Tuesday, September 28, 2010

പ്രഹ് ളാദസ്തുതി

“ധൂര്‍ജ്ജടിം ലോകൈകനാഥം നരസിംഹ
മാര്‍ജ്ജവവീര്യപരാക്രമവാരിധിം
അഗ്നിനേത്രാലോകവ്യാപ്തജിഹ്വാമുഖ-
മഗ്നിവിഭൂതിസ്വരൂപിണമവ്യയ-
മഷ്ടഭുജോഷ്മകാനന്തവിജൃംഭണം
ദുഷ്ടനാശനഖദന്തം നമാമ്യഹം;
ഘോരഹൃദയോരുജാനുജംഘാപദം
ഭൈരവനാദത്രിലോകഭയങ്കരം
ഭൂരികരുണാജലധിം നമാമ്യഹം;
ദൂരികൃതാഘമനിശം നമാമ്യഹം;
ആകാശഭൂമിസ്ഫുരജ്ജ്യോതിരാദിമം.
സ്തോകേതരാനന്ദവിഗ്രഹം ശാശ്വതം
പാകാരി ഭർഗ്ഗാംബുജാവാസപൂജിതം
ലോകാധിനായകം വിഷ്ണും നമാമ്യഹം.
സംസാരസിന്ധുതരംഗാകുലാത്മനാം
പുംസാം മഹാമോഹനാശനം വേദാന്ത-
വേദ്യമജന്തം വിധിമുഖ്യസേവിത-
മാദ്യമജന്തം ജനാർദ്ദനം മാധവം
മീനസ്വരൂപമസുരവിനാശനം
നാനാവിധവേദ്യമംബുജാതസ്ഥിതം
അനന്ദരൂപമലേപകമവ്യയം
ജ്ഞാനസ്വരൂപമജ്ഞാനവിനാശനം
കച്ഛപസൂകരവേഷമനാദ്യന്തം
നിശ്ചലമാശ്രിതകല്പകഭൂരുഹം
കായാമ്പൂവർണ്ണം കമലവിലോചനം
മായാമയം മധുകൈടഭനാശനം
അസ്മജ്ജനകവിനാശനം നാരസിം-
ഹോദ്യൽ കളേബരം മോക്ഷദം ശാശ്വതം
നാരായണം ജഗദാസ്പദം യോഗിനാം
പാരായണം പരാത്മാനം നമാമ്യഹം.
അംബുജനാഭ! നാഗേശപര്യങ്കഗ!
ചിന്മയമേ! നിൻ പാദാസേവാസ്തു മേ.
ഭീമസ്വരൂപശാന്ത്യർത്ഥം നതോസ്മി തേ
മാമവ, സ്വാമിൻ! പരമാത്മനേ! നമഃ
നാഥ! ജയജയ നാരായണ! ജയ
പാഥോജലോചന! പത്മനാഭ! ജയ
വിഷ്ണോ! ജയജയ വിശംഭര ജയ
ജിഷ്ണുമുഖാമരസേവ്യ! ജയജയ
ദർവീകരേന്ദ്രശയന! ജയജയ
ശർവവന്ദ്യ! ശരണാഗതവത്സല!
ഭക്തപ്രിയ! ജയ പാപവിനാശന!
മുക്തിപ്രദ! മുനിവൃന്ദനിഷേവിത!
സ്ഥാവരജംഗമാചാര്യ! ജയജയ
താപസാന്തഃ സ്ഥിത! താപാപഹ! ജയ
സർവ്വലോകേശ! ജയജയ സന്തതം
പൂർവ്വദേവാരേ! പുരുഷോത്തമ! ജയ
കാമിതദായക! സോമബിംബാനന
കോമളാകാര! ജയജയ ശ്രീപതേ!
മൂന്നായ് വിളങ്ങി നിന്നീടുന്ന ലോകത്തി-
നൂന്നായ് വിളങ്ങുന്ന തമ്പുരാനെ! ഹരേ!
നിന്മഹാമായാഗുണങ്ങളിൽ നിന്നുടൻ
ബ്രഹ്മാദിമൂർത്തികളുല്പന്നരായിതു;
രാജസമായ ഗുണാശ്രിതൻ ബ്രഹ്മനും;
രാജീവനേത്രനാം വിഷ്ണു സത്വാശ്രിതൻ;
താമസമായ ഗുണാശ്രിതനായിട്ടു
കാമാരിയും; മൂർത്തിഭേദങ്ങളിങ്ങനെ
ലോക സർഗ്ഗസ്ഥിതിസംഹാരവും പുന-
രേകനായ് നീതന്നെ ചെയ്തുപോരുന്നതും
മൂന്നായ മൂർത്തികളൊന്നായ് വിളങ്ങിന
നിന്നെയും നീയൊഴിഞ്ഞാരറിഞ്ഞീടുവോർ?
വേദവും കൊണ്ടു ജലധിയിൽ പോയൊരു
മേദുരനായ ഹയഗ്രീവനെക്കൊൽവാൻ
മത്സ്യമായന്നു ഭവിച്ചതുമാശ്രിത-
വത്സലനാകുന്ന നഥ! ഭവാനല്ലൊ.
ഉർവിയും കൊണ്ടു രസാതലം പുക്കൊരു
ഗർവിതനായ ഹിരണ്യാക്ഷനെത്തദാ
ഘോണിയായ് ചെന്നവൻ തന്നെ വധിച്ചുടൻ
ക്ഷോണിയെത്തേറ്റമേല്പൊങ്ങിച്ചതും ഭവാൻ;
ഇന്നു നരസിംഹവേഷം ധരിച്ചതു-
മെന്നെ രക്ഷിപ്പതിനായിട്ടു ദൈവമേ!
അന്നന്നിവണ്ണം ഭവിക്കുന്ന സങ്കട-
മൊന്നെന്നിയേതീർത്തു ലോകങ്ങൾ പാലിപ്പാൻ
ഇത്ര കാരുണ്യം കലർന്നവരാരു മ-
റ്റിത്രിലോകത്തിങ്കൽ നാഥ! പ്രസീദ മേ.
ത്വൽ പാദ പങ്കേരുഹം മമ കേവല-
മെപ്പൊഴുമുൾപ്പൂവിൽ വാഴ്ക ധരാപതേ!
മംഗല മൂർത്തേ! നമസ്തേ നമോനമഃ
ശാർങ്ഗപാണേ! തേ നമസ്തേ നമോസ്തുതേ
സച്ചിന്മയായ നമസ്തേ നമോസ്തുതേ
വിശ്വവന്ദ്യായ നമസ്തേ നമോനമഃ
സത്യസ്വരൂപായ നിത്യം നമോനമഃ
നിത്യായ നിഷ്കിൻചനാർത്ഥായ തേ നമഃ (ൻച?)
വേദാന്തവേദ്യായ വിഷ്ണവേ തേ നമോ
വേദസ്വരൂപായ നിത്യം നമോസ്തുതേ."
ഇത്തരം ചൊല്ലി സ്തുതിച്ചാൻ പലതര-
മുത്തമനായൊരു ഭക്തജനോത്തമൻ,
ഭക്തപ്രിയനരുളിചെയ്തിതപ്പൊഴു-
തുത്തമനായ പ്രഹ്ളാദനോടാദരാൽ:-
"നിത്യമിസ്തോത്രവേദാന്തസമീരിത-
മത്യന്തശുദ്ധനായുള്ള ദ്വിജോത്തമൻ
സദ്യോ ജപിക്കലവനെന്റെ സാരൂപ്യ-
മദ്യ ഭവിക്കുമതിനില്ല സംശയം.
എന്തു വരം തവ വേണ്ടതു ചില്ക നീ
സന്തോഷമോടു തരുന്നതുമുണ്ടുഞാൻ.
എന്നതുകേട്ടു തൊഴുതു തൊഴുതുടൻ
മന്ദമന്ദം പറഞ്ഞീടിനാരാദരാൽ:-
"കാമരാഗദ്വേഷമത്സരാദ്യങ്ങളാ-
ലാമയം കൂടാതിരിക്കവേണം വിഭോ!
എന്നുടെ താതനുള്ളോരു ദുരിതങ്ങൾ
നിന്നുടെ കാരുണ്യമോടതു തീർക്കണം."
ഇത്തരം ചൊന്നതു കേട്ടൊരു നേരത്തു
ചിത്തം തെളിഞ്ഞരുൾ ചെയ്തു ഭഗവാനും:
"നിന്നുടെ താതനും നിന്നുടെ പിതൃക്കളു-
മിന്നു വിശുദ്ധരായ് നിന്നുടെ കാരണാൽ."
എന്നതുകേട്ടു ശേഷക്രിയ ചെയ്തിതു
തന്നുടെ താതസംസ്കാരാദിസർവവും;
പിന്നെയസുരാധിപത്യമഭിഷേകം
നന്നായ് ക്കഴിച്ചിതു തന്നുടെ ഭക്തനായ്,
"മനവന്തരം വാഴ്ക നീയും മഹാമതേ! (നവ)
നിർമ്മലാത്മാവേ! ലഭിക്കാം പുരുഷാർത്ഥം."
എന്നരുളിച്ചെയ്തു ശീഘ്രം മറഞ്ഞിതു
നന്നായ്ച്ചതുർമ്മുഖാദ്യന്മാരുമായ് മുദാ.
"കേൾക്ക നരേന്ദ്ര! നരഹരി സല്ക്കഥ
കേൾക്കയുമോർക്കയും ചെയ്യും ജനത്തിന്റെ
കല്മഷൌഘങ്ങൾ സമസ്തം നശിച്ചുപോം
നിർമ്മലഭക്തിയും മുക്തിയും സിദ്ധമാം
സാക്ഷാൽ പരബ്രഹ്മമൂർത്തി സർവാത്മകൻ
മോക്ഷദനെങ്ങും പരിപൂർണ്ണനെന്നുള്ള-
തുള്ളിലറിയാതെ മാമുനിമാർ മറ്റു-
മുള്ളവരും തിരയുന്നു പരബ്രഹ്മം.
ബ്രഹ്മാദികൾക്കുമവർണ്യം മഹാപൂജ്യം
നിർമ്മലൻ മായാമനുഷനായ് കൃഷ്ണനായ്
നിന്നുടെ ബന്ധുവായ് വിഷ്ണുവാകും കൃഷ്ണ-
നിന്നു നമുക്കു പ്രസാദിക്കവേണമേ!
കൃഷ്ണനായ് വിഷ്ണുവായുള്ളോരിവൻ മുന്നം
സ്ഥാണുവാമീശന്റെ കീർത്തി വർദ്ധിപ്പിച്ചു
മായാമയനാം മയനാ" ലിതെന്നുകേ-
ട്ടായതു കേൾക്കണമെന്നു നൃപേന്ദ്രനും
വന്ദിച്ചു ചോദിച്ചനേരം മുനീന്ദ്രനും
നന്ദിച്ചു തദ്വൃത്തമെല്ലാമരുൾ ചെയ്തു: