Wednesday, June 10, 2009

പഞ്ചമസ്കന്ധം

മനുപുത്രനായ പ്രിയവ്രതചരിത്രം
ശ്രീശുകമഹാമുനി ശ്രീപരീക്ഷിത്തിനോടു


കേശവചരിതങ്ങളാശയം തെളിവാനായ്
ആശുചൊല്ലിയതെല്ലാം സൂതനാം വ്യാസശിഷ്യ-
നാശീര്‍വാദവും ചെയ്തു ശൌനകാദികള്‍ക്കെല്ലാം
ഏഷണാദികളായ പാശങ്ങള്‍ നശിപ്പിപ്പാന്‍
ദോഷമെന്നിയെചൊന്നരദ്ധ്യാത്മസാരമിപ്പോള്‍
ശീശുകപ്പൈതലേ! നീ ചൊല്ലേണമെന്നോടെല്ലാ-
മാശകളകന്നുള്ളിലാനന്ദം വരും വണ്ണം
കേള്‍പ്പിപ്പാന്‍ പണിയതു പറഞ്ഞാലെനിക്കിപ്പോള്‍
കേള്‍പ്പതിന്നപേക്ഷയുണ്ടെങ്കിലോ കേട്ടുകൊള്‍വിന്‍
കേള്‍പ്പിപ്പാന്‍ പാതമല്ല ഞാനതെന്നിരിക്കിലും
താല്പര്യാര്‍ത്ഥമായൊട്ടു ചുരുക്കിപ്പറഞ്ഞീടാം.
സ്ഥാനമായതു ജഗദ്രക്ഷയെന്നറിഞ്ഞാലും.
രക്ഷിതമായിട്ടുള്ള ലോകസംസ്ഥാനങ്ങളും
ദിഗ്വിശേഷത്താലുണ്ടാമായുര്‍ഭേദാദികളും
ലോകത്തെപ്രിയവ്രതനാകിയ മനുപുത്രന്‍-
തന്നുടെ ചരിതത്തെ ചൊല്ലുന്നു നടേയെങ്കില്‍;
സാരമാം നിവൃത്തിമാര്‍ഗ്ഗത്തെ വിസ്തരിച്ചൊക്കെ
നാരദനുപദേശിച്ചീടിനാനതുമൂലം
പാരിതു പാലിക്കെന്നു താതന്റെ നിയോഗത്തെ-
പ്പാരമൊന്നനുവദിച്ചീലേതും പ്രിയവ്രതന്‍.
അക്കാലം വിധാതാവു താന്‍ തന്നെയെഴുന്നള്ളി
മുഖ്യനാം പൌത്രനോടു സല്ക്കര്‍മ്മമരുള്‍ ചെയ്തു;
‘ഞാന്‍ പറയുന്നതിനെക്കേട്ടുകൊള്‍ കുമാരാ! നീ;
സാമ്പ്രതമതുകൊണ്ടു മോക്ഷത്തെ പ്രാപിച്ചീടാം.
ഈശ്വരന്‍ തന്നെ നിന്ദിച്ചീടൊലാ കുറഞ്ഞൊന്നു-
മീശ്വരാജ്ഞയാ തന്നെ ലോകങ്ങള്‍ വര്‍ത്തിക്കുന്നു;
ആരാലുമതിക്രമിക്കാവതില്ലിതു നൂനം.
നേരുള്ള മുക്തന്മാരായുള്ളവര്‍ പോലുമൊക്കെ,
തങ്ങള്‍ക്കു കര്‍മ്മക്ഷയം വരുവോളം നാളേയ്ക്കു
തങ്ങടെ‍ ശരീരത്തെ രക്ഷിച്ചീടുന്നുവല്ലോ.
കേള്‍ക്ക നീ മുമുക്ഷുവായിരിക്കുന്നവനേതു-
മോര്‍ക്കുമ്പോള്‍ ബന്ധമില്ലഗൃഹസ്ഥാശ്രമം കൊണ്ടും
ആകയാല്‍ നീയുമിന്നു ഭഗവല്‍ പാദാബുജം
ശോകശാന്തിക്കു നന്നായാശ്രയിച്ചെന്റെ ചൊല്ലാല്‍
മഹത്വം വളരുമാറിരുന്നു വഴിപോലെ
ഗൃഹസ്ഥാശ്രമമവലംബിക്കമടിയാതെ;
ഈശ്വരാര്‍പ്പണമായിക്കര്‍മ്മങ്ങളനുഷ്ഠിച്ചാ
ലീശ്വരാജ്ഞയാവരും ഭോഗങ്ങള്‍ ഭുജിക്ക നീ.”
ഇങ്ങനെയുള്ള ധാതാതന്നുടെ നിയോഗങ്ങ-
ളങ്ങനെതന്നെയെന്നു കൈക്കൊണ്ടാന്‍ പ്രിയവ്രതന്‍;
വിശ്വപാലനം ചെയ്തു വസിച്ചീടിന കാലം,
വിശ്വകര്‍മ്മാവിന്‍ മകളാം ബര്‍ഹിഷ്മതി തന്നെ
കൈക്കൊണ്ടാനവള്‍ പെറ്റുപത്തു പുത്രരുമുണ്ടായ്
ചൊല്ക്കൊള്ളുമൂര്‍ജ്ജസ്വതിയെന്നൊരു കന്യകയും-
അഗ്നീദ്‌ധ്രനിദ്ധ്മജിഹ്വന്‍ യജ്ഞബാഹുവും പിന്നെ
ക്കേള്‍ക്കണം മഹാവീരന്‍ ഹിരണ്യരേതാവെന്നും
ഘൃതപൃഷ്ഠനും സവനെട്ടാമന്മേധാതിഥി
വീതിഹോത്രനും കവിയെന്നവന്‍ പത്താമവന്‍.
ഇവരില്‍ മാ‍ഹാവീരനാമാവും കവിതാനും
സവനും സംന്യസിച്ചു സാധിച്ചാര്‍ പുരുഷാര്‍ത്ഥം;
മറ്റൊരു ഭാര്യ പെറ്റിട്ടുത്തമന്‍ താമസനും.
രൈവതനെന്നു മൂന്നു പുത്രരുമുണ്ടായ് വന്നു.
അവര്‍പോല്‍ മൂന്നാം മനുതുടങ്ങി ക്രമത്താലെ
തപസാമനുക്കളാകുന്നതെന്നല്ലോ കേള്‍പ്പൂ;
മാനവന്‍ പ്രിയവ്രതന്‍ താനൊരു പതിനൊന്നു
മാനമായിട്ടു പരിവത്സരകോടിവാണാന്‍
മേരുവെ പ്രദക്ഷിണം ചെയ്തിടും ദിവാകര-
രശ്മികള്‍ കൊണ്ടുടന്‍ ഭൂമണ്ഡലമൊരുപാതി
സത്വരം പ്രകാശിച്ചീടുന്നിതു മറ്റേപാതി
യത്രനേരവും പ്രകാശത്തോടു കൂടായുന്നു.
ആരണമയന്‍ രശ്മികൊണ്ടു ഭൂചക്രം പാതി
കേവലം ദീപിക്കുന്നു മറ്റേടം പുനരപ്പോള്‍
ദീപിച്ചീടുന്നതില്ല കേളെടോ കുറഞ്ഞൊന്നും
അക്കാലമാദിത്യനോടൊത്തൊരു വേഗം പൂണ്ടു
മുഖ്യമായ്ത്തേജോമയമായൊരു തേരിലേറി,
രാത്രിയെപ്പകലാക്കീടുന്നതുണ്ടെന്നു കല് പി-
ച്ചാസ്ഥയാ മനുപുത്രനായീടും പ്രിയവ്രതന്‍
താന്‍ ക്കൂടേ പ്രദക്ഷിണം ചെയ്താനൊരേഴുവട്ടം
കാണ്‍കെടോ! രണ്ടാമതൊരാദിത്യനെന്നപോലെ
തേരുരുള്‍ നടന്നൊരു വഴികളേഴുമേഴു-
വാരിധികളുമായി; തിടയിലിടമെല്ലാം.
ദ്വീപുകളായും വന്നിതക്കാലമവന്‍ പിന്നെ
ദ്വീപുകളേഴുമേഴുപുത്രര്‍ക്കും കൊടുത്തു പോല്‍;
പുത്രിയാമൂര്‍ജ്ജസ്വതി തന്നെശ്ശുക്രനു നല്‍കി
പുത്രിയുമവള്‍‍ പെറ്റിട്ടുണ്ടായി ദേവയാനി;
അവളെ യയാതിയാം ഭൂപതി കൈക്കൊണ്ടുപോ-
ലവിടെ പ്രിയവ്രതനായമന്നവന്‍ പിന്നെ
ചേതസി വിവേകവൈരാഗ്യങ്ങളോടും കൂടെ
ധാതൃജന്‍ പോക്കല്‍ നിന്നു കിട്ടിയോരുപദേശാല്‍
ബ്രഹ്മോപാസനം ചെയ്തു സാധിച്ചാന്‍ പുരുഷാര്‍ത്ഥം
നിര്‍മ്മലനവന്‍ തന്റെ നന്ദനനഗ്നീദ്‌ധ്രന്താന്‍
ജംബുദ്വീപാധിപതി പര്‍വ്വതഗുഹ തന്നി-
ലബുജ ജന്മാവു താന്നാജ്ഞയാ പോന്നുവന്നാ-
ളംബരേ നിന്നുപൂര്‍വ്വചിത്തിയാമപ്സര: സ്ത്രീ
അവളെക്കണ്ടു മോഹിച്ചാ‍ഗ്നീദ്‌ധ്രനുരചെയ്താ-
നവളോ“ടാര്‍നീയെന്നു ചൊല്‍കെടോ മടിയാതെ!”
“ഞാണില്ലാതൊരുവില്ലും മടമ്പില്ലാതോരമ്പു
മാനന്ദം വരുമാറു കൈക്കൊണ്ടു മനോജ്ഞമായ്
എന്തൊരു കായമായിപ്പെരുമാറുന്ന ഭവാ-
നെന്തൊരു ലോകത്തിങ്കലുണ്ടായി ഭവാന്‍ മമ
ചേതസി കൊതിയുണ്ടു കാണ്‍കയിലവിടവും
യാതൊരു ലോകത്തു നിന്നിങ്ങനെ സമങ്ങളായ്
ചേതോമോഹനങ്ങളായ് ലോകലോഭിതങ്ങളായ്
മാറത്തു തഴമ്പുകളെത്രയും വലുതത്രെ,
മാമുനിശ്രേഷ്ഠ! നമസ്കാരം കൊണ്ടത്രയല്ലീ!
കേശവും നീളമുണ്ടങ്ങിളകാതിരിക്കയാല്‍;
കേശവഭക്തന്മാരില്‍ ചിന്തിക്കില്‍ മുമ്പനല്ലോ.
ഉണ്ടിതു ചേതസ്സുകളെത്രയുമൂറ്റമത്രെ!
രണ്ടവയവങ്ങളതെങ്ങനെയുണ്ടായ്‌വന്നു?
കണ്ടോളം കൊതിവരും തടവീടുവാന്‍ തോന്നും”
ഇത്തരം ഗ്രാമ്യവിദഗ്ദ്ധങ്ങളാം വചനങ്ങള്‍
സത്വരം പറയുന്നോരാഗ്നീദ്‌ധ്ര ഗുണങ്ങളാല്‍
ആക്ഷിപ്തചിത്തയായ പൂര്‍വ്വചിത്തിയുമപ്പോ‌-
ളീക്ഷണംകൊണ്ടു പറഞ്ഞവനെ മോഹിപ്പിച്ചാള്‍
എങ്കിലോ സമങ്ങളായുന്നതതരങ്ങളായ്
കുങ്കുമപങ്കമലങ്കരിച്ചുള്ളവയവം
തൊട്ടാലുമണച്ചുടന്‍ മാറത്തു ചേര്‍ത്താലുമ-
ങ്ങിഷ്ടമുണ്ടെങ്കിലധരാമൃതം നുകര്‍ന്നാലും,
ഏറിയകാലം ചെയ്ത തപസ്സിന്‍ ഫലം കൊണ്ടു
പാരമൊരാനന്ദവുമാത്മനി ചേര്‍ത്തീടുവാന്‍
ഉള്ളിലെക്കരണത്തിനാനന്ദമാശു പുറ-
ത്തുള്ളൊരു കരണങ്ങള്‍ കൊണ്ടു ഞാനുണ്ടാക്കുവാന്‍
ഇത്തരം ചൊല്ലിസ്സമാശ്ലേഷചുംബനങ്ങളാല്‍
ചിത്തവുമാര്‍ദ്രമാക്കിക്കേവലാത്മനാ നന്നാ-
യനോന്യം രമിച്ചനേകായിരം സംവത്സര-
മന്യൂനരാഗം പൂണ്ടു വസിച്ചാരിരുവരും.
ഒമ്പതുപുത്രന്മാരുമുണ്ടായതതുകാല-
മൊമ്പതുപേര്‍ക്കും നാമം വെവ്വേറെ കേട്ടുകൊള്‍ക-
നാഭിയും കിമ്പുരുഷന്‍ മൂന്നാമന്‍ ഹരിതാനും
നാലാമനിളാവ്രൃതന്‍, രമ്യകന്‍, ഹിര‍ണ്മയന്‍
ഏഴാമന്‍ കുരുവെന്നു, മെട്ടാമന്‍ ഭദ്രാ‍ശ്വനും
കോഴയെന്നിയേ കേള്‍പ്പിന്‍ കേതുമാലനും പിന്നെ
ഒമ്പതു പുത്രന്മാരെയിങ്ങനെ ജനിപ്പിച്ചി-
ട്ടംബജോത്ഭവലോകം പൂര്‍വ്വചിത്തിയും പൂക്കാള്‍
അക്കാലാമഗ്നീദ്‌ധ്രനും തന്നുടെ ജംബുദ്വീപ-
മൊക്കവേ പകുത്തുതന്‍ നന്ദനന്മാര്‍ക്കു നല്‍കി;
താന്‍ പിന്നെ തപോബലങ്കൊണ്ടുപോ‍യ് ബ്രഹ്മലോകേ
സാമ്പ്രതം രമിച്ചുപോല്‍പ്പൂ‍ര്‍വചിത്തിയുമായി
ആത്മതുല്യാഖ്യങ്ങളായൊമ്പതു ഖണ്ഡങ്ങളു-
മാത്മതുല്യങ്ങളായിരമിച്ചാരവര്‍കളും.
ആഗ്നീദ്‌ധ്രതനയന്മാരക്കാലം മേരുവിന്റെ-
യാത്മജമാരാം നവകന്യകമാരെവേട്ടാര്‍
മേരുദേവിയും പ്രതിരൂപയും, മുഗ്രദംഷ്ട്രി,
ചാരുലോചനയാകും ലതയും, രമ്യതാനും
ശ്യാമയും, നാരിഭദ്ര ദേവഹൂതിയും, മിതി
നാമമങ്ങവര്‍കള്‍ക്കും വെവ്വേറെയെല്ലാം കേള്‍പ്പിന്‍.
അവിടെ മേരുദേവിയാകിയ പത്നിയോടു-
മവനീപതി, നാഭിപുത്രസമ്പത്തിനായി
ദക്ഷിണസമുദ്രതീരത്തു ചെന്നിരുന്നുടന്‍
ദക്ഷിണബഹുലമായ് യജിച്ചു ഭഗവാനെ;
അഗ്നികുണ്ഡത്തിങ്കല്‍ നിന്നാവിര്‍ഭൂതനുമായാന്‍
ചിദ്ഘനനായപരന്‍ഭഗവാന്‍ പരമാത്മാ
അക്കാലമൃത്വിക്കുകള്‍ സദസ്യന്മാരെന്നിവ-
രൊക്കവേ നമസ്കാര സ്തുതികളതും ചെയ്താര്‍:-
“ഈശ്വര! ഭഗവാനെ! പരബ്രഹ്മമേ! പോറ്റി!
ശാശ്വതമായമൂര്‍ത്തേ! ശരണം ജഗന്നാഥാ!
ഞങ്ങളാല്‍ ചെയ്യപ്പെട്ട പൂജയെ വഴിപോലെ
ഞങ്ങളില്‍ വളര്‍ന്നൊരു കാരുണ്യമതിനാലെ
വൈകാതെ പരിഗ്രഹിക്കേണമേ ഭഗവാനെ!
വൈകാര്യമൂര്‍ത്തേ! ഭേദമാര്‍ക്കറിയാവതയ്യോ!
നിന്തിരുവടിയുടെ ഗുണങ്ങള്‍ വര്‍ണ്ണിപ്പാനും
നിന്തിരുവടിയെ നന്നായ് പ്രസാദിപ്പിപ്പാനും
ഞങ്ങള്‍ക്കു ശക്തിപോരാ പരമാനന്ദമൂര്‍ത്തേ!
ഞങ്ങളെയനുഗ്രഹിക്കേണമെങ്കിലും നാഥാ!
നിന്തിരുവടിയുടെ തിരുനാമങ്ങളെല്ലാം
സന്തതം വചനഗോചരമായ് വരേണമേ!
തൃക്കഴലിണ കൂപ്പി നില്‍ക്കുന്ന രാജര്‍ഷികള്‍-
മുഖ്യനെക്കരുണയാ തൃക്കണ്‍പാര്‍ത്തരുളേണം
നിന്തിരുവടി പോക്കല്‍ നിന്നൊരു തനയനെ-
യെന്തൊരു കഴിവിനിലഭിപ്പാനെന്നീവണ്ണം
ചിന്തിച്ചു നില്‍ക്കുന്നൊരു ഭൂപതി പ്രവരന്റെ
സന്തോഷം വരുത്തേണം നിന്തിരുവടി നാഥാ.”
ഇത്തരം നാനാവിധസ്തുതികള്‍ കൊണ്ടു നന്നായ്
പ്രസ്തുതനായ പരന്‍ ഭഗവാനതുനേരം,
സന്യാസധര്‍മ്മസ്ഥിതിഭൂമിയിലുറപ്പിപ്പാന്‍
ധന്യനാം നാഭി തന്റെ പത്നിയാം മേരുദേവി-
തന്നിലങ്ങവതരിച്ചീടിനാനതുകാലം;
മന്നവന്‍ താനും പ്രസാദിച്ചാനങ്ങതിശയം.
ഭഗവല്ലക്ഷണങ്ങള്‍ പലവും കാണ്‍കകൊണ്ടും
ഋഷഭനെന്നു താതന്‍ നാമവുമരുള്‍ ചെയ്താ-
നൃഷികള്‍ ദേവാദികളേവരും സന്തോഷിച്ചാര്‍,
പുത്രന്റെ ഗുണാധിക്യം കണ്ടു നാഭിയുമന്നു
പൃഥ്വീപാലനത്തിനായഭിഷേകവും ചെയ്തു-
തന്നുടെ പത്നിയായ മേരുദേവിയുമായി
പ്പിന്നെപോയ് വിശാലയില്‍ത്തപസ്സു തുടങ്ങിനാന്‍
നരനാരായണന്മാരാകിയ മൂര്‍ത്തികളെ
വിരവോടുപാസിച്ചു സാധിച്ചു പുരുഷാര്‍ത്ഥം
ധര്‍മ്മസ്ഥാപനത്തിനായീശ്വരന്‍ തന്നെ വന്നു
നിര്‍മ്മലനൃഷഭനായ് പിറന്ന ജഗന്നാഥന്‍
കൈക്കൊണ്ടാനിന്ദ്രദത്തയാകിയ ജയന്തിയെ-
യക്കാലം നൂറുപുത്രരവള്‍ പെറ്റുണ്ടായ് വന്നു.
അവരിലേവരിലുമഗ്രജന്‍ ഭരതന്‍ പോ-
ലവനുമജനാഭം വരിഷം പാലിച്ചാന്‍പോല്‍.
തന്നുടെ ഗുണാധിക്യം കൊണ്ടജനാഭവര്‍ഷ-
മന്നുതൊട്ടെല്ലാവരും ഭാരതമെന്നു ചൊല്ലും.
ഭാരതഖണ്ഡം നന്നായ് ഭരിച്ചു ഭരതനും
പാരീരേഴിലും നിജകീര്‍ത്തിയെപ്പരത്തിനാന്‍
ഭരതസമന്മാര്‍ പോലവരും ഗുണങ്ങളാല്‍,
പേരുകള്‍ കുശാവര്‍ത്തന്‍, പിന്നേവനിളാവര്‍ത്തന്‍,
സാരനാം ബ്രഹ്മാവര്‍ത്തനാര്യാവര്‍ത്തനും പിന്നെ
മലയന്‍ കേതുഭദ്രസേനനു, മിന്ദ്രസ്പൃക്കും
ചലനമൊഴിഞ്ഞെഴും വിദര്‍ഭന്‍, കീകടനും
ഇവര്‍കള്‍ക്കനുജന്മാര്‍ നവയോഗികളല്ലൊ;
കവിയും ഹരിതാനുമന്തരീക്ഷനും പിന്നെ,
പ്രബുദ്ധന്‍ താനും പിപ്പലായനനാവിര്‍ഹോത്രന്‍
ദ്രവിഡന്‍ ചമസനും കരഭാജനന്താനും
ഇവര്‍കളെല്ലാമാത്മജ്ഞാനതല്പരന്മാരാ-
യവനി തന്നില്‍ സന്യാസി പ്രവര‍ന്മാരായാര്‍.
എത്രയും മഹത്വമുണ്ടപ്പരിഷകള്‍ക്കതു
വിസ്തരിച്ചേകാദശസ്കന്ധത്തില്‍ ചൊല്ലീടുന്നു
പിന്നെപ്പര്‍വാദ്യാധികന്മാരായോരെണ്‍പത്തൊന്നു-
മന്വഹം കര്‍മ്മനിഷ്ഠ ബ്രാഹ്മണോത്തമന്മാരായ്.
ഋഷഭന്നിരാപേക്ഷനീശ്വരനെന്നാകിലും
വഴിയേ ലോകാനുഗ്രഹാര്‍ത്ഥമായ്ദ്ധര്‍മ്മത്തോടെ
പരിപാലിക്കും കാലം സകലപ്രജകളും
പരിപൂര്‍ണ്ണാശാവശഗതന്മാരായാരല്ലോ.
ഋഷികള്‍ ധരാദേവന്മാരിവര്‍ കേള്‍ക്കെച്ചൊന്നാ
നൃഷഭദേവന്‍ നിജതനയന്മാരോടെല്ലാം:-
“ബുദ്ധികൊണ്ടെന്റെ ചൊല്ലു സര്‍വരും ഗ്രഹിക്കേണം
ചിത്തത്തിലാക്കി നന്നായുറപ്പിക്കയും വേണം
മര്‍ത്ത്യവിഗ്രഹം നാനാഭോഗത്തിനുള്ളതല്ല
നിത്യമായിരിപ്പൊരു കൈവല്യം വരുത്തുവാന്‍;
മറ്റുള്ള ജന്തുക്കള്‍ക്കുമുണ്ടല്ലോ ഭോഗങ്ങളോ
മറ്റുള്ള ജനങ്ങള്‍ക്കു മോക്ഷമോവരായല്ലോ
മാനുഷജനങ്ങള്‍ക്കേ മോക്ഷത്തെസ്സാധിക്കാവൂ;
മാനസശുദ്ധിവരും തപസ്സുകൊണ്ടു തന്നെ.
മറ്റുള്ള ജനങ്ങളില്‍ വച്ചു മാനുഷന്മാര്‍ക്കു
ചെറ്റു വൈശിഷ്ട്യമെന്തതല്ലായ്കില്‍ നിരൂപിക്ക
സത്സംഗം നരകത്തിന്‍ ദ്വാരമെന്നറിഞ്ഞാലും.
സ്ത്രീസംഗം വിശേഷിച്ചും നരകദ്വാരമെന്നരിഞ്ഞാലും.
ഇത്തരം വിചാരിച്ചു തത്ത്വജ്ഞാനാര്‍ത്ഥം കൊണ്ടു
ചിത്തശുദ്ധിയെച്ചേര്‍ത്തു മുക്തിയെ ലഭിക്കേണം.”
പുത്രരില്‍ വരിഷ്ഠനാം ഭരതന്‍ തന്നെ നന്നായ്
പൃഥ്വീപാലനത്തിനായഭിഷേകവും ചെയ്താന്‍
സന്യാസാശ്രമമവലംബിച്ചു നിവൃത്തനായ്
ദ്ധന്യനാമൃഷഭനും തന്നുടെ തപോബലാല്‍
ഉന്മത്തജളബധിരാന്ധമൂകരെപ്പോലെ
തന്മനോബലത്തോടും പെരുമറീടും കാലം
പ്രാകൃതജനം നാനാജാതിഭാഷിക്കും തോറു-
മേകനായ് മൌനവ്രതം ധരിച്ചാനനുദിനം.
ദുര്‍ജ്ജനപരിഭവം പോക്കുവാന്‍ വിശേഷിച്ചു
വര്‍ജ്ജിച്ചാനശനാദി പലവുമതുമൂലം
തങ്ങളെപ്പോന്നുവന്ന യോഗസിദ്ധികളെയും
സംഗമാധിക്യം കൈക്കൊണ്ടാദരിച്ചീലയേതും.
എന്നതുകേട്ടു പരീക്ഷിത്താകും നൃപവര-
നന്നേരം ശുകനോടു വന്ദിച്ചു ചോദ്യഞ്ചെയ്താന്‍:-
“നന്നുനന്നതു പാര്‍ത്താലെത്രയും, ചിത്രം ചിത്രം!
നന്നായിട്ടരുളിച്ചെയ്തീടേണമതിന്മൂലം,
ആത്മാരാമന്മാരായിട്ടുള്ള യോഗീന്ദ്രന്മാര്‍ക്കു-
മാത്മനാ തന്നെ ലഭിച്ചീടിനോരൈശ്വര്യങ്ങള്‍
ബന്ധഹേതുക്കളാകയില്ലെന്നു കേള്‍പ്പുണ്ടെന്നാ-
ലെന്തവനനാദരിച്ചീടുവാന്മഹാമതേ?”
എന്നിവ ചോദിപ്പോരുമന്നവന്തന്നോടപ്പോള്‍
മന്ദഹാസവും ചെയ്തു ശ്രീശുകനരുള്‍ ചെയ്തു-
“ഇഷ്ടമായുള്ള ലോകത്തൊക്കവേ നടന്നീടാ-
മഷ്ടൈശ്വരാദികള്‍ കൊണ്ടെന്നു വന്നീടും നേരം
ഓരോരോ ലോകങ്ങളിലോരോരോ ഭോഗങ്ങള്‍കൊ-
ണ്ടോരാതെ ചമഞ്ഞീടും യോഗീന്ദ്രന്മാരെങ്കിലും
പിന്നെവിശ്വസിക്കരുതാര്‍ക്കുമേ മനസ്സിനെ-
ത്തന്നുടെ വശത്തു വന്നീടുകയില്ലയല്ലോ;
എന്നലങ്ങേറിയോരു കാലം കൊണ്ടുണ്ടായ്‌വന്ന
തന്നുടെ തപോബലം ഭോഗത്താല്‍ നശിച്ചീടും
ഈശ്വരന്മാര്‍ക്കുപോലും തന്മനോവിശ്വാസംകൊ-
ണാശ്ചര്യംത്രേ തപസ്സൊക്കവേ നശിക്കുന്നു!
വിശ്വസിച്ചീടുന്നാകില്‍ക്കാമത്തെക്കൊടുത്തീടും
നിശ്ചയം മനസ്സെടോ കാണിനാഴികകൊണ്ടേ;
കാമത്താലവിവേകകോപങ്ങളകം പൂകും;
പോമത്രേ പിന്നെത്തപോബലവും ഗുനങ്ങളും;
മുക്തനായ് ചമഞ്ഞുള്ളോരിഋഷഭദേവന്‍ മുന്ന-
മിത്തരം നിരൂപിച്ചു യോഗസിദ്ധികളേയും
ആദരിയാഞ്ഞു മനോവിശ്വാസം വരായ്കയാല്‍
മാധവനുടെ മായയ്ക്കെന്തരുതാതെയുള്ളു?
അങ്ങനെ തന്നെ നാനാദേശങ്ങള്‍ തോറുമങ്ങോ-
ടിങ്ങോടു പെരുമാറും കാലമന്നൊരു ദിനം
കുടകാചലത്തിങ്കല്‍ക്കാട്ടുതീപിടിപെട്ടി-
ട്ടുടലും വെന്തുപോയിഋഷഭദേവന്‍ തന്റെ
അങ്ങനെ ഗതിവന്നോരിഋഷഭചരിതം കേ-
ട്ടംഗനാം നൃപശ്രേഷ്ഠനുണ്ടായി തത്ത്വജ്ഞാനം
തന്നുടെ ധര്‍മ്മമെല്ലാം തന്നുടെ ബുദ്ധികൊണ്ടു
സംന്യാസം ചെയ്തു മോക്ഷം സാധിച്ചാന്‍ വഴിപോലെ.

കഥാസംഗ്രഹം