Thursday, February 24, 2011

പാലാഴിമഥനം

പണ്ടൊരുദിനം ദിവ്യഭാരതഖണ്ഡത്തെയും
കണ്ടുകണ്ടാനന്ദിച്ചു കളിച്ചുകളിച്ചെങ്ങും
സഞ്ചരിച്ചീടും വിദ്യാധരികള്‍ ദുര്‍വാസാവാ-
മഞ്ചിതതപോധനം കണ്ടുവന്ദിച്ചനേരം
സര്‍വാശാവിമോഹനകരസൌരഭ്യത്തോടും
ദിവ്യമായൊരു മലര്‍മാലയും നല്‍കീടിനാര്‍.
മാലയെകൈക്കൊണ്ടവര്‍ക്കാശീര്‍വാദവും ചെയ്തു
കാലാരികാലഭൂതന്‍ താനയച്ചവരെല്ലാം
പോയളവകമേ ചിന്തിച്ചിതെത്രയും ദിവ്യ-
മായമാലയെദ്ധരിച്ചാനന്ദിപ്പതിനിപ്പോള്‍
ഞാനൊരുതപോധനനിന്നിതിനയോഗ്യനി
മ്മാനസലോകത്തിങ്കലാരുചിതന്മാരുള്ളു?
മാധവന്‍ താനോ? മഹാദേവനോ? വിരിഞ്ചനോ?
സാദരം ദേവേന്ദ്രാദി ദിക്പാലവീരന്മാരോ?
മോദേന ധരിപ്പതിന്നാളായ പുരുഷന്മാര്‍
ആദിനായകന്‍ ജഗല്പാലകന്‍ നാരായണന്‍
മാധവന്‍ തനിക്കുനല്‍കീടിനാല്‍ പ്രസാദിക്കു-
മാധാരം ജഗന്മയന്‍ താനല്ലോനമുക്കെല്ലാം
നാഥനുതന്നെ നല്‍കീടേണമെന്നുറച്ചവന്‍
ചേതസാപുനരഥകൂടവേവിചാരിച്ചാന്‍
കാമദന്‍ കാമശീലന്‍ കാമിനിമാരാം രമാ-
ഭൂമീമാര്‍ക്കാഹന്ത! ഖണ്ഡിച്ചു താന്‍ നല്‍കീടുവോന്‍
താമരസാക്ഷന്നു നല്‍കീടരുതെന്നാകയാല്‍
സോമശേഖരന്നു നല്‍കീടുവന്‍ വൈകാതെ ഞാന്‍
കാമനാശനനതുതാനെടുത്തഴകിനോ-
ടാമോദാല്‍ ചൂടിപ്രസാദിക്കുമെന്നോര്‍ക്കുന്നവന്‍
കൂടവേ വിച്ചാരിച്ചാനേടലര്‍ ശരാരാതി
വാടാതെ മലര്‍മാലതാനെടുത്തീടുംനേരം
മാമല മകള്‍ മടി തന്നില്‍ മേവിടും ദേവി
കാമദാഹത്തിന്‍ പ്രതികാരമായല്ലോമുന്നം
പാതിമെയ് പകുപ്പിച്ചു കൊണ്ടിതങ്ങതു പാര്‍ത്താല്‍
പാതിമാലയും പകുത്തീടാതെയടങ്ങുമോ-
കേവലമതു ചിന്തിച്ചാലുടന്‍ മലര്‍മാല
ചൂതബാണാരിക്കു നല്കീടിനാലെന്തായ് വരും?
വേധാവു തിരുമുടി നിഖിലേ ചൂടീടുവോന്‍:
കേടേതും വരുത്താതെ മാലയെച്ചൂടീടുവാ-
നീടെഴും ദിക് പാലകന്മാരിലാരിനിനല്ലൂ?
ദേവേന്ദ്രന്‍ തനിക്കുനല്കീടാമെന്നോര്‍ക്കുന്നവ-
നാവിര്‍മോദേന ചിന്തിച്ചീടിനാന്‍ സംക്രന്ദനം.
താനറിഞ്ഞിതു ദുർവാസാവു തന്നെച്ചിന്തിച്ച-
താനതന്‍ കഴുത്തിലേറീടിനാന്‍ പുരന്ദനന്‍
വേഗേന മഹാമുനിതന്നുടെ മുമ്പില്ച്ചെന്നാ-
നാഗമാന്തജ്ഞന്‍ തന്നെ വീണടി വണങ്ങിനാന്‍
നന്ദിച്ചു നാല്ക്കൊമ്പനും വന്ദിച്ചു സുരേന്ദ്രനും
നിന്നതു കണ്ടു ദുർവാസാവുതാന്‍ പ്രസന്നനായ്
വാനവര്‍കോനായ്ക്കൊണ്ടു മാലയും നല്കീടിനാന്‍:
സാനന്ദം തൊഴുതു വാങ്ങീടിനാന്‍ മഹേന്ദ്രനും
"കേടേതും വരുത്താതെ മാലയിന്നിതു ധരി
ച്ചീടുവാന്‍ ഭവാനൊഴിഞ്ഞാരുമില്ലെന്നോര്‍ത്തു ഞാന്‍
പാരാതെ വരുത്തി നല്കീടുവാനവകാശം
നേരേ നീ ധരിച്ചു കൊണ്ടാനന്ദിച്ചാലും സഖേ!
പോയാലും സുഖമാകെ"ന്നാശീർവാദവും ചെയ്തു
മായമെന്നിയേ തെളിഞ്ഞയച്ചാന്‍ മുനീന്ദ്രനും.
പാകാരിതാനും മാലകൈക്കൊണ്ടു സമ്മാനിച്ചു
വേഗേന മുനീന്ദ്രനെ വന്ദിച്ചു നടകൊണ്ടാന്‍.
മാമുനിയുടെ മുമ്പില്‍ നിന്നകന്നുടന്‍ മുതിര്‍-
ന്നാമോദവശാല്‍ കരീന്ദ്രോപരിവിളങ്ങിനാന്‍.
മാലയിന്നതി ദിവ്യമെന്നറിഞ്ഞഥ നിജ-
മൌലൌ ചേര്‍പ്പതിന്നുള്ളിലാശയാ പുനരപ്പോള്‍
ഹസ്തീന്ദ്രകുംഭദ്വന്ദ്വമദ്ധ്യേ മാലയും വച്ചു
സ്വസ്ഥനായ് കചഭാരമഴിച്ചു കുടഞ്ഞുടന്‍
ഹസ്താഗ്രനഖനികരങ്ങളാല്‍ ചിന്തിച്ചീകി-
സ്സത്വരം പരിചാക്കി വളര്‍ത്തിക്കുന്നളവിങ്കല്‍
കല്പകമധുതെണ്ടും ഷള്‍പദനികരങ്ങള്‍
പുഷ്പസൌഗന്ധ്യം പാര്‍ത്തു മത്തരായ് പരിഭ്രമാല്‍
വന്നുവന്നടുത്തു ഷഡ്ജങ്ങളും പാടിപ്പാടി
നിന്നു സംഭ്രമിച്ചെഴുമാരാവപൂരത്തൊടും,
കണ്ണുകള്‍ കര്‍ണ്ണങ്ങളും വക്ത്രവും മൂടിക്കൂടി-
ടുന്നളവുപദ്രവമെന്നായക്കരീന്ദ്രനും
മസ്തകമദ്ധ്യത്തിങ്കല്‍ നിന്നെടുത്തുടന്‍ മാല
പൃഥ്വയിയിലിട്ടു ചവുട്ടീടിനാന്‍ കരിവരന്‍
പെട്ടെന്നങ്ങതു കണ്ടു ഞെട്ടീനാന്‍ മഹേന്ദ്രനും:
രുഷ്ടനായതുകണ്ടു ചൊല്ലിനാന്‍ ദുർവാസാവും:-
"വൃത്രാരേ! തവവൃത്തമെത്രയുമിദം ചിത്രം!
ചിത്രം! ഞാനോര്‍ത്തീലതി കശ്മലനല്ലോ ഭവാന്‍;
ചിത്തമോഹനകരമായ സുസ്രജംധരി-
ച്ചത്യന്തമാനന്ദിപ്പാന്നല്ലതുനീയെന്നോര്‍ത്തേന്‍
വ്യര്‍ത്ഥമായ്ച്ച ംയ ഞ്ഞതുദിക്കരിക്കയാലുടന്‍
അത്രനിര്‍ജ്ജരന്മാരും നീയും നിന്‍ പൌലോമിയും
വൃദ്ധതയോടു ജരാനരപൂണ്ടിരിക്കപോ-
യുദ്ധത വിരൂപികളായ്ച്ചമഞ്ഞെ" ന്നീവണ്ണം
ശാപവുമരുള്‍ ചെയ്തു കോപേന മുനിവരന്‍
വേപഥു ശരീരനായങ്ങെഴുന്നള്ളുന്നേരം
താപമാര്‍ന്നൈരാവത്തിന്മേന്‍ നന്നിഴഞ്ഞു സ-
ര്‌വാപരാധവും ക്ഷമിക്കേണമെന്നര്‍ത്ഥിച്ചുടന്‍
താണടി തൊഴുതുവന്ദിച്ചതി സഗദ്ഗദ-
വാണികളാലെ ഭക്ത്യാ ഭീതനായുണര്‍ത്തിച്ചാന്‍:-
"ഞാനറിഞ്ഞൊരു ദോഷം ചെയ്തതല്ലതിശയ-
മാനന്ദിച്ചഴകോടു ചൂടുവാന്‍ കചഭാരം
പാരാതെ കുടഞ്ഞു നേർവരുത്തിക്കൊളവാന്‍ കരി
വീരമസ്ത്കമദ്ധ്യേ വച്ചിരുന്നതിനുടെ
മോഹനകരമായ സൗരഭ്യമൂലം തിര-
ഞ്ഞാഹന്ത! മധുകരവ്രാതങ്ങളുരുതരം
പാടി വന്നൊരുമിച്ചു മൂടി മൂളിടുമ്പൊഴു-
തേറിന വേഗാല്‍ കരിവീരനങ്ങിനെ ചെയ്താന്‍
പാപിയാം മാമദോഷമല്ലിതു മഹാമുനേ!
താപം തീര്‍ത്തനുഗ്രഹിക്കേണമേ ദയാനിധേ!"
ദേവേന്ദ്രൻ തൊഴുതു വന്ദിച്ചു ദുർവാസാവിനോ-
ടീവണ്ണമപേക്ഷിച്ചു ദീനനായ് നില്ക്കുന്നേരം
മെല്ലവേ രോക്ഷം ശമിച്ചുള്ളകം തെളിഞ്ഞതി-
കല്യാണാലയനായ താപസേന്ദ്രനുമപ്പോൾ
ചൊല്ലിനാ “നഹോ!! നിനക്കില്ലപരാധമെങ്കി-
ലല്ലൽത്തീർനിമേലിൽ നല്ലതു വരും ദൃഢം.
ചൊല്ലെഴും പാലാഴി പുക്കുള്ളമൃതത്തെയെടു-
ത്തെല്ലാരും കൂടി നുകര്‍ന്നീടുവിന്‍ മടിയാതെ.
വല്ലാതെ ജരാനരതീര്‍ന്നു മംഗലം ചേര്‍ന്നു
നല്ല യൌവനയുക്തരായ് വരുമെന്നാല്‍ പിന്നെ
വല്ലാത രോഗങ്ങളും മൃത്യുവുമകപ്പെടാ;
നല്ലതേവരൂ മേലിലില്ല സംശയമേതും.”
ശാപമോക്ഷത്തെ തെളിഞ്ഞീവണ്ണം മുനീന്ദ്രനും
കോപമടങ്ങി നല്‍കീടിനോരളവപ്പോള്‍
കൂടവേ തൊഴുതു ദേവേന്ദ്രനും മുനീന്ദ്രനോ
ടൂടെഴും വിചാരവേഗേനതാന്‍ ചോദ്യം ചെയ്താന്‍:-
“ശാപാനുഗ്രഹശക്തനാകിയ ഭവാനുടെ
ശാപാനുഗ്രഹത്തിനു നേരേ വന്നകപ്പെടും
പീയൂഷമെന്നോര്‍ത്തിരുന്നീടുകയൊഴിഞ്ഞെന്തോ-
ന്നായാസവശാലെന്നാല്‍ കര്‍ത്തവ്യമാകുന്നതും?
നേരേ നിന്തിരുവടിതാനുടനരുളിച്ചെ-
യ്താരൂഢസന്ദേഹത്തെത്തീര്‍ക്കണം ദയാനിധേ!”
താപസനരുള്‍ചെയ്താനന്നേര“മതിന്നിനി-
ത്താപമെന്നിയേ നിങ്ങളുദ്യോഗിച്ചീടുന്നേരം
താനേവന്നെത്തുമവകാശങ്ങളെല്ലാറ്റിനും
ദീനങ്ങള്‍ ലോകങ്ങള്‍ക്കും തീര്‍ന്നു നല്ലതുവരും
സാധിക്കാം ഭവാനുവേണ്ടുംവണ്ണമെല്ലാ”മെന്ന-
ങ്ങാധിതീര്‍ത്തനുഗ്രഹിച്ചയച്ചാന്‍ മുനീന്ദ്രനും.
ദേവേന്ദ്രന്‍ ജരാനരപൂണ്ടു വൃദ്ധതയോടും
ദേവലോകം പ്രാപിച്ചു തത്സമന്മാരായ്മേവും
ദേവകളോടു ശാപാനുഗ്രഹാദികളെല്ലാ-
മാവോളം പരിതപ്ത ചേതസാ ചൊല്ലീടിനാന്‍.
വൃത്താന്തമെല്ലാം കേട്ടു വൃദ്ധരായ് മേവും സുര
സത്തമരൊരുപിച്ചു ചിന്തിച്ചാരിനി നമ്മാല്‍
കര്‍ത്തവ്യമിവിടെയെന്തെന്നതുനേരം പുന-
രുള്‍ത്താരില്‍ തോന്നി പരമേഷ്ഠിയോടവസ്ഥകള്‍
സത്വരം ചെന്നങ്ങുണര്‍ത്തിക്കവേണ്ടുവതെന്ന
തത്യരം വൃദ്ധശ്രവാദ്യന്മാര്‍ മന്ത്രിണാസമം
സത്യലോകം പ്രാപിച്ചു വിശ്വകര്‍ത്താരം കൂപ്പി
സ്തുത്വാനിന്നീടുന്നേരം പ്രത്യക്ഷനായ് നിന്നീടും
നിര്‍ജ്ജരശ്രേഷ്ഠന്‍ താനും സജരന്മരായ് മേവും
നിര്‍ജ്ജരന്മാരെക്കണ്ടു സജ്വരാത്മനാ ചൊന്നാന്‍:-
“എന്തെടോ!സുരന്മാരേ! നിങ്ങളും വലാരിയു-
മന്തരാവൃദ്ധന്മാരായ് വന്നതിനവകാശം?
സമ്പ്രതിനമ്മോടറിയിക്ക’യെന്നതു കേട്ട
ങ്ങുമ്പര്‍കോന്‍ തൊഴുതുണര്‍ത്തിച്ചാ” നെങ്കിലോ ഭവാന്‍
കേള്‍ക്ക ദുര്‍വ്വാസാവിങ്ങു നല്‍കിയ മലര്‍മാല
കാല്‍ക്കീഴിലിട്ടുടന്‍ ചവിട്ടീടിനാന്‍ കരിവരന്‍;
നോക്കിക്കണ്ടതിനേവം വൃദ്ധരായ്ച്ചമകെന്നു
വായ്ക്കുമുള്‍ക്കോപത്തോടെ ശപിച്ചാന്‍ മുനീന്ദ്രനും.
പാല്‍ക്കടല്‍ കടഞ്ഞമൃതെടുത്തു സേവിക്കുന്നാള്‍
മോക്ഷവും ശാപത്തിനുണ്ടെന്നരുള്‍ചെതീടിനാന്‍
സാധ്യമല്ലതിന്നുണര്‍ത്തെച്ചൊഴിഞ്ഞടിയങ്ങള്‍-
കാര്‍ത്തി തീര്‍ത്തനുഗ്രഹിക്കേണമേ ദയാനിധേ!”
സ്സങ്കടം തീര്‍പ്പാനെളുതല്ലെന്നു വിരിഞ്ചനും.
മുന്‍പിലാമ്മാറങ്ങെഴുന്നള്ളിനാനമരക-
ളന്‍പോടു സുരേന്ദ്രനുമായുടന്‍ നടകൊണ്ടു,
ജംഭാരിതാനും വിബുധന്മാരുമൃഷികളും
അംഭോജാസനനുമായ്ക്കൈലാസാചലത്തിങ്കല്‍
ശങ്കരന്‍ തന്നെച്ചെന്നു കണ്ടു കൈകൂപ്പിസ്തുതി-
ച്ചങ്കുരാതങ്കമുണര്‍ത്തിച്ചുകേട്ടതുനേരം
പങ്കജശരാരിയും ദേവകള്‍ക്കുണ്ടായ്‌വന്ന
സങ്കടം തീരെക്കടാക്ഷിച്ചുകൊണ്ടരുള്‍ചെയ്താന്‍-
“പോകണം പാലാഴീപുക്കംബുജനാഭന്തന്നോ-
ടാകുലമുണര്‍ത്തിപ്പാനല്ലാതെ മറ്റാരാലും
ലോകങ്ങള്‍ക്കുണ്ടായ് വന്ന സങ്കടങ്ങളെത്തീര്‍പ്പാ
നാകുന്നതല്ലെന്നതിലോകസമ്മതം നൂനം.
പണ്ടുമിജ്ജഗത്തിങ്കലന്നന്നുവലുതായി
ട്ടുണ്ടായ് വന്നീടും മഹാസങ്കടങ്ങളെത്തീര്‍പ്പാന്‍
കൊണ്ടല്‍നേര്‍വര്‍ണ്ണനൊഴിഞ്ഞാരുമില്ലിനിയുംവൈ-
കുണ്ഠനോടുണര്‍ത്തിക്കവേണമിന്നിപ്പോഴിതും
വേഗേന ഗിരിസുതതന്നൊടുംകൂടിച്ചേര്‍ന്നു
ഭോഗിശായിനം കാണ്മാന്‍ ഞാന്‍ കൂടെപ്പോന്നീടുവന്‍
വാരണവദനനും ബാഹുലേയനുമങ്ങു
പോരുവിന്‍ ഭൂതങ്ങളുമായൊരുമിച്ചു ശീഘ്രം”
മാരാരി മഹേശ്വരന്‍ താനേവമരുള്‍ചെയ്തു
പാരാതെ വൃക്ഷവരവാഹനനുമാവരന്‍
നാരദസനകാദിമാമുനീന്ദ്രന്മാര്‍ചുഴ-
ന്നാരണമയപ്രഭനങ്ങെഴുന്നള്ളീടിനാന്‍.
ഗീർ വാണ സമൂഹവുമിന്ദ്രനും വിരിൻചനും
പൂബാണാരിയും  നാനാതാപസവർന്മാരും
വേഗേന ചെന്നു വൈകുണ്ഠാലയം പ്രാപിച്ചുകൊ-
ണ്ടാഗമക്കാതലായ നാഥ പാദാരവിന്ദം
ധ്യാനിച്ചു കൂപ്പിത്തൊഴുതാനന്ദപരവശ
മാസശുദ്ധ്യാ പുകഴ്ത്തീടിനാരതി ഭക്ത്യാ:-
നിത്യ നിർമ്മല! നിഗമാന്ത സാരാർത്ഥപ്രഭോ!
സത്യസല്പദ! സതാംസത്തമ! സച്ചിന്മയ!
സത്താമാത്രക! സംസ്താത്മക! ചരാചര
സത്വചില്ഘന! സര്‍വാചാര്യ!തേ നമോനമഃ
വിശ്വകാരണ! വിശ്വരൂപ! വിശ്വാത്മാശ്രയ!
വിശ്വയോഗേശ്വര! വിശ്വഭിന്നൈകവിശ്വംഭര!
വിശ്വസംഹാര! പ്രണവാത്മനേ! നമോനമഃ
നിഷ്ക്രിയ! നിഷ്കഞ്ചന! നിസ്പൃഹ! നിരാകൃതേ
നിഷ്കളാനന്ദാത്മ! നിഷ്കാരണ! നിഷ്പാതക!
നിഷ്കള! നിരാശ്രയ! നിർവൃത! നിരാമയ!
നിഷ്കാര്യ! നിഗമവേദ്യാത്മക! നമോനമഃ
പത്മലോചന! പത്മനാഭ! ലോകാനന്ദഹൃൽ
പത്മസംസ്ഥിത! പത്മബാണാരി നിഷേവിത-
പത്മപാദാബ്ജാനന! പത്മസുന്ദരസ്മിത!
പത്മജാഹൃദയധൈര്യാപഹ! നമോനമഃ
മാധവ! മധുരിപോ!മായാവല്ലഭ! ഹരേ!
സാധുപാലന! സകലാധാര! സര്‍വ്വാത്മക
നീയൊഴിഞ്ഞൊരു ഗതിയില്ലൊരുനാളും ജഗ!
ല്‍കാര്യകാരണ! പരമാത്മനേ! നമോനമഃ
കാമദ! കാമാകൃതേ! കാമകാരണ! സക!
ലാമോദകര! നീലനീരദകളേബര
പീതവാസസ്സാം പത്മനാഭ! കൌസ്തുഭഗ്രീവ
പ്രീതിദ! ചതുര്‍ജാലംകൃത! നമോനമഃ
സാരസവിലോചന! കുണ്ഡലമകരസ-
ച്ചാരുബിംബിതഗണ്ഡമണ്ഡല! മൃദുസ്മിത!
കേശവ! കിരീടസൂര്യായുതമലപ്രഭ!
ശ്രീശ!നിര്‍മ്മല പാദാനന്ദായ നമോനമഃ
നിന്തിരുവടിയൊഴിഞ്ഞാരിഹ ജഗത്‌ത്രയ-
സന്താപമൊഴിച്ചു രക്ഷിപ്പതു ജഗല്പതേ
സന്തതം സതാചിത്താന്തഃസ്ഥിത ചിന്താമണേ
സന്തോഷസന്ദാനസന്താനമേ! നമോസ്തുതേ.”
ഇത്തരം വിധി ഹരേന്ദ്രാദികള്‍ നമസ്കരി-
ച്ചെത്രയും ഭക്ത്യാ കൂപ്പിസ്തുതിക്കും വിധൌ നാഥന്‍
ഭക്തവത്സലന്‍ യോഗനിദ്രയുമുണര്‍ന്നുട-
നുള്‍ക്കനിവിയന്നു സന്തുഷ്ടനായ്ക്കടാക്ഷിച്ചാന്‍
മുഗ്ദ്ധഹാസേന മുകുന്ദേക്ഷണമലര്‍നിര-
സ്രഗ്ദ്ധരന്മാരും പ്രസാദിച്ചു നിന്നതുനേരം
സ്രഷ്ടാവും പിനാകിയുമായടുത്തവസ്ഥക-
ളിഷ്ടദന്‍ തന്നോടുണര്‍ത്തിച്ചിതു സകലവും.
വര്‍ത്തമാനങ്ങളെല്ലാമുള്‍ത്താരില്‍ ജഗത്തായ
ചിദ്രൂപനറിഞ്ഞിരിക്കുന്നിതെന്നിരിക്കിലും
മുല്പാടൊന്നറിഞ്ഞതില്ലുള്‍പ്പൂവിലെന്നുള്ളേടം
കല്പിച്ചു കഷ്ടം കഷ്ടമെന്നരുള്‍ ചെയ്തീടിനാന്‍
വിശ്വേശന്മാരും തമ്മിലന്യോന്യം നോക്കിച്ചിരി
ച്ചുള്‍ച്ചേര്‍ന്നാശ്ലേഷിച്ചളവൊന്നിച്ചു ഗുണത്രയും
തല്‍ക്ഷണമതുകണ്ടുണ്ടായ സംഭ്രമാല്‍ സഹ-
സ്രാക്ഷനും ദേവാന്വയ പക്തിയും മുനികളും
വിസ്മയമിതീവണ്ണം പണ്ടുകണ്ടിട്ടില്ലെന്നു
വിസ്മൃതന്മാരായ്ച്ചമഞ്ഞീടിനാരെല്ലാവരും:
രക്തകൃഷ്ണശ്വേതാഭാകാരവിസ്ഫുരദ്രൂപ
വിഗ്രഹമയവിസ്താരോച്ഛിത ഗാംഭീര്യങ്ങള്‍
നിശ്ചയിക്കരുതാത കണ്ടു കുണ്ഠതയോടു
നിശ്ചലഹൃദയന്മാരായ് പരവശ ഭക്ത്യാ
ദക്ഷിണേതര പൂര്‍വ്വപശ്ചിമോന്നതച്യുത-
ദിഗ്‌ഭ്രമം കലര്‍ന്നെങ്ങും നിന്നുകൊണ്ടനേകധാ
ഭക്തിപൂണ്ടൊക്കെസ്തുതിച്ചീടിനാരോരോവിധ-
മിക്ഷിതിചക്രേ നമസ്‌കൃത്യ ചൊന്നാകുംവണ്ണം.
“പത്മാസ! പത്മാസന! പത്മബാണാരേ! ഹരേ!
പത്മാരികലാധര! പത്മയോനീശാച്യുത!
പത്മസംഭവ! പത്മമന്ദിരമനോഹര!
പത്മബാന്ധവതനയാന്തക! നമോനമഃ
വിശ്വസൃഗ്വിശ്വംഭരവിശ്വസംഹാരാജിത
വിശ്വനിഗ്രഹാവേദ്യാ! വിശ്വമംഗലാകൃതേ!
വിശ്വസന്താപഹരകാരണ! പരാപര!
വിശ്വാത്മത്രിവര്‍ണ്ണസത്‌ഭാവേഭ്യാസ്തേഭ്യോ നമഃ
നിങ്ങള്‍ മൂവരും ഗുണത്രിതയഭാവംകലര്‍-
ന്നിങ്ങിഹ ജഗത്സൃഷ്ടിസ്ഥിതിസംഹാരംചെയ്‌വാന്‍
വന്നുതോന്നിന ഭവാന്മാരുടനൊരുമിച്ചു
നിന്നകാരണം ഞങ്ങള്‍ക്കുള്ള സങ്കടമെല്ലാം
തീരുവാനെളുതായിതിന്നിനിവേണ്ടുംകാര്യം
നേരേ തല്‍തത്തത്‌ഭാവം ചേര്‍ന്നരുള്‍ ചെയ്യേണമേ.
പാരാതെ മുഹുരതാലുള്ളിലന്ധതപൂണ്ടി-
പ്പാരതിലുഴല്‍‌വതേ ഞങ്ങളാലുള്ളു നിത്യം.
മാരാരി മുരഹരാംഭോജസംഭവത്രയാ-
കാരവിഗ്രഹ! പരബ്രഹ്മനിര്‍മ്മലസ്വയം
ഭേദവര്‍ണ്ണങ്ങളൊന്നായ് നിന്നമംഗലപ്രദ!
വേദചിന്മയ! സകലാത്മഭ്യസ്തേഭ്യോനമഃ
ഇങ്ങനെ ദേവേന്ദ്രാദ്യന്മാരാകും ദേവന്മാരാല്‍
ഗ്രാഹ്യമല്ലാതുള്ളൊരു ഭഗവദ്രുപമഹോ!
വണ്ണവുമുയരവുമാഴവും വിസ്താരവും
നിര്‍ണ്ണയിക്കരുതാതൊരേകതേജസാസ്വയം
സംഭ്രമിച്ചെങ്ങും നിന്നുകണ്ടുടന്‍ നമസ്കരി
ച്ചമ്പരന്നോരോവിധം വാഴ്ത്തിനിന്നീടും നേരം
കണ്ടിതു ഹരിവിരിഞ്ചാന്തകാന്തകന്മാരെ-
ക്കണ്ടുകണ്ടിരിക്കവേ വേരായിതനുക്ഷണാല്‍
സന്തോഷിച്ചതു പൊഴുതമ്പോടു മൂര്‍ത്തിത്രയ-
മന്തികേ നമസ്കരിച്ചീടിനാരിന്ദ്രാദികള്‍
സംഭാവിച്ചതു പൊഴുതന്യോന്യം ത്രിമൂര്‍ത്തികള്‍
ജംഭാരി തന്നോടരുള്‍ ചെയ്തിതു നാരായണന്‍:-
“എന്തെടോ! ജരാനരതീരുവാന്‍ തുലോമെളു-
തന്തര്‍മ്മോദേന യൂയം പീയൂഷം നുകര്‍ന്നാകില്‍
അതിനു പാലാഴിയെമഥിപ്പാനിവിടെനി-
ന്നധുനാവേണ്ടുമുപകരണങ്ങളെയെല്ലാം
പരിചോടുപകരിച്ചീടുവാന്‍ ശ്രമിക്കണം
പരരാംസുരരെ നിര‍ത്തിച്ചമയ്ക്കണം;
മന്ദരഗിരീന്ദ്രനെ വാസുകി തന്നെക്കൊണ്ടു
മന്ദമെന്നിയേ ബന്ധിച്ചോഷധീര്‍ദുഗ്ദ്‌ധാംബുധി-
തന്നിലിട്ടുടനുപരിഞ്ജിച്ചു ദേവാസുര-
വൃന്ദങ്ങളഹീന്ദ്രവാല്‍ത്തലകള്‍കൈക്കൊണ്ടുടന്‍
സംഭ്രമമൊഴിഞ്ഞുകൊണ്ടന്‍പോടേമഥിക്കുമ്പോള്‍
സംഭവിച്ചീടും സുധയെന്നതിന്നിനിയിപ്പോള്‍
മുമ്പിനാലസുരകളോടുടന്‍ നിരക്കണ-
മന്‍പോടെ ഗിരിവരന്‍‌തന്നെയും വരുത്തണം
വസുകിതാനും വന്നിടേണമിങ്ങതിനെല്ലാം
ചേതസാ പരിശ്രമിക്കുന്നതാരിതുകാലം:
മാരാരേ! വരികകല്പിച്ചതെന്തെ”ന്നീവണ്ണം
പാരാതെ നാരായണന്താനരുള്‍ ചെയ്യുന്നേരം
കാലാരി ദൈതേയന്മാരോടുടനൊരുമിപ്പാന്‍
കാലം വൈകാതെ തുടങ്ങീടുകെന്നരുള്‍ചെയ്തു:-
“പൂര്‍വ വൈരങ്ങളെല്ലാമുള്‍ക്കാമ്പില്‍ മറന്നിനി-
പൂര്‍വദേവന്മാരോടു ദേവകള്‍ നിരക്കണം
കേവലം കാര്യസിദ്ധിക്കായ്ക്കൊണ്ടാശത്രുക്കളെ
സ്സേവിക്കെന്നതും സര്‍വ്വലോകസമ്മതം തന്നെ
ഹാനിയില്ലതുകൊണ്ടിങ്ങേതുമേ ദൈതേയന്മാര്‍
മാനസമൊരുമിച്ചു സന്ധിച്ചിക്രിയ ചെയ്താല്‍
ക്ലേശമേപുനരവര്‍ക്കുള്ളിതു ഫലം നമു-
ക്കാശു സിദ്ധിപ്പാന്‍ ഛിദ്രം ചിന്തിച്ചു വൈകിക്കേണ്ട
പോകുന്നതാരിന്നസുരൌഘത്തെവരുത്തുവാ-
നാകുന്നതല്ലോ സന്ധിപ്പാ”നെന്നു കേള്‍ക്കായപ്പോള്‍
“നിന്തിരുവടിയും മാരാരിയും വിരിഞ്ചനും
ചിന്തിച്ചു കല്പിക്കുന്നതൊക്കവേ ഞങ്ങള്‍ക്കെല്ലാം
സന്തതമനുമത”മെന്നു ദേവേന്ദ്രാദികള്‍
സന്തുഷ്ടന്മാരായൈക മത്യ സമ്മതം ചെയ്താര്‍
അന്നേരം നാരായണന്‍ തന്നുടെ ഭൃത്യന്മാരെ-
ച്ചെന്നസുരരെക്കൂട്ടിക്കൊണ്ടിങ്ങുപോന്നീടുവാന്‍
നന്നായങ്ങന്‍പോടരുള്‍ ചെയ്തുടനയച്ചവ-
രൊന്നിച്ചു ഭൃഗുശിഷ്യന്മാരുടെ സഭയിങ്കല്‍
ചെന്നുടന്‍ മഹാബലി തന്നോടരുള്‍ ചെയ്ത-
വണ്ണമുള്ളവസ്ഥകളൊന്നൊഴിയാതെചൊന്നാര്‍
വൃത്താന്തമതുകേട്ടുഭര്‍ത്സിച്ചു ദനുജന്മാ-
രുത്തമപുരുഷഭൃത്യന്മാരോടതുനേരം
സത്വരമുരചെയ്താ“രിപ്പോളിതിനേതു-
മുള്‍ത്താരില്‍ നിരൂപിച്ചാല്‍ മറ്റില്ല കുശലങ്ങള്‍
ഞങ്ങളോപണ്ടേതുലോം നിന്ദ്യന്മാരവര്‍ തനി-
ക്കങ്ങു വന്നൊരുമിപ്പാനെങ്ങനെ ചൊന്നീടുന്നു
പോയാലും ഭവാന്മാരങ്ങാരുമില്ലിതിന്‍ കൂടെ-
പ്പായുന്നോരിപ്പോഴിതു ചിന്തിച്ചു വൈകിക്കേണ്ട”
മായമെന്നിയേദൈത്യന്മാരേവം ചൊല്ലിക്കേട്ടു
മായാപൂരുഷഭൃത്യന്മാരതിവേഗത്തോടെ
പാലാഴിതന്നില്‍ച്ചെന്നു കാലാരിവിധീന്ദ്രന്മാ-
രാലനുവേലംനിഷേവ്യാംഘ്രിപങ്കജത്തിങ്കല്‍
വീണുടന്‍ നമസ്ക്കരിച്ചങ്ങസുരകള്‍ ചൊന്ന-
വാണികളെല്ലാമുണര്‍ത്തിച്ചതുകേട്ടനേരം
മന്ദഹാസവും കലര്‍ന്നിന്ദിരാവരന്‍ സുര
വൃന്ദചൂഡനു മതിനെന്തിനിക്കഴിവെന്ന-
ങ്ങിന്ത്രസോദരനേയും സംഭാവിച്ചനുക്ഷണം
തന്നരികത്തു നില്‍ക്കും ഭൂതത്തെ വിളിച്ചങ്ങു-
ചെന്നസുരരെക്കൊണ്ടു പോരികെന്നരുള്‍ചെയ്താന്‍
ഭൂതവും തൊഴുതനുവാദംകൊണ്ടതിശയ-
വാതവേഗേനചെന്നു ദാനവസഭപുക്കാന്‍.
മോദേന ശിവഭൂതം ചെന്നുനിന്നതുകണ്ടു,
സാദരം ചോദിച്ചു കേട്ടീടിനാരവസ്ഥകള്‍.
തല്‍‌ക്ഷണമതുകേട്ടുവൈകാതെ ദനുജന്മാര്‍
ദക്ഷാരിതന്നെക്കാണ്മാനായ്ക്കൊണ്ടു പുറപ്പെട്ടാര്‍.
ശക്തിപട്ടസപരശ്വിഷ്ടികള്‍ വില്‍‌വാള്‍‌ ശൂലം
മുള്‍‌ത്തടി മുസലപ്രസാദികള്‍‌ നിജനിജ-
ശസ്ത്രങ്ങളെടുത്തുകൊണ്ടുദ്ധതന്മാരാംദനു-
പുത്രന്മാരൊക്കെച്ചെന്നു മൃത്യുശാസനപാദം
നത്വാദേവകളുടെ കേടുകണ്ടഹംഭാവി-
ച്ചത്യന്തം തിമിര്‍ത്തഹങ്കരിച്ചാരാകുംവണ്ണം
കൈകൊട്ടിച്ചിരിച്ചാര്‍ത്തു ഭര്‍ത്സിച്ചു കൂടീടിനാര്‍‌
കൈടഭാരിയ മറുപുറമിട്ടസൂയയാ.
ദാനവന്മാരെക്കണ്ടു ദാനവാരിയും ബഹു-
മാനഭാവേനവാണനാനന്ദസംന്വിതം.
കൂടവേ ഗിരീന്ദ്രനെക്കൊണ്ടിങ്ങുപോന്നീടുവാന്‍
കൂടിയ ഭൂതങ്ങള്‍ പോകെന്നയച്ചവരെല്ലാം
മന്ദഗിരിവരന്‍ തന്നുടെമഹിമക-
ണ്ടിന്നിതുനമ്മാലെടുക്കാവതല്ലെന്നോര്‍ത്തവര്‍‌
ചെന്നു മാമലയെടുത്തൊട്ടേടമുടന്‍ കൊണ്ടു
വന്നവരിട്ടും കളഞ്ഞാകുലന്മാരായപ്പോള്‍,
പന്നഗവരനായ ശേഷനെ നിയോഗിച്ചാന്‍
പന്നഗശയനനന്നേരമങ്ങനന്തനും
ചെന്നെടുത്തചലേന്ദ്രന്‍ തന്നെത്താന്‍ ഫണങ്ങളാല്‍‌
ഒന്നിന്മേലൊരുകടുപ്രായേണധരിച്ചവന്‍‌
വന്നുമാധവചരണാന്തികേ വച്ചീറ്റിനാന്‍;
വന്ദിച്ചുഫണീന്ദ്രനും നന്ദിച്ചുമരുവിനാന്‍.
വാസുകിതന്നെച്ചെന്നുകൊണ്ടിങ്ങുപോന്നീടുവാന്‍
വാസവാനുജവഹനാകിയതാര്‍ക്ഷ്യന്‍ തന്നെ
പോകേണമെന്നുകല്പിച്ചവനങ്ങുടന്‍ ചെന്നു
നാഗേന്ദ്രന്‍ തന്നെക്കണ്ടു സംഭ്രമിച്ചിഴഞ്ഞപ്പോള്‍
ചൊല്ലിനാനെനിക്കൊരു ഭീതികൂടാതെവണ്ണം
മെല്ലവേയെടുത്തെന്നെക്കൊണ്ടുപൊയ്ക്കാള്‍കെന്നവന്‍
ചൊല്ലെഴും ഖഗേന്ദ്രനും ചെന്നവന്തനിക്കേതു
മല്ലലെന്നിയേകൊത്തിക്കൊണ്ടനന്താന്തത്തോളം
പൊങ്ങിനോരളവവന്‍ തന്നുടലവനിയി-
ലങ്ങുയര്‍ന്നതിലേറ്റം പിന്നെയും കാണായ്‌വന്നു.
എങ്ങനെ ഞാനിന്നിവന്തന്നെയുമെടുത്തുകൊ-
ണ്ടങ്ങുപോകുന്നവാറങ്ങനെ ചിന്തിച്ചവന്‍
പിന്നെയങ്ങിഴഞ്ഞു ഭൂമണ്ഡലം തന്നില്‍ വച്ചു
ഖിന്നതയൊഴിച്ചേഴെട്ടൊമ്പതു മടക്കാക്കി-
ച്ചേര്‍ത്തുബന്ധിച്ചു കെട്ടിക്കൊണ്ടവനുയര്‍ന്നീട്ടും
ധാത്രിയിലത്രേ കിടക്കുന്നതന്നാഗേന്ദ്രന്‍ താന്‍
പേര്‍ത്തിഴഞ്ഞവനുടന്‍ ഭൂമിയില്‍ കിടന്നേടം
ചീര്‍ത്തെഴും നിജപാദഗാത്രകന്ധരങ്ങളില്‍
വേഷ്ടിച്ചുകൊണ്ടങ്ങനന്താന്തേ പൊങ്ങീടുമ്പോഴും
കോട്ടല്‍ പൂണ്ടവന്‍ കിടക്കുന്നതങ്ങേറും നൂനം;
സാദ്ധ്യമല്ലെനിക്കിവന്‍ തന്നെക്കൊണ്ടങ്ങുപോവാ-
നാദ്യന്തമില്ലാതവനനന്തനിവനത്രേ-
പൊയിക്കൊള്‍‌വാനിനിയെന്തു നല്ലെന്തെന്നോര്‍ത്തോര്‍ത്തവന്‍‌
ആഗ്രഹിച്ചേവം പരിവേഷ്ടിച്ചതകറ്റുവാന്‍‌
കോപ്പിട്ടു പരിശ്രമിച്ചാലസ്യത്തോടെ മോഹി-
ച്ചാത്മബോധവും വിട്ടു ഭൂമിയില്‍ കിടക്കുമ്പോള്‍‌
ചുട്ടെല്ലാമഴിച്ചു മുന്നം കിടന്നതുപോലെ
തെട്ടെന്നു തത്സ്ഥാനം പ്രാപിച്ചാനങ്ങഹീന്ദ്രനും
ചിക്കനെക്കണ്ണുമിഴിച്ചങ്ങുണര്‍ന്നു പക്ഷീന്ദ്രനും
തല്‍‌ക്ഷണം നിജ സ്വാമിതന്‍ പദം വണങ്ങിനാന്‍
തല്‍‌ക്കഥാം നിശമ്യ ഭൂതേശനീശന്‍ പരന്‍‌
മുക്കണ്ണന്‍ നിജകരം കൊണ്ടുതാന്‍ വിളിക്കുമ്പോള്‍‌
താര്‍ക്ഷ്യനാല്‍‌ തന്നെയെടുക്കാവതല്ലാഞ്ഞിട്ടത്രേ
സാക്ഷാലീശ്വരന്‍ വിളിക്കുന്നതെന്നോര്‍ത്തിട്ടിവന്‍
കോട്ടല്‍ത്തീര്‍ന്നവന്‍ നിവര്‍ന്നന്‍പോടുമഹേശ്വരന്‍‌
കാട്ടിയ കരദണ്ഡേ കങ്കണ പ്രമാണവല്‍
ശീഘ്രമങ്ങുടന്‍ പരിവേഷ്ടിച്ചാനര്‍ദ്ധാകാരം.
പാല്‍ക്കടല്‍ മഥനത്തിനുള്ളതീവണ്ണമെല്ലാം
കോപ്പുകളൊരുമിച്ചു കൂട്ടിനോരളവു സ-
ര്‍‌വ്വാത്മാവാം നാരായണന്‍ താനരുള്‍ചെയ്തീടിനാന്‍:
“കേള്‍പ്പിനിന്ദ്രാദികളും ദാനവന്മാരും വേണ്ടും-
താല്പര്യകാരണത്തിനായ്ക്കൊണ്ടുത്സാഹിച്ചാലും.
ഗോത്രാധീശനെച്ചേര്‍ത്തൊപ്പിച്ചഹീന്ദ്രനെക്കൊണ്ടു
വാര്‍ദ്ധിയില്‍വച്ചു ബന്ധിച്ചാസ്ഥയാ മഥിക്കണം
വൈകരുതിനി” യെന്നുകേട്ടസുരകള്‍ തമ്മോ-
ടൈകമത്യത്തോടൊരുമിച്ചു ദേവകളെല്ലാം
മന്ദരഗിരീന്ദ്രനെ വാസുകിതന്നെക്കൊണ്ടു-
മന്ദമെന്നിയേബന്ധിച്ചാഴിയിലാക്കിദ്രുതം
നിന്നളവമരകള്‍തമ്മെയും കൂട്ടിക്കൊണ്ടു-
ചെന്നു വാസുകിയുടെ തലയ്ക്കല്‍കൂടി നാഥന്‍.
പന്നഗശയനന്നേരം ദാനവന്മാരും
ഒന്നിച്ചു വിചാരിച്ചു കല്പിച്ചു ചൊല്ലീടിനാന്‍-
“നന്നു നന്നിതു നിങ്ങള്‍ ഞങ്ങള്‍ക്കും പുച്ഛം തിരി
ച്ചിന്നിങ്ങു തന്നതിതു ഞങ്ങള്‍ തീണ്ടുകയില്ല
നിര്‍ണ്ണയം ധിക്കാരങ്ങളിങ്ങനെതുടങ്ങിയാ-
ലൊന്നിനും പാത്രമല്ലിക്കണ്ടവരാരും നൂനം.”
മന്ദഹാസവും കലര്‍ന്നിരാവരന്‍ പരന്‍‌
ഇന്ദ്രാദിദേവകളോടന്നേരമരുള്‍‌ചെയ്താന്‍
“നിങ്ങള്‍പോയ്‌പുച്ഛം പിടിച്ചീടുവിന്മഥിപ്പതി
ന്നിങ്ങുവന്നസുരകള്‍ പിടിപ്പിന്‍ തലതന്നെ
ഒന്നിനും വൈഷമ്യമുണ്ടാകരുതുപകരി
ക്കുന്നതു നോക്കിക്കാണ്മിന്‍ ചെന്നാലും മടിക്കേണ്ട”.
എന്നുകേട്ടങ്ങുചെന്നു ദേവകള്‍ പുച്ഛത്തിങ്കല്‍‌
നിന്നളവസുരകള്‍ തലയ്ക്കല്‍‌ക്കൂടീടിനാര്‍‌.
സന്തോഷിച്ചഹങ്കരിച്ചങ്ങനെ ദനുജന്മാ-
രന്തരാ തിമിര്‍ത്താര്‍ത്തുതുടങ്ങി മഥനവും.
ദേവകള്‍ വലിച്ചുകൊണ്ടയച്ചുകൊടുക്കയും
ദേവാരിജനം കൊടുത്തയച്ചു കൈക്കൊള്‍കയും
കേവലമഴിച്ചുലച്ചേറെസ്സംഭ്രമിപ്പിച്ചു
ധാവതിപ്പിച്ചുമങ്ങോടിങ്ങോട്ടും പലവിധം
ഭൂധരമലപ്പിച്ചു മഥിച്ചു നില്‍ക്കന്നേരം
ഭൂധരങ്ങളുമാകാശാന്തവും പാതാളവും
പാരമായ് വിറച്ചിളകീടുമാറുരുതരം
ഘോരനാദവും വളര്‍ന്നീടിനോരളവിങ്കല്‍
വാസുകിതന്നെ ബന്ധിച്ചീടിനബന്ധം വിട്ട-
ങ്ങാധാരമൊഴിഞ്ഞചലാധിപന്‍‌ മന്ദം മന്ദം
താണുപോവതുകണ്ടുദീനരായമരരും
നാനാലോകരും പരാധീനമാനസന്മാരായ്‌
നല്ലതെന്തിതിനെന്നങ്ങെല്ലാരുമുഴന്നൊന്ന്‌
വല്ലാതെ പരിഭ്രമിച്ചുള്ളഴല്‍‌ കലര്‍ന്നയ്യോ!
കഷ്ടമാഹന്ത! കഷ്ടമെന്തിതിന്നിപ്പോളക-
പ്പെട്ടതീവണ്ണം നമുക്കെന്നമരേന്ദ്രന്‍‌ താനും
നിര്‍ജ്ജരന്മാരും മുനീന്ദ്രന്മാരും വിപ്രന്മാരും
സജ്ജനങ്ങളും നാനാലോകരും ദിവിഭുവി
നില്‍ക്കുന്ന മഹത്തുക്കള്‍‌ തുംബുരു പ്രമുഖന്മാ-
രൊക്കവേ പരിഭ്രമിച്ചെത്രയും വിഷണ്ണരായ്
കൃഷ്ണ! മാധവ! ഹരേ! ഗോവിന്ദ! ശിവരാമ!
വിഷ്ണോ! സര്‍വൈക പരിപാലന പരായണ!
നിന്തിരുവടിയൊഴിഞ്ഞില്ലൊരു ശരണമെ-
ന്നന്തരാ നമസ്കാരസ്തോത്രങ്ങള്‍ ചെയ്യുന്നേരം.

No comments: