Sunday, December 5, 2010

ത്രിപുരദഹനം

"പണ്ടു ദേവാസുരയുദ്ധമുണ്ടായനാൾ
കുണ്ഠരായ് തോറ്റാരസുരരതുകാലം
ചെന്നു മയനെയപേക്ഷിച്ചിതന്നേര-
മന്നു മയന്മഹാമായയാലാരുമേ
കാണാതെ വൈമാനതുല്യമസുരകൾ
മാനസചിന്തയെപ്പോലെ നടന്നീടും
ദിവ്യപുരം സുവർണ്ണത്താൽ രജതത്താൽ
മൂന്നാമതാമിരുമ്പാലതും നല്കിനാൻ.
ആയതിലേറി നടന്നാലസുരരും
മായയാ യുദ്ധത്തിലോടി ദേവാന്വയം
നില്ക്കരുതാതെ വിരിൻചനുമൊന്നിച്ചു (?)
മുക്കണ്ണരും മുകുന്ദൻ താനുമായ് കൂടി
എന്തിനി വേണ്ടെതെന്നോർത്തു സംഭാവിച്ചു
അന്തകാരാദിയോടെന്തെന്നു കേട്ടപ്പോൾ
എല്ലാം നിനച്ചു പരമേശ്വരൻ ചൊന്നാൻ:-
"കൊല്ലുവൻ ഞാൻ ദനുജന്മാരെവേഗ"മെ-
ന്നുല്ലാസമോടുടൻ വില്ലും ധരിച്ചു വൈ-
മല്യമാമസ്ത്രങ്ങൾ വർഷിച്ചു തേ.
സൂര്യ രശ്മിപ്രായമസ്ത്രങ്ങളേല്ക്കയാൽ
പാരം പരവശപ്പെട്ടസുരാന്വയം
ചെന്നു മയനെശ്ശരണം ഗമിച്ചിത-
ങ്ങന്നേരമാശു മയൻ മായയാലൊരു
നിർമ്മലമാമൃതതടാകത്തെയും
തന്മായയാ തീർത്തദൃശ്യമരികൾക്കും
ആരുമേ വന്നു കടക്കാതിരിപ്പാനും
പാരമുറപ്പിച്ചു കാക്കുമസുരരും
ചത്തോരസുരരെയൊക്കെ മായാജലേ
താഴ്ത്തീടുമപ്പോൾ കഠിനശരീരരായ്
മേഘേഗംഭീരേണ ശബ്ദിച്ചു മിന്നൽ പോ-
ലാഘോഷമോടു വന്നാഹവം ചെയ്തതു-
കണ്ടു ശിവന്നു സന്തോഷം കുറഞ്ഞതു
കണ്ടു മുകുന്ദൻ വിരവോടു മായയാ
താനൊരു ഗോരൂപവും പൂണ്ടു പദ്മജൻ-
താനൊരു ഗോവത്സമായും പുറപ്പെട്ടു
ചെന്നു മയന്റെ മായാജലവാപിയിൽ-
നിന്നു ജലപാനവും തുടങ്ങീടിനാർ.
നാരായണൻ തന്റെ മായാബലത്തിനാൽ
വൈരികളായോരസുരജനത്തിനു
ബുദ്ധിയില്ലാതെ മോഹിച്ചു നിന്നീടിനാ-
രസ്സമയം ജലമപ്പശു സൂനുവു-
മൊത്തു കുടിച്ചറുത്തിങ്ങു പോന്നൻപോടു
യുദ്ധവും കണ്ടു നിന്നീടിനാർ മോദേന
എന്നതുനേരമസുരവരന്മാരും
ഖിന്നതയോടമ്മയനോടവസ്ഥകൾ
ചെന്നറിയിച്ചോരുനേരം മയൻ ചൊന്നാൻ:
"ഇന്നിതു ദൈവമതമെന്നു തേറുവിൻ."
കോപിച്ചു ശങ്കരൻതത്തപോവൈഭവാൽ
പാപികളായോരസുരജനത്തെയും
മൂന്നുപുരത്തെയും നേത്രാഗ്നികൊണ്ടുടൻ
നന്നായ് ദഹിപ്പിച്ചതീശനാമീശ്വരൻ
അന്നു ത്രിപുരാരിയെന്ന നാമത്തെയും
വന്ദിച്ചു വാഴ്ത്തി സ്തുതിച്ചിതെല്ലാവരും;
പിന്നെയവരവർ തൻ നിലയങ്ങളിൽ
ചെന്നു സുഖിച്ചു വസിച്ചാരവമരരും.
ചിന്മയൻ, ദൈത്യാരിതൻ മഹാമായകൾ
നമ്മാലവർണ്യമെന്നേ പറയാവിതും."
ഏവം ത്രിപുരസംഹാരം കഴിച്ചിച്ചു
കേവലനെന്നു കേട്ടോരു നരോത്തമൻ
ചോദിച്ചു പിന്നെ വർണ്ണാശ്രമധർമ്മത്തെ;
മോദമോടെല്ലാരുമരുൾ ചെയ്തു മാമുനി: