Sunday, July 18, 2010

നാരദയുധിഷ്ഠിരസംവാദം

രാജസൂയാന്തരകാലേ ശിശുപാല-
രാജസായൂജ്യമൻപോടു കണ്ടാദരാൽ
നാരദനോടു ചോദിച്ചിതു ധർമ്മജൻ
നാരായണവിഷയം പ്രതി, "സന്തതം
ദ്വേഷിയായുള്ള ചേദീശനെന്തിങ്ങനെ
ദോഷമൊഴിഞ്ഞു ഗതിലഭിച്ചീടുവാൻ
കാരണ"മായതിനുത്തരമെന്നുടൻ
നാരദൻ ധർമ്മജനോടരുളിച്ചെയ്തു:-
"സർവ്വാശ്രയസ്വതോഭൂതനാമീശ്വരൻ
സർവ്വഗുണങ്ങളാലിങ്ങനെ സന്തതം
സർവ്വലോകങ്ങളെത്താൻ വഹിക്കുന്നതും
സർവ്വഭേദങ്ങളാം രാഗദ്വേഷാദിയാം
സർവ്വ കർമ്മങ്ങളും സംസാരബന്ധവും
സർവ്വവും മായാമയമെന്നറികെടോ!
സർവ്വാത്മകനുടെ മായയ്ക്കരുതാതെ
സർവ്വലോകങ്ങളിലില്ലൊരു വസ്തുവും
സർവ്വമധീനമത്രേ മഹാമായയാ
സർവ്വാശ്രയൻ ഭഗവാനെന്നറിക നീ.
സർവ്വ കാലാത്മാവിനെ സർവ്വബോധാഗ്ര-
സർവ്വ ബോധങ്ങളാലും പരിസേവിക്ക;
സേവാപ്രകാരങ്ങളുണ്ടനേകം വിധം;
സേവയ്ക്കു ഭക്തിയാധാരമാകുന്നതും.
ധ്യാനനിരതനായിരിക്കുന്നതു ഭക്തിതാൻ
ധ്യാനം പലവിധമുണ്ടു ചൊല്ലീടുവൻ.
ഗോപീജനം കാമിച്ചുകൊണ്ട നവഹം,
ഗോപികാ കാന്തനിൽ ഭീതനായ് കംസനും.
ദ്വേക്ഷം മുഴ്ഹുത്തു ശിശുപാലനാദിയാം
ദ്വേഷികളാകിന ഭൂപതി വീരരും,
യാദവന്മാരുപയോഗിയോഗേന, സ-
മ്മോദേന ബന്ധുവാത്സല്യയോഗാൽ നിങ്ങൾ;
ഭക്തികൊണ്ടിങ്ങനെ ഞങ്ങളുമൊക്കവേ
ഭക്തപ്രിയധ്യാനമുണ്ടു ചെയ്തീടുന്നു
നിത്യമിതിലൊരു മാർഗ്ഗേണ സന്തത-
മുത്തമ പൂരുഷ ധ്യാനമുറയ്ക്കുമ്പോൾ
കർമ്മബന്ധങ്ങളറ്റീടും ബലാലതു
ചിന്മയൻ തന്മഹാമായാവശാലെടോ!
എന്നതിലിശ്ശിശുപാലനാം ദുഷ്ടനും
മന്നവൻ ദന്തവക്ത്രാഖ്യനും കേവലം
പണ്ടേ ഭഗവാന്തൻ പാർഷദന്മാരവർ
കൊണ്ടല്വർണ്ണപ്രിയന്മാരായിരുന്നവർ
വിപ്രശാപത്താൽ പദച്യുതരായിതെ-
ന്നുൾപ്പൂവിലൻപോടറിക മഹാമതേ!“
ഇത്ഥം മുനീന്ദ്രോക്തികേട്ടു ധർമ്മാത്മജൻ
തത്ര വന്ദിച്ചു ചോദിച്ചിതു സാദരം:-
”മുന്നം ജഗന്മയനായ നാരായണൻ:-
തന്നുടെ പാർഷദന്മാരായിരിപ്പവർ-
തമ്മെശ്ശപിച്ചതാരെന്തിനെന്നുള്ളതും
ചെമ്മേ സകലമരുൾ ചെയ്ക വേണമേ!
സന്ദേഹമെല്ലാമൊഴിയുമാ“റെന്നുകേ-
ട്ടന്നേരമുറ്റരുൾചെയ്തു മുനീന്ദ്രനും:-
ലോകപ്രസിദ്ധന്മാരായ സനകാദി-
ലോകോപകാരികളായ മുനിജനം
ലോകങ്ങളിൽ പെരുമാറുന്നവർ മുതിർ-
ന്നേകദാ വൈകുണ്ഠലോകമകം പുക്കാർ.
തൽപുരഗോപുര ദ്വാരി നില്ക്കുന്നവ-
രപ്പോൾ ജയവിജന്മാരിരുവരും
മുൽപുക്കു ചെമ്മേ തടുത്താർ കടപ്പതി-
നിപ്പോളവസരമല്ലെന്നവരുടെ
നിർബന്ധമാഹന്ത! കണ്ടതിൻമൂലമ-
ങ്ങുൾപ്പൂവിലാമ്മാറ്റിഞ്ഞിവരന്തരാ
വിദ്രുതമങ്ങു കടപ്പതിനാഗ്രഹം
അത്ര നീങ്ങീടുവിനെന്നരുൾചെയ്തുടൻ
തിക്കിക്കടന്നളവച്യുതാജ്ഞാവശാ-
ലൊക്കെത്തുടർന്നിടപ്പെട്ടതു കാരണം
ദുർജ്ജനാഗ്രേസരന്മാരായ നിങ്ങൾ പോയ്
നിർജ്ജരദ്വേക്ഷികളാകെന്നനുക്ഷണം
കോപേന ശാപവുംചെയ്തെഴുന്നള്ളിനാർ
താപസന്മാരതുകാല, മഭീഷ്ടദൻ-
താനറിഞ്ഞങ്ങവർ തന്മനോവേഗമ-
ത്യാനന്ദമോടുമനുസരിച്ചീടുവാൻ
സാധുജനങ്ങളെയും പുനരെന്നെയും
ആധിവളർത്തു വിരോധിച്ചിനിയൊരു
മൂന്നുജന്മം ഞാൻ വധിച്ചൊടുക്കത്തിങ്ങു
ചേർന്നുകൊൾകെന്നനുഗ്രഹിച്ചീടിനാൻ.
ശക്തിയേറും ദ്വേഷഭക്തിക്കിതി സ്മരി-
ച്ചുൾക്കാമ്പുറച്ചു ദിതിജരായാരുടൻ
മുഷ്കരന്മാരാം ഹിരണ്യാക്ഷനും മുഹു-
രുഗ്രൻ ഹിരണ്യകശിപുവുമിങ്ങനെ
ചൊല്ക്കൊണ്ടവർ ധർമ്മനീതിമറന്നുകൊ
ണ്ടൊക്കെയുപദ്രവിച്ചാരജ്ജഗത്ത്രയം
അന്നവരോടെതെർപ്പാനൊരു ഭൂതരും
മന്നിടത്തിങ്കലില്ലെന്നായ് ചമഞ്ഞനാൾ
പൊങ്ങും മദേന ധരിത്രിയെത്താനെടു-
ത്തങ്ങു പാതാളത്തിലാമ്മാറൊളിച്ചവൻ
തന്നെ, ഹിരണ്യാക്ഷനെന്ന കലേശ്വരൻ
പന്നിയായ് ക്കൊന്നോരനന്തരം; തന്നുടെ
നന്ദനൻ നാരായണപ്രിയനാകയാൽ
ഖിന്നതപൂണ്ടു ഹിരണ്യകശിപുതാൻ
അന്യൂനവേഗാലുപദ്രവിച്ചാൻ തുലോം.
നിർമ്മരിയാദകളെസ്സഹിയായ്കയാ-
ലംബുജലോചനൻ പിന്നെ നൃസിംഹമായ്
നിർഹ്രാദമോടുമെതിർത്തവനെക്കൊന്നു
പ്രഹ്ളാദനേയും പരിപാലനം ചെയ്താൻ.
അങ്ങനെയുള്ള ഹിരണ്യകശിപുവു-
മിങ്ങുടനേ ഹിരണ്യാക്ഷനുമെന്നിവർ;
രാവണനും കുംഭകർണ്ണനും തൽപ്രതി-
ഭാവികളായ് ചമഞ്ഞീടിനാർ കേവലം,
ദാശരഥി രാമനായന്നുമച്യുത-
നാശരാധീശരെ നിഗ്രഹിച്ചീടിനാൻ
ഇപ്പോൾ ശിശുപാലനും ദന്തവക്ത്രനും
ഇപ് പൃഥിവീശന്മാരായതവരല്ലോ.
തൽപ്രഭാവേന വൈരാനുബദ്ധാത്മനാ-
ചിൽപുരുഷസ്മൃതികൊണ്ടു സായൂജ്യവും
ലബ്ധ്വാ സുഖിച്ചാരവരെന്നു കേട്ടുട-
നുല്പന്ന കൗതൂഹലാത്മനാ ധർമ്മജൻ
പദ്മോത്ഭവാത്മജനെത്തൊഴുതാദരാൽ
ഉൾത്തൂർന്നഭക്ത്യാപി ചോദിച്ചിതക്ഷണം:
“പ്രഹ്ളാദനു ഭഗവത് ഭക്തി സന്തതം
ആഹ്ളാദമായ് വളർന്നുണ്ടായ് ചമഞ്ഞതും
സർവം സവിസ്തരമായരുൾ ചെയ്തക മേ
സർവസന്ദേഹമൊഴിയുമാറെ”ന്നെല്ലാം
കേട്ടു കൗതൂഹലം പൂണ്ടു വീണാധരൻ
കേട്ടാലുമെങ്കിലെന്നപ്പോളരുൾചെയ്തു:

കഥാസംഗ്രഹം

No comments: