസാധനമാവതുചൊല്ലുവാന്‍;
ഭാഷണം കേചില്‍ തുടങ്ങുകിലും പരി-
ഭൂഷണം മാമകമില്ലൊരു സംശയം.
കേട്ടുകൊള്‍കെങ്കില്‍ വിസര്‍ഗ്ഗം പറവതി-
ശ്രേഷ്ഠമായീടും ചതുര്‍ത്ഥഭാഗത്തിനാല്‍,
കാര്യസംഭൂതിവിസര്‍ഗ്ഗമെന്നായതു
കാര്യം ജഗത്തിങ്കലിങ്ങനെമുമ്പിനാല്‍
പ്രാണികളില്‍ പ്രധാനം മനുഷ്യര്‍ക്കല്ലോ.
മാനവന്മാര്‍ ഭഗവത് ഭജനത്തിനാല്‍
മാനസാനന്ദം ഭവിപ്പതത്യുത്തമം.
കേവലം മാനവന്മാരില്‍ മുമ്പുള്ളവ-
നാവിര്‍ഭവിച്ചാന്‍ മനുപ്രവരോത്തമന്‍
സ്വായംഭ്യുവാഖ്യനവനു ശതരൂപാ
ജായാ മനോഹരിയാമവള്‍ പെറ്റുടന്‍
മൂവര്‍തനൂജമാര്‍ മുമ്പിലേതാകൂതി,
ദേവാഹൂതി, തഥാസാപിപ്രസൂതിയും,
മോദേനചെമ്മേ വളര്‍ന്നരവര്‍കളും.
സാദരമന്നു ശതരൂപയും നൃപന്‍-
താനും മുതിര്‍ന്നതിലാകൂതിതന്നെയ-
ങ്ങാനന്ദമോടും രുചയേദദാവിയും.
മാനസകൌതുകം പൂണ്ടു പതിയുമായ്
മീനകേതുക്രീഡയാവസിക്കുന്നനാള്‍,
വന്നുജഗന്മയനായ നാരായണന്‍
നന്ദനനായ് ചമഞ്ഞീടിനാനഞ്ജസാ
യജ്ഞനെന്നുള്ളൊരു നാമധേയത്തൊടും
സുജ്ഞനാമീശ്വരന്‍ യൌവനാരംഭഗന്‍
ലക്ഷ്മീഭഗവതിതന്‍ കുലജാതയാം
ദക്ഷിണതന്നെയും വേട്ടരുളീടിനാന്‍
ദ്വാദശനന്ദനന്മാരവള്‍ പെറ്റുടന്‍
ആദിയില്‍ വന്നുളരായിതവരുടെ
നമങ്ങളേയും ക്രമേണ ചൊല്ലീടുവന്‍,
ആമോദമുള്‍ക്കൊണ്ടു കേട്ടുകൊള്‍കെങ്കിലോ.
തോഷന്‍ പ്രതോഷനും സന്തോഷനും ഭദ്രന്‍
ഏഷ ശാന്തീഡസ്പതീദ്ധ്മ, കവിര്‍വിഭു
സ്രഘ്നന്‍, സുദേവന്‍ വിരോചനനെന്നവര്‍
വിഘ്നം വിനാ ദ്വിഷഡാത്മജൈരേവതല്‍
സ്വായം ഭുവാന്തരത്തിങ്കലമരകള്‍
ആയതവരിന്ദ്രനായതുയജ്ഞനും
ഏവമാകൂത്യ പത്യാനി വൈ തൌസുതൌ
ഏവം പ്രിയവ്രതനുത്താനപാദനും.
രണ്ടുപേര്‍ക്കുംഭവിച്ചുള്ളപത്യങ്ങള്‍ മ-
റ്റുണ്ടാകയില്ലചൊല്‍വാന്‍ മനശ്ശക്തിമേ.
വണ്ടാര്‍തഴക്കുഴലാള്‍ദേവഹൂതിപോ-
ന്നുണ്ടായ് ചമഞ്ഞിതവള്‍ക്കടുത്തന്തികേ;
കുണ്ഠത തീര്‍ന്നവള്‍ തന്നെയും കര്‍ദ്ദമ-
ന്നിണ്ടലൊഴിഞ്ഞു നല്‍കീടിനാനെന്നതോ
മുമ്പേ പറഞ്ഞേ, നവള്‍ പെറ്റു പുത്രിക-
ളൊമ്പതുപേരില്‍ കലാ മൂത്തവ,ളവള്‍
തന്‍ പ്രഥമാനന്ദയൌവനേ മാനസ-
കമ്പമൊഴിഞ്ഞനുകമ്പയാ താപസന്‍
സമ്പ്രീതനായ് കൊടുത്താന്‍ മരീചിക്കവന്‍
തന്‍ പുത്രനായ് കശ്യപന്‍ പ്രജാനായകന്‍
താനുളനായാ, നവനുളവായ സ-
ന്താനജാതങ്ങളാലേ ഭുവനത്രയം
പൂര്‍ണ്ണമായ്‌ വന്നു; കശ്യപന്നിളയവന്‍
പൂര്‍ണ്ണിമാ പുത്രി ഹരിപാദശൌചസം-
പൂര്‍ണ്ണയും പൂര്‍ണ്ണമാനഞ്ച തല്‍ കേവലം.
രണ്ടാമവളനസൂയയെക്കണ്ടക-
തണ്ടിളകിക്കനിവോടുടനത്രിതാന്‍
കൊണ്ടാടിമാനിച്ചു വേട്ടാനവളില്‍നി-
ന്നുണ്ടായിത ത്രിമൂര്‍ത്ത്യംശസുതത്രയം.
ദത്താബ്ജ ദുര്‍വ്വാസസാ, വപിശ്രദ്ധായാഃ
സദ്യഃകരം പിടിച്ചംഗിരസ്സാം മുനി
നാലാത്മജമാരവള്‍ പെറ്റിതു സിനീ-
വാലി, കുഹൂ, രാകയും തഥാനുമതി
മൂവര്‍ സുതന്മാരുതത്ഥ്യന്‍ ബൃഹസ്പതി
ദേവഗുരുസമന്‍ സംവര്‍ത്തനുമവര്‍
നാലാമതായ ഹവിര്‍ഭൂവിനെക്കര-
മാലംബിച്ചാന്‍ പുലസ്ത്യന്‍ മുഹുരേവ, താം
ഉണ്ടായിതങ്ങവള്‍ പെറ്റുടന്‍ വിശ്രവ-
സ്സുണ്ടായ കൌതുകത്തോടവന്‍ താനഥ
വേട്ടുകൊണ്ടീടിനാ, നമ്പോടിളിബിളാം;
വാട്ടമൊഴിഞ്ഞവള്‍ പെറ്റു ധനേശനെ;
പ്രാപ്തരായാര്‍ദശഗ്രീവാദിമൂന്നുപേ-
രാത്മജന്മാരഥകൈകസിക്കും തഥാ
രാക്ഷസാധീശ്വരന്മാര്‍; പുലഹന്‍ പ്രിയാ
സാക്ഷാല്‍ ഗതി; ക്രിയതാന്‍ ക്രതുവിന്‍ പ്രിയാ
പെറ്റുടന്‍ ബാലഖില്യാഖ്യര്‍ കുമാരരാം
ഷഷ്ടിസാഹസ്രകംബ്രഹ്മര്‍ഷിമുഖ്യരും
തെറ്റെന്നുളവായ് ചമഞ്ഞാ; രരുന്ധതി
പെറ്റു വസിഷ്ഠനാല്‍, സപ്തര്‍ഷിമാര്‍കളും
സദ്യോഭവിച്ചാ; രഥര്‍വ്വണനേറ്റവും
വിദ്യോതിതാംഗിയാം ശാന്തി മനോഹരാ;
ഖ്യാതി ഭൃഗുമുനിതന്‍ പ്രിയയായതി-
ഖ്യാതിപെറ്റുള്ള മൃകണ്ഡു മഹാമുനി
മാര്‍ക്കണ്ഡേയാഖ്യന്‍ മൃകണ്ഡു തന്നാത്മജന്‍
കേള്‍ക്കെടോ! വേദശിരസ്സുതന്‍ ഭ്രാതാവും.
ഇങ്ങനെ ദേവഹൂത്യാത്മജമാരവര്‍
അങ്ങുമരീചിമുഖ്യപ്രിയമാരല്ലോ;
മംഗലമാരവര്‍ക്കുള്ള പത്യോത്ഭവം
എങ്ങനെ ഞാന്‍ പറയുന്നു ചിചാരിതേ;
പിന്നെ നാരായണന്‍ പത്താമതങ്ങവള്‍-
തന്നില്‍ നിന്നങ്ങവതീര്‍ണ്ണനായീടിനാന്‍.
ശ്രീകപിലാചാര്യനയതവന്‍ സര്‍വ്വ-
യോഗശാസ്ത്രജ്ഞയോഗീന്ദ്രഗുരുവരന്‍;
അങ്ങനെയായിതതെല്ലാം; പ്രസൂതിയെ
തുംഗനാം ദക്ഷനായ് ക്കൊണ്ടു നല്‍കീടിനാന്‍
മംഗലന്‍ സ്വായംഭുവന്‍ ശതരൂപയാ,
ഭംഗ്യാ പുനരവല്‍ പെറ്റഥസാമ്പ്രതം
ഷോഡശകന്യകമാരുളരാ‍, യതില്‍
വാടാതെ കണ്ടു പതിമ്മൂന്നു പേരെയും
ധര്‍മ്മരാജന്നു കൊടുത്താനതിശയ-
സമ്മാനമാര്‍ ഗ്ഗേണ ദക്ഷപ്രജാധിപന്‍.
ശ്രദ്ധാപി മൈത്രീ, ദയാ, ശാന്തി, തുഷ്ടിയും,
മുഗ്ദ്ധാംഗിപുഷ്ടി, ക്രിയോ, ന്നതി, ബുദ്ധിയും
മേധാ, തിതിക്ഷിയും ഹ്രീ, മൂര്‍ത്തിയെന്നവര്‍-
ക്കാദിക്രമാദഭിധാനങ്ങളായതില്‍
ശ്രദ്ധപെറ്റുള്ളൊ ശുഭന്‍, പ്രസാദന്‍ മൈത്രീ-
പുത്ര, നഭയന്‍ ദയാത്മജന്‍, ശാന്തിജന്‍
ഭദ്രന്‍, മുദന്‍ തുഷ്ടിജന്‍, സ്മയന്‍ പുഷ്ടിജന്‍,
ഭദ്രപ്രദനായ യോഗന്‍ ക്രിയാത്മജന്‍
ദര്‍പ്പനാകുന്നതുങ്ങുന്നതീനന്ദനന്‍.
ശില്പമെഴുമര്‍ത്ഥനായതു ബുദ്ധിജന്‍,
മേധാത്മജന്‍ സ്മൃതിതാന്‍, ക്ഷേമനന്വഹം
ബാധയൊഴിഞ്ഞ തിതിക്ഷാത്മജനപി,
ഹ്രീസുതന്‍ പ്രശ്രയന്‍പോ, ലഥകേവലം
മൂര്‍ത്തിജന്മാര്‍ നരനാരായണരല്ലോ.
ഏവം പതിമൂവര്‍ പെറ്റുള്ളവര്‍ പതി-
ന്നാല്‍വ, രവര്‍ക്കനുജാതയാം സ്വാഹയെ
പാവകനങ്ങു കൊടുത്തു തെളിഞ്ഞതി-
പാവനയാം സ്വധതന്നെപ്പിതൃക്കള്‍ക്കും
കേവലം ചെമ്മേ കൊടുത്തൊടുക്കം മഹാ-
ദേവനായ്ക്കൊണ്ടു കൊടുത്തു സതിയെയും.
പിന്നെസ്സതീവരന്‍ തന്നോടു ബന്ധത്താല്‍
ബ്രഹ്മാത്മജനായ ദക്ഷപ്രജാപതി
ദുര്‍മ്മത്സരേണ നശിച്ചുപോയാന്‍ ബലാല്‍.”