Thursday, December 9, 2010

ഗജേന്ദ്രമോക്ഷം

“പണ്ടു പാണ്ഡ്യാധിപതിയാകിയ നൃപസുത-
നുണ്ടായാനിന്ദ്രദ്യുമ്നനെന്നുപേരുടയവന്‍.
കുണ്ഠതയൊഴിഞ്ഞവന്‍ തന്നകമലരില്‍‌വൈ-
കുണ്ഠപാദാബ്ജദ്വന്ദ്വമാശ്രയിച്ചിരിപ്പവന്‍,
പിന്നെപ്പോയ് മലയാദ്രി തന്നുടെ സാനുസ്ഥലേ
ഖിന്നതകളഞ്ഞീശന്‍ തന്നെ ധ്യാനിക്കും കാലം
വന്നിതങ്ങതിലൂടെ മാമുനികുംഭോത്ഭവ-
നന്നൊരു ദിനം യഥാകാമ്യാര്‍ത്ഥമപ്പോള്‍ നൃപന്‍
ആത്മനിസമാധിസ്ഥനായിരുന്നതുമൂല-
മാത്മാഭിരാമനെഴുന്നള്ളിയതറിയാതെ
പാര്‍ത്തതുകണ്ടു “തന്നെധിക്കരിച്ചിളകാതെ
പാര്‍ത്ഥിവനിരുന്നാ”നെന്നോര്‍ത്തഥ മുനീന്ദ്രനും
വാച്ചകോപേന “തന്നൊടൊന്നുരിയാടാതെക-
ണ്ടാശ്രമാന്തരേവസിക്കുന്നവനിനിമേലില്‍
കാട്ടാനത്തലവനായ്ച്ചമഞ്ഞൊന്നേതുമുരി-
യാട്ടമാരോടുംവഹിയാ”യ്കെന്ന ശാപത്തെയും
ശീഘ്രമങ്ങരുളിച്ചെയ്തെഴുന്നള്ളീടുമ്പൊഴു-
തൂക്കേറും നൃപഭടന്മാരുണര്‍ത്തിച്ചീടിനാന്‍:
വാര്‍ത്തകളെല്ലാം ഗ്രഹിച്ചാര്‍ത്തനായരചനു-
മാസ്ഥയാപിന്നാലെചെന്നാവോളം തൊഴുതുടന്‍
സാക്ഷാലങ്ങവസ്ഥകളെപ്പേരുമറിയിച്ചാന്‍
സൂക്ഷ്മമായ് പരമാര്‍ത്ഥംകേട്ടുടനഗസ്ത്യനും
തന്നുള്ളില്‍ വളര്‍ന്നെഴും കോപവുമടക്കിത്താന്‍
മന്നവന്‍ തന്നോടരുള്‍ ചെയ്തിതുമന്ദം മന്ദം:-
“ഞാനഹോ! തവമനസ്സംഗതിയറിയാതെ
മാനസേകോപം പൂണ്ടു ശാപം ചെയ്തുപാര്‍ത്താല്‍
ദീനവത്സലന്‍ മഹാമായാവൈഭവംതന്നെ
നൂനമെന്നതിന്നിനി നല്ലതുവരും മേലില്‍:
ഖേദിച്ചീടരുതതുചിന്തിച്ചുഭവാനേതും
ഖേദമിങ്ങെനിക്കുള്ളിലാകുന്നു നിരൂപിച്ചാന്‍.
കര്‍മ്മദോഷത്താലകപ്പെട്ടശാപത്തിനിനി
നിര്‍മ്മലാത്മനാഹരിപാദസേവയാ നിത്യം
വന്മദകരികളോടൊന്നിച്ചു നടക്ക നീ
ചിന്മയന്‍ പ്രസാദിച്ചു നിന്നെവന്നൊരുകാലം
തൃക്കൈകള്‍ കൊണ്ടു തലോടീടുമന്നപ്പോള്‍ത്തന്നെ
മുക്തനായ്‌വരും വിഷ്ണുസാരൂപ്യത്താ’ലെന്നെല്ലാം
ച്ചിത്തതാര്‍തെളിഞ്ഞനുഗ്രഹിച്ചാന്‍ കുംഭോത്ഭവന്‍
മത്തവാരണവേഷമായ്ച്ചമഞ്ഞരചനും
വിദ്രുതം കാട്ടില്‍ക്കടന്നീടിനാന്‍ കാട്ടാനകള്‍
കൂട്ടത്തോടൊരുമിച്ചു പോയാനങ്ങൊരുദിക്കില്‍
പുക്കുടന്‍ മരനിരകുത്തിയും പുഴക്കിയും
മുഷ്കരതരം ഞെരിച്ചൊടിച്ചും ചീന്തിത്തിന്നും
തക്കത്തില്‍ പിടികളെപ്പിടിച്ചു വൃക്ഷാന്തരം
പുക്കുഭോഗിച്ചു മദപുഷ്കരമൊഴുകിയും
പൃഥ്വീചക്രത്തെക്കുത്തിപ്പൊടിച്ചങ്ങാരാധിച്ചും
തല്‍ക്ഷണം പാസുസ്നാനം കൊണ്ടേറ്റം സന്തോഷിച്ചും
പുഷ്കരിണികള്‍ പുക്കു കുളിച്ചു കുടിച്ചുമ
ത്യുഗ്രവേഗേനവനമ്പുക്കുടന്‍ വിഹരിച്ചും
മുക്ഷ്കരന്‍ വനങ്ങലെല്ലാം തകര്‍ത്തചലങ്ങ-
ളൊക്കവേ കുത്തിപ്പൊടിച്ചങ്ങോടിങ്ങോടുപാഞ്ഞും
സശ്രമം നീളെത്തിമിര്‍ത്തൂടുപാടോരോദിശി
വിശ്രമതരമതിഭീതിചേര്‍ത്തഖിലര്‍ക്കും,
കാട്ടില്‍ നിന്നിറങ്ങിവന്നോട്ടമിട്ടുരുതരം
ധാര്‍ഷ്ട്യമുള്‍ക്കൊണ്ടിപ്രജാവൃന്ദത്തിന്നിടേ പാഞ്ഞും
കൂട്ടൊരോടൊരുമിച്ചും കാനനമകം പൂക്കും
വാട്ടമെന്നിയേ നാട്ടിലിറങ്ങിപ്പാഞ്ഞും ദ്രുതം
ഭൂപ്രദക്ഷിണവും ചെയ്തങ്ങുമേ നടപ്പവന്‍
പാപനാശനകരമായുള്ള തീര്‍ത്ഥങ്ങളില്‍
സ്നാനപാനങ്ങള്‍ ചെയ്തുചെയ്തു സഞ്ചരിച്ചുത-
ന്മാനസം തെളിഞ്ഞതിപാവിതനായുള്ളവന്‍
പണ്ടോരോമഹത്തുകളരുള്‍ ചെയ്തിരിക്കുംവൈ-
കുണ്ഠഭക്തിയെ മറന്നീടാതെ ദിനം തോറും
തന്നകതാരില്‍ തോന്നിനിന്നവന്‍ ഭക്തപ്രിയന്‍
തന്നനുഗ്രഹവശാലാനന്ദാത്മനാനിത്യം
സംസാരമോക്ഷത്തെയും ചിന്തിച്ചിചിന്തിച്ചുള്ളില്‍
ഹംസപാദാബ്ജദ്വന്ദ്വമാശ്രയിച്ചിളകാതെ
കാലമങ്ങനേകം പോയ്ക്കഴിഞ്ഞോരനന്തരം
കാലാത്മാവുടെ മഹാമായയാകരിവരന്‍
ദുഗ്ധാബ്ധി ചൂഴുന്നതിന്മദ്ധ്യേ മംഗലനായോ-
രദ്രീന്ദ്രന്‍ ത്രികൂടമെന്നെത്രയും പ്രസിദ്ധമായ്
വര്‍ത്തിപ്പോന്നുയര്‍ന്നതിമുഖ്യനായനാരതം:
രത്നകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധര്‍വോരഗനിഷേവിത-
ലക്ഷണപ്രദം നിഖിലാനന്ദ ദിവ്യസ്ഥലം
ക്ഷീരവാരിധൌ നിന്നു പൊങ്ങീടും തിരകളാല്‍
മാരുതനാനന്ദംചേര്‍ന്നു കുളിര്‍ത്തസാനുസ്ഥലം
തത്രതദ്ഗിരിഗുഹയിങ്കലുണ്ടപാം പതി-
ക്കെത്രയും ശോഭിച്ചൃതുമത്തെന്നൊരുദ്യാനവും:
സര്‍വമോഹനകരമാകിയദിവ്യസ്ഥലം
നന്ദനസമാനമാനന്ദദാനാഢ്യം ഹരി-
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനേശമാ-
ദ്ധ്യന്ദി നകരഹരമംബുവാഹാദം പരം,
മന്ദമാരുതശീതസുഗന്ധപരിപൂര്‍ണ്ണം
ഭൃംഗാദിവിഹം ഗനാനാവിധകളരവ-
മംഗലപ്രദംഭുജംഗാദിഭിര്‍ന്നിഷേവിതം
തുഗമാതംഗസിംഹകൂരംഗസാരംഗാദി
രംഗമായഭംഗുരഭംഗിഭംഗിതമായി:
ഇത്ഥമത്യാനന്ദൈകസിദ്ധമാമുദ്യാനത്തിന്‍
മദ്ധ്യേയുണ്ടല്ലോ വളര്‍ന്നോരു പുഷ്കരിണിയും
നിര്‍മ്മലായതാഗാധവിസ്തൃതകരതരം
പൊന്മയാംബുജകുമുദോല്പലകല്‍ഹാരങ്ങള്‍
പൊങ്ങിനിന്നതിശയമുജ്ജലിച്ചനുദിന-
മങ്ങളിഹം സാദിഭിര്‍മംഗലരവാന്വിതം.
സ്വര്‍ന്നദിയോടുംകൂടെ നന്ദനോദ്യാനം ശോഭി-
ക്കുന്നതുപോലെ വിളങ്ങീടിനോരുദ്യാനവും
തുഗമംഗലഗിരിപ്രസ്തരംഗവും ദൂരെ
സംഗനാശനകരനാകിയോരിന്ദ്രദ്യുമ്നന്‍
കണ്ടതിസുഖകരമിവിടമെനിക്കിനി
കുണ്ഠതയൊഴിഞ്ഞു വാണീടുവാനെന്നോര്‍ത്തുടന്‍
ദന്തിവൃന്ദത്തോടൊരുമിച്ചു ചെന്നകം പുക്കാന്‍
അന്തമില്ലാതെ സുഖം പൂണ്ടതില്‍ വാഴുങ്കാലം,
മദ്ധ്യാഹ്നത്തിങ്കലാമ്മാറൊരുനാള്‍ മരനിര
കുത്തിവേഗേന ചീന്തിത്തിന്നുതിന്നിഴിഞ്ഞുപോയ്
മത്തനായ് വിഹരിച്ചു മറ്റുള്ളകരികളോ-
ടൊത്തഹങ്കരിച്ചു ചെന്നെത്തിനാന്‍ ജലാന്തികം.
പൊയ്കയിലിറങ്ങിത്തണ്ണീര്‍ കുടിച്ചലസാതെ
സൈകതമായ ഭൂമൌനിരക്കെനില്‍ക്കുന്നേരം
വൈകാതെവെയില്‍തട്ടിക്കൂട്ടത്തെക്കടന്നതി-
വേഗമോടിന്ദ്രദ്യുമ്നനാകിയകരിവരന്‍
താമരപ്പൊയ്കതന്നിലിറങ്ങിക്കുളിച്ചൂത്തു
താമരവളയെല്ലാം പറിച്ചങ്ങശിക്കുമ്പോള്‍,
ഹൂഹൂവാംഗന്ധര്‍വേന്ദ്രന്‍ ദേവലശാപം കൊണ്ടു
ഗ്രാഹമായ്ക്കിടപ്പവന്‍ തനിക്കും കരീന്ദ്രനും
ശാപമോക്ഷത്തിനുള്ള കാലം വന്നടുക്കയാല്‍
ശ്രീപതിനിയോഗത്താല്‍ ചെന്നു കാല്‍ പിടിപെട്ടാന്‍
വാരണാകാരം പൂണ്ട ഭൂവരനുടെ പാദം
ഘോരനാം നക്രേന്ദ്രന്‍ താന്‍ ചെന്നാശു പിടിച്ചപ്പോള്‍
വേദനകലര്‍ന്നൊന്നു ചാടിനിന്നലറിന
നാദം കൊണ്ടുലകിടമൊക്കെമാറ്റൊലിക്കൊണ്ടു-
വേഗേന കുടഞ്ഞു വേര്‍പെടുത്താന്‍ ഭാവിച്ചോരു
നാഗേന്ദ്രന്‍ തന്നെ വിടാഞ്ഞൊരു നക്രവും താനും
കുടവേ വട്ടം തിരിഞ്ഞീടിനാരിരുവരും
കൂടെയങ്ങോട്ടെന്നുമിങ്ങോട്ടെന്നും പലവിധം
സാഹസപ്പെടുന്നേരം മറ്റുള്ളകരീന്ദ്രന്മാ-
രാഹന്ത! കൂടെച്ചെന്നു പിടിച്ചാര്‍ കരേറ്റുവാന്‍
അങ്ങനെ കരികളെല്ലാവരുംകൂടിപ്പിടി-
ച്ചങ്ങൊരു നുറുങ്ങിളകീലപോല്‍ നിലയേതും.
തങ്ങളാല്‍ സാദ്ധ്യമല്ലെന്നായവരൊഴിഞ്ഞൊഴി-
ഞ്ഞങ്ങുപോയകന്നുനിന്നീടിനോരനന്തരം,
പിന്നെയങ്ങുടന്‍ കരേറീടുവാന്‍ ഗജേന്ദ്രനും,
തന്നാലങ്ങവിടെത്താഴ്ത്തീടുവാന്‍ നക്രേന്ദ്രനും
തങ്ങളില്‍ത്തന്നെ പരീക്ഷിച്ചിടത്തൊരുവര്‍ക്കു
മങ്ങോട്ടുമിങ്ങോട്ടും നീങ്ങായീലചെറുതേതും.
കാലമവ്വണ്ണം മുഹുരായിരം വര്‍ഷമായ-
കാലമാലസ്യം വലര്‍ന്നേറ്റവും തളര്‍ന്നുടന്‍
താനെന്നുള്ളൊ‍ലൊരുമദാഹങ്കാരമതങ്ങളും
താനേപോയകന്നതിദീനനായ്ക്കരിവരന്‍
സര്‍വ്വവും മായേതിനിശ്ചിത്യ തന്നകതാരില്‍
സര്‍വലോകാത്മാസര്‍വലോകൈകാചാര്യന്‍ പരന്‍
സര്‍വഗന്‍ സര്‍വാശ്രയന്‍ സര്‍വകാരണനേകന്‍
സര്‍വലോകാത്മാസര്‍വവിഗ്രഹന്‍ സനാതനന്‍
സര്‍വപാലകനെച്ചിത്താകാശമദ്ധ്യത്തിങ്കല്‍
ധ്യാനിച്ചു പൂജിച്ചര്‍പ്പിച്ചഖിലാര്‍ത്ഥങ്ങളേയും
താനെന്നു സമര്‍പ്പിച്ചു വിശ്വസിച്ചനുദിനം
പാണികള്‍‍ തന്നിലകപ്പെട്ടപൂനിരകളാല്‍
ദീനവത്സലന്‍ പാദത്തിങ്കലങ്ങാരാധിച്ചും
കാമദനനുഗ്രഹാല്‍ നാമങ്ങള്‍ നീളെവിളി-
ച്ചാമയ്ം തീര്‍ത്തു പരിപാലയേത്യോരോവിധം
ഗോവിന്ദാനന്ദ! മുകുന്ദാഖിലാധര! പ്രഭോ!
നീവന്നീവ്യസനതാപാര്‍ണ്ണവാല്‍ പാഹീത്യേവം
കേഴുന്നോരലവിലങ്ങാദിനായകനറി-
ഞ്ഞാഴിയകൃപാലയന്താനഥസവിദ്രുതം
വേഗമോടെഴുന്നള്‍വാനാരംഭിച്ചളവുതല്‍
ഭോഗീന്ദ്രശായിവഹനാകുന്നഖഗേന്ദ്രനും
സംഭ്രമിച്ചുടന്‍ വന്നുമുമ്പില്‍ വന്ദിച്ചു നിന്നാന്‍
അംഭോജാക്ഷനും ഗരുഡോപരി വിളങ്ങിനാന്‍.
മേരുമൂര്‍ദ്ധനി നീലനീരദനിഭന്‍ തത്ര
മാരുതാശനകുലനാശനന്‍ നിവര്‍ന്നപ്പോള്‍
ചെന്നൃതുമത്താമുദ്യാനാന്തരേ മലര്‍പ്പോയ്ക-
തന്നുടെ തീരം പ്രവേശിച്ചു നിന്നതുനേരം
തുമ്പിക്കൈയഗ്രം കുറഞ്ഞൊന്നൊഴിഞ്ഞുള്ളേടമ-
ങ്ങംഭസി മുഴുകിക്കേണീടിനകരീന്ദ്രനെ
തൃക്കൈകൊണ്ടുടന്‍ മെല്ലെമെല്ലവെ പിടിച്ചെഴു-
ന്നക്കരിപാദം പിടിപെട്ടീടും നക്രത്തെയും
കുടവേ കരകേറ്റിവച്ചുകൊണ്ടകതാരി-
ലീടിന കുതൂഹലം തേടിന ജഗന്മയന്‍
ചക്രം കൊണ്ടെറിഞ്ഞു നക്രേന്ദ്രവക്ത്രത്തെപ്പിളര്‍
ന്നക്കാലം ശാപം തീര്‍ന്നു ശുദ്ധനാം ഗന്ധര്‍വ്വനും
ഹൂഹുതന്‍ വേഷം ധരിച്ചാദരാലവയവ-
മോഹനാകൃതിരതിബാലസൂര്യാഭാലയന്‍
വ്യോമയാനാഗ്രേനിന്നു നാഥനെക്കൂപ്പിസ്തുതി-
ച്ചാമോദപൂര്‍വ്വം ഭക്ത്യാ കീര്‍ത്തിച്ചാന്‍ പലതരം:
“നാഥാ! ഗോവിന്ദ! ജഗല്‍ക്കാരനാനന്ദാത്മക!
പാഥോജവിലോചന! പാഹി സന്തതം വിഭോ!
നീയൊഴിഞ്ഞാരിജ്ജഗത്തിങ്ങനെ സൃഷ്ടിച്ചുകാ-
ത്താര്യയാം മായാവശാലാത്മനി രമ്യാര്‍ത്ഥകം
ലീലയാ വര്‍ത്തിക്കുന്നതങ്ങനെയിരിക്കുന്ന
വേലയിലിവിടെ മാം പാലയജഗല്‍ പ്രഭോ!
അന്നന്നീവണ്ണമിത്ഥമോരോരോനിമിത്തത്താ
ലൊന്നൊന്നായ്ച്ചമഞ്ഞലഞ്ഞീടുവാനരുതയ്യോ
നിന്നുടെ മഹാമായാദേവിതന്‍ കൃപാലേശ-
മെന്നിലിങ്ങനുഗ്രഹിക്കേണമേ ദയാനിധേ!
നിന്തിരുവടിയുടെ കാരുണ്യം നിമിത്തമാ-
യന്തരാശാപം തീര്‍ന്നു സൌഖ്യം പ്രാപിച്ചേനിപ്പോള്‍:
ബന്ധുവത്സലനായ നിന്‍ പാദാംഭോജദ്വന്ദ്വ-
മന്ധനുഭക്ത്യാഭജിക്കായ്‌വരേണമേനിത്യം.
മറ്റെനിക്കൊരുകാംക്ഷയില്ലേതും ജഗല്‍‌പ്രഭോ!
പറ്റായ്കവേണമൊരുദുസ്സംഗമൊരിക്കലും:
ദുര്‍വൃത്തനെന്നാകിലും മാനസേ തവ പദം
സര്‍‌വദാവസിപ്പതിന്നായ്‌വരംതരേണമേ!”
ഇത്ഥമര്‍ത്ഥിച്ചുകൂപ്പിസ്തുതിച്ചു നില്‍ക്കുന്നൊരു
ഗന്ധര്‍വന്‍ തന്നില്‍ പ്രസാദിച്ചഖിലേശന്‍ താനും
ഭക്തവത്സലപ്രഭാവാ‍ര്‍ദ്രതയാലേ തെളി-
ഞ്ഞുള്‍ക്കൃപാലയന്‍ ചിരിച്ചരുള്‍ച്ചെയ്തീടിനാന്‍
“ഒക്കവേനിനക്കൊത്തവണ്ണമായ്‌വരികമല്‍-
ഭക്തരിലത്യുത്തമനായ്‌വസിച്ചാലും ഭവാന്‍”
എന്നെല്ലാമനുഗ്രഹിച്ചയച്ചാന്‍ ജഗന്നാഥന്‍:
ചെന്നുടന്‍ സ്വര്‍ഗ്ഗം പുക്കുവസിച്ചാന്‍ ഗന്ധര്‍വനും.
പിന്നെയക്കരീന്ദ്രനുണ്ടായ സങ്കടമെല്ലാം
ഒന്നൊഴിയാതെ നീങ്ങും വണ്ണം താന്‍ കടാക്ഷിച്ചാന്‍:
മന്ദമെന്നിയേ തൃക്കൈകൊണ്ടുടന്‍ തലോടിനാ-
നന്നേരം സാരൂപ്യം പ്രാപിച്ചതങ്ങരക്ഷണാല്‍.
ഭഗവല്‍ സ്പര്‍ശം കൊണ്ടു ശാപം തീര്‍ന്നവനീശന്‍
ഭഗവത്സാരൂപ്യം വന്നധികാനന്ദത്തോടെ
ഭഗവല്‍ സാരൂപ്യം വന്നധികാനന്ദത്തോടെ
ഭഗവല്‍ സഖ്യം ചേര്‍ന്നു വൈകുണ്ഠലോകത്തിന്നു
ഭഗവല്‍ സഹായനായെഴുന്നള്ളീടും നേരം,
ഭഗവാന്‍ വഴിതോറുമവനെനോക്കിച്ചിരി-
ച്ചകമേ കാരുണ്യമോടരുളിച്ചെയ്തീടുന്നു:-
കേളെടോ! നിനക്കുണ്ടായ്‌വന്ന ശാപവും തീര്‍ത്തു
പാലനം ചെയ്തു നിന്നെക്കൊണ്ടുഞാമ്പോന്നേനല്ലോ
മേലിലിക്കഥാമൃതമെത്രയും പ്രസിദ്ധമാ-
യാലംബിച്ചവരവര്‍കീര്‍ത്തിപ്പോരനുദിനം
പാതകൌഘങ്ങളവര്‍ ചെയ്തതൊക്കെയും നീങ്ങി-
ച്ചേതസി സുഖം പൂണ്ടു മല്പദം പ്രാപിച്ചീടും.
എന്നെയും ഭവാനെയുമിഗ്ഗിരിവരനെയും
തന്നുടെപാര്‍ശ്വസ്ഥലേ കന്ദരോദ്യാനത്തെയും
ജന്മികളെയും ദേശമാഹാത്മ്യാദികളെയും
ക്ഷീരസാഗരത്തെയും കൂടവേദിനം പ്രതി
ധീരനായകംതെളിഞ്ഞേവനങ്ങുണര്‍ന്നുഷഃ-
കാലേ ചിന്തിക്കുന്നവന്‍ പാപങ്ങളൊഴിഞ്ഞുടന്‍
സന്തുഷ്ടാത്മനാമോക്ഷം പ്രാപിച്ചീടുന്നു നൂനം”
എന്നെല്ലാമരുളിച്ചെയ്തീടിനാന്‍ ജഗന്നാഥന്‍-
തന്നുടെ സാരൂപ്യം വന്നീടിനഗജേന്ദ്രനും
താനുമായുടന്‍ ചെന്നു വൈകുണ്ഠാലയം പുക്കാന്‍:
ആനന്ദാലയന്‍ യോഗനിദ്രയും തുടങ്ങിനാന്‍.
ഇങ്ങനെ ഭക്തന്മാരെ രക്ഷിച്ചു കൊള്‍വാന്‍ ജഗ-
ന്മംഗലനൊഴിഞ്ഞുമറ്റാരുമില്ലറിഞ്ഞാലും;
അങ്ങനെയുള്ള ഭഗവല്‍പ്പദം ധ്യാനിക്കില്‍മ-
റ്റിങ്ങോരോകര്‍മ്മങ്ങളാല്‍ ബദ്ധരായ്‌വരാനൂനം
എന്നെല്ലാം ക്രമത്താലെ നാലുപേര്‍മനുക്കളെ
ച്ചൊന്നതിനനന്തരമ്പിന്നെയുംചൊല്ലീടുന്നു.
അഞ്ചാമതല്ലോ താമസാനുജന്‍ രൈവതനാം
അഞ്ചിതപ്രാക്രനാകിയ മനുശ്രേഷ്ഠന്‍
ചെഞ്ചമ്മേബലിവിന്ധ്യാന്മാരവര്‍ തനയന്മാര്‍
ചഞ്ചലമൊഴിഞ്ഞെഴും വിഭുവാമവനീന്ദ്രന്‍
ഭൂതങ്ങള്‍ രയന്മാരുമായിരുന്നമരന്മാര്‍
പൂതാത്മാഹിരണ്യരോമാവേദശിരാദികള്‍
കേളൃഷികളുമന്നു, ഭഗവാന്മാര്‍ ശൂഭ്രന്മനോ-
നാളമോഹിനിയായ ഭാര്യയാം വികുണ്ഠയില്‍
നിന്നവതരിച്ചു വൈകുണ്ഠനായ് ശ്രീപ്രീത്യര്‍ത്ഥം
തന്നുടെ വൈകുണ്ഠാഖ്യാലോകത്തെ നിര്‍മ്മിച്ചുപോല്‍.
ആറാമതല്ലോ മനുചാക്ഷുഷന്‍, പൂരുഷദ്യു
മ്നാദികള്‍ പുത്രന്മാരുമിന്ദ്രനാം മന്ത്ര്ദുമന്‍
ദേവകളാപ്യാദികളവിഷ്മദ്വീരകന്മാ-
രാമവര്‍തുടങ്ങിയുള്ളവര്‍കളൃഷികളും.
അന്നല്ലോ ഭഗവാന്‍ വൈരാജനു സംഭൂതിയാ-
കുന്ന ഭാര്യയിലജിതാഹ്വയത്തോടുകൂടി
വന്നവതരിച്ചമരേന്ദ്രന്മാര്‍ക്കമൃതത്തെ
നന്നായന്‍പോടേ സാധിപ്പിച്ചതെന്നറിഞ്ഞാലും
ഇങ്ങനെ കേള്‍പ്പിച്ചപ്പോളവിടമറിവതി-
“നിന്നരുള്‍ചെയ്ക”ന്നാന്‍ ഭൂപാലകന്‍;മുനീന്ദ്രനും
‘കേട്ടുകൊള്‍കെങ്കി’ലെന്നു കേവലമരുള്‍ചെയ്താന്‍
കേട്ടാലെത്രയും മനോമോഹനം കാഥാസാരം

No comments: