Sunday, March 21, 2010

പുരന്ദരാനുഗ്രഹം

ചൊന്നേൻ; പുരന്ദരനുഗ്രഹം ചൊല്ലുവാ-
നിന്നുതുടങ്ങുന്നിതെന്നാലതിൻ‌മുൻപിൽ
സൃഷ്ടിചൊല്ലീടുന്നിതിഷ്ടവരങ്ങളും
കിട്ടിസ്സമുദ്രത്തിൽ നിന്നു കരേറിയ
ഭക്തപ്രവരരായ്‌മേവും പ്രചേതാക്കൾ‌
പത്തുപേരാലുമൊക്കെദ്ദഹിപ്പിക്കുന്ന
വൃക്ഷഷണ്ഡങ്ങളെക്കണ്ടുടനപ്പൊഴു-
തൃക്ഷപ്രവരനനുനയിച്ചാദരാൽ
വൃക്ഷങ്ങൾ തന്നനർത്ഥങ്ങളും തീർത്തുകൊ-
ണ്ടക്ഷണമങ്ങു വാർക്ഷാഖ്യയാം കന്യയെ
സത്വരമൻ‌പോടു നൽകിനാനങ്ങവൻ;
പത്തുപേരും കൂടെ വേട്ടാരവളെയും;
ദക്ഷനവളിൽ നിന്നുത്ഭവിച്ചീടിനാൻ.
സൃഷ്ടി ചെയ്താനതുപോരാഞ്ഞു പിന്നെയും
തുഷ്ടികലർന്നു വിന്ധ്യാദ്രിസാനുസ്ഥലം
ഗത്വാ തപസ്സു ചെയ്തവൻ ഹംസഗു-
ഹ്യത്താലഖിലജഗൽ‌പതി മാധവൻ-
തൽ‌സ്തുതിചെയ്തു നന്നായ് പ്രസാദിപ്പിച്ചു-
നില്പവൻ മുമ്പിൽ പ്രകാശിച്ച നാഥനെ-
ക്കണ്ടു തൊഴുതു വന്ദിച്ചു വിനീതനാ-
യിണ്ടലൊഴിഞ്ഞവനായ്ക്കൊണ്ടധോക്ഷജൻ
കുണ്ഠതതീർത്തു കൊടുത്താ നസിക്നിയാം
വണ്ടാർകുഴലിനേയും കൊണ്ടുപോന്നവൻ
തണ്ടാർ ശരക്രിയയാ രമിക്കുന്ന നാൾ.
ഉണ്ടായിതങ്ങവൾ പെറ്റു നിരന്തരം
ഹര്യശ്വന്മാരെന്നുപേരായ പൂരുഷ-
വര്യന്മാർ നന്ദനന്മാർ പതിനായിരം.
സർവജ്ഞന്മാരവരാത്മയോഗത്തെയും
നിർ‌വഹിച്ചാനന്ദതൽ‌പരരായുടൻ
നാരദശാസനയാലഭീഷ്ടപ്രദ-
ന്മാരവർ സംന്യസിച്ചീടിനാരേവരും.
അന്നതുകണ്ടു പരിതാപയുക്തനായ്
പിന്നെയും ദക്ഷപ്രജാപതി കേവലം
ബ്രഹ്മനിയോഗാൽ ശബലാശ്വന്മാരെന്നു
നിർമ്മലന്മാരായ നന്ദനന്മാരെയും
ചെമ്മേ ജനിപ്പിച്ചുകൊണ്ടാനസിക്നിയാം
ധർമ്മദാരങ്ങളിൽ നിന്നതിവിദ്രുതം
കൽമഷം തീർന്നവരും നാരദാജ്ഞയാ-
ലുന്മേഷമുൾക്കൊണ്ടു സംന്യസിച്ചീടിനാർ,
നന്ദനന്മാരവരായിരവും ബത!
സംന്യസിച്ചാരെന്നറിഞ്ഞഥ ദക്ഷനും
കോപേന നാരദൻ തന്നെശ്ശപിച്ചു സ-
ന്താപസംയുക്തനായാനവിളംബിതം
പിന്നെയും ബ്രഹ്മാനുനീതനസ്കിനിയിൽ
നിന്നങ്ങറുപതു കന്യകമാരെയും
ചെമ്മേ ജനിപ്പിച്ചവർകളിൽ പത്തിനെ
ധർമ്മരാജന്നു കൊടുത്തോരനന്തരം,
മാരീചനായ് പതിമൂന്നിരുപത്തേഴു-
പേരെ മുതിർന്നു ജൈവാതൃകനും തദാ;
ഭൂതനുമംഗിരാവിന്നും കൃതാശ്വനും
പ്രീതനായങ്ങിതിരുവരെയും തഥാ
താർക്ഷ്യനു നാല്വരേയും കൊടുത്താനതിൽ
സാദ്ധ്യരുമാശു വിശ്വദേവതകളും
വിശ്വകർമ്മാവും വസുക്കളും രുദ്രനും
അശ്വിനീദേവകളും ധർമ്മപുത്രന്മാർ
മറ്റും പലരുണ്ടു പിന്നെയും പത്തുപേർ
പെറ്റുള്ള ധർമ്മതനയന്മാരായാർ.
അംഗിരാവിന്നു പിതൃക്ക;ളരുണനു
മങ്ങു ഗരുഡനനവധി നാഗങ്ങൾ‌-
തങ്ങളും താർക്ഷ്യജന്മാർ പോലവരെല്ലാ-
മിങ്ങനെയുള്ളവരെന്നറിഞ്ഞീടു നീ
നിൽ‌ക്കതെല്ലാമദിതി, ദിതിയും, ദനു.
മൈക്കണ്ണികാഷ്ഠ, യരിഷ്ട, സുരസയും,
ചൊൽക്കൊണ്ടെഴുമിളയും, മുനിയും, ക്രോധ-
മുഖ്യവശയു, മത്താമ്രസുരഭിയും,
പിന്നെസ്സരമാ, തിമിയിവർ കശ്യപൻ-
തന്നുടെ പത്നിമാരല്ലോ പതിമൂവർ.
എന്നവർതമ്മുടെ സന്തതിയാലുല-
കംനിറഞ്ഞു സർവജന്തുഭീരെങ്ങുമേ.
മന്നവ! കേൾ തിമിസന്തതിയായത-
ങ്ങന്വഹമർണ്ണസ്സത്വങ്ങളറിക നീ.
സാരമേയന്മാർ നിരന്തരം ശ്വപദ-
ന്മാരിഹ നിത്യം, സുരഭിജജാതികൾ
ഗോകുലം, താമ്രസുതന്മാർ ഖഗാദികൾ,
ഏകദാ കേൾ മുനിക്കപ്സരസാംഗണം,
ക്രോധവശയ്ക്കുളവായുള്ള സന്തതി‌
ജാതികൾ‌പോൽ സർപ്പജാതികളാദികൾ,
കേവലമിങ്ങിളാസന്തതിജാതമി-
സ്താവരജാതികൾ സർ‌വലോകങ്ങളിൽ.
കേൾക്ക സുരസപെറ്റുണ്ടായിതൂഴിയിൽ
രാക്ഷസവംശമൊരുവക, ഭൂപതേ!
ഗന്ധർവസംഘമരിഷ്ടതൻ സന്തതി,
സന്തതി കാഷ്ഠയ്ക്കുളായതശ്വാദികൾ.
ദാനവന്മാർ ദനുസൂനുക്കളുണ്ടനേ-
കാനാം, ദിതിസുതന്മാർ ദൈത്യസംഘവും,
പൂർവജയാകുമദിതിക്കു സൂനുക്ക-
ളാമവർ‌ പന്തിരണ്ടാദിത്യന്മാരല്ലോ;
പേരവർകൾക്കു വിവസ്വാനു, മര്യമാ,
പൂഷാ, വഥാപി ച ത്വഷ്ടാ, സവിതാവും,
നീതിമാനാം ഭഗൻ, ധാതാ, വിധാതാവും,
പ്രീതൻ വരുണനും, മിത്രനു, മിന്ദ്രനും
വിഷ്ണുവുമെന്നിവർ പന്തിരണ്ടിങ്ങനെ
വിഷ്ണുരാതപ്രഭോ! കേട്ടുകൊൾകെന്നതിൽ
ശ്രാദ്ധദേവൻ മനുവും, ധർമ്മരാജനും
തീർത്ഥഭൂതാഢ്യയായുള്ള യമുനയും,
ആശ്വിനേയന്മാരുമാഹന്ത! മന്ദനും,
ആശ്ചര്യരൂപനായുള്ള സാവർണ്ണിയും,
സാദ്ധ്വീ തപതിയുമെന്നിവർ കേവലം
മൂത്തവനായ വിവസ്വാനപത്യങ്ങൾ,
അര്യമാവിന്നു ചരണികളെന്നു തൽ‌-
പര്യായനാമങ്ങൾതന്നപത്യങ്ങൾപോൽ.
പൂഷാവിനില്ലപത്യം, ദിതിവംശൈക-
ഭൂഷണയായരോചനയാം ഭാര്യയിൽ
ത്വഷ്ടാവിന് സന്നിവേശനും കേവലം
ഇഷ്ടനാം വിശ്വരൂപൻ താനുമിങ്ങനെ
രണ്ടപത്യങ്ങളതിൽ വിശ്വരൂപനെ-
ക്കണ്ടു ബൃഹസ്പതിയെക്കളഞ്ഞങ്ങഥ
കൊണ്ടാൻ പുരോഹിതനായമരേന്ദ്രന-
ക്കണ്ടകദൌഹിത്രനാകുന്നതെങ്കിലും
എന്നതുകേട്ടഭിമന്യുജൻ ശ്രീശുകൻ-
തന്നെത്തൊഴുതു ചോദ്യം ചെയ്തിതഞ്ജസാ:-
“എന്തിനു ദേവകൾ ഗീഷ്പതിയെക്കള-
ഞ്ഞന്തരാ വിശ്വരൂപം ഗുരുവായ്ക്കൊണ്ടു?
ചൊല്ലിത്തരേണ”മെന്നുള്ളതു കേട്ടുടൻ
ഉള്ളം തെളിഞ്ഞരുൾ ചെയ്തിതു ശ്രീശുകൻ:-
“സർവദൈശ്വര്യസമൃദ്ധനായ് മേവിന
ദേവേന്ദ്രനെക്കാണ്മതിന്നു ബൃഹസ്പതി-
താനേകദാ ചെന്നനേരത്തൃഭുക്ഷനും
മാനമദം കലർ‌ന്നാദിയായ്കയാൽ
കോപം കലർന്നു താപേന സുരഗുരു
വേപിതനായ് ഗൃഹത്തിന്നെഴുന്നള്ളിനാൻ
പിന്നെപ്പരമാർത്ഥമുള്ളിലുണ്ടായള-
വിന്ദ്രൻ വിവേകവൈരാഗ്യസംയുക്തനായ്
ചെന്നാൻ ബൃഹസ്പതിയെ പ്രസാദിപ്പിപ്പാൻ
എന്നളവെങ്ങുമേ കണ്ടീല ജീവനെ
തമ്പോക്കലുള്ളപരാധം നിമിത്തമായ്‌
ഉമ്പർ‌കോനേറ്റം പ്രയത്നേന പിന്നെയും
ജീവനെത്തേടിനടന്നു കാണായ്കയാൽ
ആവിരാനന്ദം കുറഞ്ഞു വാണീടിനാൻ,
അങ്ങനെയുള്ളോരവസരം കേൾക്കയാൽ
ഇങ്ങസുരേന്ദ്രൻ പടയോടുകൂടവേ
വന്നമരാപുരിചുറ്റും വളഞ്ഞള-
വുന്നതികെട്ടു തോറ്റീടിനാർ ദേവകൾ.
ചെന്നു വിരിഞ്ചനോടന്നതെല്ലാം പുന-
രിന്ദ്രൻ തൊഴുതുണർത്തിച്ചു നിന്നീടിനാൻ.
മന്ദേതരമതുകേട്ടു ചതുർ‌മ്മുഖൻ‌‌
തന്നുള്ളിലമ്പോടു ചിന്തിച്ചു സാദരം:-
“ഖിന്നത തീർത്തു രക്ഷിപ്പാൻ പുരോഹിതൻ-
തന്നെ പിരിയാതെ വേണം നിരന്തരം
സന്ദേഹമില്ലതില്ലാഞ്ഞാലിതുവരും.
എന്നാലിതിന്നിനിയൊന്നുവേണം ഭവാൻ
ദേവകുലാചാര്യനായ ബൃഹസ്പതി
ജീവപ്രസാദമുണ്ടാവോളവും മുദാ
വിശ്വരൂപം ഗുരുവായ്‌വരിച്ചാലുമ-
ങ്ങിച്ഛകളെല്ലാം വരുത്തുമവനെടോ!
നിശ്ചയം നന്നായ്‌വരു” മെന്നരുൾ‌ചെയ്താൻ,
നിശ്ശേഷതാപങ്ങൾ‌ തീരുമാറങ്ങനെ
വിശ്വസൃക്കമ്പോടരുൾ‌ചെയ്തു കേട്ടുടൻ‌
ദുശ്‌ച്യവനൻ ചെന്നു വിശ്വരൂപം തദാ
നിസ്സംശയം ഗുരുവായ് വരിച്ചീടിനാൻ.
ഉൾ‌ച്ചേർന്നെഴും ബഹുഭക്ത്യാപി സാദരം
പശ്‌ചാദഭയദമായ് പാപനാശന-
വശ്യമായ് മേവും പുരുഷാർത്ഥസാദ്ധ്യമായ്
സത്യമായുള്ളൊരു നാരായണ കവ-
ചത്തെയുപദേശിച്ചീടിനാൻ‌ ബുദ്ധിമാൻ.
നിത്യമതുകൊണ്ടുമങ്ങവൻ‌തന്നനു-
വൃത്തനായാശ്രയം കൊണ്ടും നിരന്തരം
ശക്രനശേഷദിതിസുതന്മാരെയും
ഒക്കെജ്ജയിച്ചു ലോകത്രയൈകേന്ദ്രനായ്
സദ്യോ വിളങ്ങിനാൻ‌ മുന്നേതിലേറ്റമ-
ങ്ങദ്യൈവ വിശ്വരൂപപ്രഭാവങ്ങളാൽ,
തൽ‌പ്രഭാവപ്രഭുവിന്നു ശിരസ്സുമൂ-
ന്നെപ്പോഴുമെന്നതിലൊന്നോദനത്തിനും
സോമപാനത്തിനും മദ്യപാനത്തിനും;
ആമവ മൂന്നുമവനു സുരഗണം
മോദേന നൽ‌കും ഹവിർ‌ഭാഗമേവരും
സാദരം കാൺ‌കെ വെളിച്ചമേ കേവലം
ദാനവന്മാരൊളിച്ചും കൊടുപ്പോരതു-
താനവരണ്ടും ഭുജിക്കുമാറാകുന്നു.
അങ്ങനെ വാഴുന്ന കാലം അസുരകൾ
അങ്ങുനൽ‌കും ഹവിർ‌ഭാഗമതേകദാ
തിങ്ങും കുതൂഹലത്തോടെ ഭുജിച്ചള‌-
വെങ്ങുനിന്നെന്നറിഞ്ഞീല മഹേന്ദ്രനും
ചെന്നുകണ്ടാശു കോപിച്ചു വജ്രേണതാ-
നന്നവൻ‌തൻ‌തല മൂന്നുമനുക്ഷണം
വെട്ടിക്കളഞ്ഞവ പക്ഷികളായുടൻ‌
പെട്ടെന്നുയർ‌ന്നിതാകാശദേശാന്തരേ.
വിശ്വരൂപപ്രഹത്യാകൃതപാതക-
കച്യുതപൂർവജനോടടുത്തൂ തദാ
സത്വരമന്നതുകണ്ടു പുരന്ദരൻ‌
ചത്വാരിഭാഗിച്ചുവെച്ചു കൊണ്ടൊക്കെയും
തുല്യമാക്കി ക്ഷമാഭൂരുഹവാരിധി
മല്ലാക്ഷികൾക്കു കൊടുത്തൊഴിച്ചീടിനാൻ.

അക്കാലമങ്ങമരേന്ദ്രനും ജയിപ്പോരു-
മുഷ്കര ശത്രു വന്നുത്ഭവിച്ചീടുവാൻ
ത്വഷ്ടാ തുടങ്ങിന ഹോമകുണ്ഡത്തിൽനി‌-
ന്നെട്ടാശകൾ ബത പൊട്ടുമാറൂറ്റമായ്
വെട്ടുമിടികളും ഞെട്ടുമാറാഴികൾ
വട്ടം തിരിഞ്ഞു കീഴ്മേൽ മറിയുംവണ്ണം
പൊട്ടിപ്പൊരിക്കനൽ തൂകും മിഴികളോ-
ടട്ടഹാസങ്ങളും ചെയ്തെഴുന്നീടിനാൻ
വൃത്രാസുരേന്ദ്രനത്യുഗ്രപരാക്രമ-
ചക്ര നഭ്രം തലതട്ടി നിൽക്കുന്നവൻ
വക്ത്രം പിളർന്നലറിക്കൊണ്ടു പാഞ്ഞുവ-
ന്നെത്തുന്നതുകണ്ടു സർവഭൂതങ്ങളും
പേടിച്ചതിശയമോടിക്കിഴച്ചിട-
രീടുന്നവരൊളിച്ചാർ പലദിക്കിലും.
കൂടെത്തുടർന്നടുക്കുന്നവരൊട്ടതിൽ
ചാടിപ്പിടിച്ചുടൻ വാരിവിഴുങ്ങിയും
ഘോരൻ വരുന്നതുകണ്ടു സുരാന്വയം
നേരേ തുടർന്നടുത്തായുധപങ്‌ക്തിയെ-
ത്തൂകിച്ചിഴന്നു വട്ടംതിരിഞ്ഞവൻ
ആകുലമെന്നിയേ താൻ മദിച്ചീടിനാൻ.
ധാരാവരിഷങ്ങളോരോവിധം മഹാ-
വാരാകരം പോലെ താനടക്കീടിനാൻ.
വായും പിളർന്നടുത്താനവൻ പിന്നെയും
പേയായ് ചമഞ്ഞു പാഞ്ഞാരമരൌഘവും
ദേവേന്ദ്രാദികൾ പാരം വിഷണ്ണരായ്
ആവതെന്തൊന്നിതിനെന്നുഴന്നേവരും
പാലാഴി പുക്കഖിലേശ്വരനീശ്വരൻ‌
നാലായ വേദാന്ത സാരാർത്ഥനവ്യയൻ‌
കാലാരിസേവിത പാദാംബുജൻ‌ പരൻ‌
കാലസ്വരൂപൻ‌ കമലാലയാവരൻ‌
നീലാംബുദാമലകോമളൻ‌ സുന്ദരൻ‌
നീലാരവിന്ദദലായതലോചനൻ
ലോകൈകദേശികനാത്മാനിരഞ്ജനൻ‌
ലോകാരവിന്ദഹൃദിസ്ഥിതൻ‌ തൻ‌പദം
വീണു തൊഴുതു തൊഴുതതിസംഭ്രമാൽ‌
ത്രാണനിപുണം ദയാലയമവ്യയം
കൂപ്പിസ്തുതിച്ചു ചരിത്രനാമങ്ങളും
പേർപെട്ടു വന്ദിച്ചു നിൽക്കുന്നവർകളിൽ
പ്രീത്യാ മുകുന്ദൻ‌ പ്രസാദിച്ചരുൾചെയ്തു
വാർത്തകൾ‌ കേട്ടു തൊഴുതിങ്ങുപോന്നവർ‌.
നിത്യം തപസ്സുചെയ്തീടും ദധീചിയെ
പ്രാർത്ഥിച്ചു വാങ്ങിനോരസ്ഥികൾ കൊണ്ടുടൻ‌
ചേർത്തു ചമച്ചെടുത്തോരു വജ്രത്തെയും
ഗോത്രാരി കൈക്കൊണ്ടമരൌഘസേനയാ-
സാർദ്ധമൊരുമിച്ചു ചെന്നെതിർത്തീടിനാൻ.
ചേർത്തു മഹാഘോരനോടു സരഭസം
യുദ്ധം ഭയങ്കരമായ് വന്നിതെത്രയും
ഉദ്ധ്യതമായ സിംഹദ്ധ്വനിപൂരവും
ദിക്കുകൾതോറും നിറഞ്ഞു പരന്നുടൻ‌
ഒക്കെ പ്രതിധ്വനികൊണ്ടിളകീ തുലോം
ദേവാസുരായോധനം കീഴിലാരുമ-
ങ്ങീവണ്ണമാഹാന്ത! കണ്ടീലൊരിക്കലും
പോരിലിവിടെ വരുന്നതെന്തെന്നഹോ!
നാരദനാദികൾ‌ സംശയിക്കുംവിധൌ
ദേവാരികൾ‌ തൂകുമസ്ത്രങ്ങളൊക്കവേ
ദേവകൾ ഖണ്ഡിച്ചു ഖണ്ഡിച്ചൊടുക്കുമ്പോൾ
കേവലം വൃക്ഷശൈലാദികൾ‌ കൊണ്ടുടൻ‌
ആവോളവും പ്രഹരിച്ചാരസുരകൾ.
ദേവകളങ്ങവയും നുറുക്കി പ്രതി-
ഭാവമോടായുധപങ് ക്തികൾ തൂകിനാൾ.
കാൽ കരം തോൾ തുടയുറ്ററ്റു സംഭ്രമി-
ച്ചാകുലപ്പെട്ടു ചുഴന്ന സുരൌഘവും
പായുന്നളവു തടുത്തു വ്രതാസുരൻ
മായമൊഴിഞ്ഞു ചൊല്ലീടിനാൻ നീതികൾ.
ദാനവന്മാർ ഭയം പൂണ്ടതേതും ബഹു-
മാനിയാതേ പലദിക്കിനുമോടിനാർ.
താനതു കണ്ടവർതമ്മെയയച്ചുടൻ
വാനവരോടു വ്രതാസുരൻ ചൊല്ലിനാൻ:-
"ദേവകളേ! നിങ്ങൾ പായും നരികളെ-
പ്പോവാനയപ്പിൻ വധിക്കരുതാരെയും
പോരിനു പാരമുണ്ടാഗ്രഹമെങ്കിലോ
നേരേ വരുവിൻ! മതി നിങ്ങളോടു ഞാൻ
ചാകിലും കൊൽ കിലും നന്നെ" ന്നെതിർത്തവൻ
നാകികളോടു പൊരുതാനുരുതരം.
അപ്പോഴുതിന്ദ്രനും ചെന്നടുത്തീടിനാൻ
അല്പേതരാഹവം ചെയ്താരിരുവരും
മദ്ധ്യേ പലവിധം പാരുഷ്യവാക്യങ്ങൾ
സദ്യഃപൊഴിഞ്ഞു പരാക്രമിക്കും വിധൌ
ഭേദമൊന്നേതും ചെറുതുകാണായ്കയാൽ
ആദിതേയാധിപനോടു തുടർന്നവൻ
ശൂലമെടുത്തു പിടിച്ചയച്ചാനതു-
കാലമസുരകരവുമാ ശൂലവും-
കൂടെയുടനരിഞ്ഞിട്ടവനങ്ങതി-
നാടൽ കൂടാതെ മറ്റേക്കരത്താലവൻ
കോപാലിരുമ്പെഴുകെ പ്രയോഗിച്ചതേ-
റ്റാപൂർണ്ണവേദനയാലമരേന്ദ്രനും
കയ്യിൽ നിന്നൂഴിയിൽ വീണിതു വജ്രവും
മയ്യൽ പൂണ്ടാശു മയങ്ങിനാനേറ്റവും.
വൃത്രനതുകണ്ടു പൊട്ടിച്ചിരിച്ചുടൻ
ഭക്തിപ്രയുക്തമാം വാക്കുകൾ ചൊല്ലിനാൻ
തത്രൈവ ഭക്തിവളർന്ന ശതക്രതു
സത്യാത്മകം പ്രയോഗിച്ചു രണ്ടാമതും
വജ്റമെടുത്തുകൊണ്ടൈരാവതോപരി
വിജ്വര ചേതസാ താനടുത്തീടിനാൻ.
വൃത്രനിരുമ്പെഴുകങ്ങെടുത്തശ്രമം
തത്യരം ഖണ്ഡിച്ചയച്ച കരത്തെയും
വജ്റമതിനാലരിഞ്ഞു വീഴ്ത്തീടിനാൻ
ഉജ്ജ്വലിതാമർഷമപ്യസുരേന്ദ്രനും
വക്ത്റേണ ചെന്നെടുത്തൈരാവതത്തെയും
ശക്രനേയും കൂടവേ വിഴുങ്ങീടിനാൻ.
നിർജ്ജരന്മാരും പരിഭ്രമിച്ചീടിനാർ
വജ്റിയും നാരായണകവചത്തിനാൽ
രക്ഷിതനായാൻ ഗജേന്ദ്രനുമേതുമേ
വിഘ്നമുണ്ടായീല തൽ പ്രഭാവത്തിനാൽ.
പിന്നെയങ്ങങ്ങനെ നിന്നു പുരന്ദരൻ
ഉന്നതനാം കവിവീരനെത്തന്നെയും
തന്നെയും തിക്കാതെ നിന്നു പുറപ്പെടും-
വണ്ണം പരിവൃത്തവിസ്താരമന്തരാ
വന്നുകൂടും പ്രകാരം ശതകോടിയാൽ
അന്യൂന വേഗേന തജ്ജഠരാന്തരം
വെട്ടിക്കുറച്ചിടമുട്ടിനില്ക്കും പരി-
വട്ടഖണ്ഡത്തെയും തട്ടിക്കളഞ്ഞുടൻ
തുഷ്ട്യാ പുറപ്പെട്ടളവിടരുറ്റവൻ
ദൃഷ്ടികൾ മന്ദിച്ചതു കണ്ടളവു തൽ-
കണ്ഠവും വജ്റേണ ഖണ്ഡിച്ചു വീഴ്ത്തിനാൻ;
ഉണ്ടായിതു സകലർക്കുമാനന്ദവും.
വ്രത്രവധം ചെയ്കിലുണ്ടായ് വരും ബ്രഹ്മ-
ഹത്യയെന്നുള്ളിലമരേന്ദ്രനും നടേ
ചിത്തത്തിലുണ്ടായിരുന്നതിന്നശ്വമേ-
ധത്താലതിനു പ്രായശ്ചിത്തമെന്നുള്ളതും
സത്തുക്കളെല്ലാമരുൾ ചെയ്തതും പരി-
ശ്രുത്വാ വസിക്കുന്ന കാലമവനെയും
വിഗ്രഹത്തിങ്കൽ വധിച്ചളവേറ്റമ-
ത്യുഗ്രഹത്യാ മൂർത്തിമത്തായനുക്ഷണം
ശക്രനെ നോക്കിയടുത്തതുകണ്ടു ത-
ന്നുൾക്കാമ്പിലേറിന ഭീത്യാ പുരന്ദരൻ
സത്വരമോടിനാൻ കൂടെത്തുടർന്നു പാ-
ഞ്ഞെത്തി വിരവോടു തൽ ബ്രഹ്മഹത്യയും.
ഈരേഴുലോകങ്ങളിലും തുടർന്നു പാ-
ഞ്ഞാരും ശരണമില്ലാഞ്ഞു പരവശാൽ
മാനസമായ സരസിമുഴുകിനാൻ
വാനവർകോനൊരു താമരപ്പൂവാതിൽ
ഗൂഢനായാടലോടേ മരുവീടിനാൻ
പേടിയും പൂണ്ടു മൂടീ; ബ്രഹ്മഹത്യയും
വേറേ മൃണാളങ്ങൾതോറുമെല്ലാം പെരു-
മാറി നിന്നീടിനാനായിരം വത്സരം
കാലം ഭഗവൽ സ്മൃതിയോടു കൂടെയ-
ക്കാലം നഹുഷനൈനന്ദ്രം പദം വാഴുവോൻ.
താനുടനൈശ്വര്യമത്തനായന്തരാ
മാനിനിയാം ശചീദേവിയെപ്പുൽ കുവോൻ.
കാമിച്ചപേക്ഷിച്ചളവവൾ ചൊല്ലിനാൾ
മാമുനിമാരാൽ വഹിച്ചു വന്നീടുവാൻ.
അന്നവരെക്കൊണ്ടു തണ്ടെടുപ്പിച്ചുകൊ-
ണ്ടന്യൂനമോദമാർന്നങ്ങുപോകുന്നവൻ
മന്ദം നടക്കുന്ന മൈത്രാവരുണിയെ
ഒന്നു ചവിട്ടിയനേരം മുനിവരൻ
കോപേന നീ പെരുമ്പാമ്പായ് ചമകെന്നു
ശാപവും ചെയ്താനതേറ്റു നരവരൻ-
താനു മജഗരമായ് ക്കിടന്നീടിനാൻ;
മാനവേന്ദ്രൻ ധർമ്മപുത്രനെക്കാണ്മോളം.
മാനസേ താമരപ്പൂവിൽ വിളങ്ങിന
വാനവർകോനും ഭഗവതുപാസന-
കാരണം ശുദ്ധനായപ്പോൾ മുനികൾ ചെ-
ന്നാരൂഢമോദമോടാഹൂതനായവൻ
താപസന്മാരോടുകൂടവേചെന്നു തൻ-
പാപവും വാജിമേധം ചെയ്തു കേവലം
ദൂരെനീക്കിക്കളഞ്ഞാശു കൃതാർത്ഥനായ്
നാരായണാഗ്രജൻ വാണാൻ നിജപദം.
ഏവമാഹന്ത! കേൾക്കായനേരം നര-
ദേവനും ശ്രീശുകനോടു ചോദ്യം ചെയ്താൻ:-
"മാഹാത് മ്മ്യമീശ്വരഭക്തർക്കൊഴിഞ്ഞൊരു
ദേഹികൾക്കും ഭവിക്കുന്നതല്ലായ് കാൽ
രാജസനാകിയ വൃത്രനെന്തെത്രയും
പൂജനീയം മഹത്ത്വം വളർന്നീടുവാൻ
കാരണ"മെന്നതിനുത്തരം ശ്രീശുകൻ
പാരാതെ ചിത്രകേതൂദന്തസംഗ്രഹം
നേരേ തിരിച്ചരുൾ ചെയ്തരുളീടിനാൻ:

"ശൂരസേനോത്തമമാം വിഷയേ പുരാ
ചിത്രകേത്വാഖ്യയാ ചക്രവർത്തീന്ദ്രനായ്
എത്രയുത്തമനാം നൃപസത്തമൻ
സന്തതിയില്ലാഞ്ഞു ഖേദിച്ചു സന്തതം
ചിന്തയും പൂണ്ടിരിക്കുന്നാളൊരുദിനം
മുമ്പിലങ്ങംഗിരവാഗതനായള-
വൻപോടു പൂജയിത്വാ നൃപതീശ്വരൻ
പ്രാർത്ഥിച്ചു സന്തതിക്കബ്ജോത്ഭവാത്മജൻ
പാർത്ഥവനിൽ പ്രസാദിച്ചു തത്രാന്തികേ
നിന്നു യജിച്ചിതു ത്വഷ്ടാവനുഗ്രഹി-
ച്ചെന്നതിനാലുമൊരാത്മജനഞ്ജസാ
വന്നുളവായവനെത്രയും തേജസാ
നന്നായ് വളർന്നു തുടങ്ങിനാനവഹം
മന്നവനുണ്ടനേകായിരം ഭാര്യമാർ
എന്നതിലങ്ങൊരുത്തിക്കൊരു നന്ദനൻ
ജാതനായ് വന്നതുമൂലം പിതാവിനു
മാതാവിലുൾപ്രീതിയേറുമെന്നോർക്കയാൽ
ചേതോഹരികൾ മറ്റുള്ളവർക്കൊക്കവേ
ചേതസി മേന്മേൽ വളർന്നോരസൂയയാൽ
ബാലനൊരുനാൾ വിഷം കൊടുത്തീടിനാർ;
കാലവശം ഭവിച്ചാൻ നൃപപുത്രനും.
മാതാ കൃതദ്യുതിയും ചിത്രകേതുവും
വാതമടങ്ങിയ പുത്രനെക്കാൺകയാൽ
പാരം മുഴുത്തഴലോടു തൊഴിച്ചല-
ച്ചേറെ വിലപിച്ചുവീണു കേഴുവിധൌ
വീണാധരനുമായംഗിരസ്സങ്ങര-
ക്കാണിക്ഷണേന മുതിർന്നെഴുന്നള്ളിനാൻ.
ഭൂപതി മോഹിച്ചുവീണവൻ തൻപരി-
താപം കെടുപ്പതിനായനേകം വിധം
നീതികളോതിനില്ക്കും വിധൌ മോഹവും
ചേതസി ചെറ്റകന്നാശ്വസിച്ചാദരാൽ
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു
പുണ്ഡരീകോത്ഭവനന്ദനന്മാരുടെ
മുന്നിലാമ്മാറുപോയ് ചെന്നു വന്ദിച്ചുനി-
ന്നന്നേരമുള്ളുണർന്നാശു ചൊല്ലീടിനാൻ:-
"നിങ്ങളിരുവരുമാരെന്നതേതുമൊ-
ന്നിങ്ങറിഞ്ഞീലതിമൂഢനാം പാപി ഞാൻ
നിർമ്മലാത്മാനന്ദധാരികൾ സരവവും
ബ്രഹ്മണിചേർത്തു ലയിപ്പിച്ചഖിലവും
തന്മയമായൊരുമിച്ചു തെളിഞ്ഞു സ-
ച്ചിന്മയരൂപികൾ ദിവ്യപുരുഷന്മാർ
കല്മഷം തീർത്തു ലോകാനുഗ്രഹത്തിനായ്
ചെമ്മേ സകല ലോകങ്ങളിലെങ്ങുമേ
കാരുണ്യമുൾക്കൊണ്ടവധൂതവേഷരായ്
ഒരോവിധം പെരുമാറുന്നതുണ്ടുപോൽ.
പാരിലിതിങ്ങനെയുള്ളവരിൽ ചിലർ;
നേരേ ഭവാന്മാരെന്നുണ്ടു തോന്നീടുന്നു
കാരുണ്യശാലികളായുള്ള നിങ്ങളി-
ന്നാരൂഢമോദാലനുഗ്രഹിക്കേണമേ;
മാനമദങ്ങളശേഷമൊഴിച്ചു നി-
ത്യാനന്ദാത്മാനമുപദേശിക്കേണമേ;
മായാമയബഹുസംസാരവിഭ്രമ-
തോയാകരത്തെക്കടത്തുകവേണമേ;
പാദപയോജയുഗളമൊഴിഞ്ഞുമ-
റ്റാധാരമില്ലെ"ന്നവൻ തൊഴുതീടിനാൻ.
വീണു നമസ്കരിച്ചീടും നൃപതിയെ
വാണീകരൈരെഴുനേല്പ്പിച്ചു സാദരം
ഭക്തികൊണ്ടേറ്റം പ്രസാദിച്ചവർകളും
ഉത്തമനംഗിരസ്സഥ തൽ ക്ഷണം
ചിത്തം തെളിഞ്ഞരുൾ ചെയ്തരുളീടിനാൻ:-
"ഉത്തമന്മാരിലത്യുത്തമനാം ഭവാൻ
കേൾക്കെങ്കിലുള്ളിലുണ്ടായ ദുഃഖങ്ങളെ
നീക്കിക്കളഞ്ഞു ഞാൻ ചൊല്ലുന്നചൊല്ലുകൾ
പണ്ടു നിനക്കു തനയനിവനെയി-
ങ്ങുണ്ടാക്കിയതംഗിരസ്സായ ഞാനെടോ!
കണ്ടാലുമിങ്ങിഹ നില്പതു നാരദന്‍
ഇണ്ടല്‍ നിനക്കശേഷം കളഞ്ഞീടുവാന്‍
വന്നതിപ്പോള്‍ നിനക്കാത്മജ്ഞാനം നടേ-
തന്നെ തരുവാന്‍ നിനച്ചുവന്നേനഹം.
അന്നുനിന്‍ ഭഗവതി കണ്ടു നന്ദനന്‍-
തന്നെത്തരുവാനവകാശമായതും;
ഇന്നതുകൊണ്ടുതന്നേ ദുഃഖമിങ്ങനെ
വന്നതിന്‍ കാരണ മെന്നറിഞ്ഞീടു നീ
നിന്നാലറിയരുതാത്തതല്ലൊന്നുമേ
നിന്നുള്ളില്‍ നന്നായ് വിചാരിച്ചു കാണ്‍കെടോ!
മായാമയമിപ്രപഞ്ചകാര്യങ്ങളില്‍
പേയായ് വലഞ്ഞുപോകായ്കവേണം ഭവാന്‍
ദുഃഖസുഖങ്ങളിടകലര്‍ന്നുള്ളതി-
ലൊക്കെ സുഖങ്ങളെന്നത്ര തോന്നീടുന്നു
സ്വപ്നസമാനമായുള്ള വസ്തുക്കളില്‍
നിത്യം സുഖമെന്നു തോന്നുന്നു മായയാ,
പുത്രകളത്രമിത്രാര്‍ത്ഥ ഗൃഹാദികള്‍
അത്ര ശരീരസംബന്ധികളായതും
ത്യക്താ സകലലോകാശ്രയമവ്യയം
നിഷ് കളം നിത്യം നിരഞ്ജനം നിര്‍മ്മലം
സത്യസ്വരൂപം സനാതനം സന്മയം
സച്ചിത്സ്വരൂപമാനന്ദമവ്യാകൃതം
സര്‍വജഗല്‍ പരിപൂര്‍ണ്ണ തേജോമയം
സര്‍വൈക കാരണാത്മാനം പരാപരം
സര്‍വലോകൈകമൂലസ്വതാകാരണം
പര്‍വചന്ദ്രായുതമണ്ഡലസന്നിഭം
ഗര്‍വവിഹീനമാമ്നായാന്തസംഗ്രഹം
ദേവേശ വിഷ്ണുപദം പരം ജ്യോതിഷം
ദിവ്യജനാത്മ പ്രകാശ സ്വരൂപിണം
നിര്‍വ്യാജമമ്പോടു സേവിച്ചുകൊള്‍ക നീ.
സര്‍വദുഃഖങ്ങളൊഴിഞ്ഞുപോം നിര്‍ണ്ണയം;
സര്‍വം സഹാവര! തേറു നിന്മാനസേ.”
ഏവം നരവരനോടരുൾ ചെയ്തംഗി-
രാവും മൃതനാകിയ ബാലകൻ തന്നുടെ
ജീവനെത്താൻ വിളിച്ചാശു ജീവിപ്പിച്ചു
കേവലം സരവരും കേൾക്കവേ ചൊല്ലിനാൻ:-
"ആത്മസ്വരൂപമായുള്ള പരബ്രഹ്മം
അത്മാസകലശരീരികൾക്കാകയാൽ
ധാത്രീപതിസുതനാകിയ നിന്നുടെ
ഗാത്രമുപേക്ഷിച്ചു പോയതെങ്ങെങ്ങുനീ?
മാതാപിതാക്കൾ ദുഃഖിപ്പവർതമ്മുടെ
ഖേദമശേഷമൊഴിച്ചിരുന്നീടു നീ"
ജീവനതുപെഴുതാഗിരാവോടതി-
നാവിർമ്മുദാ പുരരുത്തരം ചൊല്ലിനാൻ:-
"ഏതു ജന്മത്തിലെ മാതാപിതാക്കളെ
പ്രീതി വരുത്തിച്ചമയ്ക്കുന്നതിന്നു ഞ്ഞാൻ?
എത്ര ജന്മങ്ങൾ കഴിഞ്ഞു നമുക്കു പ-
ണ്ടെത്ര മാതാപിതാക്കന്മാരോരോതരം
തത്ര തത്രൈവ സംസാര ചക്രത്തിലി-
ങ്ങത്രൈവ കർമ്മഗതിക്കൊത്തവണ്ണമേ
മായാമയമിപ്രപഞ്ചകാര്യം ഭവൽ
ജ്ഞേയമായുള്ളതു ഞാൻ പറയേണമോ?"
എന്നുപറഞ്ഞു ജീവൻ ശരീരത്തെയും
പിന്നെ വെടിഞ്ഞങ്ങു പോയോരനന്തരം
ജ്ഞാതികൾ ശേഷക്രിയകൾ ചെയ്താർ ചിത്ര-
കേതുവിൻ ദുഃഖമൊഴിച്ചഥ നാരദൻ
മോദാൽ ഭവവൽ പ്രസാദകരിയായ
വേദവിദ്യാമുപദേശിച്ചു സാദരം
ബ്രഹ്മലോകത്തിനായംഗിരസ്സോടുചേർ-
ന്നുന്മേഷമോടെഴുന്നള്ളീടിനാനവൻ.
വിദ്യയതും ധരിച്ചേഴഹോരാത്രത്താൽ
വിദ്യാധരേന്ദ്രനായ് വന്നാൻ നരേന്ദ്രനും
ചിത്തം തെളിഞ്ഞു സങ്കർഷണമൂർത്തിയെ-
സ്സദ്യോ ഭജിച്ചിരിക്കുന്നളൊരുദിനം
പ്രത്യക്ഷനായ നാഥൻ പദാംഭോരുഹം
നത്വാ മുഹുർമ്മുഹുഃസ്തുത്വാ പലവിധം
ശ്രുത്വാപി നാഥൻ പ്രസന്നനായേറ്റവും
മത്വാ മുദാ പരമാത്മഞ്ജാനത്തെയും
ദത്വാ പുനരതും ലബ് ധ്വാ പരിപൂർണ്ണ-
തൃപ്തനാം വിദ്യാധരേന്ദ്രം പ്രതി മുദാ
നന്നായനുഗ്രഹിച്ച ഞ് ജസാ നാഥനും
പിന്നെ മറഞ്ഞരുളീടിനാനന്തരാ,
തദ്ദിശിനോക്കി നമസ്കരിച്ചമ്പെഴും
വിദ്യാധരികളുമായ് വിമാനോപരി
നാനാദിശകളിൽ ക്രീഡിച്ചു സന്തതം

ആനന്ദമുൾക്കൊണ്ടു നാരായണനുടെ
കീർത്തികൾ വാഴ്ത്തിച്ചു സഞ്ചരിച്ചീടിനാർ
ആർത്തികളെന്നിയേ സർവലോകങ്ങളിൽ
അങ്ങനെ സഞ്ചരിക്കുന്നാളൊരുദിനം
അങ്ങു കൈലാസാചലേന്ദ്രവരനുടെ
തൃത്തുടതന്മേലിരുത്തിയിരിക്കുന്ന-
തത്യാദരേണ കണ്ടാശു ചൊല്ലീടിനാൻ:-
“വിദ്യാധരികളേ! കാണ്മിനിതു മഹാ-
വിദ്യാബ്ധിപാരഗനായ മഹേശ്വരൻ
നിത്യം സുരമുനീന്ദ്രാദിസമക്ഷമാം-
സത്സഭയിങ്കലചലജതന്നെയും
ലജ്ജകൂടാതെ മടിയിലെടുത്തുവ-
ച്ചിജ്ജനത്തെപ്രതി ശങ്കയുമെന്നിയേ
വർത്തിപ്പതത്യന്തകഷ്ടമത്രേ തുലോം.”
ഇത്ഥം പറയുന്ന വാക്യങ്ങളങ്ങുതാൻ
ശ്രുത്വാ മഹേശ്വരി കോപിച്ചരുൾചെയ്തി-
തിത്ഥം ചരിത്രം മദീയം ജഗത്ത്രയേ
ദിവ്യ ജനത്താലഭിവന്ദ്യരായതി-
ദുർവിനീതൻ ബഹുഭാഷണം ചെയ്തകയാൽ
ദണ്ഡ്യനസുരയോനൗ ജനിക്കെന്നുടൻ
ചണ്ഡികാദേവി ശപിച്ചതുകേട്ടള-
വങ്ങഥ ചിത്രകേതു വിമാത്തിന്മേൽ-
നിന്നിറങ്ങിത്തിരുമുമ്പിലാമ്മാറുപോയ്
നിന്നു നമസ്കരിച്ചഞ്ജലെബാഹുവായ്
നിന്നു വന്ദിച്ചു വേദാത്മകനാകിയ
പന്നഗഭൂഷണനെ പ്രാസാദിപ്പിച്ചു.
തന്നിടത്തേത്തുടതന്മേൽ വിളങ്ങിന-
കുന്നിന്മകൾ മഹാദേവിയെത്തന്നെയും
വന്ദിച്ചു വാഴ്ത്തിസ്തുതിച്ചതിശാന്തനായ്
മന്നവൻ മന്ദം മന്ദം പറഞ്ഞീടിനാൻ:-
“മാനുഷർക്കീശ്വരേച്ഛാവശാലിങ്ങനെ
താനേ ബലാൽ വന്നുകൂടുന്നതൊക്കെയും
പൂർവകർമ്മാനുവശാൽ സുഖദുഃഖങ്ങൾ
ഏവരുമെല്ലാമനുഭവിച്ചീടുന്നു
ദേവീ ഭവതിയെ ഞാൻ വണങ്ങുന്നിതു
ശാപമോക്ഷത്തിനുമെന്നുടെ ദുർന്നയ-
കാരണം കൊണ്ടുളവായ വാചാ പരി-
ഹാരമായാശു തൊഴുതു വീണീടിനേൻ
ലോകമാതാവേ! ഭഗവതീ! ഞാനതി-
മൂഢനായൊന്നറിയാതെ പലവിധം
പേപറഞ്ഞുള്ളതോർത്തിങ്ങിനിയും ബഹു
കോപം ജനിക്കരുതെന്നതിങ്ങനെ
പാദാംബുജാഗ്രേ വണങ്ങിനേനെന്നപ-
രാധങ്ങളെല്ലാമറിഞ്ഞടങ്ങേണമേ
മോദേന നിത്യം പ്രസീദപ്രസീദ സർ-
വാദിഭൂതേ! ജഗല്ക്കാരിണീ! ശാശ്വതേ!
ദേഹി കാരുണ്യം നമസ്തേ നമോസ്തുതേ
പാഹിമാമാനന്ദ കാരുണ്യ വാരിധേ!“
ഏവം വണങ്ങി സ്തുതിച്ചു മഹേശ്വരീ-
ഏവം വണങ്ങി സ്തുതിച്ചു മഹേശ്വരീ-
ദേവിയെ നന്നായ് പ്രസാദിപ്പിച്ചാദരാൽ
ദേവദേവേശ്വരാനുജ്ഞയും കൊണ്ടവൻ
കേവലമങ്ങു നടന്നാൻ യഥാഗതി.
ദേവൻ പശുപതിതാനതു കണ്ടഥ
ദേവിയോടാനന്ദപൂർവ്വമരുൾചെയ്തു:-
”ഭദ്രേ! ഭവതി കണ്ടീലായോ മാധവ-
ഭക്തജനപ്രവാഹം! മധുരാധരേ!
ചിത്രം ഭഗവന്മഹിമ നിരൂപിക്കി-
ലെത്രയുമത്ഭുതമത്ഭുതമീദൃശം
ഭാഗവതന്മാർക്കൊരേടത്തുമൊന്നിനും
ആകുലമില്ലൊരു ഭേദവുമില്ലെടോ!
ഇങ്ങനെ നാഥനരുൾചെയ്തതുകേട്ടു
മംഗളാപാംഗിയും വിസ്മയിച്ചീടിനാൾ.
അങ്ങനെയുള്ള നരേന്ദ്രനു നാരദ-
നങ്ങുപദേശിച്ച വ്ദ്യാമഹിമയാൽ
ഭാഗതോത്തമനായ്ച്ചമഞ്ഞാൻ നിഖി-
ലാഗമാന്താർത്ഥസാരജ്ഞനവനല്ലോ
പാർവ്വതീദേവിതൻ ശാപം നിമിത്തമായ്
പൂർവ്വദേവാകാരേണ വൃത്രനായതും
തന്മഹിമാവതുമായതെന്നിങ്ങനെ
നിർമ്മലനാം നൃപനോടരുളിച്ചെയ്തു.

വിശ്വരൂപാദി കഥകളെല്ലാമരു-
ളിച്ചെയ്തിതാദിത്യന്മാരുടെ വംശവും
വിസ്തരിച്ചുള്ളതെല്ലാം ചുരുക്കിപ്പറ-
ഞ്ഞിത്ഥമറിയിച്ചശേഷം ദിതിയുടെ
സന്തതിചൊല്ലാം ഹിരണ്യാക്ഷനും പുന-
രന്തരാ പിന്നെ ഹിരണ്യകശിപുവും
ഉണ്ടായ് ചമഞ്ഞതിൽ പ്രഹ്ളാദനാദിയാ-
യുണ്ടായിതേറ്റമസുരകളൂഴിയിൽ.
രണ്ടാമതങ്ങു ദിതിക്കു തനയരായ്
ഉണ്ടായതിന്ദ്രസഖന്മാർ മരുത്തുകൾ.
മുന്നം മുകുന്ദൻ പുരന്ദരബന്ധുവായ്-
നിന്നു ഹിരണ്യാക്ഷനേയുമനന്തരം
കൊന്നു ഹിരണ്യകശിപുവെത്തന്നെയു-
മന്നതുകണ്ടു ദുഃഖം പൂണ്ടു സാ ദിതി
തന്നുടെ പുത്രരെ കൊല്ലിച്ചൊരിന്ദ്രനെ-
ക്കൊന്നീടുവാനെനിക്കിന്നൊരു നന്ദനൻ
വന്നുളവാകണമെന്നുള്ള ചിന്തയാ
തന്നുടെ വല്ലഭനായ കശ്യപൻ
തന്നെ പ്രസന്നനാക്കിച്ചമച്ചാദരാൽ
പുത്രനെ പ്രാർത്ഥിച്ച കാലത്തു കശ്യപ-
നെത്രയുമാത്മനിരാസതാപങ്ങളാൽ
ദുർദ്ധമായ വ്രതം ധരിച്ചീടുവാ-
നുദ്ധ്യതിപൂണ്ടരുളിച്ചെയ്തിതീദൃശം:-
“സംവത്സരം കൊണ്ടവധികൂടുന്നൊരു
നിർമ്മലമാം വ്രതമുണ്ടതു ദീക്ഷിക്കിൽ
മംഗലമേറ്റം ഭഗവൽപ്രിയംകരം
ഭംഗ്യാ വഹിച്ചുകൊള്ളാം നിനക്കെങ്കിലോ
ചിത്തഗതിക്കൊത്ത പുത്രനുണ്ടായ് വരും.”
ഇത്ഥം പറഞ്ഞനുഷ്ഠാനക്രമങ്ങളും
സദ്യോ മുതിർന്നു ഗോപാംഗിക്കുപദേശി-
ച്ചുദ്യൻ മുദാ താൻ ഗ്രഹിപ്പിച്ചരുളിനാൻ.
ഗർഭിണിയാമവളും വരതം ദീക്ഷിച്ചാ-
ളുൾത്താരിലങ്ങറിഞ്ഞു പുരന്ദരൻ
യോഗബലേന പരിചരനായൊരു
ഭാഗവതനായരികേ മരുവിനാൻ.
ഛിദ്രവും പാർത്തതുകാലമൊരുദിനം
നിദ്രപൂണ്ടാളവൾ സന്ധ്യയിങ്കൽ തദാ
ശുദ്ധയല്ലാതെ കിടന്നുറങ്ങുന്നും ദിതി-
തൻജഠരേ വജ്രപാണിയായ് ചെന്നവൻ
ഏഴായ് നുറുക്കിനാൻ ഗർഭപിണ്ഡത്തെയ-
ങ്ങേഴുകുമാരരായ് നിന്നുകേണാരവർ.
കേഴായ് വിനെന്നു പറഞ്ഞേഴുപേരെയും
ഏഴേഴു ഖണ്ഡങ്ങളാക്കിനാൻ പിന്നെയും
ഏഴേഴുപേരും തൊഴുതുതൊഴുതുടൻ
കേഴുമ്പൊഴുതിന്ദ്രനോടും ചൊല്ലീടിനാർ:
“ഭ്രാതാക്കളായതു ഞങ്ങൾ നിനക്കിനി
പാഹി ജഗൽപ്രഭോ! ഞങ്ങളെ നീ മുദാ,”
എന്നു പറഞ്ഞു തൊഴുതവർക്കിന്ദ്രനു-
മന്നഭയം കൊടുത്തൊന്നിച്ചു സാദരം
പിന്നെപ്പുറത്തുപോന്നീടിനാനഞ്ജസാ
പിന്നാലെ പോന്നാർ മരുത്തുക്കളും തദാ
ഇങ്ങനെ ഖണ്ഡിതരായ മരുത്തുകൾ
തങ്ങൾക്കു ചെമ്മേ ഭഗവദനുഗ്രഹാൽ
വന്നീല നാശമസുരഭാവം കള-
ഞ്ഞിന്ദ്രാനുചാരികൾ ശുദ്ധരായാർ തുലോം.
അത്ര മഹത്ത്വമുള്ളോരു വ്രതമെന്ന-
തത്യാദരേണ കേട്ടുത്തമഭൂവരൻ
വിദ്രുതം വിസ്തരിച്ചൊക്കവേ കേട്ടുട-
നുൾത്താർ തെളിഞ്ഞു ഭഗവദനുഗ്രഹാൽ
ദുഷ്കൃതമൊക്കെയൊഴിഞ്ഞതിശുദ്ധനായ്
ഭക്തപ്രിയപ്രിയനായാനനുദിനം
വെട്ടിനുറുക്കിക്കളഞ്ഞവരും ബലാൽ
നഷ്ടരായ് വന്നീലനുഗ്രഹശക്തിയാൽ
ഇത്ഥമനുഗ്രഹസാധനം പോഷണം
ഭക്ത്യാ ചുരുക്കിപ്പറഞ്ഞാൾ കിളിമകൾ.

ശ്രീ മഹാഭാവതം ഷ്ഠസ്കന്ധം സമാപ്തം

ഇന്ദ്രനു ബ്രൃഹസ്പതിയിൽ നിന്നും ശാപം കിട്ടുന്നു.. അതിൽ നിന്നും രക്ഷപ്പെടുന്ന കഥ , വ്രത്രാസുര ചരിതം , ചിത്രകേതുവിന്റെ കഥ, മരുത്തുക്കളുടെ കഥ പറയുന്നു...

No comments: