Tuesday, July 20, 2010

ഹിരണ്യകശിപു വധം

"മുന്നം ഹിരണ്യാക്ഷനെസ്സകലേശ്വരൻ
പന്നിയായമ്പോടവനിയുയർത്തുവാൻ
കൊന്നളവുണ്ടായെഴുന്ന പരിഭവം
മന്യുവിൽ മൂടിത്തളർന്നു ചമകയാൽ
ഖിന്നനായുള്ള ഹിരണ്യകശിപുവാ-
മുന്നതനായ ദനുജകുലാധിപൻ
തന്നുടെ ബന്ധുക്കൾ പോന്നവനന്തികേ
നിന്നിതിഹാസമാർഗ്ഗോക്തിഭേദങ്ങളാൽ
മായാമയമായ സംസാര സംഭ്രമ-
തോയാകരത്തെക്കടക്കും പ്രകാരങ്ങൾ
നാനാവിധം പറഞ്ഞേറെ വളർന്നെഴും
മാനസതാപമൊഴിച്ചിരുത്തീടിനാർ
അപ്പോൾ തളർന്നു കിടന്ന പരിഭവ-
മുൾപ്പൂവിലേറെ വളർന്നു ചമകയാൽ
വിഷ്ണുപ്രിയന്മാരെയും വിഷ്ണുവിനെയും
വിഷ്ണുഭക്തന്മാരെയും പ്രതികൂലിപ്പാൻ,
മദ്ബലം കൊണ്ടു തന്നേമതിയാകയി-
ല്ലബ്ജോത്ഭപ്രസാദം വേണമെനെല്ലാം
കല്പിച്ചുറച്ചുടൻ മന്ദര പരവത-
ത്തെ പ്രവേശിച്ചു തപസ്സു തുടങ്ങിനാൻ.
ദാരുണമായ തപോബലം കൊണ്ടവൻ
സാരസസംഭവനെ പ്രസാദിപ്പിച്ചു
ദേവകൾക്കും ഭയം ചേർത്താനവർ ചെന്നു
ദേവൻ വിരിഞ്ചനുമായഥ സത്വരം
പ്രത്യക്ഷനായ് ചെന്നു വേണ്ടും വരങ്ങൾ ഞാ-
നദ്യ നല്കീടുവനെന്നു നിന്നീടിനാൻ
നത്വാപി ചൊന്നാനസുരപ്രവരനു-
മൊത്ത വരം മമ നൽകുന്നതാകിലോ
ത്വൽ സൃഷ്ടജാതികളാരാലുമേ മമ-
മൃത്യുവരാതെവണ്ണം തരേണം വരം
ശസ്ത്രങ്ങളഷ്ടാദശാദികളാലുമ-
ങ്ങത്തലെത്തായ് വാനനുഗ്രഹിക്കേണമേ
പശ്ചാദനന്താവനിസുതലങ്ങളി-
ലെത്തരുതെങ്ങുനിന്നും മമാന്തം വിഭോ!
നക്തന്ദിവം കാലയുഗ്മങ്ങളിലുമ-
ന്തർബ്ബഹിർദ്ദേശങ്ങൾ തന്നിൽ നിന്നും മമ
മൃത്യുവൊരു യോനിജങ്ങളാലും പുന-
രെത്താതവണ്ണം തരികവേണം വരം.
വിക്രമശക്തിവളർന്നു ലോകത്രയ-
മൊക്കെജ്ജയിക്കയും വേണമെന്നാൽ തന്നെ.
ഇത്ഥമർത്ഥിച്ചവൻ തന്നോടതൊക്കെയും
ഒത്തവണ്ണം നിനക്കെന്നു വിരിഞ്ചനും
സദ്യോവരം കൊടുത്തങ്ങവൻമുമ്പിൽനി-
ന്നെത്രയും വേഗാൽ മറഞ്ഞരുളീടിനാൻ.
ദാനവേന്ദ്രൻ തപസ്സും സമർപ്പിച്ചു തൽ-
സ്ഥാനാധിപത്യം ഭൃഗുസുതാജ്ഞാവശാൽ
വാണാൻ സുഹൃത്തുക്കളും വന്നുകൂടിനാർ;
മാനം നടിച്ചാരസുരപ്രവരരും
വാരിജയോനിവരപ്രഭാവാൽ ഭയ-
മാരിലുമെന്യേ ഹിരണ്യ്കശുപുവും
സാധുജനങ്ങളെ ദ്വേക്ഷിച്ചനുദിന-
മാധിവളർത്താനഖിലജനത്തിനും
ദേവേന്ദ്രനാദി ദിഗീശന്മാർ തമ്മെയും
ദേവാരി താനേ ജയിച്ചാനശേഷവും;
ദേവപാദാർത്ഥങ്ങളുമടക്കിക്കൊണ്ടു
ദേവികളേയും വിധേയമാക്കീടിനാൻ;
ഭൂമിയുമാകാശവും ബലിസത്മവും
താമസനൊക്കെയടക്കിനാനശ്രമം:
നാനാപ്രകാരവുമീശനാകുന്നതു
താനെന്നുറച്ചുകൊണ്ടീടിനാൻ കശ്മല-
ന്താനവൻ,മറ്റൊരു നാഥനുണ്ടങ്ങൊരു
കോണിലെങ്ങാനുമെന്നിങ്ങനെ കേൾക്കിലോ
നൂനമവിടേയ്ക്കു ചെന്നവൻ തന്നുടെ
മാനമടക്കിവച്ചിങ്ങുപോരും ബലാൽ.
പേടിച്ചരയാലിലകൾപോലെ തുലോ-
മാടൽപെടുമവനെന്നു കേൾക്കുംവിധൗ,
നാരായണാന്തക വൈരികളിജ്ജഗൽ-
ക്കാരണന്മാരെന്നൊരുവൻ പറകിലോ
കേവലം ചെന്നവനെ പിടിപെട്ടുടൻ
നാവരിഞ്ഞീടുവാനും മടിയില്ലപോൽ.
കാമാരി നാരായണന്മാരുടെ തിരു-
നാമങ്ങളും ജപിച്ചീടരുതാരുമേ;
നാഥനാകുന്നതു ഞാൻ ജഗത്തിന്നു മൽ-
പ്രീതിവേണം വരുത്തീടുവാനേവരും;
നാമജപങ്ങളും ധ്യാനവും പൂജയും
കാമദനാമെന്നെവേണമെല്ലാവരും;
യാഗാദികർമ്മഹവിർഭാദമാദിയാം
ഭോഗഭോക്താവു ഞാനെന്നുറച്ചീടുവിൻ.
ഏവമാദി പ്രഭാവോപേതനാമവൻ
ഏവരേയും പരം ദ്വേഷിച്ചിതേറ്റവും.
അന്നതേതും സഹിയാഞ്ഞമരേന്ദ്രാദി-
വൃന്ദാരകവൃന്ദവും മുനിവർഗ്ഗവും
ചെന്നു പാലാഴിപുക്കംബുജനേത്രനോ-
ടിന്ദ്രാരിയാലുള്ളുപദ്രവമൊക്കവേ
വന്ദിച്ചു വാഴ്ത്തി സ്തുതിച്ചുണർത്തിച്ചത-
ങ്ങിന്ദിരാവല്ലഭൻ കേട്ടു കൃപാവശാൽ
നന്ദസ്മിതം ചെയ്തു മാധുര്യ പൂർവ്വമാ-
നന്ദാലയൻ കനിവോടരുളിച്ചെയ്തു:-
“ഉഗ്രനായുള്ള ദിതിസുതോപോദ്രവം
നിഗ്രഹിച്ചാശുതീർത്തീടുവൻ തന്നുടെ
പുത്രനാം ഭാവതോത്തമൻ തങ്കലേ
ശത്രുതയാ പുനരില്ലൊരു സംശയം
ചെറ്റു പാർക്കെ” ന്നതുകേട്ടമരൗഘവും
തെറ്റെന്നു പോയ് നിലയം പ്രതി മേവിനാർ.
മുഷ്കരനായ ഹിരണ്യകശിപുത്രൻ
മക്കളിലാദ്യനാം പ്രഹ്ളാദനാദിയായ്
മറ്റുള്ള ദാനവബാലകന്മാരെയും
മുറ്റുമിയന്ന ബൃഗുസുതന്മാരവർ
വിദ്യകളഭ്യസിപ്പിച്ചുതുടങ്ങിനാ-
രെത്രയും ബുദ്ധിമാന്മാരവരേവരും.
സർവ്വജ്ഞനായ് ചമഞ്ഞീടിനാനങ്ങതിൽ
ദിവ്യനാം പ്രഹ്ളാദനും സ്വാഭാവികയാം-
വാസനയാ ജഗൽക്കാരണനാകിയ
വാസുദേവങ്കലുദിച്ചുണർവേറ്റവും
ഭക്ത്യാപി വിഷ്ണുമയം ജഗൽസർവമെ-
ന്നുൾക്കാമ്പിൽ നന്നായുറപ്പിച്ചനുദിനം
വിദ്യകളഭ്യസിച്ചീടിനാൻ കൂടവേ
നിത്യമതിലൊരുനാളസുരേശ്വരൻ
പുത്രനെത്തന്നരികത്തുവിളിച്ചെടു-
ത്തുത്സംഗസീമ്‌നിവിന്യസ്യ പുണർന്നുടൻ
മൂർദ്ധ് നി മുകർന്നു സന്തോഷേണ ചോദിച്ചാൻ:-
“ആസ്ഥയാ നീ പഠിച്ചുള്ളതെല്ലാറ്റിലും
നല്ലതെന്തെന്നു ചിൽകെ”ന്നതു കേട്ടവൻ
ചൊല്ലിനാല്ലലൊഴിഞ്ഞു മന്ദേതരം:
“നല്ലതു നാനാജഗദ്ഗുരു മാധവൻ
കല്യാണവാരിധിതൻ പദസേവയിൽ
മീതേ നമുക്കേതുമില്ലെന്നതെന്നുടെ
ചേതസിനന്നായുറച്ചിതു കേവലം
തേറുകെ”ന്നാത്മജൻ ചൊന്നതു കേട്ടുടൻ
ചേറിയെഴുന്നതികോപേന ദാനവൻ
പാരാതെ നേരേ പിടിച്ചുതള്ളീടിനാൻ
പാരിലാറേഴുരുണ്ടങ്ങെഴുന്നേറ്റവൻ
“നാരായണ! പരിപാലയമാ”മിതി
നേരേ തൊഴുതു നിന്നീടിനാൻ ദൂരവേ,
“എന്നുടെ ശത്രുവായുള്ളവൻതന്നിലോ
ചെന്നുറയ്ക്കുന്നിതു നിന്നുടെ മാനസം?
നന്നല്ലിതുണ്ണീ നിനക്കെ”ന്നവൻ കനൽ-
ചിന്നും മിഴികളോടാശു ചൊല്ലീട്ടുടൻ,
പിന്നെബ് ഭ്യഗുസുതന്മാരെ വിളിച്ചു തൻ-
മുന്നിൽ നിർത്തിപ്പറഞ്ഞീടിനാനിങ്ങനെ:-
“നിങ്ങൾ ചില മതമുൾക്കളർന്നിത്തരം
ഇങ്ങിവനെപ്പഠിപ്പിച്ചുതുടങ്ങിയാൽ
എങ്ങുമിരിപ്പാനയയ്ക്കുന്നതല്ലെന്ന-
തങ്ങകമേ ധരിച്ചീടുവനീദൃശം.
ധിക്കാരമങ്ങുവച്ചേക്ക മഹത്ത്വങ്ങൾ
ഒക്കെയറിഞ്ഞിരിക്കുന്നിതെന്മാനസേ.
സത്വരമിത്തരം ദൈത്യ കുലേശ്വരൻ
ചിത്തകോപേന ചൊല്ലുന്നതു കേട്ടവർ
ബദ്ധാഞ്ജലി ചേര്ർത്തു നിന്നു ചൊല്ലീടിനാ-
”രിത്ഥമുൾത്താരിലങ്ങോർത്തീല ഞങ്ങളോ
ഞങ്ങൾക്കു മറ്റമില്ലൊരാധാരമിന്നിവൻ
ഞങ്ങൾ പഠിപ്പിച്ചതല്ല ചൊല്ലുന്നതും
പൊങ്ങും മഹാക്രോധമിങ്ങനെ കാൺകയാൽ
ഇങ്ങധികം ഭയമുണ്ടു ഞങ്ങൾക്കെല്ലാം“
എന്നിങ്ങനെ ഭൃഗുനന്ദനന്മാർ പറ-
ഞ്ഞന്നേറമാശു ചൊന്നാൻ ദിതിനന്ദനൻ:
”നിങ്ങളാരും പഠിപ്പിച്ചതല്ലെങ്കിലി-
ന്നിന്ദ്യനു തന്നകതാരിലുദിക്കയോ
ചെയ്തതെന്നിമറ്റിതാരാനുമൊന്നുര-
ചെയ്തുകേട്ടുള്ളിലുറയ്ക്കയോ കശ്മലൻ
നന്നലിവനുടെ ദുർബോധമിങ്ങതി-
നൊന്നുകൊണ്ടും പുനരെന്നാലതു നിങ്ങൾ
ശിക്ഷിച്ചു മാറ്റി മറപ്പിച്ചു കൊണ്ടിങ്ങു
ശിക്ഷയാവന്നാലു“മെന്നവരോടെല്ലാം
ചൊല്ലിസ്സരസമായാത്മജൻ തന്നെയും
മെല്ലെപ്പറഞ്ഞയച്ചീടിനാൻ കൂടവേ.
ചെന്നങ്ങനുസരണം ചെയ്തവനോടു
പിന്നെ ഭൃഗാസുതന്മാരവർ ചോദിച്ചാർ:
”വത്സ! നിനക്കു നാരായണൻ തങ്കലേ
ബുദ്ധിയുണ്ടാതാരാനും പറഞ്ഞതോ?
നിത്യം സ്വതേതന്നെ നിങ്കലുണ്ടായതോ?
സത്യം പറകെ“ന്നു കേട്ടവൻ- ചൊല്ലിനാൻ:
”സ്വസ്ഥനെന്നും പരനെന്നും ജഗത്തെന്നും
ഇത്ഥം ബഹുവിധമുള്ള ഭേദഭ്രമം
തന്നുടെ മായയാ സർവജഗത്തിനും
അന്വഹം തോന്നിച്ചരുളും ജഗന്മയൻ
സർവചരാചരാചാര്യൻ മമഗുരു
സർവഗൻ തൻപദം നിത്യം നമാമ്യഹം
രക്ഷതു മാ“മെന്നിരുന്നവൻ തന്നുടെ
ഭക്തിപ്രവൃത്തിയുമൊക്കെഗ്രഹിച്ചവർ
തൽസ്ഥിരതാമൊഴിച്ചീടുവാനായുരു-
ഭർത്സനാദ്യാകാരഭാവക്രിയകളാൽ
ഭീതിവളർത്തു ശീലിപ്പിച്ചുടൻ ത്രിവർ
ഗ്ഗാദി സർവം ഗ്രഹിച്ചീടിനാൻ നീതിമാൻ.
ദിവ്യനിവനെന്നുറച്ചന്നൊരുദിനം
കാവ്യസുതന്മാരവനോടു കൂടവേ
ചെന്നു ദനുജേന്ദ്രനെക്കണ്ടു വന്ദിച്ചു
നിന്നാരവർ തൊഴുതീടിനാൻ പുത്രനും.
നന്ദനൻ തന്നെസ്സവിധേവിളിച്ചനു-
നന്ദിച്ചെടുത്തു മടിയിൽ വച്ചാദരാ
നന്നായ് പുണർന്നു ശിരസി ചുംബിച്ചുകൊ-
ണ്ടന്നു ചോദിച്ചാൻ തെളിവോടി“തെന്മകൻ
ഇത്രനാളും മിനക്കെട്ടു പഠിച്ചതി-
ലുത്തമമായതെന്തെന്നു ചൊല്ലീടുനീ”.
എന്നു പിതാവു ചോദിച്ചതു കേട്ടവൻ
അന്നേരമാശു മുതിർന്നു ചൊല്ലീടിനാൻ:-
“എന്തു ചൊല്ലുന്നതു മുന്നേതിലേറ്റമെ-
ന്നന്തർഗതിക്കു വിശേഷമില്ലേതുമേ
നിത്യം ശ്രവണാദി സൽകീർത്തനങ്ങളാൽ
ഭക്തി നാരായണൻ തങ്കലെത്തീടുകിൽ
മർത്യജന്മാർത്ഥം ലഭിച്ചിതെ”ന്നാത്മജൻ
അത്യാദരേണ ചൊല്ലുന്നതുകേട്ടവൻ
ക്രൂദ്ധിച്ചവനെപ്പിടിച്ചുതള്ളിക്കള-
ഞ്ഞെത്രയുമുഷ്ണിച്ചു ശുക്രാത്മജരെയും
ഭർത്സിച്ചു നേത്രാഗ്നിപൊട്ടിച്ചിതറുമാ-
റുഗ്രവേഗേന ചൊല്ലീടിനാനിങ്ങനെ:
“ധിക്ക്യതിയുള്ള കുസൃതികൾ നിങ്ങളെ-
ന്നുൾക്കാമ്പിലാഹന്ത!നിശ്ചയിച്ചേനഹം.
മൽപ്രതിയോഗി പാലാഴിയിൽപൂക്കൊളി
ച്ചെപ്പോഴുമങ്ങുറങ്ങിക്കിടക്കുന്നവൻ,
ശക്തനെന്നുള്ള സാരം പഠിപ്പിച്ചതെൻ
പുത്രനെക്കശ്മലവിപ്രരേ! നിന്നിദം;
കള്ളക്കുരങ്ങന്മാർ മുന്നിൽനില്ലയ്കെ”ന്ന്
ഉള്ളം നടുങ്ങെപ്പറഞ്ഞതുകേട്ടവർ
തുള്ളും നിലകളോടുള്ളം വിറച്ചു വീർ
ത്തുള്ളുള്ള ഭാവം കലർന്നു ചൊല്ലീടിനാർ:-
“നാഥ!നമസ്തേ നമസ്തേ ജഗത് സക-
ലാധാര! ദൈവമേ! വീരമൗലേ! ജയ
പാരിലഗതികളാമടിയങ്ങളോ-
ടാരൂഢരോക്ഷമുണ്ടാകരുതിങ്ങനെ
സാക്ഷാൽ പരമാർത്ഥമങ്ങറിഞ്ഞീലതു
കേൾക്ക തവാത്മജനിച്ചൊന്നതൊന്നുമേ
ഞങ്ങൾ പഠിപ്പിച്ചതല്ലച്ഛനാണകേൾ
അങ്ങതുറയ്ക്കിലും കൂടവേ നിർണ്ണയം
നന്ദനനാമിവനോടിപ്രബന്ധങ്ങൾ
ഇന്നൊരന്യൻ പഠിപ്പിച്ചതുമല്ലല്ലോ.
അങ്ങതുറയ്ക്കിലും കൂടവേ നിർണ്ണയം
നന്ദനാമിവനോടിപ്രബന്ധങ്ങൾ
ഇന്നൊരന്യൻ പഠിപ്പിച്ചതുമല്ലല്ലോ.
തന്നുടെ വാസനയാ സ്വാഭാവികമാം
ദുർന്നയമെന്നതറിഞ്ഞരുളേണമേ.
ഞങ്ങളാകുന്നതെല്ലാപ്രകാരത്തിലും
ഇങ്ങവനെപ്രതി ശിക്ഷിച്ചതന്വഹം.
വ്യംഗ്യമാമിപ്പൊരുളങ്ങവനെപ്പൊഴു-
തെങ്ങും വെളിച്ചത്തിടുകയുമില്ലല്ലോ
ഞങ്ങളാലൊന്നതിന്നാവതല്ലെ“ന്നവർ
അങ്ങുചൊല്ലുന്നതു കേട്ടവൻ പുത്രനെ-
പ്പിന്നെപ്പലവിധം ദ്വേഷിച്ചതോർക്കിലി-
ങ്ങൊന്നുമെനിക്കു ചൊല്ലാവതലീശ്വര!
ദൈവവിലാസങ്ങളെന്തറിയാവതോ!
ദൈവമല്ലോ ജഗൽസാക്ഷിയാകുന്നതും
സർവകാര്യങ്ങളും സർവജനത്തിനും
ദൈവം വരുത്തുന്നതെന്നി മറ്റെന്തുള്ളു?
ദൈവഗതികൾ മറന്നുനടക്കുമ്പോൾ
ദൈവാനുകൂല്യമില്ലെന്നു വന്നീടുന്നു
ദൈവാനുകൂല്യമുണ്ടായ് വരുന്നാകിലോ
ദൈവവിശ്വാസമുണ്ടായ് വരും നിർണ്ണയം.
ദൈവത്തേയും മറന്നാശു ദൈതേയനും
ദിവ്യനാം പ്രഹ്ളാദനെ വധിച്ചീടുവാൻ
ക്രവ്യാശികളെ വിളിച്ചതിസത്വരം
സംശയമെന്നിയേ മണ്ഡലാഗ്രങ്ങളും
ആശുകൊടുത്തയച്ചീടിനാനങ്ങവർ
കേവലം ചെന്നു ചുഴന്നടുക്കും വിധൗ
ദേവദേവേശനെ ധ്യാനിച്ചുറച്ചുടൻ
തന്നുള്ളിലും ജഗത്തിലും കൊല്ലുവാൻ
ചെന്നടുക്കുന്നൊരു ദാനവന്മാരിലും
മണ്ഡലാഗ്രങ്ങളിലും പരിപൂർണ്ണനായ്
പുണ്ഡരീകാക്ഷനാമാദിനാരായണൻ-
തന്നുടെ മായയാ നിന്നവനാകിലി-
ങ്ങിന്നിവരാലെനിക്കില്ലൊരു സങ്കടം
നിർണ്ണയമെന്നവനുള്ളിലുറച്ചള-
വർണ്ണോജലോചനൻ തന്മഹാമായയാ
തങ്ങളിൽ തന്നെ വിപരീതമായ് ചമ-
ഞ്ഞങ്ങവർ വെട്ടിമരിച്ചാർ പരസ്പരം.
നന്ദനൻ തന്നെ വധിപ്പതിന്നേതുമേ
സന്ദേഹമെന്നിയേ പിന്നെയും ദാനവൻ
ദിഗ്ഗജേദ്രന്മാരെയൊക്കെവിളിപ്പിച്ചു
മുഷ്കരന്മാരെ നിയോഗിച്ചിതക്ഷണം.
ചിക്കനെച്ചെന്നവർ കത്തിത്തുടങ്ങിനാ-
രുൾക്കാമ്പുണർന്നു സ്മൃതിചേർന്നു ബാലകൻ
നിൽക്കുന്നളവു കരിവീരന്മാരുടെ
കർക്കശാകാരമാം ദന്തങ്ങളൊക്കവേ
പെട്ടെന്നു താനേ മുറിഞ്ഞഴൽപെട്ടഹോ
കഷ്ടം! പതിച്ചു തളർന്നുപോയീതുലോം.
ദുഷ്ടനതുകൊണ്ടുമാവതല്ലായ്കയാ-
ലഷ്ടനാഗങ്ങളെ വിട്ടാനനുക്ഷണം
ചെന്നു ദംശിപ്പതിന്നായ് തുടങ്ങും മഹാ-
പന്നഗന്മാരുടെ പൽമുറിഞ്ഞൂ ബലാൽ.
ഖിന്നനാം ദാനവാധീശ്വരൻ പിന്നെയും
വഹ്നിയെരിച്ചു കത്തിജ്ജ്വലിപ്പിച്ചതിൽ,
കാലും കരങ്ങളും കൂട്ടിവരിഞ്ഞിട്ട-
കാലമത്തീയും മഹാവിഷ്ണുതന്നെയും
വേറായിരിപ്പതല്ലെന്നു തന്മാനസേ
തേറിനാനപ്പൊഴുതാറിനാനഗ്നിയും ,
ചെന്താമരപ്പൂവുഴിഞ്ഞാലുമാടീട്ടു
സന്തതം കാറ്റേറ്റലസാതെ മേവിന
വൻതീയിലേറ്റം കുളിർത്തു വിളങ്ങിനാൻ
അന്തരമെന്നിയേ ബാലകന്തന്നുടൽ.
ചിത്തമുഴുത്തു ദനുജേന്ദ്രനും മുഹു-
രെന്തിനി നല്ലതെന്നോർത്തു കല്പിച്ചുടൻ
ആട്ടിപ്പിടിച്ചു മകനെക്കരങ്ങളും
കൂട്ടിപ്പരിചോടു കാലും മുറുകവേ
നാഗപാശങ്ങളാൽ കെട്ടിവരിഞ്ഞനു-
രാഗമൊഴിഞ്ഞു സമുദ്രത്തിലിട്ടഹോ!
മീതേ വളർന്ന ഗിരികളും ബന്ധിച്ചു
ചേതസി സംശയം വിട്ടു താനേറ്റിന്നാൻ.
മജ്ജനം ചെയ്തതീബാലകനപ്പൊഴു-
തിജ്ജഗത്തൊക്കെനിറഞ്ഞ ജഗന്മയൻ
പദ്മനാഭൻ പരിപാലയമാമിതി
സ്മൃത്വാപി ധീരനായപ്പൊഴുതഞ്ജസാ,
കെട്ടുകളറ്റു പാശങ്ങളും ദൂരവേ
പൊട്ടിത്തെറിച്ചങ്ങുരുണ്ടു ഗിരികളും,
തൽക്ഷണേ പാശിതാൻ ചെന്നെടുത്താദരാൽ
അക്കടൽ തന്നുടെ തീരമേറ്റീടിനാൻ.
കർക്കശൻ ദാനവൻ പിന്നെ വിഷങ്ങളും
ഭുക്തരസങ്ങളിലൊക്കെപ്പലവിധം
ഭൃത്യരെക്കൊണ്ടു കൊടുപ്പിച്ചതും ഹൃദ-
യസ്ഥനാമീശ്വരൻ താൻ ദഹിച്ചീടിനാൻ.
സംശോഷകനായ വായു ചുഴലിയായ്
സംശയമെന്നിയേ ചെന്നുചുഴന്നുടൻ
പൈതലായുള്ളവൻ തന്നെ വിരട്ടുവാൻ
കൈതവപൂർവ്വമയച്ചവൻതന്നെയും
വൈകര്യകാരി ഭഗവാൻ നിരഞ്ജനൻ
വൈകാതെതാൻ ദഹിച്ചീടിനാൻ കൂടവേ.
ഇങ്ങനെയുള്ള ദുർവ്യാപാരകർമ്മങ്ങൾ
അങ്ങവനൊന്നുമേലായ്കകൊണ്ടന്വഹം
തന്നുള്ളിലേറ്റം വിചാരം കലർന്നങ്ങു
നിന്നവൻ പിന്നെച്ചതിപ്പതിന്നായഹോ!
നന്ദനൻ തന്നെ നന്നായ് പറഞ്ഞന്തികേ;
നന്ദിച്ചിരുത്തിച്ചിലനാൾകഴിച്ചഥ,
ഭാർഗ്ഗവന്മാരെച്ചതിപ്പതിനായുള്ള
മാർഗ്ഗങ്ങളീവണ്ണമെന്നുമുറപ്പിച്ചവൻ
ഭാഗ്യവാനായ തനയനെപ്പിന്നെയു-
മാക്കിനാൻ വിദ്യ പഠിപ്പതിന്നന്തികേ;
അന്നവർതമ്മുടെ ദുഷ്കർമ്മ ഹേതുനാ
വഹ്നിയിൽ നിന്നു ജനിച്ചുള്ള കൃത്യങ്ങൾ
ചെന്നു ദഹിപ്പാനടുക്കുന്നതുകണ്ടു
നന്നുള്ളിൽ മേവിന നാരായണനുടെ
ചക്രം പുറപ്പെട്ടു കൃത്യങ്ങൾ തമ്മെയും
ഒക്കെദ്ദഹിച്ചുകളഞ്ഞോരനന്തരം
പിന്നെയും വിദ്യപഠിച്ചവൻ ഭാർഗ്ഗവ-
നന്ദനന്മാരുമൊന്നിച്ചിരുന്നനാൾ
മന്നവനായ ഹിരണ്യകശിപുവും
നന്നുടെ പുത്രനു നാരായണങ്കലേ
ഭക്തിക്കിളക്കമില്ലെന്തിനിച്ചെയ് വതെ-
ന്നുൾത്താരിലോർത്തോർത്തിരുന്നന്നൊരുദിനം
ആയിരം യോജന മേൽപ്പോട്ടുയർന്നധി-
കായതം വിസ്തൃതിചേർന്നു വിളങ്ങിന
മാളികമേലമാത്യാചാര്യമന്ത്രിഭിർ-
മ്മേളം കലർന്നു ചുഴന്നവരാസനേ
സർവ്വലോകൈകനാഥപ്രഭാവേന ദുർ-
ഗ്ഗർവം കലർന്നു വാഴും ദനുജേന്ദ്രനെ
ദിവ്യനാം പുത്രനും ചെന്നുകണ്ടന്തികേ
നിർവ്യാജമാശു നമസ്കരിക്കും വിധൗ
ദുഷ്ടനായുള്ളവൻ താൻ നിയോഗിക്കയാൽ
ഒട്ടും മടിയാതെ ഭൃത്യജനങ്ങളും
പെട്ടെന്നു ചെന്നു പിടിഛ്കു കാലും കൈയും
കെട്ടിവരിഞ്ഞുടനിട്ടാനധോഭുവി.
ചക്രായുധനുടെ ഭക്തപ്രവരരിൽ
അഗ്രേസരനിങ്ങു പോരുന്നളവുടൻ
വിഷ്ണുമയമെന്നുറച്ചാനഖിലവും;
വിഷ്ണുമായയ്ക്കരുതാതില്ലൊന്നുമേ.
വിഷ്ണുപാദത്തിങ്കൽനിന്നു താഴുന്നവൻ
വിഷ്ണുപ്രിയയിൽവന്നെത്തുന്നതിൻമുമ്പേ
വിഷ്ണുപ്രിയാ, ധരാദേവിതാൻ തൽക്ഷണേ
വിഷ്ണുമനോഹരവേഷഭാവത്തൊടും
വിഷ്ണുഹൃദയഗതികണ്ടനുദ്രുതം
വിഷ്ണുബുദ്ധ്യാ കരംകാട്ടി നിന്നീടിനാൾ:
വിഷ്ണുഭക്തൻ വന്നുവീണാൻ കരാംബുജേ.
വിഷ്ണുസ്മൃതികൊണ്ടു ബന്ധങ്ങളൊക്കെയും
വിഷ്ണുപാദത്തിങ്കൽനിന്നഴിഞ്ഞു ബലാൽ
വിഷ്ണുരേവം പുണർന്നർഭകൻതന്നെയും
വിഷ്ണുപ്രിയതന്നിൽ നിർത്തിനാളാദരാൽ.
വിഷ്ണുഭക്തൻ നമസ്കൃത്യ നിവർന്നുടൻ
ഭക്ത്യാ തൊഴുതു ചോദിച്ചാൻ: “ഭവതിയാ-
രിത്രകാരുണ്യമടിയനിൽ മാനസേ
മുറ്റിവളർന്നുവന്നിങ്ങനെ താങ്ങുവാൻ?
ഉറ്റവർക്കും ബത വല്ലുകയില്ലല്ലോ
മറ്റമിന്നാവശ്യമുണ്ടാകയില്ല മാം:
പെറ്റമാതാവുപേക്ഷിച്ചോരഗതി ഞാൻ
ചത്തുപിറന്നിതെന്നമ്മ തൃക്കയ്യതിൽ
നിത്യമെനിക്കിനി മറ്റില്ലൊരാശ്രയം,
ഭക്തപ്രിയേ! വെടിയായ്ക ഭവതിയും
അത്യന്തമാനന്ദഭൂതേ! നമോസ്തു തേ.”
ഇത്ഥം തൊഴുതപേക്ഷിച്ചുനിൽക്കും നിജ-
ഭക്തനോടപ്പോളർൾചെയ്തു ഭൂമിയും:-
“സർവചരാചര ധാത്രിയായ് മേവിന
സർവം സഹാദേവിയായതു ഞാൻ മമ-
ഭർത്തൃനിയോഗേന നിന്നെ രക്ഷിപ്പതി-
നത്യരം പ്രത്യക്ഷയായ് വന്നതിങ്ങനെ
പുത്ര! നിനക്കിനിയും ബത! വേണ്ടുകിൽ
അത്രൈവ മൽസ്മൃതിചെയ്കിലവിടെ ഞാൻ
പ്രത്യക്ഷയായ് വന്നു സങ്കടം പോക്കുവൻ
ചിത്തചാഞ്ചല്യമുണ്ടാകായ്കൊരിക്കലും;
നാരായണസ്വാമി സർവജഗദ്ഗുരു
കാരുണ്യവാരിധി കാത്തുകൊള്ളും ദൃഢം;
നല്ലതു മേന്മേൽ വരികെ“ ന്നനുഗ്രഹി-
ച്ചല്ലലൊഴിഞ്ഞു മറഞ്ഞാൾ ധരിത്രിയും;
തുല്യമതിയായ പ്രഹ്ളാദഭക്തിക-
ണ്ടെല്ലാവരും ബഹുമാനിച്ചിതേറ്റവും.
വല്ലാതെ കണ്ടിളിഭ്യം കലർന്നീടിനാ-
നല്ലോ ഹിരണ്യകശിപുവാം വീരനും.
ഇല്ലാ ചതികളുമങ്ങവനേൽക്കയെ-
ന്നുള്ളിലുറച്ചു നിർല്ലജ്ജനായ് പിന്നെയും
നല്ലവണ്ണം പറഞ്ഞങ്ങുശനാന്തികേ
നല്ല ശിക്ഷയ്ക്കുടനാക്കിനാൻ പിന്നെയും
ഭാഗ്യവാന്മാർക്കു ചെയ്യുന്നതെല്ലാം മഹാ-
ഭാഗ്യമായേവരൂ നീക്കമില്ലേതുമേ.
യോഗ്യമാം വിദ്യകളഭ്യസിച്ചീടുവാൻ
യോഗ്യനായ് വന്നാനവൻ പലകാലവും
യോഗ്യപുരുഷനല്ലോ ഹൃദയസ്ഥിതനായ്
യോഗ്യമുദിപ്പിച്ചു നില്ക്കുന്നതെപ്പൊഴും;
കാൽക്ഷണകാലമാത്രം പോലുമീശ്വര-
സാക്ഷിയോഗം മറന്നീടുമാറില്ലവൻ.
താനും ഗുരുവും ജനന്മയൻ മാധവൻ
നാനാചരാചരാചാര്യനാമീശനും
നൂനം പ്രപഞ്ചവുമീരേഴുലോകവും
ആനന്ദപൂർവ്വമൊന്നായ്ക്കണ്ടിരിപ്പവൻ
ദാനവാധീശ്വരനന്ദനൻ തന്നുടെ
മാനസപദ്മം പരമ പുരുഷനു
മൂലനിലയനമായ് ചമഞ്ഞൂ സദാ-
കാല, മതിനാൽ വിളങ്ങിനാനേറ്റവും.
ബാലനനെ വധിക്കരുതാഞ്ഞു തൽ
ക്കാലേ മുഴുത്തവിചാരവും ഭീതിയും
കൂടിക്കലർന്നു തളർന്നു ദിതിസുത-
നന്ദനൻ സബ്രഹ്മചാരികളാകിയ
ബാലകന്മാരെയനുസരിച്ചന്തികേ
ചാലേവിളിച്ചു മധുരമായ് ചൊല്ലിനാൻ:-
“ഞാനൊരു നല്ലതുണ്ടിന്നു ചൊല്ലീടുന്നു
മാനസതാരിൽ ഗ്രഹിപ്പിനെല്ലാവരും;
മാനുഷനായാൽ ചെറിയനാളേ മുദാ
മാനസേ ഭാഗവതധർമ്മനീതികൾ
സാധിച്ചുകൊൾകവേണം മനുജന്മമി-
മ്മേദിനിയിങ്കൽ ലഭിപ്പാൻ പണിതുലോം;
പാരിലിതു ലഭിച്ചീടുകിലും പുന-
രോരാതെ പോയ്ക്കഴിയുന്നിതുകാലവും;
ബാല്യവാർദ്ധക്യകാലങ്ങൾ രണ്ടിങ്കലും
ചാലേ പ്രവൃത്തിക്കു ശക്തിയില്ലേതുമേ;
യൗവനത്തിങ്കലഹങ്കാരയുക്തരായ്
ഗർവികളായ് ധനകാമികളായോരോ
രാഗദ്വേഷാദി വിവശരായങ്ങനു-
ഭോഗികളായ്വരും മായാബലവശാൽ.
മറ്റൊരു ജാതികൾക്കും പുരുഷാർത്ഥമി-
ങ്ങുറ്റുസാധിപ്പാനരുതതുനിർണ്ണയം.
എന്നിതെല്ലാം വിചാരിച്ചുകാണുമ്പൊഴു-
തിന്നിഹ മാനുഷന്മാരായ് ചമകിലോ
ചെമ്മേ ഭഗവൽപദാംബുജസേവയാ
ജന്മഖേദമൊഴിച്ചീടുകവേണ്ടതും;
നന്നായ് നിരൂപിച്ചുകൊൾവിനെല്ലാവരും”
എന്നവൻ ചൊന്നതുകേട്ടഥ ബാലരും
ചൊന്നാർ: “നിനക്കുമിവിടെയീ ഞങ്ങൾക്കു-
മൊന്നുതന്നേ ഗുരുവില്ലൊരു സംശയം
എന്നാകയാലിതു നിന്നോടു ചൊന്നതാ-
രെന്നിതു കേട്ടറിയുന്നീല ഞങ്ങളോ;
ഞങ്ങൾക്കു നിൻവചനാമൃതം കേൾക്കയാൽ
ഇങ്ങകതാർ തെളിഞ്ഞീടുന്നിതേറ്റവും:-
നിന്നകതാരിലുറച്ചവാറെങ്ങനെ-
യെന്നതും ഞങ്ങൾക്കു ചൊല്ലിത്തരികെടോ!"
എന്നവരൊന്നിച്ചു ചോദിച്ചതുകേട്ടു
ചൊന്നാനവരോടുടൻ ദനുജേന്ദ്രജൻ:-
”മുന്നം മമജനകൻ തപസ്സിന്നുപോ-
യന്നുസുരേന്ദ്രാദിദേവകൾ വന്നുടൻ
ദാനവമന്ദിരം സംഹരിക്കും വിധൗ
മാനം നടിച്ചെതിരിട്ടാരസുരകൾ,
വീറോടെതിർത്തു പോർചെയ്തു തോറ്റീടിനാ-
രേറെപ്പരവശപ്പെട്ടസുരാന്വയം
മണ്ടുന്നനേരത്തു മാതാവു സംഭ്രമി-
ച്ചിണ്ടൽ പൂണ്ടേറ്റമുഴന്നു നിൽക്കുന്നതു
കണ്ടുപിടിച്ചു സംക്രന്ദനൻകൂടവേ
കൊണ്ടുപോകുന്നതു കണ്ടു വീണാധരൻ
മാർഗ്ഗമദ്ധ്യേ പുരുഹൂതനോടിതു
യോഗ്യമല്ലെന്നരുൾചെയ്തു വാങ്ങി ദ്രുതം
തന്നുടെ സന്നിധൗ കൊണ്ടുപോയീടിനാൻ
ചെന്നിടരെന്നിയേ നന്നായിരുത്തിനാൻ.
അന്നു മതാവിനാലുള്ള ശുശ്രൂഷക-
ണ്ടന്യൂനമോദവാത്സല്യം കലർന്നുടൻ
ഗർഭസ്ഥനാമെന്നേയുദ്ദിശ്യ മാതാവി-
ന്നപൊഴുതാത്മജ്ഞാനാർത്ഥതത്ത്വത്തെയും
ഭാവവതധർമ്മനീതിമതങ്ങളും
ആഗമാന്തർത്ഥസൂക്ഷ്മോപദേശത്തെയും
ഭക്തിപ്രഭാവഭേദങ്ങളും കേവലം
മുക്തിവരുത്തും പ്രകാരവുമൊക്കവേ
ചിത്തം തെളിഞ്ഞു സന്ദിഗ്ദ്ധങ്ങൾ നീങ്ങുമാ-
റെത്രയുമാദരവോടരുളിച്ചെയ്തു.
സ്ത്രീസ്വഭാവം കൊണ്ടു മാതാവിനങ്ങതു
സാക്ഷാൽ മറന്നുപോയീ മഹാമായയാ.
നീക്കമൊഴിഞ്ഞു മുനീശ്വരാനുഗ്രഹാൽ
സൂക്ഷമമായെങ്കലുറച്ചിതു സർവവും.
അങ്ങനെയുള്ള സ്വാഭാവികയാകുന്ന-
അങ്ങനെയുള്ള സ്വാഭാവികയാകുന്ന-
തിങ്ങുമെന്മാനസസംഗതി തേറുവിൻ.“
എന്നവരോടു പരമാർത്ഥമൊക്കവേ
ചൊന്നവനാനന്ദമുൾക്കൊണ്ടു സാദരം
പിന്നെപ്പരമാത്മസൂക്ഷ്മതത്ത്വത്തെയും
മന്നവർക്കെല്ലാമുപദേശിച്ചീടിനാൻ.
പ്രഹ്ളാദനാലനുശാസിതരാമവർ
ആഹ്ളാദമാത്മജ്ഞാനാർത്ഥം തെളിഞ്ഞുടൻ
വിഷ്ണുഭക്ത്യാ വിളങ്ങീടിനാരേറ്റവും;
കൃഷ്ണരാമാദിജപവും തുടങ്ങിനാർ.

ഏകനാം ബാലനെശ്ശിക്ഷിച്ചു നിന്നള-
വാകെയൊരുപോലെയായ് വന്ന കാരണം
പ്രാകൃതന്മാരാമുശനസ്തനയന്മാർ
ആകുലബുദ്ധ്യാ നടുങ്ങിനാരേറ്റവും.
ദാനധീശനറിയും പൊഴുതില-
ജ്ഞാനികോപിച്ചു ചാടുന്നതിന്മുന്നമേ
നമ്മുടെ ദോഷമല്ലെന്നതു ചെന്നിനി
നിർമ്മയമെല്ലാമറിയിച്ചുകൊള്ളുവാൻ
വൈകരുതെന്നവരുണ്ടായവസ്ഥകൾ
ഐകമത്യത്തോടു ചെന്നു ചൊല്ലീടിനാർ.
കോപിച്ചതുകേട്ടു ദാനവാധീശ്വരൻ
താപിച്ചകം നൊന്തു വേപിച്ചെഴുന്നുടൻ
ചാടിപ്പുറപ്പെട്ടു പുത്രനെയങ്ങു വ-
മ്പോടെ വിളിപ്പിച്ചു മുമ്പിൽനിർത്തിച്ചൊന്നാൻ:
“എന്തെടാ! കശ്മല! ദുർബ്ബലനായ നീ
എന്തുബലം കൊണ്ടിവിടെ മമാജ്ഞയും
ലംഘിച്ചു നമ്മുടെ ദേശികൻതന്നെയും
ശങ്കിച്ചിരിയാതെ ജാത്യരിയാകിയ
പങ്കജനാഭനെസ്സേവിച്ചു കൊള്ളുന്നു?
പങ്കികൾ തന്നിൽവച്ചഗ്രസരനായ
നിങ്കഴുത്തിന്നറുത്തീടുന്നതുണ്ടു ഞാൻ
എങ്കരവാൾ കൊണ്ടതിനില്ല സംശയം;
എന്നാലിവിടെനിൻ ബന്ധുവായുള്ളവൻ
നിന്നെവന്നിങ്ങു രക്ഷിക്കുമെന്നാകിലോ
നന്നുനന്നെങ്ങിരിക്കുന്നോനവനെന്ന-
തെന്നോടു കശ്മല! ചൊല്ലുചൊല്ലിന്നു നീ.“
എന്നിങ്ങനെ പിതാ കോപിച്ചുചൊന്നള-
വന്യൂനഭക്ത്യാ തൊഴുതവൻ ചൊല്ലിനാൻ:
”ഇങ്ങിതെനിക്കുതന്നേയൊരു ബന്ധുവ-
ല്ലിന്ദിരാവല്ലഭനായ ജഗന്മയൻ
നാനാചരാചരജാതികളുള്ളിലും
നാനാവിധാത്മജന്മാണ്ഡങ്ങൾ തന്നിലും
ഭൂവാരിവായ്വഗ്നിഖാദികൾ തന്നിലും
നീവാരരത്നകനകാദികളിലും
സ്ഥൂലസുഷിരസ്വരൂപാദികളിലും
ഘ്രോണരസസ്പർശനാദ്യങ്ങൾ തന്നിലും
കാണായവറ്റിലും കേൾക്കായവറ്റിലും
താനായ് നിറഞ്ഞുമറഞ്ഞുനില്ക്കും പരൻ-
താനഖിലാത്മൈകബന്ധുവാകുന്നത-
ദ്ദീനപ്രിയാനുകൂലം ബലമായതും
താനല്ലയോ സകലാത്മൈകബന്ധുവായ്
സാനന്ദമൻപോടു പാലിപ്പതൊക്കെയും
നൂനമെനിക്കും ഭവാനും ജഗത്രയ-
സ്ഥാനനിവാസികൾക്കും പുനരെന്നിയേ
മറ്റില്ലൊരു ബലമെന്നറിഞ്ഞീടുക
മുറ്റും ജഗത്രയാധീശനാകും ഭവാൻ;
നിത്യം നിഖിലൈകബന്ധുവാമീശ്വര-
നത്യന്തശത്രുവെന്നിങ്ങനെ തോന്നിയ
ബുദ്ധിഭ്രമമതികഷ്ടമാമാസുരീ-
ബുദ്ധിയതിനെ ത്യജിച്ചു കളഞ്ഞിനി,
ശുദ്ധാത്മനാ സകലം സമീകൃത സൽ-
ബുദ്ധ്യാ ഭഗവൽഭജനം തുടങ്ങുക
വിശ്വൈകനായകനാം ഭവാ“ നെന്നത-
ങ്ങച്ഛനോടാത്മജൻ ചൊന്നതുകേട്ടവൻ
രക്തം ചിതറും മിഴികളിൽ നിന്നതി-
കർക്കശമാം കനൽക്കട്ട ചാടുംവണ്ണം
ക്രൂദ്ധിച്ചു ദന്തം കടിച്ചു ദംഷ്ട്രങ്ങളും
ഉദ്ധ്യത്യ പൊട്ടിച്ചിരിച്ചലറിദ്രുതം
ഭേദം ചെറുതേതുമില്ല സർവേശ്വര-
നാദിനാഥാനുകൂലം ബലമേവനും.
കേവലമിങ്ങനെയുള്ള ജഗന്മയൻ
ദേവദേവൻ മമ ശത്രുവെന്നിങ്ങനെ
ഭാവം കലർന്നതു മായാപരവശാൽ.
ഏവമുള്ളാസുരീഭാവമൊഴിഞ്ഞിനി-
ഭാഗവതപ്രിയാനായിരുന്നന്വഹ-
മാഗമക്കാതലാമാദിനാദൻപദം
ഭക്ത്യാ ഭജിപ്പിതത്യുത്തമമെന്നു തൻ-
പുത്രൻ പറഞ്ഞതുകേട്ടസുരേശ്വരൻ
പെട്ടെന്നു വാളുമെടുത്തെഴുന്നേറ്റു ‘ല
കൊട്ടൊഴിയാതെ നിറഞ്ഞവൻ തൂണിതിൽ
നില്പവൻവന്നു രക്ഷിക്കണമിത്തരം
ദുർഭാഷണം ചെയ്തു നിൽക്കുന്ന നിന്നെ ഞാൻ
വെട്ടിക്കളവനെന്നോടിയടുത്തു തൻ-
മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ;
വട്ടം തിരിഞ്ഞു വിറച്ചിത സ്ഥൂണവും
പൊട്ടി ഞെരിഞ്ഞമർന്നൂ തൽപ്രദേശവും.

(കഥാസംഗ്രഹം- ഹിരണ്യകശിപു- പ്രഹ് ളാദന്‍..)