Tuesday, May 5, 2009

പൃഥു ചക്രവര്‍‌‌ത്തിയുടെ ചരിത്രം

അക്കാലമങ്ങു മുനിമാരൊരുനാള്‍-
പത്യാര്‍‌ത്ഥമായ്ക്കടഞ്ഞാരവന്‍‌ തന്‍‌തുട;
തത്ര തദൈവ കറുത്തുമുറിയൊരു
മര്‍‌ത്യന്‍ വിരൂപനായുത്ഭവിച്ചീടിനാന്‍‌.
തത്പുരുഷന്‍‌ മുനിമാരെത്തൊഴുതു “ഞാ
നിപ്പോളിനിയെന്തു വേണ്ട” തെന്നിങ്ങനെ
ചോദിച്ചകാലം “നിഷീദ” യെന്നഞ്ജസാ
വാദിച്ചതമ്മുനിമാരതു കാരണം
പാരില്‍ നിഷാദനായ് വന്നാനവനുടെ
പാരമ്പര്യം നിഷാദാന്വയമായതും.
പിന്നെ മുനികള്‍ കരങ്ങള്‍‌ രണ്ടും കട-
യുന്ന കാലം ഭവിച്ചൂ മിഥുനം ബലാല്‍‌.
എന്നതുകണ്ടരുള്‍‌ ചെയ്തുമുനികളു-
മിന്നിവന്‍‌ വിഷ്ണു തന്നംശാവതാരകന്‍‌
പെണ്ണിവളിന്ദിരതന്നംശമായതും
നിര്‍‌ണ്ണയം രാ‍ജകുലത്തിന്നു സന്തതം
കീര്‍‌ത്തി വളര്‍‌ത്തുവാനാളായതു കൊണ്ടു
പാര്‍‌ത്ഥിവന്‍‌ താന്‍‌ പൃഥുവെന്നതിഖ്യാതിമാന്‍‌.
മാദ്ധ്വീമൊഴിയിവളര്‍‌ച്ചിസ്സു ബാഹുപ-
ത്മോദ്ധൃതയെന്നരുള്‍‌ ചെയ്തു പൃഥുവിനെ
ധാത്രീസുരാദികളെല്ലാം പ്രശംസിച്ചു
കീര്‍‌ത്തിച്ചിതേറ്റം ബഹുമതിയോടപ്പോള്‍‌
നാസ്തിയായ്പോയ ധര്‍‌മ്മസ്ഥിതി ചേര്‍‌ത്തുട-
നാസ്ഥയാ സമ്പ്രീതി നീളെ നടത്തുവാന്‍‌
പാര്‍‌ത്ഥിവസ്ഥാനം പരിചോടു പൂര്‍‌ണ്ണമാ-
യാര്‍‌ത്തിയൊഴിച്ചിപ്രപഞ്ചരക്ഷാര്‍‌ത്ഥമായ്
മൂര്‍‌ത്തികള്‍‌മൂവരുമിന്ദ്രാദി ലോകപാ-
ലോത്തമന്മാരുമഖിലാമരൌഘവും.
കാല്‍‌‌ക്ഷണമാത്രയാ വന്നുകൂടീടിനാ-
രീക്ഷണേന്ദ്ര്യാര്‍‌‍ത്ഥനാമീശ്വരന്‍‌ തന്‍‌മുമ്പില്‍‌
രാജ്യപരിപാലനാര്‍‌ത്ഥമഭിഷേക-
യോഗ്യക്രിയയ്ക്കു വന്നൊന്നിച്ചു നിന്നതില്‍‌
ഓരോ ജനങ്ങളോരോന്നിഹ കൊണ്ടുവ-
ന്നരൂഢമോദാല്‍‌ കൊടുത്താരഖിലവും.
സിംഹാസനമായവെണ്‍‌ ചാമരം മാരുതന്‍‌,
ഇന്ദ്രന്‍ കിരീടം, യമന്‍‌ ദണ്ഡവും, ഭാരതി
മുത്തുപട്ടം, വിഷ്ണുനാരായണന്‍‌ പരന്‍‌
ഭകതനാം ഭൂപാലകന്നു സുദര്‍‌ശന-
ചക്രവും, അവ്യാഹതശ്രിയം പത്മിനി,
ചക്രികുലപരിഭൂഷണനീശ്വരന്‍‌
ഖഡ്ഗംദശചന്ദ്ര, മന്ദ്രിജാ ചര്‍‌മ്മസൌ
മുഖ്യശതചന്ദ്രമശ്വം നിശാചരന്‍‌,
വിശ്വകര്‍‌മ്മാവുതേ, രഗ്നിധനു, രതി-
രശ്മിമയവിശിഖാന്‍‌ സ്വാനഹസ്കരന്‍‌,
പൃഥ്വീ മെതിയടി, ശംഖം സമുദ്രവും,
ഇത്ഥം മഹത്തുക്കളെല്ലാം യഥാക്രമ-
ശക്ത്യുപഹാരങ്ങളെക്കൊടുത്തീടിനാ-
രത്യാദരേണ പൃഥുവിനു കേവലം
ദേവഗന്ധര്‍‌വ സംഘം മുദാ പാടിനാര്‍‌
ദേവവാദ്യങ്ങളും ഘോഷിച്ചിതേറ്റവും
പുഷ്പവര്‍‌ഷം ചെയ്താര്‍‌ സിദ്ധസമൂഹവും;
തല്‍‌ക്ഷണം സൂതാദികളാല്‍‌ സ്തുതിപ്പത-
ങ്ങക്കാലമപ്പൃഥുകേട്ടു ചൊല്ലീടിനാന്‍‌
“നിങ്ങളെന്തിന്നായിവിടെ ഗുണങ്ങള-
ങ്ങൊന്നുമില്ലാതവനെ സ്തുതിച്ചീടുന്നു?
തങ്ങള്‍ ഗുണപ്രസിദ്ധന്മാരതാകിലു-
മെങ്ങും സ്തുതിപ്പിക്കുമാറില്ലവര്‍‌കള്‍ളും;
ഞാനോ ഗുണരഹിതന്‍‌ തുലോമന്വഹം
നൂനം പ്രസിദ്ധനായേ പുകഴാവിതും.”
ഏവം പൃഥുവചനേന വന്ദിച്ചവ-
രേവരും നിന്നതുകണ്ടു മുനികളാല്‍‌
പ്രേരിതരായ് സ്തുതിച്ചാര്‍‌ മുതിര്‍‌ന്നേറ്റവും
പൂരിതൈശ്വര്യപ്രസിദ്ധഗുണൈരലം.
തല്‍‌ക്ഷണേ തത് സ്തുതി പാഠകന്മാര്‍‌ മുത-
ലൊക്കെ പ്രകൃതികള്‍‌ക്കും മുഹുരങ്ങു ഭൂ-
നിര്‍‌ജ്ജരാദ്യാഖില വര്‍‌ണ്ണികള്‍‌ക്കും ധ്രുവം
സര്‍‌വാര്‍‌ത്ഥ സമ്പത് സമൃദ്ധികളും കൊടു-
ത്തുര്‍‌വരാധീശന്‍‌ കൃപയാ വിളങ്ങിനാന്‍‌:
സര്‍‌വഗുണാലയനാന്‍ നൃപനങ്ങനെ
സര്‍വൈക പാലകനായിരിക്കും വിധൌ
സര്‍‌വരുമന്നമര്‍‌ത്ഥിച്ചു കൊണ്ടീടിനാര്‍‌;
സര്‍‌വം സഹാവരനും വിചാരിച്ചുടന്‍‌
ഭൂമിയോടര്‍ത്ഥിച്ചതിന്നു ധരിത്രിയും
താമസിച്ചങ്ങു കട്ടാഞ്ഞതു കാരണം,
“നിങ്കല്‍ മറഞ്ഞുലയിക്കുമനങ്ങളി-
ന്നെങ്കലമ്പോടു നീ തന്നതില്ലെങ്കിലോ
സങ്കടം തീരുകയില്ല പ്രജകള്‍‌ക്കു
സങ്കടത്തില്‍‌ കൃപയില്ലാത്ത നിന്നെ ഞാന്‍‌
ബാധിപ്പതിന്നു മടിക്കയി”ല്ലെന്നതി-
ക്രോധിച്ചു വില്ലും കുഴിയെക്കുലച്ചുടന്‍‌
വേഗാലൊരുശരവും തൊടുത്താശുതാന്‍‌
ദ്രാഗ്ഗഭീരത്തോടു കൂടെയടുക്കുമ്പോള്‍‌,
പേടികലര്‍‌ന്നു പശുവേഷമായ്ച്ചമ-
ഞ്ഞോടിത്തുടങ്ങിനാളാടല്‍‌പൂണ്ടുര്‍‌വിയും-
കൂടെത്തുടര്‍‌ന്നു പിന്നാലെ നൃപതിയും
കൂടെയെത്തീടിനാനോടിയോടിദ്രുതം.
പടെപ്പരക്കെപ്പലദിശയിങ്കലു-
മോടിത്തളര്‍‌ന്നൊരാധാരമില്ലാഞ്ഞവള്‍‌.
പിന്നെപ്പൃഥുവിനെത്തന്നെ നമസ്ക്കരി-
ച്ചന്യൂനമന്യുവേഗേന ചൊല്ലീടിനാള്‍‌:-
“മന്നവ! സര്‍‌വധര്‍‌മ്മജ്ഞനാം നീ ജഗ-
ത്തിന്നു ഗുണങ്ങള്‍‌ വരുത്തുവാനല്ലയോ
വന്നവതീര്‍‌ണ്ണനായുള്ളൂ കൃപാലുവാ-
കുന്ന ഭവാനിങ്ങപരാധമെന്നിയേ
നിന്നോരഗതിയായേറ്റമുഴന്നോരു
തന്വ്യാ ഭവാനൊഴിഞ്ഞില്ലൊരാധാരവും
എന്തൊരപരാധമെങ്കലാമ്മാറുക-
ണ്ടന്തരേ മാം വധിച്ചീടുവാനോര്‍‌ക്കുന്നു?
ചിന്തിക്കിലെങ്കലൊഴിഞ്ഞെവിടത്തിലി-
ജ്ജന്തുക്കളെവച്ചു രക്ഷിച്ചു കൊള്ളുന്നു?
പണ്ടു പാതാളേ മറച്ചന്നു പന്നിയായ്
കണ്ടകനെക്കൊന്നുകൊണ്ടുപോന്നെന്നെയും
കുണ്ഠത തീര്‍ത്തിരുത്തിപ്പരിപാലിച്ച
കൊണ്ടല്‍‌വര്‍‌ണ്ണപ്രഭോപാലയമേലിലും”
തൊണ്ടവിറച്ചു കരഞ്ഞഴല്‍‌ തേടിനി
ന്നിണ്ടല്‍‌ മുഴുത്തു പശുരൂപിണി ഭൂമി
വാക്കുകളിങ്ങനെ കേട്ടവള്‍‌ തന്മുഖം-
നോക്കിച്ചിരിച്ചു കോപിച്ചു നൃപേന്ദ്രനും
ചൊല്ലിനാ”നെത്രയും നന്നുനന്നിന്നു നീ
ചൊല്ലിനാലെന്‍‌വശയല്ലാത നിന്നെ ഞാന്‍‌
കൊല്ലുവാനെല്ലാര്‍‌ക്കുമാശ്രയമായുള്ള-
തല്ലോത്വദന്നമെന്നുള്ളതതിനെ നീ
നിങ്കല്‍‌ മറച്ചു ലയിപ്പിച്ച കാരണം
സങ്കടമുണ്ടിജ്ജഗദ്വാസികള്‍‌ക്കെല്ലാം
എന്നാലഖിലര്‍‌ക്കുമുണ്ടായ സങ്കടം
നിന്നെ വധിച്ചൊഴിച്ചിന്നു ഞാനെന്നുടെ
യോഗബലേന പ്രപഞ്ചം ഭരിപ്പനി-
ങ്ങാകുലമേതുമെനിക്കില്ലതിനെടോ?
കേളെ”ന്നുടന്‍‌ പൃഥു ചൊന്നതു കേട്ടകം-
കാളയെരിഞ്ഞഴല്‍‌ പൂണ്ടു തന്മാനസേ
ഭീതിനടേതിലുമേറ്റം വളര്‍ന്നതി-
നീതിമാനെത്തൊഴുതാശു ചൊല്ലീടിനാള്‍‌
“അന്നം സകലര്‍‌ക്കുമാശ്രയമായുള്ള-
തെന്നരുള്‍‌‌ ചെയ്തതവ്വണ്ണമല്ലാതെയായ്
വന്നിതിങ്ങെങ്കലധര്‍‌മികള്‍‌ക്കെന്നിമ-
റ്റന്നാദി സമ്പത് സമൃദ്ധിയില്ലാര്‍‌ക്കുമേ;
സജ്ജനം നിഷ്കിഞ്ചനരായളവഹോ!
യജ്ഞാദി കര്‍‌മ്മങ്ങളൊക്കെ മാഞ്ഞു തുലോം
തത്കാരണാലൊഴിഞ്ഞു ഹവിര്‍‌ഭാഗങ്ങ-
ളൊക്കെയെല്ലാര്‍‌ക്കുമെന്നാകയാല്‍‌ ഞാന്‍‌ തദാ
സംഹരിച്ചീടിനേനോഷധിവര്‍‌ഗ്ഗമെ-
ന്നീവണ്ണമുള്ളു പരമാര്‍‌ത്ഥമൊക്കവേ
നീയറിഞ്ഞിത്ഥമെല്ലാമുപായങ്ങളാല്‍‌
മായമൊഴിഞ്ഞു കൈക്കൊണ്ടെങ്കില്‍‌ മേലിലും
കീഴിലെപ്പോലെ നടത്തിയിരുത്തുക.
പാഴായ് ചമയാതെ ധര്‍‌മ്മനീത്യാ ചിരം”
ഭൂമിതന്‍‌ വാക്കുകളിങ്ങനെ കേട്ടുടന്‍‌
ഭൂമീശ്വരനാം പൃഥുവഥ തല്‍‌ക്ഷണേ
മാനുഷര്‍‌ക്കാദ്യനായീടും മനുവിനെ
താനൊരു വത്സനാക്കിക്കൊണ്ടു തന്‍‌കൈയില്‍‌
മോദം കലര്‍‌ന്നോഷധികളെയൊക്കവേ.
സാദരം ചെമ്മേ കറന്നുകൊണ്ടീടിനാന്‍
കേവലമെന്നതു കണ്ടു മറ്റുള്ളവ-
രേവരും തത്തദുപ്രകൃതാര്‍ത്ഥങ്ങളെ
പോതങ്ങളായ് പ്രധാനന്മാരെയും ചേര്‍‌ത്തു
നൂതമായ് കറന്നീടിനാരൊക്കെയും.
വാഗീശവത്സമായോജ്യമുതിര്‍‌ന്നൃഷി-
മാര്‍‌ കറന്നാരിന്ദ്രിയങ്ങളില്‍‌ ഛന്ദാംസി;
ദേവകളിന്ദ്രനെ വത്സമാക്കിസ്സുധാ
മാവിര്‍‌‌മ്മുദാ കറന്നാര്‍‌ സുവര്‍‌ണ്ണീകൃതേ
ഭാജേന ദാനവര്‍‌‌ പ്രഹ്ലാദനാലയോ-
ഭാജേന മദ്യം കറന്നു കൊണ്ടീടിനാര്‍;
ഗന്ധര്‍വ്വന്മാരഹോ വിശ്വാവസുവിനെ-
ബ്ബന്ധിച്ചുടന്‍‌ കറന്നീടിനാര്‍‌ ഗാന്ധര്‍വം
പാങ്കേരുഹേ-ര്യ മ് ണാ പിന്നെപ്പിതൃക്കളും
മണ്‍‌കലം പച്ചയില്‍‌ കവ്യം കറന്നിതു
സിദ്ധന്മാരക്കപിലാചാര്യനെച്ചേര്‍‌ത്തു
നിര്‍‌ത്തിക്കറന്നുഖേ കല്പനാസിദ്ധിയും
മായാവികള്‍‌ മയനാലന്തര്‍‌ദ്ധാനവും
മായാമയം മറന്നാരഹോമായയില്‍‌;
പ്രേതപിശാചഭൂതങ്ങള്‍‌ ഭൂതേശനെ-
പ്പോതമായ്ക്കൊണ്ടു മുണ്ഡേനാപി രക്തവും;
സര്‍‌വനാഗങ്ങളും തക്ഷകനാല്‍‌ വിഷം;
തത്പ്രകാരേണ യവസം പശുക്കളും;
ഗോവൃക്ഷത്താല്‍‌ കറന്നാര്‍‌ വടംവത്സമായ്
ഏവം പയസ്സുകറന്നു തരുക്കളും;
പര്‍വ്വതങ്ങള്‍‌ തുഷാരാദ്രി വല്‍‌സേന തത്-
സര്‍വ്വധാതുക്കളെയും കറന്നീടിനാര്‍‌.
ഏവമെല്ലാവരും തത്തത്സ്വജാതിയി-
ലേവം പ്രധാനമെന്നാലവതന്നെയും
പോതമായ് തത്തദുചിതപാത്രങ്ങളി-
ലേതേതു വേണ്ടതെല്ലാം കറന്നീടിനാര്‍‌.
ഇങ്ങനെ സര്‍‌വരും തങ്ങള്‍‌ക്കു വേണ്ടുന്ന
തങ്ങു കറന്നു കൊണ്ടോരു ശേഷം തദാ
പിന്നെദ്ധരിത്രിയെയാശ്വസിപ്പിച്ചുടന്‍‌
മുന്നമിരുന്നവണ്ണം സസിപ്പിച്ചുതാന്‍‌.
കുന്നും മലയും കുഴിയും മുഴകളും
ഒന്നുപോലേ നിരത്തിച്ചമച്ചീടുവാന്‍‌
തന്നുടെ വില്ലും ധരിച്ചു കൊണ്ടെങ്ങുമേ
മന്നവനാഹന്ത! നീളേ നടന്നുടന്‍‌
ചെമ്മേ ഗിരികൂടവൃന്ദങ്ങളൊക്കെയും
അമ്മാനവേന്ദ്രന്‍ ധനുഷ്പദാഗ്രേണ താന്‍‌
കുത്തിത്തകര്‍ത്തു പൊടിച്ചു നിരത്തിനാന്‍;
ഒത്തൊരുമിച്ചു നിരന്നിതു ധാത്രിയും
മിക്കതുമന്നതു കണ്ടു മുതിര്‍‌ന്നുട-
നൊക്കെക്കൊടുത്താനവരവര്‍‌ക്കായ് മുദാ.
സസ്യസംപൂര്‍ണ്ണയായ് വന്നിതു ധാത്രിയും
തസ്യ തസ്യൈവ ഹിതയായനുദിനം
വര്‍‌ത്തിച്ചിതപ്പൃഥിവീശഗുണങ്ങളാല്‍‌
നിത്യസുഖം പൂണ്ടിതൊക്കെ പ്രജകളും
അങ്ങനെ ചെല്ലുന്ന കാലം നരവര-
നങ്ങൊരു വാജിമേധത്തിനായ്ക്കൊണ്ടുടന്‍‌
കോപ്പിട്ടു ദീക്ഷപുക്കമ്പോടു സം പ്രതി
താല്പര്യമോടു യജിച്ചു തുടങ്ങിനാന്‍‌.
യജ്ഞസം പൂര്‍ണ്ണസമൃദ്ധികണ്ടങ്ങതു
നിര്‍‌ജ്ജരേന്ദ്രന്‍‌ പരിചോടടുക്കും വിധൌ
തന്‍‌പദഭ്രംശം വരുമെന്നശങ്കയാ
വിഘ്നമിതിന്നു വരുത്താവതെങ്ങനെ
വിദ്രുതമിങ്ങെനിക്കെന്നു ചിന്തിച്ചവ-
നുള്‍ത്താരിലാമ്മാറു കല്പിച്ചു സാമ്പ്രതം
യജ്ഞപശുവിനെക്കട്ടുകൊണ്ടീടിനാ-
നജ്ഞാനിയാമമരേന്ദ്രനനുക്ഷണം
കാട്ടിക്കൊടുത്തിതങ്ങത്രിയുമപ്പൊഴു-
താട്ടിയടുത്താനുടന്‍ പൃഥുപുത്രനും,
വില്ലും കുഴിയെക്കുലച്ചൊരു സായകം
വല്ലഭമുള്‍ക്കൊണ്ടടുത്തടുത്താനവന്‍‌
നില്ലുനില്ലെന്നു പറഞ്ഞവനങ്ങനെ
ചൊല്ലുന്നതാഹന്ത! കണ്ടമരേന്ദ്രനും
പാഷണ്ഡവേഷം ധരിച്ചു കൊണ്ടീടിനാന്‍.
വേഷമതു ബത! കണ്ട നൃപാത്മജന്‍‌
കൊല്ലാതെ മെല്ലെ വാങ്ങീടിനാന്‍‌ കൂടവേ
“ചൊല്ലെ” ന്നിതത്രി ചൊല്ലാലവന്‍‌ പിന്നെയും
വല്ലാതെ കോപിച്ചു ചെല്ലുന്നളവു താന്‍‌
അല്ലല്‍‌ മുഴുത്തു പേടിച്ചു കുതിരയും
വിട്ടും കളഞ്ഞു മറഞ്ഞു മണ്ടീടിനാന്‍‌.
പെട്ടന്നതു കണ്ടു ഭൂപതി പുത്രനും
അശ്വമതിനേയും കൊണ്ടിങ്ങു പോന്നുതാ-
നച്ഛന്റെ മുമ്പിലാക്കിത്തൊഴുതീടിനാന്‍‌
പുത്രവിദഗ്ദ്ധത കണ്ടു തെളിഞ്ഞുട-
നെത്രയും സ്നേഹമുള്‍ക്കൊണ്ടവനീശ്വരന്‍‌
ചേര്‍‌ത്തു പുണര്‍‌ന്നു വിജിതാശ്വനെന്നു പേ-
രാസ്ഥയാ താന്‍‌ വിളിച്ചീടിനാനക്ഷണേ.
പിന്നെയും പാരം കൊടുതായ്ച്ചമഞ്ഞിരുള്‍‌-
തന്നില്‍‌ വന്നിന്ദ്രന്‍ പരിചോടുതാന്തനെ
വാജിയും കട്ടുകൊണ്ടോടിനാനത്രിയും
വ്യാജമൊഴിഞ്ഞു കാട്ടിക്കൊടുത്തീടിനാന്‍‌
കേവലമേവം പലതൂടയും ചെന്നു
ഭൂവരനന്ദനന്‍‌ വീണ്ടുകൊണ്ടീടിനാന്‍.
അന്നു ദേവേന്ദ്രനാലാ ധൃതമായതാ-
കുന്നതോരോന്നു പാഷണ്ഡ വേഷങ്ങള്‍‌പോല്‍‌.
മന്നവനിങ്ങനെ ചെയ്ക ദേവേന്ദ്രനെ-
ക്കൊന്നൊഴിഞ്ഞെന്നുമയയ്ക്കയില്ലെന്നു താന്‍‌-
തന്നെധനുസ്സും കുഴിയെക്കുലച്ചുടന്‍‌
വഹ്നികീലാസമമായൊരു ബാണവും
സന്നാഹമോടു തൊടുത്തടുത്താനതി-
ഭിന്നധൈരേണ പാഞ്ഞാനമരേന്ദ്രനും
ഖിന്നരായന്നതുകണ്ടു മുനികളും
മന്നവനെച്ചെറുത്താശു ചൊല്ലീടിനാര്‍:-
“എന്തെടോ! നീ തുടങ്ങുന്നു യാഗാന്തരേ?
തത്പശുവെന്നിയേ മറ്റൊരു നിഗ്രഹം
യോഗ്യമാമോനമുക്കെ” ന്നവര്‍ സാദരം
അഗ്രഭാഗേനിന്നു ചൊന്നവാക്യങ്ങളും
ധിക്കരിച്ചുഗ്രകോപാലടുക്കും നൃപന്‍‌
വിക്രമം ചെമ്മേ സഹിക്കരുതായ്കയാല്‍‌
തദ്വശമായുടനഗ്നൌ ഹുതം ചെയ്ത-
തത്ര പൊറുപ്പുതെന്നോര്‍ത്തു നില്‍ക്കും വിധൌ
പുഷ്കരസംഭവന്‍‌ പ്രത്യക്ഷനായ് മുനി
മുഖ്യരോടു നൃപനോടു മരുള്‍ ചെയ്തു
“നിങ്ങളിവിടെത്തുടങ്ങിയ കര്‍മ്മമി
ന്നിങ്ങു നാരായണന്‍‌ താന്‍‌ പ്രസാദിക്കിലേ
വന്നുകൂടുഫലമക്കരുണാനിധി
തന്നംശമായതമരേന്ദ്രനും ദൃഢം
നിര്‍മ്മലനാമവന്‍ തന്നെ ഹതി ചെയ്തു
തന്മനസ്തോഷം വരുത്തുന്നതെങ്ങനെ?
സംഭ്രമമത്രേ നിനവുകളിത്തരം
ജംഭവൈരിക്കഭയം കൊടിത്തിന്നിപ്പോള്‍
യാഗം സമര്‍പ്പിക്ക ഭൂപതിശ്രേഷ്ഠനു
ഭാഗധേയാല്‍ വരും തത് ഫലപ്രാപ്തിയും,
വൈരം കളഞ്ഞു സുരേന്ദ്രനും ഭൂപനും
സ്വൈരമായൊന്നിച്ചിരി”ക്കെന്നു നാന്മുഖന്‍‌
താനരുള്‍ ചെയ്തു വിശ്വസിച്ചാദരാല്‍
മാനവേന്ദ്രന്‍ സമര്‍പ്പിച്ചിതു യാഗവും;
ദേവകളെല്ലാം പ്രസാദിച്ചരചനു
കേവലം തത്ഫലവും കൊടുത്തീടിനാര്‍.
നാരായണനും പ്രസന്നനായ് മാനവ-
വീരനില്‍ കാരുണ്യമുള്‍ക്കൊണ്ടരുല്‍ച്ചെയ്തു
“ഭൂപതിവീരാ! നിനക്കു ശതക്രതു
സാഫല്യമാഹന്ത! വന്നുകൂടും ദൃഢം.
ദേവേന്ദ്രനുണ്ടു നിന്നോടു സഖ്യത്തിനി-
ന്നാവിര്‍ഭയം കലര്‍‌ന്നിങ്ങു നിന്നീടുന്നു.
നീയവനില്‍ പ്രസാദിക്കേണമിന്നിനി
മായാഭ്രമദ്വിഷഭാവം കളക തേ,
ശുദ്ധാന്തബുദ്ധികളായുള്ള സാധുക്ക-
ളുത്തമന്മാരെയുപദ്രവിപ്പീലല്ലോ.
ദുര്‍‌ജ്ജനധര്‍‌മ്മമതായതുസന്തത-
മിജ്ജനങ്ങള്‍ക്കതു യോഗ്യമല്ലൊട്ടുമേ,
ദേഹാഭിമാനികള്‍ക്കുള്ളതത്രേ മഹാ-
മോഹാദി രാഗദ്വേഷങ്ങളനുദിനം;
ദേഹമല്ലോര്‍ക്കില്‍ നിത്യാര്‍ത്ഥമാകുന്നതി-
ങ്ങാഹന്ത! കേവലമാത്മാപരബ്രഹ്മം;
ബോധം തെളിഞ്ഞഷ്ടരാഗങ്ങള്‍ വിട്ടുതല്‍‌
സാധനരമ്യ പദം ഭജിച്ചീടെടൊ!
‘രാജ്യപരിപാലനാചാരമാര്‍ഗ്ഗങ്ങള്‍
പൂജനിയാകാരമായ് വരുന്നാകിലേ
കേവലം തത്പ്രജാവൃന്ദവുമൊക്കവേ
പാവനാചാരസന്മാര്‍ഗ്ഗികളായ്‌വരു.”
തത്പ്രജാവൃന്ദങ്ങള്‍ ചെയ്‌വതെല്ലാറ്റിലും
ഷഡ്ഭാഗമുണ്ടു രാജാവിനു കൂടവേ.
നിത്യമതെല്ലാമകമെ വിചാരിച്ചു
വസ്തുതയാ പരിപാലിച്ചു കൊള്‍ക നീ.”
സത്യസ്വരൂപി സനാതനനിങ്ങനെ
തത്ത്വാര്‍ത്ഥമെല്ലാമരുള്‍ ചെയ്തുനില്പതി-
ന്മദ്ധ്യേ സുരേന്ദ്രനും ദേവസമൂഹവു-
മൊത്തു പൃഥുവിനെക്കണ്ടു സംഭാവിച്ചാര്‍;
ചിത്തം തെളിഞ്ഞവനീശ്വരനിന്ദ്രനെ
സദ്യഃപിടിച്ചു മുറുകെത്തഴുകിനാന്‍
സഖ്യവും ചെയ്തുകൊണ്ടാരവര്‍ തങ്ങളി-
ലൊക്കെക്കളഞ്ഞിതു കീഴിലെ വൈരവും.
തല്‍ക്ഷണം പ്രീതനായ് നില്‍ക്കും ജഗന്മയ-
നക്ഷമാവല്ലഭേന്ദ്രാദികള്‍ തമ്മെയും
സുപ്രീതനായങ്ങനുഗ്രച്ചാകിലു-
മപ്പൃഥിവീശവിയോഗത്തിനേതുമേ
ശക്തനല്ലാതെ നില്‍ക്കും ജഗന്നാഥനില്‍
ഭക്തി കലര്‍ന്നപേക്ഷിച്ചാന്‍ നൃപോത്തമന്‍:-
‘തദ്ഗുണകൃത്യമായാഭ്രമം തീര്‍ന്നെനി-
ക്കുള്‍ക്കാമ്പുണര്‍ന്നു സന്തുഷ്ട്യാ നിരന്തരം
ലക്ഷ്മീകരാംബുരുഹങ്ങളാലഞ്ചിത
ലക്ഷണശോഭകലര്‍ന്ന പാദാംബുജേ
ഭക്തിവളര്‍ന്നൊഴിയാതോരനുഗ്രഹം
ഭക്തപ്രിയ! പ്രഭോ നല്‍കുകവേണമേ
നിത്യമിളകാതവണ്ണ” മെന്നിങ്ങനെ
പത്മനാഭസ്വാമിയോടപേക്ഷിച്ചവന്‍
നില്‍ക്കും വിധൌ ഭഗവന്‍ പ്രസാദിച്ചുട
നുള്‍ക്കനിവുറ്റു തെളിഞ്ഞരുളിച്ചെതു:-
“നന്നുനന്നിന്നിതു നിന്നുടെ ഭക്തിക-
ണ്ടെന്നുള്ളമേറ്റം തെളിഞ്ഞിതു ഭൂപതേ!
മന്നവ! ചിന്തിച്ചതെന്തു നീയൊക്കെയും
വന്നുകൂടും നിനക്കെന്നതു നിര്‍ണ്ണയം;
നന്നായിരിക്കെ’ന്നരുള്‍ ചെയ്തു മാധവന്‍
പിന്നെത്തഥൈവ മറഞ്ഞരുളീടിനാന്‍.
വൃന്ദാരകന്മാരുമിന്ദ്രനും ബ്രഹ്മനും
സന്നിധിതോറും തെളിഞ്ഞു വിളങ്ങിനാര്‍
മന്നവനും സകലേശപാദങ്ങളില്‍
ത്തന്നേ സമര്‍പ്പിച്ചുകൊണ്ടാനഖിലവും.
സര്‍വലോകങ്ങളിലും പരിപൂജ്യനായ്
സര്‍വഭൂലോകപ്രവരനവനാലെ
സര്‍വലോകങ്ങളും സമ്പ്രതി മേല്‍ക്കുമേല്‍
സര്‍വദാ സര്‍വകാലം വിളങ്ങി തുലോം.
സര്‍വജ്ഞനാം നരേന്ദ്രോത്തമനങ്ങനെ
സര്‍വം സഹാവിപ്രപാലനം ചെയ്യുന്നാള്‍
സര്‍വ്വദേവപ്രസാദാര്‍ത്ഥായ കേവലം
ദിവ്യനായ് താനൊരു സത്രമാരംഭിച്ചാന്‍.
സത്രദീക്ഷാവ്രതം പൂണ്ടു മഹീവരന്‍
സത്തുക്കളൊക്കെ വന്നൊത്തുകൂടും വിധൌ
സല്‍ക്കാരപൂര്‍വമവരെ വന്ദിച്ചു തത്-
സഖ്യഭാവേന മന്ദം പറഞ്ഞീടിനാന്‍
“ഞാന്‍ പറയുന്നതു കേള്‍പ്പിനെല്ലാവരും
മാം പ്രതിദൈവമെന്നിങ്ങനെ സന്തതം
കല്പിച്ചിതു ധര്‍മ്മമാര്‍ഗ്ഗം നടത്തുവാ-
നിപ്പോളതുകൊണ്ടിതിങ്ങനെ ചൊല്ലുന്നു;
നല്ലതെല്ലാര്‍ക്കും വരുത്തുനാനുള്ളതു-
ണ്ടല്ലോ വഴിയറിയാതെ കിടക്കുന്നു.
മെല്ലെമെല്ലെത്തുടര്‍ന്നവ്വഴിക്കങ്ങുപോയ്
ചെല്ലുന്നവര്‍ക്കു ഗുണം വരും മേല്‍ക്കുമേല്‍.
സര്‍വപ്രപഞ്ചവും മായയുമീശനും
സര്‍വഗുരുവുമാത്മാവുമൊന്നായ് മുദാ
സര്‍വസമാനമായൊന്നിച്ചു കണ്ടുതല്‍-
സര്‍വം സമര്‍പ്പിച്ചു കാരുണ്യശീലരായ്
വാഴ് വിനതു പുരുഷാര്‍ത്ഥസാദ്ധ്യം നമു”
ക്കേവം പറയുന്നഭൂവരന്‍ തന്നുടെ
ഗോവുകള്‍ കേട്ടു സകല സാധുക്കളു-
മാവിര്‍മ്മുദാ ബഹുമാനിച്ചു നില്‍ക്കുമ്പോള്‍
തത്ര സംഭാരങ്ങളൊക്കെ വിളങ്ങുമാ-
റത്യാദരേണ സനകാദികളുടന്‍
പ്രത്യക്ഷരായാരതു കണ്ടുഭൂപതി
സത്തമനൃത്വിക് സദസ്യാദികളൊടും
പ്രത്യുപോത്ഥാനവും ചെയ്തു വന്ദിച്ചു കൊ-
ണര്‍ഗ്ഘ്യപാദ്യാദികളായുള്ള പൂജകള്‍
ചെയ്തു സിംഹാസനം തോറുമിരുത്തിവ-
ച്ചേകമത്യാ ബഹുഭക്ത്യാനരവരന്‍
ചൊന്നാ, “നിവിടെയ്ക്കു നിങ്ങളെഴുന്നള്ളി-
വന്നു കാണായതെന്‍ പൂര്‍ണ്ണ ഭാഗ്യം ദൃഢം.”
എന്നിവണ്ണം പ്രശംസിച്ചു വന്ദിച്ചഥ
മന്നവന്‍ കൂപ്പിത്തൊഴുതു ചോദ്യം ചെയ്താന്‍:-
“എന്തൊന്നു കൊണ്ടു സംസാരസമുദ്രത്തി-
ലന്തരാവീണു നീന്തിത്തളര്‍ന്നെങ്ങുമേ
തല്‍ക്കര കാണാഞ്ഞു സംഭ്രമിക്കും ജന-
സങ്കടം തീരുവാനൊന്നെലുതായുള്ളു?
സന്തോഷമുറ്റുരുള്‍ ചെയ്തരുളേണമേ
സന്തതം പാലയ മാം ഭവസാഗരാല്‍.
ഇത്ഥം പൃഥു വചനം കേട്ടവങ്കല-
ങ്ങത്യന്തവിശ്വാസമുറ്റു വൈധാത്രനും
ചിത്തം തെളിഞ്ഞു ചിരിച്ചരുളിച്ചെയ്താ-
“നെത്രയും നന്നു നന്നിച്ചോദ്യമിന്നെടോ!
ബന്ധമോക്ഷപ്രബോധങ്ങളെല്ലാം ഭവാ-
നന്ധനല്ലുള്ളിലറിഞ്ഞവനെങ്കിലും
ലോകോപകാരാര്‍ത്ഥമായിന്നു ചോദിച്ച-
താകയാല്‍ ഞാനതിന്നുത്തരം ചൊല്ലുവന്‍
കേട്ടുകൊള്‍ “കെന്നുമായാപ്രബോധങ്ങളും,
വാട്ടമൊഴിഞ്ഞു തല്‍ മോക്ഷപ്രകാരവും,
ഭാഗവതധര്‍മ്മനീതിമതങ്ങളും,
ഭാഗധേയാബ്ധികള്‍ സംവാദനീതിയും,
ബ്രഹ്മാണ്ഡമായാ പ്രപഞ്ചഭേദങ്ങളും,
നിര്‍മ്മലകര്‍മ്മയോഗജ്ഞാനഭേദവും,
ഭക്തിമാര്‍‌ഗ്ഗേണ ഗുരുപദേശങ്ങളും,
ഭക്തിതന്‍ ഭേദക്രമവിശേഷങ്ങളും,
മുക്തിയും തീര്‍ത്തരുള്‍ ചെയ്തു മുനീന്ദ്രനും,
ജ്ഞാനോപദേശത്തെയും ഗ്രഹിച്ചാത്മനാ
ആനന്ദവും ഗ്രഹിച്ചാശു നരവരന്‍
ദീനമൊഴിഞ്ഞു മുനിവരന്മാരെയും
മാനിച്ചു പൂജിച്ചു വാഴ്ത്തി സ്തുതിച്ചുടന്‍
ഭേദബുദ്ധിഭ്രമം തീര്‍ന്നു നില്‍ക്കും വിധൌ
മോദാലനുഗ്രഹം ചെയ്തെഴുന്നള്ളിനാര്‍.
ശ്രീസനകാദികള്‍ പോയ് മറഞ്ഞോരള-
വാസുരീഭാവമശേഷമകലവേ
നീക്കിക്കളഞ്ഞവനീശ്വരന്‍ യാഗവും
വായ്ക്കുമാനന്ദേന ചെയ്തൊടുക്കി ദ്രുതം
സര്‍വദേവാനുഗ്രഹം കൊണ്ടു ദീപ്തനായ്
സര്‍വം പരബ്രഹ്മണി ലയിപ്പിച്ചുടന്‍
സര്‍വദാ വാഴും നൃപനെ ദിക്പാലക
സര്‍വഗുണങ്ങള്‍ സംപ്രാപ്തമായന്വഹം
സര്‍വപ്രിയനായിരുന്നവന്‍ തന്നുടെ
യൌവനകാലം കഴിവോളമിങ്ങനെ
ദൈവശാല്‍ പരിപാലനം ചെയ്തവന്‍
സര്‍വാശ്രയന്‍ മഹാധര്‍മ്മപരായണന്‍
വാര്‍ദ്ധക്യകാലേ തനയനു രാജ്യവു-
മാസ്ഥയാ നല്‍കിപ്രിയയാ സമം മുദാ
കാനനം പ്രാപിച്ചിരുന്നാന്‍ തപസ്സിനായ്
മാനസേ നാരായണനെ സ്മരിച്ചവന്‍
പഞ്ചാഗ്നിമദ്ധ്യേ മ്ഹാഗ്രീഷ്മകാലമ-
ങ്ങഞ്ചാതെ വര്‍ഷകാലേ നനഞ്ഞു സദാ
സംപ്രതിതന്‍ കഴുത്തോളം ജലത്തിലും
കമ്പമൊഴിഞ്ഞു ശിശിരകാലങ്ങളില്‍
ഇന്ദ്രിയ ഗ്രാമം ജയിച്ചേകപാദേന
നിന്നു, പഴുത്തു കൊഴിയുമിലകളും
കായും കനിയും ജലവുമന്നന്നു താന്‍
വായുവുമിത്യാദ്യശനേന സന്തതം
കാമരാഗക്രോധലോഭമോഹാദിക
ളാമോദപൂര്‍വ്വമകലെക്കളഞ്ഞുടന്‍.
നാരായണപ്രസാദാശയാ നിത്യമ-
ങ്ങോരോ വിഷയ വൈരാഗ്യബുദ്ധ്യാ ചിരം
ധാരണയാ തപം ചെയ്തു വാഴുന്ന നാള്‍
കാരുണ്യവാരിധി തന്നനുജ്ഞാവശാല്‍
ജ്ഞാനം തെളിഞ്ഞുദിച്ചാത്മാനമന്വഹം
കാണായളവു ദൃഢാസനനായ് നിജ-
കായം നിവര്‍ന്നു മൂലാധാരമദ്ധ്യസം-
ഭേദാത്മകങ്ങള്‍ തല്‍ക്കാരണ സര്‍വവും
സംഹരിച്ചാഹന്ത! കാര്യങ്ങള്‍ കാരണേ
സംഹരിച്ചാത്മനി മായയേയും തഥാ
ചേര്‍ത്തുലയിപ്പിച്ച തത്പുരുഷാര്‍ത്ഥസം-
പ്രാപ്തനായാന്‍ വൈന്യനാം നൃപതീന്ദ്രനും.
ഏവം പരബ്രഹ്മണി ലയിക്കും നര-
ദേവനെക്കണ്ടുടനര്‍ച്ചിസ്സതിശുചാ.
കേവലം തല്‍ പരിചാരകന്മാരുമാ-
യാവോളമുള്ളഴിഞ്ഞാശു സംസ്കാരവും-
ചെയ്തു താന്‍ കൂടെ ദഹിച്ചാള്‍ ചിതയതില്‍
കൈതവമെന്നിയെ ഭര്‍ത്തൃപ്രവത്സലാ.
നാരിമാരിങ്ങനെ മറ്റുലകങ്കലി-
ല്ലാരുമര്‍ച്ചിസ്സിനോടെത്തവര്‍ നിര്‍ണ്ണയം.
താരാര്‍മകള്‍ നിജകാരണേ ചേര്‍ന്നിത;
ന്നാരായണങ്കല്‍ ലയിച്ചു നരേന്ദ്രനും.

കഥാസംഗ്രഹം