Tuesday, December 7, 2010

വര്‍ണ്ണാശ്രമധര്‍മ്മം

"മുന്നം ബാദര്യാശ്രമത്തിൽ ഞാൻ ചെന്നിട്ടു
വന്ദിച്ചു നാരായണനോടിതുപോലെ
ചോദിച്ചനേരമെനിക്കു നാരായണൻ
മോദാലരുൾചെയ്തപോലെ ചൊല്ലുന്നു ഞാൻ,
നിർമ്മല വർണ്ണാശ്രമസ്ഥിതികൊണ്ടിഹ
നിർമ്മലാത്മാ ഭഗവാൻ പ്രസാദിക്കുന്നു.
സർവജനത്തിനും വേണ്ടുന്നതു മുമ്പിൽ
സർവ്വപ്രധാനമാകുന്ന സത്യം, ദയാ
പിന്നെത്തപസ്സും ശുചി തിതിക്ഷ തദാ
നന്നായ് ശമവും, ദമവുമുണ്ടാകണം.
നല്ലോരഹിംസ, ത്യാഗം, ബ്രഹ്മചര്യവും.

നല്ല സ്വാദ്ധ്യായവു, മാർജ്ജവം, സന്തോഷം,
സാമ്യദൃക്, സേവന, മദ്വൈത വാഞ് ഛയും,
അത്മവിചാര, മൌനം, ജന്തുഷുദയാ
അന്നദാനേച്ഛയും ദേവതാത്മാബുദ്ധി
നന്നായ് ശ്രവണവും കീർത്തനമെന്നിവ
നന്നുള്ളിലോർക്കയും സജ്ജനസംഗമം
യജ്ഞവും വന്ദനം നല്ല സഖിത്വവും
വിജ്ഞാനികളിൽ ദാസ്യം ബ്രഹ്മണ്യർപ്പണം;
ഇങ്ങനെ മുപ്പതു വൃത്തി മനുഷ്യർക്കു
മംഗലാത്മാ ഭഗവൽ പ്രസാദത്തിനു
കാരണമെന്നു ധരിക്ക മഹാമതേ!
ആരണർക്കീച്ചൊന്നതേറ്റവുമുത്തമം.
മന്ത്രസംസ്കാരവും സദ്ദ്വിജത്വം പിന്നെ
അന്തരമെന്നിയേ വൈദികവൃത്തിയും
യാഗവും സല്ക്കർമ്മവുമിവ ബ്രാഹ്മണ-
രായവർക്കുള്ളൊരു വൃത്തിയാകുന്നതും;
പിന്നെ വിചിത്രകഥനമുഞ് ഛവൃത്തി
നന്നായനുഗ്രഹിച്ചീടുകയെന്നതും.
വ്യാജ, മസത്യമാം വാണിഭം, നായാട്ടും,
നീചാശ്രയം, രാജസേവ, ജനനിന്ദ
അചരിച്ചീടരുതു ദ്വിജജാതികൾ.
വേദപ്രകാരം നൃപൻ ദേവനെന്നതും;
മോദം, ശമം, ദമം, ശൌചം, ക്ഷമാ, തപ-
സ്സാർജ്ജവം, ജ്ഞാനം, ദയാപ്യച്യുതാത്മനാ
നിർജ്ജരപൂജ, സത്യം, വിപ്രലക്ഷണം.
ശൌര്യ, വീര്യം, ധൃതി, തേജസ്സു, ത്യാഗവും
ഇന്ദ്രിയനിഗ്രഹ, മാത്മജയം ക്ഷമാ,
ബ്രഹ്മണ്യതാ, പ്രസാദം, രക്ഷയെന്നിവ
സമ്മതം ക്ഷത്രിയലക്ഷണമീവക.
ദേവഗുർവച്യുതേ ഭക്തി ത്രിവർഗ്ഗസ-
ന്തോഷമാസ്തിക്യമുദ്യോഗം നിപുണതാ
വൈശ്യനുടെ ലക്ഷണമിവയൊക്കെയും.
വന്ദനം, ശൌചവും, സ്വാമിസേവ പിന്നെ
മന്ത്രമില്ലാത സല്ക്കർമ്മങ്ങൾ, സത്യവും
അന്തരാഭക്തി കളവുകൂടാതെയും
ഗോരക്ഷയും, കൃഷി, വാണിഭ മീവക
നേരോടെ ചെയ്ക ശൂദ്രന്നിവലക്ഷണം.
പത്തനരക്ഷണാലങ്കരണങ്ങളും
നിത്യമുപകരണത്തോടുവാഴുക
ഭർത്തൃവ്രതം വണക്കമടക്കം സത്യം
മിഥ്യാവാക്കെന്യേ പ്രേമം ഭർത്തൃശുശ്രൂഷാ
സന്തോഷവും ശ്രദ്ധയുത്തമസാമർത്ഥ്യ-
മുത്തമധർമ്മവും ജ്ഞാനവും സത്യമായ്
മോദവാക്കും ഭ്രമിയായ്കയും ശുദ്ധിയും
ഖേദമെന്യസ്നിഗ്ദ്ധതയുമയോഗ്യരാം-
പുരുഷന്മാരെപ്പരിഗ്രഹിയായ്കയും,
നാരായണസമൻ ഭർത്താവിതെന്നതും
ചിത്തേയിവണ്ണമുള്ളോരു തരുണിമാർ
മുക്തിചേരുമെന്നുചൊല്ലുന്നു വേദവും.
സങ്കരജാതികൾക്കുള്ള ക്രമം ചൊല്ലാം
പങ്കമെന്യേ തത്തജ്ജാത്യാചാരങ്ങളും
ചെയ്കയും, ബ്രാഹ്മണരോടുള്ള ചേര്‍ച്ചയും
ചെയ്യരുതേ, സ്തേയവു, മസത്യങ്ങളും;
മംഗലവർണ്ണേന നിർഗ്ഗുണഭക്തരായ്
മംഗലഭക്തിയും വന്നുകൂടുന്നിതും;
ബ്രഹ്മചര്യത്തിനായ് ചെന്നു ഗുരുകുലേ
നിർമ്മലഭക്തനായ് സദ്ഗുരുവന്ദ്യനായ്
അല്പനഹമെന്നും ഭൃത്യനായ് ശാന്തനായ്
ഉൾപ്പൂവിലേറ്റവും സദ്ഗുരുബന്ധുവായ്
സന്ധ്യകളിൽ ഗുരുവർക്കാഗ്നിഭൂസുര-
വൃന്ദേശ്വരരെയും വന്ദിച്ചു ബ്രഹ്മോഹ
മെന്നു നിനച്ചു ജപം ചെയ്തു വേദങ്ങൾ
നന്നായ് പഠിച്ചു കൊണ്ടീടു സ്വാദ്ധ്യായവാൻ,
വന്ദനം ചെയ്കപാഠാദ്യന്തവും ഗുരു-
തന്നെയും സജ്ജ്നമായുള്ളവരെയും
വസ്ത്രാജിനദണ്ഡുമേഖലയും ജട-
എത്രയും നല്ലകമണ്ഡലുദർഭയും
നന്നായ് ധരിച്ചുദയാസ്തമയങ്ങളിൽ
ചെന്നുതൻഭിക്ഷയെടുത്തു ഗുരുവിനെ
വന്ദിച്ചു പൂജിച്ചു സദ്ഗുരോരാജഞയാ
നന്നായിത്താന്മിതഭുക്കായ് ഭുജിക്കയും;
നന്നായ് സുശീലനായ് നല്ലാർമണികളെ
മുന്നിലും കാണാതെ തല്ക്കഥയോർക്കാതെ
വാണീടവേണ; മല്ലായികിലാ ജ്യഘടം
കാണിക്ഷണമഗ്നിവെല്ലും കണക്കിനെ
ബ്രഹ്മചര്യവ്രതം തന്നെ തരുണിമാർ
കല്മഷം ചേർത്തു ജയിക്കുമേ കാണുകിൽ,
അംബകൂടെ വസിച്ചീടും ഗൃഹത്തിങ്കൽ
ബ്രഹ്മചാരി വസിച്ചീടരുതെന്നത്രേ.
രോമനഖങ്ങളറുക്കരുതങ്ങഭി-
രാമമായ്‌ക്കണ്ണിൽ മഷിയെഴുതീടൊലാ,
അഭ്യംഗവും, നാരിമാർ വിലോകാമിഷ-
മദ്യസംഭാവ, മിവ കഴിച്ചീടൊലാ
ഗന്ധമാല്യാനുവിലേപനാലം കൃത-
ബന്ധനം ചെയ്കൊലാ മുഖ്യവ്രതമതിൽ.
ഈശ്വരൻ സർവഗനെന്നു നിനയ്ക്കയും
വിശ്വത്തിലെല്ലാജനത്തിനും വേണമേ
ഇങ്ങനെ വാണുവേദങ്ങളുപനിഷ-
ത്തിങ്ങുവേണ്ടുന്നവ ശീലിക്കവേണമേ;
പിന്നെഗ്ഗുരുവിന്നഭീഷ്ടമാം ദക്ഷിണ
നന്നായ് ക്കഴിക്കയും വേണം ഗുരുഭക്ത്യാ.
ബ്രഹ്മചര്യത്തിൽ നിന്നന്യേ മൂന്നാശ്രമം
തന്നിലേതിച് ഛയെന്നാലതിലാകിലാം.
നാലാശ്രമങ്ങളിലേതിലിരിക്കിലും
നാലുവേദപ്പൊരുളായ മഹാവിഷ്ണു
ഉള്ളും പുറവും സദാപരിപൂർണ്ണമെ-
ന്നുള്ളില്ക്കരുതി വാണീടണമേവരും.
നാലാശ്രമങ്ങളും ജ്ഞാനം ലഭിച്ചിട്ടു
നാലാം പുരുഷാർത്ഥമോക്ഷം ലഭിക്കുന്നു.
വാനപ്രസ്ഥനൃഷിലോകം ഗമിച്ചീടും
താനേ പഴുത്തവ താനേ മുളച്ചവ
ഭക്ഷിക്കയല്ലാതെ കാർഷപക്വങ്ങളും
ഭക്ഷിക്കരുതഗ്നിപക്വങ്ങളുമൊന്നും
വന്യങ്ങളാലേ ചരുപുരോഡാശവും
വഹ്നിയിൽ ഹോമിക്കവേണം വിധിപോലെ.
നന്നല്ലിരുന്നു പഴയവയൊന്നുമേ
അന്നാദിയുന്നയിക്കേണം നവം നവം
അഗ്നിപ്രയോജനത്തിനു ഗുഹകളും
വിഘ്നമെന്യേ പർണ്ണശാലയുമാകിലാം;
നീഹാരവാതവർഷാതപങ്ങൾ സഹി-
ച്ചാകുലഹീനമിരുന്നീടുകവേണം.
ഇന്ദ്രിയനിഗ്രഹം വേണം; ജടപൂണ്ടു
സംന്യസ്തനായ്; നഖരോമമറുക്കൊലാ,
ദണ്ഡും കമണ്ഡലുമെന്നിവ കൈക്കൊണ്ടു
ദണ്ഡമെന്യേയേകവത്സരം നാലുമാം
അഷ്ടമം ദ്വാദശവത്സരമെങ്കിലും
പുഷ്ടമോദത്തോടനാമയമായ്ക്കൊള്‍ക.
വിഘ്നമെന്യേയഗ്നിയാത്മാവിലർപ്പിച്ചു
ഇന്ദ്രിയ ജാലമിവറ്റിന്നധിഷ്ഠാനം
നിന്നിരിക്കുന്ന ദൈവത്തിങ്കലർപ്പിച്ചു,
ദൈവികഭൂതജാലത്തെ ക്ഷേത്രജ്ഞനാം
കേവലാത്മാവിൽ സമർപ്പിച്ചു നിശ്ചല-
ജ്ഞാനയോഗാഗ്നിയിൽ ദേഹംദഹിപ്പിച്ചു
ധ്യാനിച്ചു കൌപീനദണ്ഡാദിയൊക്കെയും
ത്യക്ത്വാ മഹീതലേ ഗ്രാമാദിദിക്കിലു-
മൊക്കെ നടക്കയും വേണം ഭയം വിനാ.
ദുസ്തർക്കഹീനനായ് വായുബുഭുക്ഷനായ്
സത്സംഗിയായാത്മപക്ഷാശ്രിതനായി
പുസ്തകാഭ്യാസശയനവ്യാഖ്യാനവു-
മിത്ഥം സമസ്തമാരംഭമതും വിട്ടു
ശാന്തനായ് വ്യക്തമവ്യക്തസ്വരൂപനായ്
ശാന്തജളബധിരാന്ധമൂകൈസ്സമം
ബുദ്ധിമാനായി നടക്കയും വേണമേ:
സിദ്ധമിതിന്നൊരുദാഹരണം കേൾക്ക;
പണ്ടു പ്രഹ്ളാദനും ഭൃത്യരോടൊന്നിച്ചു
തെണ്ടിനടന്നുപോയ് സഹ്യാചലസീമ്നി.
മുഖ്യയാം കാവേരിതീരേ നടക്കുമ്പോൾ
മുഖ്യനായീടുമജഗരമാമുനി-
തന്നെയും കണ്ടു നിനച്ചു ദൈത്യാധിപൻ
"ഇന്നിവനേറ്റം പ്രസന്നൻ തപോനിധി
ദീർഘകായൻ മഹാദീപ്തിമാനാനനൻ
ദീർഘബാഹു മഹാധന്യൻ നിരാഹാരി;
വർണ്ണാശ്രമം കൊണ്ടറിഞ്ഞുകൂടാതവൻ;
വർണ്ണാശ്രമത്തെ ത്യജിപ്പവൻ നിർണ്ണയം;"
ഏവം നിനച്ചു മഹാവിഷ്ണുഭക്തനാം-
ദേവാരിവംശജൻ പ്രഹ്ളാദനും ഭക്ത്യാ
വന്ദിച്ചു പൂജിച്ചു ചോദിച്ചു മാമുനി-
തന്നോടു മാധുര്യവാചാ വഴിപോലെ:
"ധന്യനായോവേ! ധനംധാന്യമാദിയാൽ
മന്നിടം തന്നിൽ സുഖിക്കുന്നു സർവരും
ധാന്യവും വിത്തവുമൊന്നുമില്ലാതെയും
ധന്യനിധികളെപ്പോലെ മഹാസുഖീ
നിന്നുടെ ദേഹസുഖഗുണമോർക്കുമ്പോൾ
മന്നിലുള്ളോർക്കു സുഖഹേതുവും ഭവാൻ;
നന്നായ് വിചാരിച്ചു നോക്കുന്ന നേരത്തു
വന്ദ്യനാം നീയഭോക്താവു നിരാധാരൻ
ഇങ്ങനെയുള്ള ഭവാൻ സുഖിച്ചീടുന്ന-
തെങ്ങനെ ഭോഗങ്ങൾ കൊണ്ടെന്നു ചൊല്ലുക."
എന്നുചോദിച്ചതുകേട്ട മഹാമുനി
വന്നസന്തോഷാമൃതത്തെപ്പൊഴിച്ചുടൻ
നന്ദിച്ചു ചൊല്ലിനാൻ: "കേൾക്കവിഷ്ണുപ്രിയ!
മാനുഷർക്കിച്ഛാസംസാരവിമോചനം
ജ്ഞാനവും ഭക്തിയും കൊണ്ടു വരുന്നിതേ.
സാക്ഷാൽ ഭഗവാൻ പരാപരനവ്യയൻ
മോക്ഷദൻ ജ്ഞാനികൾ തന്റെ ഹൃദയത്തിൽ
നിന്നുശോഭിച്ചിടും സൂര്യനെപ്പോലവേ
നിന്നൊരജ്ഞ്ഞാനാന്ധകാരം കളയുന്നോൻ;
മുന്നമേ ഞാൻ കേട്ടപോലെ ദൈത്യാധിപ!
നിന്നോടുചൊല്ലുവൻ; പാത്രമല്ലോ ഭവാൻ.
ജന്മഭോഗേച്ഛയാലോരോതരങ്ങളിൽ

ജന്മമെടുത്തു ഭോഗങ്ങൾ ഭുജിച്ചിട്ടും
തൃപ്തിവരാതെയനേകജന്മം മമ
പ്രാപ്തമായിപ്പോയ് മഹാവിഷ്ണുമായയാ
പ്രാപ്തമായിപ്പോളിഹ മനുജന്മവും;
മർത്ത്യജന്മത്തിന്റെ താഴെയുള്ളോർക്കിഹ
ചിത്തേ സുരലോകജന്മമായ് തോന്നുമേ;
ഐഹികപാരത്രികത്തിന്നു ഹേതുവാം
ദേഹമിതു നരജന്മമറികെടോ!
സർവകർമ്മങ്ങളുമാത്മസുഖത്തിനായ്
നിർവഹിക്കുന്നു സകലജന്മങ്ങളും
നിർമ്മലകർമ്മങ്ങൾ മറ്റുകർമ്മങ്ങളും
ജന്മികൾ ചെയ്തുപോരുന്നു നിവൃത്യർത്ഥം.
ആയതുകൊണ്ടു ഞാൻ കർമ്മനിവൃത്തനായ്
ചേതനാത്മാ സുഖം പൂണ്ടിരിക്കുന്നുതേ.
കർമ്മനിവൃത്തിയാകുന്നിതാത്മാസുഖം
കർമ്മസുഖങ്ങൾ മനോഭ്രമം സ്വപ്നവൽ
സ്വപ്നതുല്യങ്ങളാം കാമസുഖേച്ഛയാൽ
മഗ്നനായ് പോമറിയാതെയാത്മസുഖം.
എറ്റം ക്ഷണികം വിഷയകർമ്മസുഖം-
മറ്റുറവോടതുസത്തായ് സുഖിപ്പതു
നിത്യമല്ലാതെ സുഖസിദ്ധികൈവരാ.
മിഥ്യയാകും മൃഗതൃഷ്ണാ ജലമെന്നു
നിശ്ചയിച്ചായതു ചെന്നു കുടിപ്പതി-
നിച്ഛിച്ചുവാഴും മൃഗങ്ങൾ പോലേഭ്രമം
ദൈവവശാൽ വന്നു ദേഹമിതുകൊണ്ടു
നിർവ്വിഷയാത്മസുഖം ഭുജിച്ചീടുവാൻ
നിർവ്വഹിക്കുന്നു സമസ്തജനങ്ങളും
അത്മികദൈവികഭൌതികതാപത്തി-
ലാത്മഭാവപ്പെട്ടിരിക്കുന്ന മർത്ത്യന്റെ
അർത്ഥപുത്രാദിസമസ്തങ്ങളെക്കൊണ്ടും
അർത്ഥമെന്തൊന്നെന്നു ചിന്തിച്ചിരിപ്പു ഞാൻ;
ഇന്ദ്രിയനിഗ്രഹമന്യുരാഗാദിയാൽ
ഛന്നലോഭം നിദ്രപോലും ഭജിക്കാതെ
സർവ്വദാ സന്ദേഹവുമവിശ്വാസവും
സർവ്വദാ ദുഃഖമേയുള്ളു ധനികൾക്കു
രാജചോരാഗ്നിസ്വജന പശുപക്ഷി-
യാചക കാലഭേദാദികൾ തന്നാലും
പ്രാണനെക്കാളും പ്രിയമർത്ഥമായതു-
മൂലമനേകമനർത്ഥം നരന്മാർക്കും
ആകയാൽ പ്രാണാർത്ഥമെല്ലാമുപേക്ഷിച്ചു
ബോധികളായ വിദ്വാന്മാർ വസിക്കുന്നു.
വണ്ടു പെരുമ്പാമ്പു രണ്ടുപേർ തന്നെയും
കണ്ടവർ വൃത്തിയും ജ്ഞാനികൾ വൃത്തിയും
ചിത്തേ വിചാരിച്ചെനിക്കു വൈരാഗ്യവു-
മിത്തരം വന്നിതവർ മമ സദ്ഗുരു.
പുഷ്പത്തിലുള്ള മധു, മധുപനെടു-
ത്തുൾപ്രേമമോടന്യപുഷ്പത്തിൽ വച്ചിട്ടു
ഒക്കെയും കൂട്ടിബ്ഭുജിക്കാമതെന്നോർത്തു
വെക്കമേ മറ്റന്യപുഷ്പേ ഗമിച്ചീടു-
മപ്പൊഴുതന്യമധുപൻ വിരവോടു-
മുൾപ്രേമമോടുണ്ടുപോകും മധുവിനെ
ഇത്തരം പോലെ മനുഷ്യരെല്ലാവരും
വിത്താദികൾ പ്രയാസപ്പെട്ടു നേടിവ-
ച്ചന്യജനം പറിച്ചീടും പലവഴി,
പിന്നെയും ദുഃഖിക്ക തന്നേഫലം, നൃണാം,
എന്നതുപോലെ പ്രവൃത്തിയാത്മസുഖം
വന്നീടുവാൻ പല യത്നങ്ങൾ ചെയ്യുന്നു
അജ്ഞാനമൂലം സുഖമറിയായ്കയാൽ
വിജ്ഞാനമെന്യേ പ്രയത്നപ്പെടുന്നിതു.
ആയതുകൊണ്ടു ഭോഗാർത്ഥപ്രയത്നങ്ങൾ
ചെയ്തതുപോരും നിവൃത്തിയാത്മസുഖം
വൃത്തി പ്രവൃത്തിയാൽ രക്ഷിക്കവേണ്ടതി-
ല്ലെത്തുവാനുള്ളതെത്തും പോകയില്ലവ.
ഭീമമാകും പെരുമ്പാമ്പുകിടക്കുന്നി-
താമോദമോടു ഭോഗങ്ങൾ ഭുജിക്കുന്നു.
അല്പമായും ബഹുവായും ദിവാനിശ-
മെപ്പോഴെന്നാലുമവമാനമാനേന
എതുപ്രകാരത്തിലെങ്കിലതൊക്കെയു-
മുൾപ്രേമമോടു സുഖിച്ചു വസിക്കുന്നു.
പട്ടു, മരവുരി, തോലോടു, വസ്ത്രങ്ങൾ
ഇഷ്ടമേതെങ്കിലും കിട്ടിയാൽ സൌഖ്യമാം,
പ്രസാദമെത്തമേലൊട്ടു നിലത്തുമാം,
വാസാദി ഭസ്മത്തിലാകാം കുശയിലും,
സ്നാനവിഭൂഷണാലങ്കാരമായ്ക്കൊണ്ടു
മാനമോടേ രഥയാനമോരോന്നിലും
ഒത്തു നടന്നുമീവണ്ണമോരോതരം
പുഷ്ടമോദം നമസ്കാരം തിരസ്കാരം
നിന്ദാസ്തുതികളിവയൊന്നുമില്ലാതെ-
യെന്നേരവും പരമാത്മാവിലൈക്യത്തെ
ഇച്ഛിച്ചുപോരുന്ന, ഭേദമുദിക്കുമ്പോ-
ളിച്ഛാദി സർവവും മാനസേയർപ്പിച്ചു
ഈശൻ വിരാട്ടിങ്കൽ ഹോമിപ്പതുമനം
വൈകാരികനാം വിരാട്ടിനെ മായയിൽ
വൈകാരമായയെയാത്മാനുഭൂതിയിൽ
ഹോമിച്ചു, കായാദ്യലങ്കാരമൊക്കവേ
ഹോമിച്ചു നിർഗ്ഗുണാത്മാവിൽ സമസ്തവും
നിർഗ്ഗുണാതീതമായുള്ള സുഖത്തോടു
നിർഗ്ഗമിക്കുന്നു സുഖാത്മാവതായി ഞാൻ.
എത്രയും ഗൂഢം മമസുഖമാമിതു-
മുക്തമായീ ഭവാൻ തന്നോടിതൊക്കെയും;
ഭക്തപ്രവരരിൽ മുമ്പനല്ലോ ഭവാൻ
മുക്തിസുഖത്തിൽ പരമില്ല മറ്റൊന്നും."
ഇത്തരം മാമുനി ചൊന്നതു കേൾക്കയാൽ
ഭക്തനാം പ്രഹ്ളാദനാനന്ദചിത്തനായ്
വന്ദിച്ചു പൂജിച്ചു മാമുനിതന്നെയും
നന്നായ് തൊഴുതമാത്യന്മാരുമായ് വന്നു
തന്നുടെ മന്ദിരം പുക്കു വസിച്ചിതു.
"കർമ്മികളായിട്ടിരിക്കും ഗൃഹസ്ഥർക്കും
നിർമ്മല ഭക്തിവരുവാനരുൾ ചെയ്ക."
എന്നതുകേട്ടു പറഞ്ഞു മുനീന്ദ്രനും
മന്നവനായ ധർമ്മാത്മജനോടിദം:
"നല്ല കർമ്മങ്ങൾ ചെയ്തെല്ലാം ഭഗവാങ്കൽ
നല്ലവണ്ണം സമർപ്പിക്ക ഗൃഹസ്ഥന്മാർ
സജ്ജനഭക്തരായീശ്വരസത്കഥ-
യർജ്ജുനാത്മാകേൾക്ക കേൾപ്പിക്കു ഭക്തിയും.
പുത്രദാരാദികളത്രാർത്ഥ വസ്തുക്കൾ
നിത്യമല്ലെന്നറിഞ്ഞാശു വൈരാഗ്യവും
മിഥ്യയായീടും പ്രപഞ്ചം സമസ്തവും
നിത്യനാകും ഭഗവാന്മായയാലെന്നും
സൃഷ്ടിസ്ഥിതിലയഹേതുക്കളും പിന്നെ
കഷ്ടശിഷ്ടങ്ങളിഹപരവൈരാഗ്യം
ഇച്ചൊന്നതെല്ലാം ഭഗവല്ക്കഥകളെ
ഇച്ഛയാ കേൾക്കിലറിവുഭവിക്കുന്നു;
സർവ്വകർമ്മങ്ങളും ഭക്ത്യാ ഭഗവാങ്കൽ
ചൊവ്വോടു നന്നായ് സമർപ്പിക്കയും പിന്നെ
ഹോമിക്കുമഗ്നിഭഗവാൻ മുഖമെന്നി-
താമോദമോടു തങ്ങൾക്കുള്ള ശക്തിക്കു-
തക്കവാറേ യജ്ഞദാനാദികർമ്മങ്ങൾ
ഒക്കെ വിധിപോലെ ചെയ്തു സമർപ്പിക്ക,
ബ്രാഹ്മണൻ തൻ മുഖം ക്ഷേത്രജ്ഞനാം പര-
മാത്മാവു തന്റെ മുഖമെന്നു കല്പിച്ചും
സർവ മുഖങ്ങളുമീശ്വരനെന്നതും
സർവവും ക്ഷേത്രജ്ഞനാം പരമാത്മാവു
വേറെയല്ലെന്നു നിനച്ചു കർമ്മങ്ങളും
നേരോടെ ചെയ്തു സമർപ്പിച്ചുമാത്മനി
പിന്നെ വിശേഷമാസം പക്ഷവും ദിനം
പിന്നെസ്സമയമൃതുവയനങ്ങളും
കാലങ്ങളെന്നിവനോക്കി വിധിപോലെ
കാലധർമ്മം പരമാത്മാവിലർപ്പിക്ക:
പുണ്യസമയം വെറുതേ കളയാതെ
പുണ്യകർമ്മങ്ങൾ ഭഗവാങ്കലർപ്പിക്ക,
മുഖ്യകാലം മുഖ്യക്ഷേത്രം ഗിരി നദി
മുഖ്യ തീർത്ഥം മുഖ്യരാജ്യം സ്വദേശവും
തന്നുടെ പത്തനം മറ്റും ശുഭസ്ഥലം
തന്നിലിരുന്നു യജ്ഞങ്ങൾ ചെയ്യേണമേ.
യജ്ഞമനേകവിധമെന്നിരിക്കിലും
യജ്ഞങ്ങഞ്ചുവിധത്തിലടങ്ങുമേ.
മാനുഷ്യവും പൈത്രഭൌതദൈവം ബ്രാഹ്മ-
മെന്നിവയഞ്ചിൽ മുഖ്യം ജ്ഞാനയജ്ഞമാം
ജ്ഞാനയജ്ഞം ബ്രഹ്മയജ്ഞമെന്നാകുന്നു:
ജ്ഞാനേന മുക്തിസിദ്ധ്യർത്ഥം സമസ്തവും.
യജ്ഞങ്ങൾ ചെയ്തു ഭഗവാങ്കലർപ്പിക്ക
അജ്ഞാന നാശനത്തിന്നതുവേണമേ.
സജ്ജന ദർശനമെപ്പോളതുനേരം
യജ്ഞസമയം സകലം ശുഭം തന്നെ.
ജ്ഞാനികൾ വാഴും സ്ഥലത്തു സർവക്ഷേത്ര-
നാനാവിശേഷതീർത്ഥങ്ങൾ ഗുണങ്ങളും
ശ്രീഭഗവാനും വിരിഞ്ചൻ ശിവൻ മറ്റു
ദേവാദിമാമുനിമാരുമിരിക്കുമേ.
സർവ്വചരാചരഭൂതാദിയൊക്കെയും
കേവലം ജ്ഞാനിയെന്നോർത്തു ബ്രഹ്മാർപ്പണം
സർവ്വകർമ്മങ്ങളും ചെയ്ക ഗൃഹസ്ഥന്മാർ,
സർവ്വം ഫലമായി വരുമെന്നു നിർണ്ണയം:
സർ വ്വകർമ്മം മഹാവിഷ്ണു ഭഗവാനാൽ;
വിഷ്ണു ഭഗവാങ്കലർപ്പിക്കയും ചെയ്ക.
അഗ്ര്യപൂജയ്ക്കു ദേവർഷി ബ്രഹ്മർഷിക-
ളുഗ്രനും ജ്ഞാനിയിലാത്മാവിലും കൊള്ളാം
സദ്ഗുരുവിങ്കലും നാനാർത്ഥവുമിവ
നിർഗ്ഗുണാത്മാ സർവ്വമെന്നും സമർപ്പിക്ക:
അച്യുതൻ തങ്കൽ സമസ്തം സമർപ്പിക്ക:
നിശ്ചയം സർവ്വാത്മകനിവൻ താനല്ലോ.
വൃക്ഷമൂലേ വളം വെള്ളവും ചേർക്കിലോ
വൃക്ഷം സമസ്തം തെളിഞ്ഞു സഫലമാം:
അകയാൽ സജ്ജനപൂർവ്വാർച്ചനത്തിന്റെ
മീതെ മറ്റില്ല സകലം ഫലിക്കുമേ.
മൃച്ഛിലാദ്യപ്രതിമാദിയിൽ പൂജിക്കിൽ
സിദ്ധിക്കയില്ലമുക്തിയൊരുവര്‍ക്കുമേ:
ഒരോ പ്രതിഷ്ഠയിലർപ്പിപ്പതൊക്കെയും
ഒരോരോ ദേവേശ്വരന്മാരിലാമല്ലോ.
ശ്രാദ്ധകാലേ പശുഹിംസയരുതല്ലോ
ശ്രദ്ധയാ സദ്ഗുരു, തന്റെ സ്വജനങ്ങൾ
എന്നിവരിൽ ഭഗവാങ്കലും, ജ്ഞാനികൾ-
തന്നിലുമഗ്നൌ സമർപ്പണം ചെയ്കയും:
ഇങ്ങനെ ചെയ്യും ഗൃഹസ്ഥാശ്രമികൾക്കു
മംഗലജ്ഞാനം ലഭിക്കയെന്നീയർത്ഥം.
നാലുയുഗത്തിലും നാലുവിധമായി
കാലാത്മകനെ യജിക്കയും വേണമേ;
ധ്യാനം കൃതയുഗേ, യജ്ഞമാം ത്രേതയിൽ,
പിന്നേതു ദ്വാപരം തന്നിലാമർച്ചനം,
കീർത്തനമല്ലോ കലിയിൽ വേണ്ടുന്നതു,
ആർത്തി വിനാശന സേവികളിങ്ങനെ.
സംന്യാസി തന്നുടെ ധർമ്മം ശമദമ-
മന്യാത്മഭാവം നിനയ്ക്കരുതൊട്ടുമേ;
ജ്ഞാനസമ്പന്നനായ് സർവ്വധർമ്മങ്ങൾതൻ
ജ്ഞാനമുണ്ടാകയും വേണമേ മുമ്പിനാൽ.
ധർമ്മവിധർമ്മപരധർമ്മവും പിന്നെ
നന്നായുപധർമ്മ ശബ്ദവിധർമ്മവും.
എന്നിവ നാലിൽ മുന്നേതു ധർമ്മമിതി-
ന്നന്യമായുള്ളതാകുന്നു വിധർമ്മവും;
അന്യവസ്തുക്കളിൽ നിന്നു പരന്മാരിൽ-
നിന്നറിയുന്നതാകുന്നു പരധർമ്മം.
തന്നുടെ ബുദ്ധിയാൽ ശാസ്ത്രാർത്ഥ ജ്ഞാനങ്ങൾ
നന്നായറിയുന്നതാമുപധർമ്മവും.
താൻ പറയുന്നതു സാധിക്കവേണമെ-
ന്നമ്പോടു സിദ്ധാന്ത ശബ്ദം വിധർമ്മമാം.
ഇങ്ങനെ ധർമ്മങ്ങളെല്ലാമറിഞ്ഞിട്ടു
മംഗലാത്മാവായ് ഭവിക്ക സംന്യാസവാൻ.
ജീവാത്മഭേദം പരമാത്മഭേദവും
കേവലം നന്നായ് വിചാരിച്ചറിഞ്ഞിട്ടു
നിർഗ്ഗുണാത്മാവിങ്കലൈക്യം മനസ്സിന-
ങ്ങെപ്പൊഴുമംഗീകരിച്ചിരുന്നീടണം
തൃഷ്ണാ ത്രിഗുണമയങ്ങളാമേഷണം
വിഷ്ണു ഭക്ത്യാ കളയുന്നു വിദ്വജ്ജനം.
നാരായണഭക്തിയില്ലാതവരുടെ
വൈരാഗ്യകര്‍മ്മങ്ങളും നിഷ്ഫലം.
ആനയ്ക്കും സ്നാനത്തിലാനെന്തു ശുദ്ധിയും?
സ്നാനസുഖം പാംസുകൊണ്ടേ വരൂ ദൃഢം.
കാരണാത്മാവാമരുപനാം വിഷ്ണുവെ-
പ്പാരില്‍ നരനെന്നറിയുന്നു മൂഢരും.
നിത്യം നിയമാദികൊണ്ടുഷഡ്വര്‍ഗ്ഗത്തെ
മിഥ്യയാക്കിത്തെളിയുന്നു വിജ്ഞാനികള്‍.
മായയാവന്ന സംസാരഭേദങ്ങളും
കായാദിസര്‍വ്വവും സത്യമെന്നോരോന്നായ്
ചൊല്ലുന്ന പൂര്‍വ്വശാസ്ത്രപടലങ്ങളെ
നിന്ദാമനര്‍ത്ഥമെന്നോര്‍ത്തിവയൊക്കെയും
സത്യമല്ലെന്നു ത്യജിച്ചു വൈരാഗ്യത്താല്‍
നിത്യമാമാത്മയോഗത്തെദ്ധരിക്കുന്നു.
ഇങ്ങനെയുള്ളവന്‍ ചെന്നു വിവിക്തമാം-
മംഗലദേശം പ്രവേശിച്ചു ഭിക്ഷുവായ്
ഭിക്ഷാന്നമാത്രേണവൃത്തിയും രക്ഷിച്ചു
ശിക്ഷയാശുദ്ധസ്ഥലത്തില്‍ വീരാസനം
കൈക്കൊണ്ടുകായം നിവര്‍ന്നിരുന്നന്‍പോടു
മുഖ്യമാം പ്രാണായാമം ചെയ്തു രേചക
പൂരകകുംഭകമെന്നിവറ്റെക്കൊണ്ടു
നേരേ നിര്‍ത്തി മനഃകാമാദിയൊക്കെയും
ത്യക്ത്വാപി, നാസാപുടദ്വയാഗ്രേ ദൃഷ്ടി
നിര്‍ത്തി മനസ്സന്യദിക്കിനു പോകാതെ
ഉള്‍ക്കമലത്തില്‍ നിര്‍ത്തുന്ന പ്രജ്ഞാനത്തെ:
ഈ ക്രമം ബ്രഹ്മമണിചേര്‍ക്കുന്നു ജ്ഞാനത്തെ:
ഇങ്ങനെയഭ്യസിച്ചീടുന്ന യോഗികള്‍
മംഗലമുക്തിചേരുന്നു കാലാന്തരാല്‍.
വഹ്നികാഷ്ഠത്തെദ്ദഹിച്ചുടന്മുക്തനായ്
ഭിന്നമഭിന്നവുമാകാത്തതുപോലെ
മുന്നമേ ചൊല്ലിയ യോഗിക്കു മോക്ഷമി-
തെന്യേ പുനര്‍ജ്ജന്മമുണ്ടാകയുമില്ല.
മുന്നമേ സന്ത്യജിച്ചോരൈഹികപരം
പിന്നെവന്യാശനമൂത്രപുരീഷവല്‍
ഇച്ഛിക്കയില്ല ബുധനായിരിപ്പവന്‍
നിശ്ചയിക്കുന്നിതാത്മാവായരൂപമായ്
ആത്മാവുതന്നെ ദേഹാദ്യേന്ദ്രിയങ്ങളാ-
യാത്മനിയജ്ഞാനികളറിയുന്നിതു.
കര്‍മ്മം കഴിഞ്ഞു ഗൃഹസ്ഥാശ്രമം പോലെ
നിര്‍മ്മല ബ്രഹ്മചര്യം വിട്ടവന്‍ പോലും
വാനപ്രസ്ഥാശ്രമ ചിന്തനം ചെയ്യുമോ
ശാന്തയെതിക്കെന്തു തുഷ്ടി ദേഹേന്ദ്രിയേ?
ഇത്തരം ചിന്തിച്ചു സര്‍വവര്‍ണ്ണാശ്രമ-
മസ്ഥിരം മായയാ തോന്നുന്നു മുഢതാ
എന്നറിഞ്ഞങ്ങനെ സര്‍വവിരക്തനായ്
ധന്യനാം യോഗിശരീരത്തിലിച്ഛയാ,
ആത്മാവിനെയറിഞ്ഞീടും ജനങ്ങളും
ആത്മദേഹം ഭരിച്ചീടുന്നതെന്തിനാല്‍?
ദേഹമാകും രഥം വാജികളിന്ദ്രിയ-
മാഹന്ത! മാനസമായതു വായ്ക്കയര്‍,
പഞ്ചതന്മാത്രകള്‍ തേര്‍വീഥി, സാരഥി
ചഞ്ചലമില്ലാത ബുദ്ധിയാകുന്നതും,
പ്രാണങ്ങളക്ഷ, മധര്‍മ്മധര്‍മ്മങ്ങളും
കാണുക തേരുരുളായതഭിമാനം
തേരാളിയായതു ജീവന്‍ ധനുസ്സതു
മായാസമാം പ്രണവം ശരമാകുന്നു.
ബ്രഹ്മമാകുന്നതു ലക്ഷ്യമെന്നാകയാല്‍
ബ്രഹ്മലക്ഷ്യത്തോടു ചേര്‍ന്നതു മുക്തിയും
മുക്തിക്കു വിഘ്നം വരുത്തുവാനായുള്ള
ശത്രുക്കള്‍ രാഗാദ്യഭിമാനവൃത്തികള്‍
ശത്രുക്കളെജ്ജയിപ്പാനുള്ള മുഖ്യന്മാര്‍
ശക്തിയാം സാത്വികവൃത്തികളാകുന്നു.
സാത്വികരാം ശമാദ്യന്മാര്‍ പലപ്പോഴും
ശത്രുക്കളെജ്ജയിപ്പാന്‍ തുനിയും വിധൌ
സാത്വികമാം ഗുണദേഹരഥംവന്നു
സിദ്ധിക്കുമല്ലോ ഭഗവദനുഗ്രഹാല്‍.
ഭക്തിയാകും ബലം ജ്ഞാനമാം വാളിനാല്‍
ശത്രുക്കളെ വന്നു സ്വസ്ഥാത്മരാജ്യത്തില്‍
പുക്കുസുഖിക്കാമതല്ലയായ്കില്‍ തന്നില്‍
പ്പുക്കു വിഷയദസ്യുക്കള്‍ ശത്രുക്കളായ്
കൂടിവലിച്ചന്ധകൂപസംസാരത്തില്‍
ചാടിക്കുമല്ലോ രഥത്തോടുകൂടവേ.
കള്ളരായുള്ള വിഷയരോഗാദിക-
ളുള്ളില്‍ കടന്നു വശത്താക്കുമാത്മാവെ
കള്ളരെത്തള്ളിപ്പുറത്താക്കി ഹിംസിപ്പാ-
നുള്ള ബലഭക്തിജ്ഞാനമാം വാളുമായ്
കള്ളവിഷയങ്ങളെക്കളയുന്നിതു.
ഭാരതഖണ്ഡവും മാനുഷജന്മവും
നാരായണനാം നരകവിനാശനം
വേദശാസ്ത്രങ്ങള്‍ വിവിധമാകുന്നിതു.
ഭേദം പറയും പ്രവൃത്തിയൊന്നന്യത്തു
ഭേദം ത്വജിപ്പാന്‍ നിവൃത്തിശാസ്ത്രമെന്നു
വേദങ്ങള്‍ രണ്ടുവിധമാകുമിങ്ങനെ
ഹിംസചെയ്‌വോന്നുദ്രവ്യകാമമോഹവും
ദര്‍ശവും പൌര്‍ണ്ണമാസോപവാസം പിന്നെ
നന്നായ് പശുമേധഹോമവും ക്ഷേത്രവും
ആരാമകൂടതടാകാദികൊണ്ടുമ-
ങ്ങോരോവിധം ജീവഭോഗസുഖത്തിനാ
യേവം പറയുന്നതെല്ലാം പ്രവൃത്തിയി-
ന്നേവം നിവൃത്തിശാസ്ത്രത്തെപ്പറയുന്നു.
ഇന്ദ്രിയ പ്രാണാദ്യധിഷ്ഠാനദേവകള്‍
പിന്നെ ജീവേശ്വര വൈകാരികത്തെയും
ഓങ്കാരവിന്ദു നാദം മഹാപ്രാണനും
ശങ്കയെന്യേജ്ഞാനദീപേ സമര്‍പ്പിക്ക.
പിന്നെയും പൂര്‍വ്വാപരങ്ങള്‍ വര്‍ണ്ണങ്ങളായ്
നിന്നീടുമക്ഷരാദ്യങ്ങള്‍ സമസ്തവും
ഓങ്കാരമാതയിലോങ്കാരവിന്ദുവില്‍
വിന്ദുനാദത്തിങ്കല്‍ നാദവും പ്രാണങ്കല്‍
പ്രാണന്‍ മഹാപ്രാണമേവമഗ്നിഃപുനഃ
സോമനില്‍ സോമനും സൂര്യങ്കലും സന്ധ്യ
ഏവമെല്ലാം ഗുണങ്ങള്‍ വിരാട്ടിങ്കലും
കേവലാത്മാവായതുര്യത്തിലൊക്കെയും
നന്നായ് സമര്‍പ്പണം ചെയ്യുന്നതുതന്നെ
ദേവയാനം നിവൃത്തിശാസ്ത്രമെന്നതും
ദേവയാനത്തെയറിയുന്ന വിദ്വാന്മാര്‍
ധൂമമാര്‍ഗ്ഗമിതെന്നായിത്യജിച്ചീടും:
ദീപമാര്‍ഗ്ഗം ജ്ഞാനകാണ്ഡം ഗ്രഹിക്കുന്നു.
ആദ്യന്തമില്ലാതനാമയമായ്ക്കൊണ്ടു
വേദ്യമല്ലാതപരമം പരബ്രഹ്മം
ജ്യോതിസ്സുകള്‍ക്കു പ്രധാനമാകുന്നതു
ചേതസി കണ്ടു തെളിഞ്ഞിരിക്കുന്നവര്‍
തന്നുടെയാത്മനി നാനാപദ്ദുര്‍ഘട-
മെന്നുള്ള മായാവികാരദ്വൈതഭ്രമം
തോന്നുകയില്ലസുഖാത്മന്യദ്വൈതങ്ങള്‍
തോന്നുന്നതുണ്ടെന്നു മൂന്നുവിധമല്ലോ,
ദ്രവ്യാദ്വൈതം ക്രിയാദ്വൈതവും പിന്നേതു
ഭാവാദ്വൈതമിതില്‍ താനെന്നു തോന്നീട്ടു
നില്‍ക്കുന്നതിന്നെ ഭാവാദ്വൈതമെന്നതും
വാക്കും മനസ്സും ശരീരമാദ്യങ്ങളാ-
യൊക്കെപ്പരബ്രഹ്മമായതിലര്‍പ്പിക്ക
ഇച്ഛചെയ്‌വതു താന്‍ ക്രിയാദ്വൈതമായതു:
പുത്രമിത്രാര്‍ത്ഥകളത്രമിത്രാദിയില്‍
നിത്യചിത്തം ദ്രവ്യാദ്വൈതമെന്നാകുന്നു.
ഇച്ചൊന്ന മൂന്നു ദ്വൈതങ്ങള്‍ സമസ്തവും
വിദ്വാന്‍ ഗുണാതീതമായൊരാത്മാവിങ്ക-
ലര്‍പ്പിച്ചു നിത്യവും സന്തുഷ്ടനായ്ക്കൊണ്ടു
ചിത്തവും നിര്‍വികാരാത്മാവിലൈക്യത്താല്‍
ചിത്തവികാരസംബന്ധമില്ലാത്മനി
കല്ലുമുള്ളിത്യാദിബന്ധമില്ലാത്മനി
കല്ലുമുള്ളിത്യാദിബന്ധഹേതുക്കളാ-
ലില്ല ദുഃഖം ചെരിപ്പിട്ടു നടപ്പോര്‍ക്കു
അന്യമാത്മാതനിക്കില്ലായ്കയാലോരോ-
ന്നന്യമായുള്ളതനിത്യമസദ്വസ്തു.
ബ്രഹ്മപ്രളയേ ജീവാത്മാക്കള്‍ വാസനാ-
ബ്രഹ്മണിലീനമായ് നില്‍ക്കുമനാദിയായ്.
ബ്രഹ്മോഹമെന്നതുമീശോഹം ജീവോഹം
കല്‍മഷാകാരദേഹോഹമെന്നിങ്ങനെ
നന്നായ് നിനച്ചിരിക്കുന്ന മനസ്സിനെ-
ച്ചൊല്ലുമനാദ്യവിദ്യാമായയെന്നതും.
നിര്‍ഗ്ഗുണാത്മാവംഗമെന്നുള്ളവിദ്യയാ
നിര്‍ഗ്ഗമിച്ചീടുമവിദ്യയും മായയും.
ആകയാല്‍ ജീവനുമുക്തിവരുവാനാ-
യേകമാം വിദ്യാര്‍ത്ഥസിദ്ധിവരുത്തുവാന്‍
വര്‍ണ്ണഭേദം മഹാശക്തിയും കല്പിച്ചു
നിര്‍ണ്‍നയം ഭക്തിയുറപ്പതിനാകുന്നു
നല്ലനിയമവും കാലദേശങ്ങളും
നല്ലകര്‍മ്മങ്ങള്‍ ചെയ്തര്‍പ്പിക്കസജ്ജനേ,
നിഷ്കാമ കര്‍മ്മവും ചെയ്തു മഹല്‍ പദേ-
യൊക്കെസ്സമര്‍പ്പിക്കവേണം ഗൃഹസ്ഥന്മാര്‍.
എന്നതുകൊണ്ടു ദേഹാഭിമാനം പോയി
വന്നുകൂടും നല്ല സജ്ജനസംസര്‍ഗ്ഗം:
ആയതിനത്രേ ഗൃഗസ്ഥാശ്രമവിധി
കായാത്മബുദ്ധിശൂദ്രനെന്നുചൊല്ലുന്നു
ബ്രഹ്മചാരിവൈശ്യന്‍ ജീവോഹഭാവമാം
സജ്ജന സംഗമം കൊണ്ടു സദ്ഭക്തിയും
അര്‍ജ്ജുനാത്മാബുദ്ധി സദ്ഗുരുലാഭവും
സല്‍കഥാശ്രവണം പിന്നെ മനനാദി
യുള്‍ക്കാമ്പിലാത്മാവില്‍ ഭക്തിവിവേകവും
വന്നുകൂടും വിദ്യയാ സദ്ഗുണങ്ങളു-
മെന്നതിനായ് ബ്രഹ്മചര്യനിയമനം:
ബ്രഹ്മചര്യത്തിനാല്‍ ജീവോഹവും പോകും.
വിദ്യാവിചാരമാം ബ്രഹ്മചര്യേ നിന്നു
സദ്യോഭവിക്കും ശമദമാദ്യങ്ങളും
വൈരാഗ്യവും പ്രപഞ്ചത്തിലനിച്ഛയും
വേദാദി സര്‍വം മനോനാശനത്തോളം,
ആയതുകൊണ്ടു ബ്രഹമാത്മാനുസന്ധാനം
ന്യായമാകുന്നതു വാനപ്രസ്ഥാശ്രമം.
വാനപ്രസ്ഥം ബ്രഹ്മചിന്തനമാംതപം
ആയതുക്ഷത്രിയനെന്നുചൊല്ലുന്നിതു.
ഈശ്വരോഹത്വവും പോകും തപസ്സിനാല്‍
വിശ്വസിക്കും പരമാത്മാവിതേകമായ്
പിന്നെയാത്മാവുമനാത്മാവുമെന്നുള്ള
ഭിന്നത കൊണ്ടു വിചാരിച്ചു ബ്രഹ്മമായ്
താനെന്നറിയുന്നു ബ്രാഹ്മണനാമവന്‍.
ആത്മാവിനെ നിര്‍ഗ്ഗുണാത്മാവതായ്ക്കണ്ടു
ആത്മനിഭേദമഭേദസങ്കല്പവും
വിട്ടുകൊള്ളേണമിതു മഹാസംന്യാസം,
കഷ്ടബന്ധം പോയിമുക്തിവരുന്നതും.
ബ്രഹ്മമഹമെന്ന ഭാവമൂലം കൊണ്ടു
ബ്രഹ്മകര്‍മ്മങ്ങള്‍ ചെയ്തീടുക ബ്രാഹ്മണന്‍.
ഈശോഹമെന്നതുകൊണ്ടിഹക്ഷത്രിയന്‍
ഈശ്വരന്‍ ബ്രഹ്മകര്‍മ്മങ്ങള്‍ രക്ഷിക്കുക.
ജീവോഹമെന്ന വ്യാപാരം നിമിത്തമായ്
ജീവനം വൈശ്യനുവ്യാപാരമായ്‌വന്നു
ദേഹോഹമെന്നതുകൊണ്ടുള്ള ശൂദ്രനും
ദേഹാത്മശുദ്ധികളയുന്നുമൂവരെ
ശുശ്രൂഷചെയ്കയെന്നിങ്ങനെചൊല്ലുന്നി-
തിത്രിലോകങ്ങളില്‍ സമ്മതമിങ്ങനെ.
ചൊല്ലിയൊരാശ്രമമോരോന്നില്‍ മാനസം
ചെല്ലുന്ന നേരമതതിന്‍ ഫലപ്രാപ്തി
നാനാവികാരമഹങ്കാരമൊക്കെയും
ജ്ഞാനത്തിനാല്‍ തനിക്കില്ലെന്നറിയാതെ
നിര്‍വികാരാത്മാതനിക്കു നാനാഭ്രമം
സര്‍വ്വവും മായയാ വന്നുഭവിച്ചിതു:
ഏകനു നാലുനാമം വന്നതുകൊണ്ടു
മേകന്‍ പലതായ്ഭവിച്ചതില്ലെങ്ങുമേ.
ദേഹോഹം ജീവോഹമീശോഹം ബ്രഹ്മോഹ-
മാഹന്ത! നിര്‍ഗ്ഗുണാത്മാവിലില്ലൊന്നുമേ.
ബ്രഹ്മസ്വഭാവമാകുന്നപോല്‍ മായയും
ബ്രഹ്മത്തിനില്ല സ്വഭാവങ്ങളൊന്നുമേ.
സൂര്യസ്വഭാവമാകുന്നിതു രശ്മികള്‍
സൂര്യനില്ലെങ്കിലോ രശ്മികള്‍ നിഷ്ഫലം:
രശ്മിയില്ലെന്നാകില്‍ സൂര്യനുമില്ലല്ലോ:
രശ്മിയും സൂര്യനും രണ്ടല്ല നിര്‍ണ്ണയം.
ബ്രഹ്മം രവി, രശ്മിയായതുമായയും:
ഉഷ്ണ സ്വഭാവം ത്യജിപ്പില്ല വഹ്നിയും
കൃഷ്ണ വര്‍ത്മാവെന്യേയുഷ്ണവുമില്ലല്ലോ:
വെല്ലം മധുരഗുണം വിട്ടിരിക്കുമോ?
ഇല്ല മധുരവും വെല്ലമില്ലെങ്കിലോ.
ബ്രഹ്മമൊന്നുണ്ടെന്നിരിക്കുന്നതുകൊണ്ടു
ബ്രഹ്മവികാരഭേദങ്ങള്‍ മായാഭ്രമം
ബ്രഹ്മംഗുണനിര്‍ഗ്ഗുണാദിഭേദംവിട്ടു
നിര്‍മ്മലമെന്നതറിയുന്നതുനേരം
ജ്ഞാനഭ്രമങ്ങളജ്ഞാനഭ്രമങ്ങളും:
താനേ നശിച്ചു സദാനന്ദപൂര്‍ണ്ണമാം:
ബ്രഹ്മവിഷയമാകുന്നു ജ്ഞാനഭ്രമം:
കര്‍മ്മാദിവിഭ്രമം മായാവിഷയവും.
ഏവമറിവതിനായ്ക്കൊണ്ടുഭക്തിയു-
മാവിര്‍മ്മുദാ മാഹാസേവയും മൂലമായ്
സര്‍വജനത്തിനും മുക്തി വരുമെന്നു
കേവലാത്മാവിലറികെടോ! മന്നവ!
പണ്ടുപബര്‍ഹണഗന്ധര്‍വനാമഹം
വണ്ടാര്‍കുഴലിമാരൊത്തുവിമാനത്തില്‍
കണ്ടഭോഗങ്ങളനുഭവിച്ചങ്ങനെ
കൊണ്ടാടിവാഴുന്ന കാലം യദൃച്ഛയാ
കുണ്ഠനായ് വന്നു മല്‍ക്കര്‍മ്മദോഷത്തിനാല്‍
ഉണ്ടായ് ഭവിച്ചിതു ശൂദ്രശരീരവും.
അന്നു ഞാന്‍ ഭക്തൈത്യവമുഖ്യജനങ്ങളാം
സംന്യാസികളെബ്ഭജിക്കനിമിത്തമായ്
തുഷ്ട്യാമുനികളെനിക്കുതത്വാര്‍ത്ഥത്തെ
ക് ളിഷ്ടതപോമ്മാറുപദേശവും ചെയ്തു:
പിന്നെ ഞാന്‍ ബ്രഹ്മാത്മജനായ് ജനിച്ചുകൊ-
ണ്ടിന്നിഹ നാരദനായിബ്ഭവിച്ചിതു
ചിത്രം മഹാദര്‍ശനത്തിനാല്‍ ഭക്തിയാല്‍
മര്‍ത്യര്‍ക്കും സര്‍വം സഫലമെന്നീയര്‍ത്ഥം.
സര്‍വാത്മകനായ് പരബ്രഹ്മമൂര്‍ത്തിയായ്
നിര്‍വാണരൂപനായ് നിശ്ചലാത്മാവായി
വിഷ്ണുവായ് കൃഷ്ണനായ് ത്വദ്ബന്ധുവായ്ക്കൊണ്ടു
വൃഷ്ണിവംശത്തില്‍ ജനിച്ച ഭഗവാന്റെ
ഭക്തനായുള്ള നിനക്കിനിയെന്തൊന്നു
മുക്തിസിദ്ധിപ്പാനിതിന്മീതെയില്ലൊന്നും
സര്‍വകര്‍മ്മങ്ങളും കൃഷ്ണങ്കലിലര്‍പ്പിക്ക
സര്‍വദാചെയ്കവേണ്ടുന്നതുനീയെടോ!
എന്നാല്‍ നിനക്കു സകലവും ശ്രേയസ്സായ്
വന്നുകൂടുമതിനില്ലൊരു സംശയം.

എന്നരുള്‍ ചെയ്തു മഹാമുനി നാരദന്‍:
നന്നായ് തെളിഞ്ഞു തൊഴുതു ധര്‍മ്മാത്മജന്‍
നാരദനേവമരുള്‍ചെയ്തതുപോലെ
സാരനാം വ്യാസാത്മജന്‍ പരീക്ഷിത്തിനു
സാമോദമാശുകേള്‍പ്പിച്ചതുപോലയ-
ങ്ങാമോദമോടു സൂതന്‍ മുനിമാരോടും
കേള്‍പ്പിച്ചപോലെയൊട്ടൊട്ടുപറഞ്ഞുഞാന്‍
കേള്‍പ്പാനപേക്ഷയുണ്ടെങ്കിലിന്നുംചൊല്ലാം.
ഇത്ഥം പറഞ്ഞടങ്ങീ കിളിപ്പൈതലും:
ചിത്തമാനന്ദിച്ചിരുന്നിതെല്ലാവരും.


ഇതിശ്രീമഹാഭാഗവതേ
സപ്തമസ്കന്ധം സമാപ്തം