Wednesday, December 8, 2010

മന്വന്തരങ്ങള്‍

“കേട്ടുകൊണ്ടാലും മന്വന്തരങ്ങള്‍ ചൊല്ലീടുന്നു
വാട്ടമെന്നിയേ ചെറുതഷ്ടമസ്കന്ധത്താലേ
മനുവും മനുപുത്രന്മാരുമിന്ദ്രനും സുര-
ഗണവുമഥ സപ്തര്‍ഷികള്‍ തദ്ഭേദങ്ങളും
ഭഗവതവതാരചരിത്രങ്ങളുമാറു-
വകയാകുന്നു ധര്‍മ്മാശ്രയമെന്നറിഞ്ഞാലും.
ഇവയൊക്കെയും വിഷ്ണുഭഗവന്മായാമയ-
മിവിടെ പ്രപഞ്ചരക്ഷയ്ക്കെന്നു ചൊല്ലീടുന്നു.
അവിടെ മുന്നം പ്രളയം കഴിഞ്ഞനന്തര-
മവനത്തിനു സ്വായംഭുവനാം മനുവുള്ളൂ.
തനയന്മാരും പ്രിയവ്രതനുമുത്താനപാ-
ദനുമിങ്ങനെപേരാകുന്നവരാകുന്നുപോല്‍,
യജ്ഞയാമന്മാരിന്ദ്രദേവന്മാര്‍ മരീചിമു-
ഖ്യജ്ഞാനതപോധനന്മാര്‍ സപ്ത ഋഷികളും
ഭഗവദവതാരമായുള്ള യജ്ഞമൂര്‍ത്തി
നിഗമാന്താര്‍ത്ഥജ്ഞനാം കപിലാചാര്യന്താനും.
എന്നതില്‍ കപിലനാമാചാര്യചരിതങ്ങള്‍
മുന്നമത്തൃതീയത്തിലൊട്ടു സംക്ഷേപം ചൊന്നേന്‍,
യ്ജ്ഞവൃത്താന്തം ചെറുതുണ്ടിപ്പോള്‍ ചൊല്ലീടുന്നു
സുജ്ഞനാം സ്വായംഭുവന്‍ താന്‍ പലകാലം രാജ്യം
രക്ഷിച്ചുകഴിഞ്ഞൊടുക്കത്തുതന്‍ തനയന്മാര്‍-
ക്കൊക്കവേ സമര്‍പ്പിച്ചുതാന്‍ തപസ്സിനുപോയാന്‍.
കാനനമദ്ധ്യേസമാധിസ്ഥനായിരിക്കുമ്പോള്‍
ദാനവരക്ഷസ്സുകള്‍ ഭക്ഷിപ്പാനത്യാഗ്രഹാല്‍
ചെന്നടുത്തതുകണ്ടു തല്‍ക്ഷണം യാമന്മാരോ-
ടൊന്നിച്ചു യ്ജ്ഞന്‍ ചെന്നു ദൈത്യാദിസുഷ്ടന്മാരെ
ക്കൊന്നുടന്‍ ത്രൈലോക്യത്തെ രക്ഷിച്ചാന്‍ വഴിപോലെ
മുന്നേവനായമനുകാലമെന്നറിഞ്ഞാലും
പിന്നേവന്‍സ്വാരോചിഷനഗ്നിജന്മനുശ്രേഷ്ഠന്‍
മന്നവരായദ്യുമ്നനും സുഷേണനുമല്ലോ
ധന്യരായ് മേവുമിന്ദ്രന്‍ രോചനന്‍ തുഷിതാദ്യ-
രന്നു ദേവകളൂര്‍ജ്ജസ്തംഭാദി ഋഷികളും
അവിടെ വേദശിരസ്സാകിയോര്യഷീന്ദ്രനു
തുഷിതയായ ഭാര്യതന്നില്‍ വന്നഖിലേശന്‍
വിഭുവെന്നൊരു തിരുനാമവും ധരിച്ചുകൊ-
ണ്ടഭവല്‍ ബ്രഹ്മചര്യവ്രതത്തെ സ്ഥാപിപ്പാനായ്
തനിയേമൂന്നാമനുപ്രവരന്‍ പ്രിയവ്രത-
തനയനായ് മേവീടുമുത്തമനെന്നുള്ളവന്‍
പ‍വനയജ്ഞഹോത്രസൃഞ്ജയര്‍ പുത്രന്മാരു-
മവിടെ സത്യജിത്തുമവനീന്ദ്രനുമായാന്‍
സത്യന്മാര്‍ വേദശ്രുതന്മാരുമങ്ങഥൈവതല്‍
ഭദ്രന്മാരവരെല്ലാം ദേവകളാകുന്നതും:
നിത്യമപ്രമദാദിവസിഷ്ഠാത്മജന്മാരാം.
സപ്തമാമുനികളെന്നത്രൈവചൊല്ലീടുന്നു
അന്നഖിലേശന്‍ ധര്‍മ്മദേവനു സുനൃതിയില്‍
നന്ദനനായിങ്ങവതീര്‍ണ്ണനായ്ച്ചമഞ്ഞുള്ളു
യക്ഷരാക്ഷസാദികള്‍ തമ്മെനിഗ്രഹിച്ചുടന്‍
ശിക്ഷിച്ചുധര്‍മ്മത്തോടെ രക്ഷിച്ചു ജഗത്രയം.
ഉത്തമാനുജനായ താമസന്നാലമ്മനു-
വുത്തമോത്തമന്‍ പൃഥു മുഖന്മാര്‍ പുത്രന്മാര്‍ പോല്‍
ഹരികള്‍ തുടങ്ങിയുള്ളവര്‍ കളമരക-
ളറിക ത്രിശിഖനാമവനീന്ദ്രനുമായാന്‍:
ജ്യോതിര്‍ദ്ധാമാദികളാകുന്നതുസപ്തര്‍ഷികള്‍
ജോതിരാനന്ദസ്വയംധാമാവാമഖിലേശന്‍
ഹരിമേധാവിന്നുതദ്ധരണിതന്നില്‍ച്ചെമ്മേ
ഹരിയായവതരിച്ചുടനേഗജേന്ദ്രനെ
പെരിയനക്രത്തിങ്കല്‍ നിന്നുടനഹോ! പരി
ഭരണം ചെയ്തീടിനാനധുനാ ഭക്തപ്രിയന്‍
ഹരിയെപ്പോലെ ഭക്തരക്ഷണം ചെയ്‌വാനൊരു
പുരുഷന്മാരുമില്ലെന്നറിക ധരാപതേ!”
ശുകനീവണ്ണം തെളിഞ്ഞരുള്‍ചെയ്തളവുട
നകമേ ഭക്തിവിചാരം കലര്‍ന്നവനീശന്‍
“സുഖമേ തെളിഞ്ഞെനിക്കിവിടം ചുരുക്കാതെ
സകലമരുളിച്ചെയ്യേണ”മെന്നപേക്ഷിച്ചാന്‍
നൃപതി തന്നോടതു പൊഴതു മുനീന്ദ്രനു
മുപദേശിച്ചാനതു ചെറുതുഞാനും ചൊല്ലാം:-

അഷ്ടമസ്കന്ധം

“ശാരീരഗുണം തേടുമാരോമല്‍ ശുഭലീലേ!
ശാരികാകുലവരബാലികേ! വരികിരി
പാരാതെ പയഃപാനം ചെയ്തു ചെയ്തലസാതെ
കാരുണ്യാലയന്‍ ചരിതാമൃതമിനിയും നീ
ശേഷമെന്തതു പറഞ്ഞീടടോ! മടിയാതെ
ദോഷമില്ലതുകൊണ്ടെന്നേതുമേവന്നീടുവാന്‍
ദൂഷണം ചിലര്‍ പറഞ്ഞീടുകിലതുമൊരു
ഭൂഷണമത്രേ ദുരിതങ്ങളും താനേ നീങ്ങും:
കേവലം പറകെ”ന്നു കേട്ടവള്‍ ചുരുക്കമാ-
യാവോളം ഭക്ത്യാ പറഞ്ഞീടിനാള്‍ മന്ദം മന്ദം.
മുഖ്യമാം കഥാമൃതമിങ്ങനെ ചൊല്ലീടുവാ-
നുള്‍ക്കാമ്പില്‍ നിരൂപിച്ചാലെത്രയും മടിയാകും:
വ്യക്തമായേവം പറഞ്ഞീടായ്കിലെന്നപോലെ
മര്‍ത്ത്യന്മാര്‍ക്കറിവാനും സാധ്യമല്ലെന്നാലിപ്പോള്‍
മറ്റൊരു ദോഷം മുഹുരൊന്നിനുമുണ്ടാകാതെ
മുറ്റുമാകുന്നതെല്ലാമൊട്ടൊട്ടുചൊല്ലാമല്ലോ.

സപ്തമസ്കന്ധം തന്നാലൂതികള്‍ ചൊല്ലപ്പെട്ടു
ചിത്താനന്ദത്തെപ്പൂണ്ടു ശൌനകന്‍ ചോദ്യം ചെയ്തു
സൂതനോടനന്തരമെന്തു ശ്രീശുകന്‍ വിഷ്ണു-
രാതനോടറിയിച്ചിതാശു ചൊല്ലെടോ സഖേ!
ഭവതാം മുഖാബ്ജമദ്ധ്യച്യുതകഥാമൃത-
മവധികൂടാതൊരു സുഖസാധനം കേട്ടാല്‍
മതിയായ് വരുന്നതല്ലനിശം കേട്ടാവൂതേ-
ന്നതുമാനസേ മമ നടനം ചെയ്തീടുന്നു:
പറകപറകെ”ന്നു കേട്ടുടന്‍ ചരാചര-
ഗുരുവന്ദനം ചെയ്തു മനസാ, ചൊല്ലീടിനാന്‍!